ദഅ്‌വ ചരിത്രത്തിലെ നാഴികക്കല്ലായി വനിത ദാഈ സംഗമം സമാപിച്ചു

ന്യൂസ് ഡസ്ക്

2023 നവംബർ 04 , 1445 റ.ആഖിർ 20

മലപ്പുറം: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ പണ്ഡിത സഭയായ ലജ്‌നത്തുൽ ബുഹൂസിൽ ഇസ്‌ലാമിയ്യ സ്ത്രീകൾക്ക് മാത്രമായി സംഘടിപ്പിച്ച ദഅ്‌വ ക്യാമ്പ് സമാപിച്ചു. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ആകർഷകമായ രീതിയിൽ അണിയിച്ചൊരുക്കി സമൂഹത്തിൽ പ്രചരിപ്പിക്കുവാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുന്ന, മൊബൈൽ ഫോണും ഇന്റർനെറ്റും സാമൂഹ്യമാധ്യമങ്ങളും മുഖേനയുണ്ടാകുന്ന കുടുംബ ശൈഥില്യങ്ങളും സ്വഭാവദൂഷ്യങ്ങളും പെരുകിക്കൊണ്ടിരിക്കുന്ന വർത്തമാനകാലത്ത് അത്തരം വിനാശ ഗർത്തങ്ങളിൽ വീണുപോകാതിരിക്കാൻ സ്ത്രീ സമൂഹത്തെ ബോധവതികളാക്കേണ്ടതുണ്ട്. അതിന് സ്ത്രീകൾതന്നെ മുന്നിട്ടിറങ്ങിയാൽ കൂടുതൽ ഗുണഫലങ്ങളുണ്ടാകുമെന്നതിൽ സംശയമില്ല. ഈയൊരു ലക്ഷ്യത്തോടെയാണ് തെരഞ്ഞടുക്കപ്പെട്ട വനിതകൾക്കായി ദഅ്‌വ ക്യാമ്പ് സംഘടിപ്പിച്ചത്.

പാണക്കാട് ജാമിഅ ലേഡീസ് ക്യാമ്പസിൽ നടന്ന സംഗമം ജാമിഅ അൽഹിന്ദ് ഡയറക്ടർ ഫൈസൽ മൗലവി ഉദ്ഘാടനം ചെയ്തു. ലജ്‌ന ചെയർമാൻ കുഞ്ഞുമുഹമ്മദ് മദനി അധ്യക്ഷനായിരുന്നു. ‘മതപഠനം സുരക്ഷയ്ക്ക്’ എന്ന വിഷയത്തിൽ ശബീബ് സ്വലാഹിയും ‘അക്വീദയും മൻഹജും’ എന്ന വിഷയത്തിൽ ഹംസ മദീനിയും ‘സുന്നത്തും മുബ്തദിഉകളും’ എന്ന വിഷയത്തിൽ ശമീർ മദീനിയും ‘ദഅ്‌വത്തും പ്രബോധകരും’ എന്ന വിഷയത്തിൽ അബൂബക്കർ സലഫിയും ക്ലാസെടുത്തു. സംഘടനാ സെഷന് വിസ്ഡം ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് നേതൃത്വം നൽകി. ഹാരിസ് ഇബ്‌നു സലീം സമാപന പ്രസംഗം നടത്തി. ലജ്‌ന കൺവീനർ ശമീർ മദീനി സ്വാഗതവും ഹംസ മദീനി നന്ദിയും പറഞ്ഞു.


‘ഗസ്സ: യുഎൻ രക്ഷാ സമിതി ഇടപെടണം’

വിസ്ഡം നാഷണൽ ഡെലിഗേറ്റ്‌സ് മീറ്റ്

മിനി ഊട്ടി: യുദ്ധനിയമങ്ങൾ പോലും കാറ്റിൽ പറത്തി ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ ഐക്യരാഷ്ട്ര രക്ഷാസമിതിയും രാഷ്ട്രനേതാക്കളും പ്രതികരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസെഷൻ മലപ്പുറം മിനി ഊട്ടിയിൽ സംഘടിപ്പിച്ച നാഷണൽ ഡെലിഗേറ്റ്‌സ് മീറ്റ് ആവശ്യപ്പെട്ടു. യുദ്ധക്കെടുതിയിൽ അകപ്പെട്ട പിഞ്ചുകുഞ്ഞുങ്ങൾ അടക്കമുള്ള നിരാലംബർക്കുള്ള അടിയന്തിര സഹായങ്ങൾ തടഞ്ഞുവെക്കുന്ന ഇസ്രായേൽ നടപടികൾ തികച്ചും മനുഷ്യത്വരഹിതമാണ്. രാജ്യത്തിന്റെ പിന്നോക്ക ന്യുനപക്ഷ പ്രദേശംങ്ങളിലെ വിദ്യാഭ്യാസപരമായ ഉയർച്ചക്കും പുരോഗതിക്കും പ്രത്യേക പദ്ധതികൾ നടപ്പിലാക്കാൻ കേന്ദ്രസർക്കാർ തയ്യാറാവണമെന്നും മീറ്റ് അഭിപ്രായപ്പെട്ടു. വിസ്ഡം സംസ്ഥാന വൈസ് പ്രസിഡന്റ് അബൂബക്കർ സലഫി ഉദ്ഘാടനം ചെയ്തു. എം അബ്ദുറഹിമാൻ മദനി അധ്യക്ഷത വഹിച്ചു. വിസ്ഡം യുത്ത് സംസ്ഥാന പ്രസിഡന്റ് താജുദ്ദീൻ സ്വലാഹി, സംസ്ഥാന സെക്രട്ടറി സി.പി സലീം, വിസ്ഡം സ്റ്റുഡന്റ്‌സ് സംസ്ഥാന പ്രസിഡന്റ് ഷഹബാസ് കെ അബ്ബാസ്, ഹാരിസ് ബിൻ സലീം, അബ്ദുൽ മാലിക് സലഫി, ഡോ. പി.എൻ ഷബീൽ, അബ്ദു റഷീദ് കൊടക്കാട്ട്, ഡോ. മുഹമ്മദ് റഫീഖ്, അൻഫസ് മുക്രം, പി.യു സുഹൈൽ എന്നിവർ സംസാരിച്ചു ബാംഗ്ലൂർ, മൈസൂർ, ട്രിച്ചി കോയമ്പത്തൂർ, മംഗലാപുരം, ഉദുമൽ പേട്ട്, ത്രിപുര, ചെന്നൈ, പോണ്ടിച്ചേരി, ഹൊസൂർ, കുടക് തുടങ്ങിയ റീജനറുകളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു. വിസ്ഡം സംസ്ഥാന സെക്രട്ടറി ടി.കെ അഷ്‌റഫ്, വൈസ് പ്രസി. കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, സി.പി സലീം, അബ്ദുറഷീദ് കൊടക്കാട്ട് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.