‘ലഹരി; നിയമസഭ പുതിയ നിയമനിർമാണം നടത്തണം:’

വിസ്ഡം കണ്ണൂർ ജില്ല ഫാമിലി കോൺഫറൻസ്

2023 ഡിസംബർ 09 , 1445 ജു.ഊലാ 25

കണ്ണൂർ: കുടുംബ സംവിധാനം നേരിടുന്ന വെല്ലുവിളികൾക്ക് ക്രിയാത്മക പരിഹാര മാർഗങ്ങൾക്ക് നേതൃത്വം കൊടുക്കാൻ സർക്കാർ സംവിധാനങ്ങളും മഹല്ല് കമ്മിറ്റികളും മുന്നോട്ടു വരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കണ്ണൂരിൽ സംഘടിപ്പിച്ച ജില്ലാ ഫാമിലി കോൺഫറൻസിന് ഉജ്ജ്വല പരിസമാപ്തിയായി. ധാർമികത നിലനിർത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കുടുംബ സംവിധാനത്തെ തകർക്കാൻ കാരണമാകുന്ന ഏതു ചിന്താധാരകളും സമൂഹത്തിന്റെ പിന്നോട്ടുപോക്കിന് മാത്രമെ കാരണമാവുകയുള്ളൂവെന്ന് സമ്മേളനം വ്യക്തമാക്കി.

കണ്ണൂർ കലക്ടറേറ്റ് മൈതാനിയിൽ പ്രത്യേകം സജ്ജമാക്കിയ വിശാലമായ വേദിയിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ് സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ജില്ലാ പ്രസിഡന്റ് കെ.പി. ഹുസൈൻ കുഞ്ഞി അധ്യക്ഷനായി.

‘വിശ്വാസ വിശുദ്ധി; സംതൃപ്ത കുടുംബം’ എന്ന പ്രമേയത്തെ അധികരിച്ച് മുഴുവൻ ജില്ലകളിലും സംഘടിപ്പിക്കുന്ന ഫാമിലി കോൺഫറൻസുകളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്.

പ്രീ മാരിറ്റൽ, പോസ്റ്റ് മാരിറ്റൽ കൗൺസിലുകൾ മഹല്ല് കമ്മിറ്റികൾ സ്ഥിരം പദ്ധതിയായി ഏറ്റെടുക്കണമെന്നും വൈവാഹിക രംഗത്തെ ധൂർത്തിനും ആഭാസങ്ങൾക്കും തടയിടാൻ ക്രിയാത്മക കൂട്ടായ്മകൾ രൂപപ്പെടണമെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു. ലഹരി, ലൈംഗിക വൈകൃതങ്ങൾ, മാതാപിതാക്കളുടെ ഒറ്റപ്പെടൽ, കുടുംബ ശൈഥില്യങ്ങൾ തുടങ്ങിയവ മത, രാഷ്ട്രീയ സംഘടനകളുടെ മുഖ്യ അജണ്ടയാകണം. ഒട്ടേറെ മാനസിക, ശാരീരിക പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സ്വവർഗ രതിയെ പ്രോൽസാഹിപ്പിക്കും വിധം ചലച്ചിത്ര രംഗത്ത് കണ്ടുവരുന്ന പ്രവണത അത്തരം സംവിധാനങ്ങളോട് ചേർന്ന് നിൽക്കുന്നവരിൽ കൂടുതൽ അരാജകത്വത്തിന് കാരണമാകുമെന്നും ഫാമിലി കോൺഫറൻസ് അംഗീകരിച്ച മറ്റൊരു പ്രമേയം വ്യക്തമാക്കി.

ലഹരിയുടെ അതിവ്യാപനം പിരിമുറുക്കുന്ന സാഹചര്യത്തിൽ ലഘുവായ ശിക്ഷകൾ നിഷ്‌കർഷിക്കുന്ന 1985 ലെ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്യാട്രിക് സപ്സ്റ്റൻസ് ആക്ട് (NDPS Atc) പരിഷ്‌കരിച്ച് ലഹരി വസ്തുക്കൾ വിപണനം ചെയ്യുന്നവർക്കെതിരെ ശക്തമായ ശിക്ഷ നടപ്പാക്കാൻ കേരള നിയമസഭ പുതിയ നിയമ നിർമ്മാണം നടത്തണം. ആഘോഷങ്ങളിലും വിനോദയാത്രകളിലും ലഹരി ഉപയോഗം തടയാൻ വ്യവസ്ഥാപിതമായ മോണിറ്ററിംഗ് സംവിധാനം ഏർപ്പെടുത്തണം - പ്രമേയം തുടർന്നു.

വിശുദ്ധ ക്വുർആനും പ്രവാചകചര്യയും പ്രവാചകാനുയായികളുടെ രീതിശാസ്ത്രമനുസരിച്ച് പഠിക്കുവാൻ സാധാരണക്കാർക്ക് അവസരങ്ങൾ നിഷേധിക്കപ്പെട്ടതാണ് മുസ്‌ലിം സമൂഹത്തിൽ അന്ധവിശ്വാസങ്ങളും അനാചാരങ്ങളും മതയുക്തിവാദവും വ്യാപകമാവാനുള്ള കാരണമെന്നും വ്യവസ്ഥാപിതമായ മതപഠനം പ്രായഭേദമന്യെ വ്യാപകമാക്കലാണ് പരിഹാരമെന്നും സമ്മേളനം വ്യക്തമാക്കി.

കണ്ണൂർ കോർപ്പറേഷൻ മേയർ അഡ്വ: ടി.ഒ. മോഹനൻ, കെ.വി സുമേഷ് എം.എൽ.എ, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് അബ്ദുൽ കരീം ചേലേരി എന്നിവർ സമ്മേളത്തെ അഭിസംബോധന ചെയ്തു. വിസ്ഡം സംസ്ഥാന സെക്രട്ടറിയും പീസ് റേഡിയോ സി.ഇ.ഒ.യുമായ പ്രൊഫ. ഹാരിസ് ബിൻ സലീം, വിസ്ഡം സംസ്ഥാന ദഅ്‌വ വിംഗ് അംഗം ശിഹാബ് എടക്കര, വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി എന്നിവർ വിഷയാവതരണം നടത്തി. വിസ്ഡം ജില്ല സെക്രട്ടറി കെ. അബ്ദുല്ലാ ഫാസിൽ, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡന്റ് റാഷിദ് സ്വലാഹി, വിസ്ഡം സ്റ്റുഡന്റ്‌സ് ജില്ലാ പ്രസിഡന്റ് അബ്ബാസ് ഹാമിദ്, വിസ്ഡം ജില്ല ട്രഷറർ കെ.കെ. അശ്‌റഫ്, വിസ്ഡം യൂത്ത് ജില്ല ജോയിന്റ് സെക്രട്ടറി എ.സി. ശിഹാബുദ്ദീൻ പ്രസംഗിച്ചു. സമാപന പ്രസംഗം സി.പി. സലീം നിർവഹിച്ചു.