മദ്‌റസകൾക്ക് നേരെ ദുരാരോപണമുന്നയിച്ച് ധ്രുവീകരണമുണ്ടാക്കരുത്

വിസ്ഡം വിദ്യാഭ്യാസ ബോർഡ്

2023 ആഗസ്റ്റ് 05 , 1445 മുഹറം 18

കോഴിക്കോട്: കേരളത്തിലെ മദ്‌റസകൾക്കും അധ്യാപകർക്കും സർക്കാർ ശമ്പളവും ധനസഹായവും നൽകുന്നുണ്ടെന്ന വ്യാജപ്രചാരണത്തിലൂടെ സമൂഹത്തിൽ ഛിദ്രതയുണ്ടാക്കുന്നവർക്കെതിരെ ശക്തമായ നടപടിസ്വീകരിക്കണമെന്ന് വിസ്ഡം മദ്‌റസ വിദ്യാഭ്യാസ ബോർഡ് സംസ്ഥാന സമിതി പ്രധാനധ്യാപകർക്കായി സംഘടിപ്പിച്ച ഉത്തരമേഖല ശിൽപശാല അഭിപ്രായപ്പെട്ടു.

സമൂഹത്തിൽ ധ്രുവീകരണവും വിദ്വേഷവും പ്രചരിപ്പിക്കാൻവേണ്ടി മാത്രം പ്രവർത്തിക്കുന്ന സംഘപരിവാർ സംഘടനകളുടെ ആരോപണങ്ങൾക്ക് സർക്കാർ വസ്തുനിഷ്ഠമായി മറുപടി നൽകണമെന്നും ശിൽപശാല അഭിപ്രായപ്പെട്ടു. വിസ്ഡം പണ്ഡിതസഭയായ ലജ്‌നത്തുൽ ബുഹുസിൽ ഇസ്‌ലാമിയ്യ പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് മദനി ഫറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന ജനറൽ സെക്രട്ടരി ടി.കെ അശ്‌റഫ്, ട്രഷറർ കെ. സജ്ജാദ്, വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഹുസൈൻ ടി കാവനൂർ, റഷീദ് കുട്ടമ്പൂർ, ഡോ. ഷിയാസ് സ്വലാഹി, യാസിർ സ്വലാഹി, എം.കെ ഇർഫാൻ സ്വലാഹി, ഐ.പി മൂസ, ഷൗക്കത്തലി അൻസാരി, അബ്ദുന്നാസിർ മദനി, അൻവർ സ്വലാഹി വയനാട്, അബ്ദുൽ ഖാദർ കണ്ണൂർ പ്രസംഗിച്ചു.


മദ്യം വ്യാപകമാക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്തിരിയണം

വിസ്ഡം

മണ്ണാർക്കാട്: ജനങ്ങളുടെ സമാധാനം കെടുത്തുന്ന മദ്യം വ്യാപകമാക്കുന്ന നയത്തിൽനിന്ന് സർക്കാർ പിന്തിരിയണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ പാലക്കാട് ജില്ലാസമിതി സംഘടിപ്പിച്ച ദഅ്‌വ ശിൽപശാല അഭിപ്രായപ്പെട്ടു. സാമ്പത്തിക പ്രതിസന്ധികൾ തരണംചെയ്യേണ്ടത് ക്രിയാത്മകപദ്ധതികൾ ആസൂത്രണം ചെയ്തുകൊണ്ടാകണം. മനുഷ്യന്റെ സർവ വ്യവഹാരങ്ങളിലും കൃത്യവും മാനവികവും നീതിയുക്തവുമായ വഴികാട്ടുന്ന ശരീഅത്ത് പരിഷ്‌കരിക്കണമെന്ന ചിലരുടെ വാദം വിവരക്കേടിന്റെ അടയാളമാണ്. ഏകീകൃത സിവിൽകോഡ് കൊണ്ടുവരാനുള്ള മുന്നൊരുക്കം രാജ്യത്തിന്റെ വൈവിധ്യത്തെ തകർക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും ശിൽപശാല അഭിപ്രായപ്പെട്ടു.

ഡിസംബർ 10ന് പാലക്കാട് പുതുനഗരത്ത് നടക്കാനിരിക്കുന്ന വിസ്ഡം ജില്ലാ ഫാമിലി കോൺഫറൻസിന്റെ ഭാഗമായാണ് ശിൽപശാല സംഘടിപ്പിച്ചത്. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി പ്രൊഫ. ഹാരിസ് ബിൻ സലീം ഉദ്ഘാടനം ചെയ്തു. മണ്ണാർക്കാട് ചോമേരി മസ്ജിദിൽ നടന്ന പരിപാടിയിൽ ജില്ലാവൈസ് പ്രസിഡന്റ് അബ്ദുൽഹമീദ് ഇരിങ്ങൽതൊടി അധ്യക്ഷനായി. വിസ്ഡം ജില്ലാ പ്രസിഡന്റ് ഹംസക്കുട്ടി സലഫി, ജില്ലാ സെക്രട്ടറി റഷീദ് കൊടക്കാട്ട്, ജില്ലാ ജോ.സെക്രട്ടറിമാരായ ഒ.മുഹമ്മദ് അൻവർ, ടി.കെ സദഖത്തുല്ല, പി.യു സുഹൈൽ, അബ്ദുൽകരീം പട്ടാമ്പി, മുഹമ്മദ്കുട്ടി സലഫി, നൗഫൽ കളത്തിങ്കൽ, ഉണ്ണീൻ വാപ്പു, സുൽഫിക്കർ, ശാഫി അൽഹികമി തുടങ്ങിയവർ സംസാരിച്ചു.