മൺസൂൺ സീസണിലെ മനോഹര തുടക്കം

കെ. താജുദ്ദീൻ സ്വലാഹി

2023 ജൂൺ 17 , 1444 ദുൽഖഅ്ദ 28

വിസ്ഡം യൂത്ത് ‘സ്‌നേഹസ്പർശം’ വിങ്ങിന്റെ യോഗം കഴിഞ്ഞ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് നേത്രാവധി എക്സ്‌പ്രസ്സിൽ തലശ്ശേരിയിലേക്ക് വണ്ടി കയറുമ്പോൾ ക്വുർആൻ സമ്മേളനത്തെക്കുറിച്ച് മനസ്സിന്റെ ക്യൻവാസിൽ സ്വയം വരച്ച ചിത്രമേ അല്ല കൂത്തുപറമ്പിലെ ക്വുർആൻ സമ്മേളന നഗരിയിൽ കണ്ടത്. മൺസൂൺ ആരംഭ ഘട്ടമായതിനാൽ സ്ത്രീകൾ ഉൾപ്പെടെയുള്ളവരുടെ പങ്കാളിത്തം കുറയുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാൽ വിസ്ഡം യൂത്ത് ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കാനിരിക്കുന്ന ക്യു.എച്ച്.എൽ.എസ് ക്വുർആൻ സമ്മേളങ്ങളിലെ ആദ്യ എപ്പിസോഡ് അക്ഷരാർഥത്തിൽ ആയിരങ്ങളുടെ സംഗമ വേദിയായി മാറി. മെയിൻ ഹാളും മുറ്റവും പുരുഷന്മാരാൽ നിറഞ്ഞപ്പോൾ ബാൽക്കണിയിലും രണ്ടാം വെന്യുവിലും പുരുഷന്മാരുടെ എണ്ണത്തെക്കാൾ കൂടുതൽ സ്ത്രീകളും പെൺകുട്ടികളും നിറഞ്ഞു കവിഞ്ഞിരുന്നു. സമ്മേളനത്തിലെ പൊതുസമൂഹ പങ്കാളിത്തം പ്രത്യേക പരാമർശമഹിക്കുന്നു.

സാങ്കേതിക മികവിൽ ഉയർന്ന നിലവാരം പുലർത്തിയ സമ്മേളനം വിഷയാവതരണങ്ങൾ കൊണ്ടും ഗംഭീരമായി. കെ.മുരളീധരൻ എം.പി ഉദ്ഘാടനം നിർവഹിച്ചു. ശരീഫ് കാര, മുനവ്വർ സ്വലാഹി, ഹാരിസ് ഇബ്‌നു സലീം, സിപി സലീം എന്നിവർക്കൊപ്പം പ്രോഗ്രാമിന്റെ ഭാഗമകാൻ കഴിഞ്ഞതിൽ അതിയായ സന്തോഷം..! സ്വാഗതസംഘം ചെയർമാൻ ഇസ്മായിൽ കിണവക്കൽ അധ്യക്ഷത വഹിച്ചു, വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷബീർ ഉദ്ഘാടനം ചെയ്തു. കെ. കെ അഷ്‌റഫ്, അബ്ബാസ് ഹാമിദ്, റഫീഖ് ചെറുവാഞ്ചേരി എന്നിവർ ആശംസകൾ അർപ്പിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന സമിതിയുടെ മാർഗ നിർദേശ പ്രകാരം സംസ്ഥാനത്തെ മുഴുവൻ ജില്ലാ കേന്ദ്രങ്ങളിലും സമ്മേളനങ്ങൾക്കുള്ള ഒരുക്കങ്ങൾ നടന്ന് വരുന്നു. മൺസൂൺ സീസൺ ആണെങ്കിലും ഓഡിറ്റോറിയങ്ങൾ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന പ്രോഗ്രാമുകൾക്ക് വലിയ ആത്മ വിശ്വാസം പകരുന്നതാണ് വിസ്ഡം യൂത്ത് കണ്ണൂർ ജില്ല സമിതിയുടെ മേൽനോട്ടത്തിൽ സംഘടനയുടെ എല്ലാ ഘടകങ്ങളുടെയും ഒത്തൊരുമയിൽ സംഘടിപ്പിക്കപ്പെട്ട ഈ സമ്മേളനം ജീവിത ഗന്ധിയായ ക്വുർആൻ പഠനം, ക്വുർആൻ വ്യഖ്യാനത്തിന്റെ പ്രാമാണിക സമീപനം,

