ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് പ്രൗഢമായ സമാപനം

മുഹമ്മദ് ഷമീൽ. ടി. ജനറൽ സെക്രട്ടറി, വിസ്ഡം സ്റ്റുഡന്റ്‌സ്

2023 സെപ്തംബർ 16 , 1445 റ.അവ്വൽ 01

നിറഞ്ഞ മനസ്സോടെ അവർ മടങ്ങി,ഇനി ക്യാമ്പസുകളിലേക്ക്...

കഴിഞ്ഞ 27 വർഷങ്ങളായി പ്രൊഫഷണൽ വിദ്യാർഥികൾക്ക് ദിശാബോധം പകർന്നുനൽകിക്കൊണ്ടിരിക്കുന്ന ആഗോള പ്രൊഫഷണൽ വിദ്യാർഥി സമ്മേളനത്തിന് പ്രൗഢമായ സമാപനം. സെപ്റ്റംബർ 8,9,10 തീയതികളിലായി കോഴിക്കോട് മലബാർ മറീന ഇന്റർനാഷണൽ കൺവെൻഷൻ സെന്ററാണ് കേരളത്തിനകത്തുനിന്നും പുറത്തുനിന്നുമായി അയ്യായിരത്തോളം വിദ്യാർഥി-വിദ്യാർഥിനികൾ പങ്കെടുത്ത ചരിത്ര സംഗമത്തിന് സാക്ഷ്യം വഹിച്ചത്.

അധാർമികതയും ലഹരിയും ലിബറൽ ചിന്തകളും അരങ്ങുവാഴുന്ന ക്യാമ്പസുകളിൽ പരിവർത്തനത്തിന്റെ വിപ്ലവം തീർക്കാൻ വിദ്യാർഥികൾക്ക് പ്രചോദനമേകുന്നതായിരുന്നു ഓരോ സെഷനും. സാങ്കേതികവിദ്യയുടെ കൃത്യമായ വിനിയോഗവും വിഷയങ്ങളുടെ തെരഞ്ഞെടുപ്പും അവതരണങ്ങളിലെ പുതുമയും സമ്മേളനത്തിന്റെ മാറ്റുകൂട്ടി.

2023 മെയ് മാസത്തിൽ ചെന്നൈയിൽവച്ച് നടന്ന പ്രഖ്യാപന സമ്മേളനത്തോടുകൂടിയാണ് നാല് മാസം നീണ്ടുനിന്ന പ്രവർത്തങ്ങൾക്ക് പ്രാരംഭം കുറിച്ചത്. ക്യാമ്പസുകൾ തോറും സംഘടിപ്പിച്ച ക്യാമ്പസ്ഡിബേറ്റുകൾ, സ്പാർക്‌സ് സംഗമങ്ങൾ, നാഷണൽ ക്യാമ്പസുകളിൽ നടന്ന പ്രീ കോൺഫറൻസ് മീറ്റുകൾ, ഹോസ്റ്റൽ സ്‌ക്വാഡ് വർക്കുകൾ, ലഘുലേഖ വിതരണങ്ങൾ, സന്ദേശ പ്രയാണങ്ങൾ എന്നിവയുടെ സമാപനമായിരുന്നു മൂന്നുദിവസം നീണ്ടുനിന്ന ആഗോള പ്രൊഫഷണൽ വിദ്യാർഥി സംഗമം.

ആറ് വ്യത്യസ്ത വേദികളിലായി നാല് ഭാഷകളിൽ മുപ്പത്തിയഞ്ചിലധികം സെഷനുകളും, മിനി ഗാലറിയും ഗൈഡൻസ് സെന്ററുമെല്ലാം സമ്മേളന നഗരിയിൽ സജ്ജീകരിച്ചിരുന്നു. പ്രധാന വേദിയായ ‘പ്രൈമി’ന് പുറമെ പെൺകുട്ടികൾക്ക് മാത്രമായി ഒരുക്കിയ ‘ഫ്‌ലോറെറ്റ്‌സ്’ വേദി ശ്രദ്ധേയമായി. പൂർണമായും പെൺകുട്ടികൾ നേതൃത്വം നൽകിയ വേദിയുടെ സംഘാടനവും വിഷയങ്ങളുടെ അവതരണ മികവും ഏറെ ശ്ലാഘനീയമാണ്.

പ്രധാന വേദിയിലെ പരിപാടികൾക്ക് സമാന്തരമായി നടന്ന വർക്‌ഷോപ്പുകൾ ഗഹനമായ പഠനങ്ങൾക്ക് വഴിയൊരുക്കി. ഇസ്‌ലാമിക പണ്ഡിതരും വിദ്യാഭ്യാസ വിചക്ഷണരും വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. ക്യാമ്പസ് പ്രതിനിധികളെ പങ്കെടുപ്പിച്ച് സംഘടിപ്പിക്കപ്പെട്ട ക്യാമ്പസ് ലീഡേഴ്സ് സമ്മിറ്റ് വരുംകാല ക്യാമ്പസ് പ്രവർത്തങ്ങൾക്ക് പുത്തനുണർവ് പകർന്നു.

രാഷ്ട്രീയ, സാമൂഹ്യ രംഗങ്ങളിലെ പ്രതിനിധികളുടെ സാന്നിധ്യവും സമ്മേളനത്തിൽ ശ്രദ്ധേയമായി. തുറമുഖ വകുപ്പ് മന്ത്രി അഹ്‌മദ് ദേവർകോവിൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ, നജീബ് കാന്തപുരം എം.എൽ.എ, എം.എസ്.എഫ്, എസ്.എഫ്.ഐ, കെ.എസ്.യു എന്നീ വിദ്യാർഥി സംഘടനകളുടെ സംസ്ഥാന പ്രതിനിധികളടക്കമുള്ള അതിഥികളാൽ സമ്പന്നമായിരുന്നു സമ്മേളനം.

ഫീഡ്ബാക്കുകൾ മറിച്ചുനോക്കുമ്പോൾ മനസ്സിലാവുന്നത്, സമ്മേളനത്തിൽ പങ്കെടുത്ത വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തിൽ സമഗ്രമായ ചില മാറ്റങ്ങൾക്കുള്ള തീരുമാനങ്ങളുമായാണ് അവർ മടങ്ങിയത് എന്നാണ്. തിന്മയുടെ കുത്തൊഴുക്ക് എത്ര ശക്തമാണെങ്കിലും അതിനെതിരെ നന്മയുടെ നൗകയിലേറി വിജയത്തിന്റെ തീരമണയാൻ പ്രിയപ്പെട്ട സുഹൃത്തുക്കൾക്ക് സാധിക്കട്ടെ എന്ന്പ്രാർഥിക്കാം.