പ്ലസ് വൺ പ്രവേശനം; അനിശ്ചിതത്വം നീക്കാൻ സർക്കാർ ഇടപെടാത്തത് ഗുരുതര വീഴ്ച

വിസ്ഡം സ്റ്റുഡൻസ്

2023 ജൂലൈ 29 , 1444 മുഹറം 11

തിരൂർക്കാട്: പ്ലസ് വൺ പ്രവേശന വിഷയത്തിൽ നിലനിൽക്കുന്ന പ്രതിസന്ധികൾ പരിഹരിക്കുന്നതിൽ ശാശ്വത പരിഹാരം കാണാതെ താൽക്കാലിക ആശ്വാസം മാത്രം പരിഗണിച്ച് സർക്കാർ സ്വീകരിക്കുന്ന സമീപനങ്ങൾ ഗുരുതര വീഴ്ചയാണെന്ന് വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷൻ തിരൂർക്കാട്ട് സംഘടിപ്പിച്ച സംസ്ഥാന പ്രതിനിധിസമ്മേളനം അഭിപ്രായപ്പെട്ടു. സംസ്ഥാനത്ത് തുടർപഠന മേഖല കൂടുതൽ ശാസ്ത്രീയവും ആഗോള നിലവാരത്തിലുമാകണമെന്ന മുറവിളി ഉയരുമ്പോൾതന്നെയാണ് ഹയർ സെക്കന്ററി പ്രവേശനം പ്രതിസന്ധിയിലായിരിക്കുന്നത്. സെപ്തംബർ 8,9,10 തീയതികളിൽ കോഴിക്കോട്ട് വെച്ച് നടക്കാനിരിക്കുന്ന 27ാമത് പ്രൊ ഫഷണൽ സ്റ്റുഡൻസ്ഗ്ലോബൽ കോൺഫറൻസിന്റെ (പ്രൊഫ്‌കോൺ) മുന്നോടിയായാണ് സമ്മേളനം സംഘടിപ്പിച്ചത്.

തുടർ പഠനത്തിനായി വലിയ അളവിൽ വിദേശത്തേക്കുള്ള ചേക്കേറ്റം നടക്കുന്ന ഈ ഘട്ടത്തിലും സംസ്ഥാനത്ത് നിലനിൽക്കുന്ന പ്രതികൂലമായ പഠനാന്തരീക്ഷം സംസ്ഥാനത്തിന്റെ മനുഷ്യവിഭവ ചോർച്ചക്ക് ആക്കംകൂട്ടും. ഉയർന്ന മാർക്ക് നേടിയവർക്ക് പോലും പ്രവേശനം നിഷേധിക്കപ്പെടുന്ന സാഹചര്യം അടിയന്തിരമായി കണക്കിലെടുത്ത് ശാശ്വത പരിഹാരമാർഗം കണ്ട് മുന്നോട്ട് പോകണമെന്നും സമ്മേളനം കൂട്ടിച്ചേർത്തു.

മഞ്ഞളാംകുഴി അലി എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം സ്റ്റുഡൻസ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ അധ്യക്ഷത വഹിച്ചു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അഷ്‌റഫ് മുഖ്യപ്രഭാഷണം നടത്തി. അഷ്‌റഫ് എകരൂൽ, ജമാൽ ചെറുവാടി, സ്വാദിഖ് മദീനി, കെ. നൂറൂദ്ദീൻ സ്വലാഹി, ശഫീക്ക് മോങ്ങം തുടങ്ങിയവർ വിഷയാവതരണം നടത്തി. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ഭാരവാഹികളായ മുജാഹിദ് അൽഹികമി പറവണ്ണ, ഡോ. സി.പി. അബ്ദുല്ല ബാസിൽ, മുഹമ്മദ് ഷാമിൽ എടവണ്ണപ്പാറ, ഖാലിദ് വെള്ളില, സ്വഫ്‌വാൻ ബറാമി അൽഹികമി, ഡോ.ഷഹബാസ് കെ. അബ്ബാസ്, അസ്ഹർ അബ്ദുർറസാഖ് എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന പ്രസിഡന്റ് അർഷദ് അൽഹികമി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി ടി. മുഹമ്മദ് ഷമീൽ അധ്യക്ഷത വഹിച്ചു. സകരിയ്യ മദീനി ആമുഖഭാഷണം നടത്തി. കുവൈത്ത് കേരള ഇസ്‌ലാഹി സെന്റർ വൈസ് പ്രസിഡന്റ് സി.പി.അബ്ദുൽ അസീസ് മുഖ്യാതിഥിയായി.


