‘യുവത്വം നിർവചിക്കപ്പെടുന്നു’ വിസ്ഡം യൂത്ത് കോൺഫറൻസ് പ്രഖ്യാപനം പ്രൗഢമായി

ന്യൂസ് ഡസ്ക്

2023 സെപ്തംബർ 23 , 1445 റ.അവ്വൽ 08

ചേർത്തല: രാജ്യത്തിന്റെ സാമൂഹിക നവോത്ഥാനവും സാംസ്‌കാരിക മൂല്യവും വീണ്ടെടുക്കാൻ യുവജന കർമശേഷിയെ ഫലപ്രദമായി ഉപയോഗപ്പെടുത്താനാകണമെന്ന് വിസ്ഡം യൂത്ത് ആലപ്പുഴ ചേർത്തലയിൽ സംഘടിപ്പിച്ച സംസ്ഥാന യുവജന സമ്മേളന പ്രഖ്യാപന സംഗമം ആവശ്യപ്പെട്ടു.

‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ 2024 ഫെബ്രുവരി 10, 11 തീയതികളിൽ മലപ്പുറത്ത് സംഘടിപ്പിക്കുന്ന കേരള യൂത്ത് കോൺഫറൻസിെന്റ പ്രഖ്യാപന സമ്മേളനം കൃഷിവകുപ്പ് മന്ത്രി വി. പ്രസാദ് ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി ആധ്യക്ഷ്യം വഹിച്ചു.

രാജ്യത്ത് ഭീതി സൃഷ്ടിച്ച് സ്വാതന്ത്ര്യവും ജനാധിപത്യവും ഇല്ലായ്മ ചെയ്യാനാണ് ഫാസിസ്റ്റ് ഭരണകൂടം ശ്രമിക്കുന്നതെന്ന് മന്ത്രി പി. പ്രസാദ് പ്രസ്താവിച്ചു. മതവും വിശ്വാസവും ഉയർത്തിപ്പിടിച്ച്, സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങളിൽനിന്നും ശ്രദ്ധതിരിച്ച്, വൈകാരികത ഉയർത്തിവിട്ട് അധികാരം പിടിച്ചെടുക്കുന്ന രീതിയാണ് ഇന്ത്യയിൽ ഫാസിസ്റ്റുകൾ അവലംബിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു. നോട്ടംകൊണ്ടുപോലും സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുക്കാത്തവരാണ് ദേശീയതയും ദേശസ്‌േനഹവും ഇന്ത്യൻ ജനതയെ പഠിപ്പിക്കാൻ ഇറങ്ങുന്നത് എന്നത് വലിയ വിരോധാഭാസമാണ്. അതിതീവ്ര ദേശീയതയാണ് ഭരണത്തിന്റെ മറവിൽ പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്. ഓരോ വിഭാഗത്തിനും ശത്രുവിനെ സ്യഷ്ടിച്ച് നൽകി സമൂഹത്തിൽ അനൈക്യം സ്യഷ്ടിച്ചാണ് ഇവർ വോട്ട് രാഷ്ട്രീയം കളിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യുവാക്കളുടെ ചിന്താശേഷിയെ ക്രിയാത്മകമായി ഉപയോഗപ്പെടുത്താനുള്ള വിവിധ പ്രവർത്തന പദ്ധതികളാണ് സമ്മേളനത്തോടനുബന്ധിച്ച് ആസൂത്രണം ചെയ്തിരിക്കുന്നത്. യുവതയുടെ കരുത്തിനെ കുടുംബത്തിനും സമൂഹത്തിനും രാഷ്ട്രത്തിനും ഉപകരിക്കും വിധമുള്ള നിർദേശങ്ങളും പ്രായോഗിക പദ്ധതികളുമാണതിൽ ഉൾകൊള്ളിച്ചിരിക്കുന്നത്. അരാഷ്ട്രീയത യുവമനസ്സുകളെ നിഷ്‌ക്രിയമാക്കുമ്പോൾ അതിനെതിരെയുളള ദിശാബോധം നൽകാനും പ്രത്യേക പരിപാടികൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വൈജ്ഞാനികരംഗത്തെയും പുതിയ വാതായനങ്ങൾ ഉപയോഗപ്പെടുത്തേണ്ട രീതിയും സമ്മേളനം വരച്ച് കാണിക്കും. വിശ്വാസ സംസ്‌കരണം, സ്വഭാവ വിശുദ്ധി, ചരിത്രബോധം, ചൂഷണമുക്തമായ ആത്മീയത, കുടുംബ ജീവിതത്തിൽ വിജയിക്കാൻ നിദാനമായ നിർദേശങ്ങൾ എന്നിവയെല്ലാം ചർച്ചക്ക് വിധേയമാക്കും വിധം വ്യത്യസ്ത ബോധന മാർഗങ്ങൾക്ക് രൂപം നൽകി.

സമ്മേളനത്തിന് മുന്നോടിയായി ഒക്ടോബർ 8ന് കേരള ടീച്ചേഴ്‌സ് കോൺഫറൻസ്, നവംബർ 11, 12 തീയതികളിൽ പ്രൊഫെയ്‌സ് - പ്രൊഫഷണൽസ് ഫാമിലി കോൺഫറൻസ്; ജില്ല, മണ്ഡലം, ശാഖ നേതൃസംഗമങ്ങൾ തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കും. കൂടാതെ, ആത്മീയ ചൂഷണങ്ങൾക്കെതിരെ യുള്ള ബോധവത്കരണം, സന്ദേശ പ്രചാരണങ്ങൾ, ഡി അഡിക്ഷൻ ഹെൽപ് ഡെസ്‌ക്, ലഹരി വിരുദ്ധ ക്യാമ്പയിൻ, മെഡിക്കൽ ക്യാമ്പുകൾ, വനിതാ സംഗമങ്ങൾ, ടോക്ക് ഷോകൾ, ആദർശ സമ്മേളനങ്ങൾ, ഗൃഹ സന്ദർശനങ്ങൾ, സന്ദേശരേഖാ വിതരണം തുടങ്ങി സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിലായി പ്രചാരണ പരിപാടികൾ സംഘടിപ്പിക്കും.

വിസ്ഡം സംസ്ഥാന  പ്രസിഡന്റ്‌ പി.എൻ. അബ്ദുല്ലത്വീഫ് മദനി സമ്മേളന പ്രഖ്യാപനം നിർവഹിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ, ഡി.വൈ.എഫ്.ഐ. കേന്ദ്രകമ്മിറ്റി അംഗം അഡ്വ. ആർ. രാഹുൽ, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ്  പ്രസിഡന്റ്‌  അഡ്വ. ഷിബു മീരാൻ, കേന്ദ്ര ആരോഗ്യ സർവകലാശാല സെനറ്റ് അംഗം പ്രവീൺ രാജ്, വിസ്ഡം സംസ്ഥാന നിർവാഹക സമിതി അംഗം അഡ്വ. എ.പി. മുഹമ്മദ് അഷ്റഫ്, വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്‌  അർഷദ് അൽഹികമി എന്നിവർ ആശംസകളർപ്പിച്ചു. വിസ്ഡം സംസ്ഥാന സെക്രട്ടറി സി.പി.സലീം മുഖ്യപ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ്‌ ജംഷീർ സ്വലാഹി, സെക്രട്ടറി യു. മുഹമ്മദ് മദനി എന്നിവർ പ്രഭാഷണം നടത്തി. വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി സ്വാഗതവും വൈസ്  പ്രസിഡന്റ്‌ ഡോ.പി.പി. നസീഫ് നന്ദിയും പറഞ്ഞു.