വായന നിലനിർത്തുന്നതിലൂടെ മാത്രമെ യഥാർഥ നവോത്ഥാനം സാധ്യമാകൂ

നേർപഥം ക്യാമ്പ്

2023 ഒക്ടോബർ 28 , 1445 റ.ആഖിർ 13

കോഴിക്കോട്: വായനയിലൂടെ മാത്രമെ യഥാർഥ സാമൂഹിക നവോത്ഥാനവും വിമലീകരണവും സാധ്യമാകൂ എന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച നേർപഥം ഓറിയന്റേഷൻ ക്യാമ്പ് അഭിപ്രായപ്പെട്ടു.

പുസ്തകവായനയും ആനുകാലിക വായനയും നിലച്ചാൽ സമൂഹത്തിൽ അസ്തിത്വ പ്രതിസന്ധി സൃഷ്ടിക്കപ്പെടുമെന്ന് ക്യാമ്പ് അഭിപ്രായപ്പെട്ടു. കൊച്ചു കുട്ടികളിൽ ഓൺലൈൻ വായനക്കു പകരം പ്രിന്റ് പുസ്തകങ്ങളുടെ വായനാശീലം വളർത്തിയെടുക്കാൻ രക്ഷിതാക്കളും അധ്യാപകരും ശ്രമിക്കണമെന്നും ക്യാമ്പ് ആവശ്യപ്പെട്ടു. ഫലസ്തീൻ ജനതയുടെ നീതിക്കുവേണ്ടി നിലകൊള്ളാൻ എല്ലാവർക്കും സാധിക്കേണ്ടതുണ്ടെന്നും ക്യാമ്പ് അഭിപ്രായപ്പെട്ടു.

കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്തു. വിസ്ഡം സംസ്ഥാന ട്രഷറർ കെ. സജ്ജാദ് അധ്യക്ഷത വഹിച്ചു. കേരള പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ മുഖ്യാതിഥിയായിരുന്നു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, സെക്രട്ടറി നാസിർ ബാലുശ്ശേരി, പ്രൊഫ. ഹാരിസ് ബിൻ സലിം, നേർപഥം ചീഫ് എഡിറ്റർ അനിൽ പ്രിംറോസ്, മുജീബ് ഒട്ടുമ്മൽ, അശ്‌റഫ് കല്ലായി, അജ്മൽ ഫൗസാൻ, ഉമർ ഫാറൂഖ് പി.ഒ തുടങ്ങിയവർ പങ്കെടുത്തു.


ധാർമികചിന്ത വളർത്തുന്നതിൽ മദ്‌റസകൾ വഹിക്കുന്ന പങ്ക് ‌നിസ്തുലം

വിസ്ഡം മദ്‌റസ മാനേജ്‌മെന്റ് പ്രതിനിധി സമ്മേളനം

കോഴിക്കോട്: മദ്‌റസ പ്രസ്ഥാനത്തിന്റെ നവീകരണവും ആധുനികവൽക്കരണവും മാനേജ്‌മെന്റുകൾ മുഖ്യ അജണ്ടയായി കാണണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിച്ച മദ്‌റസ മാനേജ്‌മെന്റ് പ്രതിനിധിസമ്മേളനം ആവശ്യപ്പെട്ടു. മദ്‌റസ പ്രസ്ഥാനത്തെ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തകർക്കാനുള്ള നീക്കങ്ങളെ ചെറുക്കണം. പുതിയ തലമുറയിൽ പൗരബോധവും ധാർമിക ചിന്തയും വളർത്തിയെടുക്കുന്നതിൽ മദ്‌റസ പ്രസ്ഥാനത്തിന് വലിയ പങ്കുണ്ടെന്നും പ്രതിനിധി സമ്മേളനം പ്രസ്താവിച്ചു.

പി.ടി.എ റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. വിസ്ഡം എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ അധ്യക്ഷത വഹിച്ചു. വിസ്ഡം സംസ്ഥാന വൈസ് ചെയർ

മാൻ കുഞ്ഞുമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, നാസിർ ബാലുശ്ശേരി, പ്രൊഫ. ഹാരിസ് ബിൻ സലീം, റശീദ് മാസ്റ്റർ കാരപ്പുറം, മുജീബ് ഒട്ടുമ്മൽ, പി.കെ അംജദ്, ഡോ.ഷിയാസ് സ്വലാഹി, യാസർ സ്വലാഹി എന്നിവർ പ്രസംഗിച്ചു.