കരുണാർദ്രതയുടെ സന്ദേശം പകർന്നു നൽകാൻ

അധ്യാപനം കാര്യക്ഷമമാക്കണം: വിസ്ഡം മദ്‌റസാധ്യാപക സമ്മേളനം

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

കോഴിക്കോട്: സഹപാഠികളെ ക്രൂരമായി മർദിക്കാൻ ഉപദേശിക്കുന്ന വെറുപ്പിന്റ ലോകത്ത് കരുണാർദ്രതയുടെ പാഠം പകർന്നുനൽകാൻ അധ്യാപനം കാര്യക്ഷമമാക്കണമെന്ന് വിസ്ഡം വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച മദ്‌റസാധ്യാപക സംസ്ഥാന സമ്മേളനം അഭിപ്രായപ്പെട്ടു. ഡോ.എം.പി അബ്ദുസ്സമദ് സമദാനി എം.പി. സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ്പി.എൻ. അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു.

രാജ്യത്ത് സൗഹാർദവും സഹവർത്തിത്വവും സാഹോദര്യവും പ്രചരിപ്പിക്കുന്നതിൽ മദ്‌റസകൾ വലിയ പങ്ക് വഹിക്കുന്നുണ്ട്. വെറുപ്പിന്റ പ്രചാരകർ മദ്‌റസകൾക്കെതിരെ തിരിയാനുളള കാരണവുമതാണ്. മനുഷ്യബന്ധങ്ങളെയും സാമൂഹിക ബാധ്യതകളെയും ഉത്തരവാദിത്തങ്ങളെയും തിരിച്ചറിയുന്ന, രാഷ്ട്രത്തിന് മുതൽക്കൂട്ടാകുന്ന തലമുറയെ വാർത്തെടുക്കുന്ന മദ്‌റസാ വിദ്യാഭ്യാസത്തെ സമൂഹം ഏറ്റെടുക്കുകയും ഭരണകൂടത്തിന്റ സഹായം ഉറപ്പാക്കുകയും വേണം.

ഓൺലൈൻ സ്‌ക്രീനുകളിൽ പിറന്നുവീഴുന്ന ആൽഫ തലമുറക്ക് ധാർമിക വിദ്യാഭ്യാസം പകർന്നു നൽകുന്നതിന് അധ്യാപന രീതിയും ക്ലാസ്‌ മുറികളും പരിഷ്‌കരണത്തിന് വിധേയമാക്കണം. പ്രവാചകന്റെ അധ്യാപന മാതൃക ഇതിന് പര്യാപ്തമാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ്, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാസിർ ബാലുശ്ശേരി, അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്ഡം ഇസ്‌ലാമിക് സ്റ്റുഡന്റ്‌സ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് അർഷദ് താനൂർ, ഡോ. സി.മുഹമ്മദ് അജ്മൽ, ഐ.പി.മൂസ, ശരീഫ് കാര എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി കെ.സജ്ജാദ്, വിസ്ഡം എജുക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ, സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം, ബോർഡംഗങ്ങളായ ഇർഫാൻ സ്വലാഹി, യാസിർ സ്വലാഹി, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ബഷീർ.വി.ടി തുടങ്ങിയവർ സംസാരിച്ചു.


വിജ്ഞാനത്തിന്റ ശക്തികൊണ്ട് മൂല്യച്യുതിയെ നേരിടണം

ഡോ. അബ്ദുസ്സമദ് സമദാനി എം.പി.

കോഴിക്കോട്: സാംസ്‌കാരിക ചോർച്ചയും ധാർമികച്യുതിയും മനുഷ്യജീവിതത്തിൽ കാലങ്ങളായി വെല്ലുവിളിയുണ്ടാക്കുന്നതാണെന്നും അതിനെ അതിജയിക്കേണ്ടത് വിജ്ഞാനത്തിന്റ ശക്തി കൊണ്ടാവണമെന്നും ഡോ.അബ്ദുസ്സമദ് സമദാനി എം.പി. അഭിപ്രായപ്പെട്ടു. വിസ്ഡം വിദ്യാഭ്യാസ ബോർഡ് സംഘടിപ്പിച്ച മദ്‌റസാ അധ്യാപക സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിവരശൂന്യമായ മനസ്സുകളെ വിജ്ഞാനം പകർന്നുനൽകി ഉദാത്തമായ സംസ്‌കാര സമ്പന്നമാക്കി പരിവർത്തിച്ച പ്രവാചകനെ മാതൃകയാക്കാൻ അധ്യാപകർ തയ്യാറാകണം. ശാസ്ത്രത്തിന്റ മുന്നേറ്റത്തിൽ അഭിമാനമുണ്ട്. ചിന്തിക്കുന്നവരെ ദൈവത്തിന്റെ അനിവാര്യത ബോധ്യപ്പെടുത്തുന്നുണ്ട്. കൃത്രിമബുദ്ധിയുടെ കാലത്ത് അധ്യാപകർ സൂക്ഷ്മമായി തങ്ങളുടെ ദൗത്യം നിർവഹിക്കണം.


നേർപഥം വാരിക കിന്റ്ൽ വേർഷൻ പ്രകാശനം ചെയ്തു

ന്യൂസ് ഡസ്ക്

നേർപഥം വാരികയുടെ കിന്റ്ൽ വേർഷൻ ശ്രീ. എം.പി അബ്ദുസ്സമദ് സമദാനി എം.പി കോഴിക്കോട് ആസ്പിൻ കോർട്ട് യാർഡിൽ വെച്ച് പ്രകാശനം ചെയ്തു. നിലവിൽ പുറത്തിറങ്ങിയ മുഴുവൻ ലക്കങ്ങളും ഓൺലൈനിൽ ലഭ്യമായ മലയാളത്തിലെ ഏക പ്രസിദ്ധീകരണമാണ് നേർപഥം. ടെക്സ്റ്റ്, ഓഡിയോ, പി.ഡി.ഫ്, ഫ്ലിന്റ് വേർഷനുകൾ ഇപ്പോൾ നേർപഥം വെബ്സൈറ്റിൽ ലഭ്യമാണ്.

ചടങ്ങിൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡണ്ട് പി എൻ അബ്ദുല്ലത്തീഫ് മദനി, ലജ്നത്തുൽ ബഹൂസുൽ ഇസ്‌ലാമിയ്യ പ്രസിഡന്റ് കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി കെ അഷ്റഫ്, വിസ്ഡം എഡ്യുക്കേഷൻ ബോർഡ് ചെയർമാൻ ഹുസൈൻ കാവനൂർ, സെക്രട്ടറി റഷീദ് മാസ്റ്റർ കാരപ്പുറം, വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നാസിർ ബാലുശ്ശേരി, സി.പി സലിം, നേർപഥം ചീഫ് എഡിറ്റർ പി വി എ പ്രിംറോസ്, ശൗക്കത്തലി അൻസാരി, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന ട്രഷറർ അൻഫസ് മുക്റം, കോഴിക്കോട് സൗത്ത് ജില്ലാ പ്രസിഡന്റ് ബഷീർ വി ടി എന്നിവർ പങ്കെടുത്തു.