സിആർഇ: തുടർ മതവിദ്യാഭ്യാസ പദ്ധതിക്ക് സമാരംഭം

ന്യൂസ് ഡസ്ക്

2023 ജൂൺ 03 , 1444 ദുൽഖഅ്ദ 14

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡൻസ് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ ആരംഭിക്കുന്ന സി.ആർ.ഇ. തുടർ മതവിദ്യാഭ്യാസ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം കൊയിലാണ്ടി ‘ഇല’ കൺവെൻഷൻ സെന്ററിൽ നടന്ന ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ കെ. സജ്ജാദ് നിർവഹിച്ചു. വിസ്ഡം സ്റ്റുഡൻസ് ഓർഗനൈസേഷൻ വൈസ് പ്രസിഡന്റ് സ്വഫ്‌വാൻ ബറാമി അൽ ഹികമി ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

ഹൈസ്‌കൂൾ, ഹയർ സെക്കന്ററിതല വിദ്യാർഥികൾക്കാണ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ സാധിക്കുക. സംസ്ഥാന സമിതിയുടെ നേതൃത്വത്തിൽ അടിസ്ഥാനസൗകര്യങ്ങളും സംഘാടനവും സംവിധാനവും പരിശോധിച്ചു അഫിലിയേഷൻ നൽകിയ നൂറുകണക്കിന് സെന്ററുകളിൽ ഇതോടെ പദ്ധതിക്ക് തുടക്കമാകും. മത-ധാർമിക വിഷയങ്ങൾക്ക് പ്രത്യേകം ഊന്നൽ കൊടുത്തും ലഹരി, തീവ്രവാദ വിധ്വംസക പ്രവർത്തനങ്ങൾക്കെതിരായുള്ള സന്ദേശങ്ങളുൾപ്പെടെ പകർന്ന് കൊടുക്കാവുന്ന വിധത്തിലാണ് സിലബസ് ക്രമീകരിച്ചിട്ടുള്ളത്. കൃത്യമായ സിലബസും മെച്ചപ്പെട്ട അടിസ്ഥാന സൗകര്യവും നൂതന സാങ്കേതിക വിദ്യയും പ്രയോജനപ്പെടുത്തിയുള്ള വ്യവസ്ഥാപിത സംവിധാനമാണിത്. തുടർന്നുള്ള എല്ലാ ആഴ്ചകളിലും നിശ്ചിത ദിവസം ക്ലാസ്സുകൾ തുടരും. പങ്കെടുക്കേണ്ടവർക്ക് ബന്ധപ്പെട്ട കേന്ദ്രത്തിൽ രജിസ്റ്റർ ചെയ്ത് പ്രവേശനം നേടാം.

ഉദ്ഘാടന ചടങ്ങിൽ വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന സെക്രട്ടറി സി.വി.കാബിൽ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കൊയിലാണ്ടി മണ്ഡലം സെക്രട്ടറി ലത്തീഫ് ഒ.കെ, കോഴിക്കോട് നോർത്ത് ജില്ല പ്രസിഡന്റ് ഫാരിസ് അൽഹികമി തുടങ്ങിയവർ ആശംസകളർപ്പിച്ചു. എ.പി. മുനവ്വർ സ്വലാഹി, ശരീഫ് കാര എന്നിവർ വിഷയാവതരണം നടത്തി. ജില്ലാ പ്രസിഡന്റ് ഹംറാസ് കൊയിലാണ്ടി സ്വാഗതവും സെക്രട്ടറി സ്വാലിഹ് അൽഹികമി നന്ദിയും പറഞ്ഞു.


വിസ്ഡം ഹജ്ജ് ക്യാമ്പുകൾക്ക് സമാപനമായി

ന്യൂസ് ഡെസ്ക്

കോഴിക്കോട്: വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ചുവന്ന ഹജ്ജ് ക്യാമ്പിന് കോഴിക്കോട്ട് സമാപനം കുറിച്ചു. മഞ്ചേരി, ആലുവ, കണ്ണൂർ തുടങ്ങി സംസ്ഥാനത്തെ തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ വെച്ച് നടന്നുവന്ന ഹജ്ജ് ക്യാമ്പിന്റെ തുടർച്ചക്കാണ് കോഴിക്കോട് സമാപനം കുറിച്ചത്. കുഞ്ഞിമുഹമ്മദ് മദനി, സ്വാദിഖ് മദീനി തുടങ്ങിയവർ നേതൃത്വം നൽകി.

മഞ്ചേരിയിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ക്ലാസ്സെടുത്തു. അബൂബക്കർ സലഫി, പ്രഫ: ഹാരിസ്ബിൻ സലീം, ടി.കെ അശ്‌റഫ് എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കെ.ടി.എം ഷാജഹാൻ ആമുഖവും നാസർ കരിഞ്ചാപാടി നന്ദിയും പറഞ്ഞു.

ആലുവ തോട്ടുമുഖം വൈഎംസിഎ ഓഡിറ്റോറിയത്തിൽവെച്ച് സംഘടിപ്പിക്കപ്പെട്ട ക്യാമ്പിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. ഷമീർ മദീനി, സൽമാനുൽ ഫാരിസി എന്നിവർ സംസാരിച്ചു. ദക്ഷിണ കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള ഹാജിമാരുടെ സാന്നിധ്യം കൊണ്ട് ക്യാമ്പ് ധന്യമായി. സംശയങ്ങൾക്ക് പണ്ഡിതന്മാരുടെ പാനൽ മറുപടി പറഞ്ഞു.

കണ്ണൂർ ജവഹർ ഓഡിറ്റോറിയത്തിൽവെച്ച് നടന്ന ക്യാമ്പിൽ കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ ക്ലാസ്സെടുത്തു. ആരോഗ്യരംഗത്ത് ശ്രദ്ധിക്കേണ്ട വിവിധ വിഷയങ്ങളെക്കുറിച്ച് ഹെൽത്ത് ഇൻസ്‌പെക്ടർ സി.പി സലീം സംസാരിച്ചു. സംശയനിവാരണത്തിന് സ്വാദിഖ് മദീനി നേതൃത്വം നൽകി.