നാഷണൽ ക്യാമ്പസുകളിലെ മധുരമുള്ള റമദാൻകാല പ്രവർത്തനങ്ങൾ

ഡോ. ഷഹബാസ് കെ അബ്ബാസ് (ചെയർമാൻ, നാഷണൽ വിംഗ്)

2023 ഏപ്രിൽ 29, 1444 ശവ്വാൽ 08

കേരളത്തിന് പുറത്തുള്ള വിവിധ റീജ്യനുകളും ക്യാമ്പസുകളും കേന്ദ്രീകരിച്ച് വിസ്ഡം സ്റ്റുഡന്റ്‌സ് നാഷണൽ വിംഗിന് കീഴിൽ സംഘടിപ്പിച്ച വിവിധങ്ങളായ റമദാൻകാല പ്രവർത്തനങ്ങൾ ഏറെ സന്തോഷം പകരുന്നതായിരുന്നു.

പെരുന്നാൾ ദിനത്തിലെന്നല്ല, വർഷത്തിലൊരിക്കൽ പോലും പുതിയ വസ്ത്രം സ്വപ്നം കാണാൻ കഴിയാത്ത നൂറുകണക്കിന് കുരുന്നുകളുടെ ഉള്ളറിഞ്ഞ സന്തോഷത്തിനു കാരണമാകാനും രക്ഷിതാക്കളുടെ കണ്ണീരിനും നിസ്സഹായാവസ്ഥയ്ക്കും കൈത്താങ്ങാവാനും ‘ഈദ് കിസ്‌വ’യുടെ വിതരണത്തിലൂടെ സാധിച്ചു.

ഉത്തർപ്രദേശിലെ ലക്‌നൗ, അലിഗഡ് തുടങ്ങിയ ഏരിയകൾ, കർണാടകയിലെ ബിജാപൂർ, ഡൽഹിയിലെ വ്യത്യസ്ത പ്രദേശങ്ങൾ, ഒറീസ തുടങ്ങി കേരളത്തിന് പുറത്തുള്ള വ്യത്യസ്ത റീജ്യനുകളിൽ പൂർണമായും വിസ്ഡം സ്റ്റുഡന്റ്‌സിന്റെ പ്രവർത്തകരായ വിദ്യാർഥികൾ നേതൃത്വം നൽകിക്കൊണ്ടായിരുന്നു വിതരണം.

ഡൽഹി, ഹൈദരാബാദ്, മൈസൂർ റീജ്യണുകളിലും ത്രിപുര സെൻട്രൽ യൂണിവേഴ്‌സിറ്റി, യു.പി യിലെ അലിഗഡ് മുസ്‌ലിം യൂണിവേഴ്‌സിറ്റി, ഡൽഹി യൂണിവേഴ്‌സിറ്റി, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ തുടങ്ങിയ വ്യത്യസ്ത ക്യാമ്പസ് യൂണിറ്റുകളിലും ഇഫ്താർ മീറ്റുകൾ സംഘടിപ്പിക്കുകയുണ്ടായി.

റമദാനിനെ ഏറ്റവും മികച്ച രൂപത്തിൽ പ്ലാൻ ചെയ്ത് റമദാന് വേണ്ടി നന്നായി ഒരുങ്ങുവാൻ വിവിധ നാഷണൽ ക്യാമ്പസുകളിലെ വിദ്യാർഥികളെ പ്രാപ്തരാക്കുവാനായി, റമദാനിന് മുമ്പായി സംഘടിപ്പിച്ച Convene-National Students Gathering പ്രവർത്തനങ്ങളുടെ ഏകോപനത്തിന് ഏറെ സഹായകമായിരുന്നു.

വിവിധ റീജ്യനുകൾ കേന്ദ്രീകരിച്ച് ആഴ്ചതോറും സ്ഥിരമായി സംഘടിപ്പിച്ചുവരുന്ന ‘സി.ആർ.ഇ’ കളും, ക്യാമ്പസ് വിദ്യാർഥികൾക്കായി റമദാനിൽ സംഘടിപ്പിക്കാറുള്ള ‘അൽബയാൻ’ ക്വുർആൻ കോൺടസ്റ്റും ക്വുർആനിന്റെ മാസത്തിന്റെ ആത്മീയ ചൈതന്യം ഏറ്റുകയുണ്ടായി. കേരളത്തിന് പുറത്തുള്ള വിദ്യാർഥികളുടെ ധാർമിക, അക്കാദമിക, ബൗദ്ധിക ഉന്നമനത്തിനായുള്ള പ്രവർത്തനങ്ങളിൽ തുടർന്നും സജീവമാകാൻ അല്ലാഹു സഹായിക്കട്ടെ.


സമർപ്പണത്തിന്റെ സന്ദേശം പകർന്നുനൽകുക:

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ

കോഴിക്കോട്: വിശുദ്ധ റമദാനിൽ നേടിയെടുത്ത സമർപ്പണത്തിന്റെയും സഹനത്തിന്റെയും സന്ദേശം ഉൾക്കൊണ്ട് ജീവിതത്തെ ക്രമപ്പെടുത്താൻ എല്ലാവരും തയ്യാറാകണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി.എൻ അബ്ദുല്ലത്തീഫ് മദനി, ജനറൽ സെക്രട്ടറി ടി. കെ അശ്‌റഫ് എന്നിവർ ഈദ് സന്ദേശത്തിൽ പറഞ്ഞു.

വിശ്വാസ വിമലീകരണവും സാമൂഹിക ഇടപെടലുകളിലെ സൂക്ഷ്മതയും റമദാനിലൂടെ നേടിയെടുക്കാൻ പരിശ്രമിച്ചവരാണ് വിശ്വാസി സമൂഹം. ആഘോഷവും ആരാധനാ കർമ്മങ്ങളുടെ ഭാഗമായി കാണുന്ന മതമാണ് ഇസ്‌ലാം.

സഹജീവികളോടുള്ള കരുണയും കരുതലും റമദാനിനു ശേഷവും നിലനിർത്തണം. ഫാഷിസവും ലിബറലിസവും സാമൂഹിക ജീവിതത്തിൽ വലിയ വെല്ലുവിളിയായി ഉയർന്ന് വരുന്ന സാഹചര്യത്തിൽ വിശ്വാസത്തിന്റെ മൗലികതയിൽനിന്നുള്ള പ്രതിരോധം ഓരോരുത്തരുടെയും ബാധ്യതയാണെന്നത് നാം തിരിച്ചറിയണം.