ഏകസിവിൽ കോഡ്; ഭരണഘടനാ മൂല്യങ്ങൾ തകർക്കും

വിസ്ഡം വിമൻസ്

കോഴിക്കോട്: ഏക സിവിൽ കോഡ് ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങൾ തകർക്കുമെന്ന് വിസ്ഡം ഇസ്‌ലാമിക് വിമൻസ് ഓർഗനൈസേഷൻ സംഘടിപ്പിച്ച ജില്ലാ വനിതാ ശിൽപശാല അഭിപ്രായപ്പെട്ടു. രാജ്യത്തെ ജനങ്ങളെ വിഭജിക്കലാണ് ഏക സിവിൽ കോഡ് പ്രഖ്യാപനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെയ്യുന്നത്. പൊതുതെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി, സമൂഹത്തിൽ വിഭജനവും ആശങ്കയും സ്യഷ്ടിച്ച് വോട്ട്‌നേടുക എന്ന ഗൂഢലക്ഷ്യം തകർക്കാൻ മതനിരപേക്ഷ സമൂഹം ഒന്നിച്ച് പോരാടണം. മുസ്‌ലിം വ്യക്തിനിയമങ്ങൾ ദൈവികമാണ്. അതിനാൽതന്നെ അതിന്മേൽ കൈ കടത്താനുള്ള നീക്കം അംഗീകരിക്കാനാവില്ല. ഇസ്‌ലാമിക ശരീഅത്ത് കാലാനുസൃതവും സ്ത്രീത്വത്തെ മാനിക്കുന്നതുമാണെ ന്നിരിക്കെ മുസ്‌ലിം സ്ത്രീകളുടെ പേരു പറഞ്ഞ് വിവാദങ്ങളുണ്ടാക്കാനുള്ള ശ്രമങ്ങൾ വിലപ്പോകില്ലെന്നും ശിൽപശാല ചൂണ്ടിക്കാട്ടി.

കോഴിക്കോട് എംഎസ്എസ് ഓഡിറ്റോറിയത്തിൽ നടന്ന ശിൽപശാല വിസ്ഡം വിമൻസ് സംസ്ഥാന പ്രസിഡന്റ് സഹ്‌റ സുല്ലമിയ്യ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എ.വി ഫാഹിസ അധ്യക്ഷത വഹിച്ചു. സി.പി സലീം, സ്വാദിഖ് മദീനി, സുഹ്‌റ ടീച്ചർ പ്രബന്ധം അവതരിപ്പിച്ചു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ പ്രസിഡന്റ് വി.ടി ബഷീർ, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി എ.എം ജംഷീർ, സ്റ്റുഡന്റസ് വിംഗ് ജില്ലാ സെക്രട്ടറി സുഹൈൽ കല്ലായി, ഹഫ്‌സ എന്നിവർ ആശംസകൾ അർപ്പിച്ചു. പി. സി ജംഷീർ സമാപന പ്രസംഗം നടത്തി. വിസ്ഡം വിമൻസ് ജില്ലാ സെക്രട്ടറി നസീബ സിതാര സ്വാഗതവും ഹസീറ ബാനു നന്ദിയും പറഞ്ഞു.