വ്യക്തി-കുടുംബ ജീവിതത്തിൽ ക്വുർആൻ നൽകുന്ന വെളിച്ചം, ക്വുർആനിന്റെ ദൈവികത, ക്വുർആൻ ലേണിംഗ് സ്‌കൂളുകൾ ചരിത്രവും പ്രയാണവും തുടങ്ങി വിവിധ മേഖലകൾ അനാവരണം ചെയ്ത പ്രോഗ്രാമിൽ സദസ്യർക്കായി സംഘടിപ്പിച്ച ക്വിസ് മത്സരം പുത്തൻ ഉണർവ് പകർന്നു. ക്യു. എച്ച്. എൽ. എസ് വാർഷിക പരീക്ഷ വിജയികൾക്കുള്ള ആദരം, മനുഷ്യ ശരീരം ഒരു മഹാത്ഭുതം ഡോക്യുമെന്ററി പ്രദർശനം എന്നിവ സമ്മേളനത്തിന്റെ മികവ് വർധിപ്പിച്ചു. വിസ്ഡം മദ്‌റസ പൊതു പരീക്ഷയിലെ റാങ്ക് ജേതാക്കൾ, ക്വു.എച്ച്. എൽ.എസ്. വാർഷിക പരീക്ഷയിലെറാങ്ക് ജേതാക്കൾ എന്നിവർക്കുള്ള അവാർഡ് ദാനം സമ്മേളനത്തിൽ നിർവഹിച്ചു. നഗരിയിൽ എത്തിയ വാഹനങ്ങളുടെ പാർക്കിങ് പ്രശംസിക്കപ്പെട്ടു. മുഴുവൻ സമ്മേളന പ്രതിനിധികൾക്കും ഭക്ഷണം വിതരണം ചെയ്തു.

പ്രസ്ഥാന പ്രവർത്തന പഥത്തിൽ പ്രയത്‌നിച്ച് കടന്ന് പോയ സഹപ്രവർത്തകർക്ക് കണ്ണീരിൽ കുതിർന്ന പ്രാർഥനകൾ നടത്തി ആത്മീയ ബോധ്യങ്ങൾ ഹൃദയ കൂട്ടിൽ നിറച്ച് ജനസഞ്ചയം മടങ്ങി.സ്വീകരിക്കണേ നാഥാ!


ഒരു ദിനം; ഒട്ടേറെ പരിപാടികൾ

ന്യൂസ് ഡെസ്ക്

കോഴിക്കോട്: സമൂഹത്തിന് അറിവും ഉൾക്കാഴ്ചയും സാമൂഹ്യബോധവും പകർന്നു നൽകൽ ലക്ഷ്യം വച്ചുകൊണ്ട്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെയും പോഷക ഘടകങ്ങളുടെയും നേതൃത്വത്തിൽ ജൂൺ 11 ഞായറാഴ്ച വ്യത്യസ്ത പ്രോഗ്രാമുകൾ നടന്നു.

സംസ്ഥാന പ്രബോധക ശിൽപശാല

സംസ്ഥാന പ്രബോധക ശിൽപശാല കോഴിക്കോട്ട് വിസ്ഡം വൈ.പ്രസിഡന്റ് അബൂബക്കർ സലഫിയുടെ അധ്യക്ഷതയിൽ നടന്നു. വിവിധ സെഷനുകളിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, നാസിർ ബാലുശ്ശേരി, ഹാരിസ് ബിൻ സലീം, ഷമീർ മദീനി തുടങ്ങിയവർ സംസാരിച്ചു. അബ്ദുല്ല ഫാസിൽ, അൻവർ സ്വലാഹി, ശിഹാബ് എടക്കര, ജമാൽ ചെറുവാടി, നവാസ് ഒളവണ്ണ എന്നിവർ നേതൃത്വം നൽകി.

