ക്ഷേമ പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടണം

വിസ്ഡം സെമിനാർ

2023 ജൂലൈ 22 , 1444 മുഹറം 04

കോഴിക്കോട്: സമൂഹത്തിന്റെ ക്ഷേമവും വികസനവും ലക്ഷ്യമാക്കി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിവിധ പദ്ധതികൾ ഫലപ്രദമാകുന്നുണ്ടോ എന്നത് വിലയിരുത്തപ്പെടേണ്ടത് ഏറ്റവും അനിവാര്യമാണെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സമിതി ‘സാമൂഹ്യ സുരക്ഷാ പദ്ധതികൾ’ എന്ന വിഷയത്തിൽ കോഴിക്കോട്ട് സംഘടിപ്പിച്ച സെമിനാർ അഭിപ്രായപ്പെട്ടു.

പദ്ധതികളെ സംബന്ധിച്ച് സമൂഹത്തിന് വേണ്ടത്ര അവബോധമില്ലാത്തത് പദ്ധതികളുടെ ലക്ഷ്യപൂർത്തീകരണത്തിന് വലിയ തടസ്സമായി നിൽക്കുന്നു എന്നത് നാം ഗൗരവമായി കാണണം. ശാക്തീകരണ പദ്ധതികൾ അർഹരായവയിലേക്ക് എത്തിക്കാനും അപ്രായോഗിക നിബന്ധനകൾ വെച്ച് അർഹമായവർക്ക് ലഭിക്കാതിരിക്കുന്ന സാഹചര്യവും ഒഴിവാക്കാനും സർക്കാർ സംവിധാനങ്ങൾ ജാഗ്രത പാലിക്കണമെന്നും സെമിനാർ അഭിപ്രായപ്പെട്ടു

ബഹു.തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ സെമിനാർ ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി തഹസിൽദാർ അബ്ദുറഹ്‌മാൻ പോത്തുകാടൻ, പി.എം.എ സെമീർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി. കെ അഷ്റഫ്, സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, ടി.പി അബ്ദുൽ അസീസ്, അബ്ദുറഹ്‌മാൻ മാട്ടായി, ഇസ്മാഈൽ തോട്ടശ്ശേരിയറ, മുജീബ് മദനി ഒട്ടുമ്മൽ, സെയ്തുമുഹമ്മദ് കുണ്ടായിത്തോട് എന്നിവർ സംസാരിച്ചു.


ഏക സിവിൽ കോഡ്: ക്രൈസ്തവ മതമേലധ്യക്ഷന്മാരുടെ നിലപാട് സ്വാഗതാർഹം

വിസ്ഡം യൂത്ത്

തിരൂർ: കെസിബിസി അടക്കമുള്ള വിവിധ സഭാ മേലധ്യക്ഷന്മാരും സംഘടനകളും ഏക സിവിൽ കോഡിനെതിരെ രംഗത്തുവന്ന് നടത്തിയ പ്രസ്താവനകൾ സ്വാഗതാർഹമാണെന്ന് വിസ്ഡം യൂത്ത് സംസ്ഥാന പ്രതിനിധി സമ്മേളനം അഭിപ്രായപ്പെട്ടു. മണിപ്പൂരിലെ അക്രമങ്ങളിൽ വേദനയനുഭവിക്കുന്ന ജനവിഭാഗത്തോട് സമ്മേളനം ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

രാജ്യത്തിെന്റ സൗന്ദര്യം വൈവിധ്യമായിരിക്കെ ഏകീകൃത വ്യക്തിനിയമം കൊണ്ടുവരാനുള്ള ശ്രമം പൈതൃകത്തെ നിരാകരിക്കലാണെന്നും അതിനെതിരെയുള്ള പ്രതിഷേധങ്ങളിൽ മതനിരപേക്ഷ ചേരിയിൽ ഭിന്നതയുണ്ടാകരുതെന്നും പ്രധിനിധി സമ്മേളനം ആവശ്യപ്പെട്ടു. ഏകസിവിൽകോഡിനെതിരെ രംഗത്ത് വരുന്നവർ വിയോജിപ്പിൽ ആത്മാർഥത പുലർത്തണം. തെരഞ്ഞെടുപ്പിൽ ജയിച്ച് കയറാൻ വിവാദ വിഷയങ്ങൾ കൊണ്ട് ധ്രുവീകരണത്തിന് ശ്രമിക്കുന്ന രാഷ്ട്രീയം നീചമാണ്. ഉയർന്ന ചിന്താഗതിയിലൂടെയും വൈജ്ഞാനിക പ്രതിരോധത്തിലൂടെയും അക്രമരാഷ്ട്രീയത്തെ ചെറുക്കുന്നതിൽ യുവാക്കൾ ബദ്ധശ്രദ്ധരാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.

മന്ത്രി വി.അബ്ദുറഹ്‌മാൻ ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി ടി.കെ നിഷാദ് സലഫി, അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്രം, സംസ്ഥാന ഭാരവാഹികളായ ഡോ. പി. പി നസീഫ്, ജംഷീർ സ്വലാഹി, യു. മുഹമ്മദ് മദനി, മുഹമ്മദ് ശബീർ കെ. പി, ബഷീർ വി.പി, ഫിറോസ് ഖാൻ സ്വലാഹി, മുസ്തഫ മദനി, അബ്ദുല്ല അൻസാരി, സിനാജുദ്ദീൻ പി തുടങ്ങിയവർ സംസാരിച്ചു.

പ്രതിനിധി സമ്മേളനത്തിന്റെ ഭാഗമായി തിരൂർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് സംഘടിപ്പിച്ചത് ശ്രദ്ധേയമായി. സമ്മേളന പ്രതിനിധികൾ ബ്ലഡ് ബാങ്കിലേക്ക് രക്തദാനം നടത്തി.