ഐടി വർക്ക്‌ഷോപ്പ്

ഐടി വിദഗ്ധരെ സംസ്ഥാനത്ത് ഉപയോഗപ്പെടുത്താൻ പദ്ധതികൾ വേണമെന്നും കുട്ടികൾക്കിടയിൽ വർധിച്ച് വരുന്ന ഐടി അനുബന്ധ ഗെയിമുകളുടെ അഡിക്ഷൻ ഒഴിവാക്കാൻ പ്രത്യേക ബോധവൽക്കരണത്തിന് ഊന്നൽ നൽകണമെന്നും കോഴിക്കോട് സംഘടിപ്പിച്ച ഐടി വർക്ക്‌ഷോപ്പ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അഷ്റഫ്ഉദ്ഘാടനം ചെയ്തു. അഡ്വ: പി.എ മുഹമ്മദ് അഷറഫ് ആലപ്പുഴ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി സി.പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, ഷബീർ കോട്ടക്കൽ, കെ. മുഹമ്മദ് ജമാൽ വിവിധ വിഷയങ്ങൾ അവതരിപ്പിച്ചു.

പള്ളി വകുപ്പ് കൺവീനർമാരുടെ ശിൽപശാല

മനസ്സമാധാനത്തിന്റെ ഇടമായ മസ്ജിദുകൾ പരിപാലിക്കേണ്ടതും ഭൗതിക സൗകര്യങ്ങളോടൊപ്പം തന്നെ അവയുടെ ആത്മീയവശവും കുറ്റമറ്റതാക്കുകയെന്നതും കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ബോധ്യപ്പെടുത്തുന്നതിനും അല്ലാഹുവിന്റെ ഭവനത്തെ ഏറ്റവും നല്ലരീതിയിൽ പരിപാലിക്കാനും പള്ളിയുടെ പരമാവധി സാധ്യതകൾ സമൂഹത്തിന് പ്രയോജനപ്പെടുത്താനും ലക്ഷ്യംവച്ചുകൊണ്ട് പള്ളി വകുപ്പ് കൺവീനർമാർക്ക് വേണ്ടി ശിൽപശാല നടത്തി. പ്രൊഫ. ഹാരിസ് ബിൻ സലീം അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസി. അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. സി.പി. സലീം, ടി.കെ. അശ്‌റഫ് ക്ലാസ്സുകളെടുത്തു. പി.വി. അബ്ദുൽ ജലീൽ ഒതായി, സുഹൈൽ.പി.യു, കെ.അർശദ് സ്വലാഹി, ഉസ്മാൻ പാലക്കാഴി, വി.എം. റിയാസ് തുടങ്ങിയവർ നേതൃത്വം നൽകി.

‘സ്‌നേഹസ്പർശം’ വർക്ക്‌ഷോപ്പ്

വിസ്ഡം യൂത്ത് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളെ പരിചയപ്പെടുത്തുന്നതിനായി സ്‌നേഹസ്പർശം വർക്ക്‌ഷോപ്പ് സംഘടിപ്പിച്ചു. വിസ്ഡം യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസി. താജുദ്ദീൻ സ്വലാഹി, അബ്ദുല്ല അൻസാരി, ഡോ.നസീഫ് പി.പി നേതൃത്വം നൽകി.

വിസ്ഡം യൂത്ത് ‘എക്‌സ്‌പേർട്ട് മീറ്റ്’

വിസ്ഡം യൂത്ത് ഓർഗനൈസേഷൻ ശാഖാ ഭാരവാഹികളെ പങ്കെടുപ്പിച്ചുകൊണ്ട് ജില്ലാതലങ്ങളിൽ സംഘടിപ്പിച്ചുവരുന്ന എക്‌സ്‌പേർട്ട് മീറ്റ് കോഴിക്കോട് സൗത്ത് ജില്ലയിൽ നടന്നു. യുവാക്കൾ അകപ്പെട്ടു കൊണ്ടിരിക്കുന്ന എല്ലാത്തരം ചതിക്കുഴികളിൽനിന്നും അവരെ കരകയറ്റുക, ലഹരിക്കും തീവ്രവാദത്തിനും ആത്മീയ ചൂഷണങ്ങൾക്കും എതിരായ പോരാട്ടങ്ങൾക്ക് കൂടുതൽ മികവും കൃത്യതയും രൂപപ്പെടുത്തുക, ജീവിത വിശുദ്ധി കൈവരിക്കുക തുടങ്ങിയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് എക്‌സ്‌പേർട്‌സ് മീറ്റുകൾ സംഘടിപ്പിച്ചുവരുന്നത്.

വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിശാദ് സലഫി, ഭാരവാഹികളായ അൻഫസ് മുക്‌റം, ജംഷീർ സ്വലാഹി, ബഷീർ വി.പി, ഫിറോസ് ഖാൻ സ്വലാഹി, മുജാഹിദ് ബാലുശ്ശേരി, സംസ്ഥാന പ്രവർത്തക സമിതിയംഗങ്ങളായ മുനവ്വർ സ്വലാഹി, അബ്ദുറഹ്‌മാൻ ചുങ്കത്തറ നേതൃത്വം നൽകി.

വിസ്ഡം യൂത്ത് ‘ഫാമിലി മീറ്റ്’

വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ സമിതി പൂനൂരിൽ വെച്ച് സംഘടിപ്പിച്ച ഫാമിലി മീറ്റിന് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫ മദനി നേതൃത്വം നൽകി. വിസ്ഡം യൂത്ത് കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂത്തുപറമ്പിൽ വെച്ച് ക്വുർആൻ സമ്മേളനം സംഘടിപ്പിച്ചു. കെ. മുരളീധരൻ എം.പി. വിശിഷ്ടാതിഥിയായി പങ്കെടുത്തു. ഹാരിസ് ഇബ്‌നു സലീം, സി.പി.സലീം, താജുദ്ദീൻ സ്വലാഹി, മുനവ്വർ സ്വലാഹി, ശരീഫ് കാര തുടങ്ങിയവർ ക്ലാസ്സുകളെടുത്തു.

വിസ്ഡം സ്റ്റുഡന്റ് ‘സ്റ്റേറ്റ് ഇന്റലക്ച്വൽ മീറ്റ്’

വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന സമിതി വിവിധ ക്യാമ്പസുകളിൽനിന്നുള്ള വിദ്യാർഥി-വിദ്യാർഥിനിക ൾക്കായി സംഘടിപ്പിച്ച സ്റ്റേറ്റ് ഇന്റലക്ച്വൽ മീറ്റ് ബഹു. പി.ടി.എ റഹീം എംഎൽഎ ഉദ്ഘാടനം ചെയ്തു. ട്രഷറർ ഷബീബ് മഞ്ചേരി, സെക്രട്ടറി സി.വി കാബിൽ, വെൽഫയർ വിംഗ് കൺവീനർ സജീൽ പരപ്പനങ്ങാടി തുടങ്ങിയവർ നേതൃത്വം നൽകി.

‘എംപവർ’ ലീഡേഴ്‌സ് മീറ്റ്

സെപ്തംബർ 8,9,10 തീയതികളിൽ കോഴിക്കോട് വെച്ച് നടക്കുന്ന 27ാമത് പ്രൊഫ്‌കോണിന്റെ മുന്നോടിയായി ജില്ലകളിൽ സംഘടിപ്പിക്കുന്ന എംപവർ ലീഡേഴ്‌സ് മീറ്റ് 5 ജില്ലകളിൽ നടന്നു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, തൃശ്ശൂർ, മലപ്പുറം ഈസ്റ്റ് ജില്ലകളിൽ നടന്ന സംഗമങ്ങൾക്ക് വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന ഭാരവാഹികൾ നേതൃത്വം നൽകി.

ജാമിഅഃ അൽഹിന്ദ് പ്രവേശന സംഗമം

2023-2024 അധ്യായന വർഷത്തിൽ ജാമിഅഃ അൽഹിന്ദിലെ വിവിധ കോഴ്‌സുകളിലേക്ക് അഡ്മിഷൻ നേടിയ വിദ്യാർഥികളുടെ പ്രവേശന സംഗമവും കഴിഞ്ഞ വർഷം ജാമിഅഃ ഫൈനൽ പരീക്ഷയിലും കേരള പ്ലസ് ടു പരീക്ഷയിലും ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും മിനി ഊട്ടിയിൽ നടന്നു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ഫൈസൽ മൗലവി എന്നിവർ നേതൃത്വം നൽകി.