വംശീയ ഉന്മൂലനം ലക്ഷ്യമാക്കിയുള്ള അതിക്രമങ്ങൾ തടയണം

വിസ്ഡം സംസ്ഥാന എക്‌സിക്യുട്ടീവ്

2023 ആഗസ്റ്റ് 26 , 1445 സ്വഫർ 10

കോഴിക്കോട്: ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്മൂലനം ലക്ഷ്യമാക്കി ആസൂത്രിതമായി രാജ്യത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന അതിക്രമങ്ങൾ ആശങ്കാജനകമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

ഇന്ത്യയുടെ ഭരണഘടനാ മൂല്യങ്ങളെയും വൈവിധ്യങ്ങളെയും തകർക്കാനുള്ള നീക്കങ്ങളെ ജനാധിപത്യപരമായി ചെറുക്കണം. സ്വർഥ താൽപര്യങ്ങൾക്ക് വേണ്ടി ഫാഷിസ്റ്റ് ശക്തികൾക്ക് പിന്തുണ നൽകുന്നവർ രാജ്യത്തെ ഒറ്റുകൊടുക്കുന്ന പ്രവൃത്തിയാണ് ചെയ്യുന്നത്. ജനാധിപത്യപരമായി പ്രതിഷേധിക്കാനും നിലപാടുകൾ പ്രചരിപ്പിക്കാനുമുള്ള അവകാശങ്ങളെ ഭരണസ്വാധീനത്തിൽ തടയാൻ ശ്രമിക്കുന്നത് അങ്ങയറ്റം പ്രതിഷേധാർഹമാണ്.

വ്യക്തിസ്വാതന്ത്ര്യം മറയാക്കി പൊതു പ്ലാറ്റ്‌ഫോമായ സോഷ്യൽ മീഡിയ ഉപയോഗിച്ച് സമൂഹത്തെ തെറ്റായ ദിശയിലേക്ക് നയിക്കുന്നവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടു.

സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി ആധ്യക്ഷ്യം വഹിച്ചു. കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ്, അബൂബക്കർ സലഫി, ഫൈസൽ മൗലവി, നാസിർ ബാലുശ്ശേരി, അബ്ദുൽ മാലിക് സലഫി, ശരീഫ് ഏലാംകോട്, അബ്ദുല്ലത്വീഫ് സുല്ലമി, അശ്‌റഫ് സുല്ലമി, നബീൽ രണ്ടത്താണി, അശ്‌റഫ് അബൂബക്കർ, ബശീർ കാസർക്കോട്, ഹംസക്കുട്ടി സലഫി, ജാബിർ വി എം, നിസാർ കരുനാഗപ്പള്ളി, ഡോ. സി.എം ഷാനവാസ്, റസാഖ് അത്തോളി, വി.ടി ബശീർ, നസീർ തിരുവനന്തപുരം, റശീദ് കുട്ടമ്പൂർ, ജലീൽ ഒതായി, അബ്ദുല്ല സാഹിബ്, അബ്ദുറഹ്‌മാൻ മീനങ്ങാടി, റശീദ് മാസ്റ്റർ, ഹുസൈൻ കാവനൂർ, കെ സി അയ്യൂബ്, അശ്‌റഫ് കല്ലായി എന്നിവർ പ്രസംഗിച്ചു. സി.പി സലീം പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ. സജാദ് സാമ്പത്തിക റിപ്പോർട്ടുംഅവതരിപ്പിച്ചു.


പ്രൗഢമായ ആദർശ സമ്മേളനം

ന്വൂസ് ഡസ്ക്

കണ്ണൂർ: വിസ്ഡം യൂത്ത് സംസ്ഥാാന സമിതി തളിപ്പറമ്പ് സയ്യിദ് നഗറിൽവച്ച് നടത്തിയ ആദർശ സമ്മേളനം പ്രൗഢോജ്വലമായി. ഇസ്‌ലാമിന്റെ അടിത്തറയാണ് തൗഹീദ്. ആരാധനകൾ അല്ലാഹുവിനോട് മാത്രമാകൽ അനിവാര്യമാണ്. പ്രപഞ്ച സ്രഷ്ടാവായ അല്ലാഹുവാണ് പ്രപഞ്ചത്തെ നിയന്ത്രിക്കുന്നവൻ. അതായിരിക്കണം മുസ്‌ലിംകളുടെ വിശ്വാസം. എന്നാൽ ചില പണ്ഡിതവേഷധാരികൾ യാതൊരു മടിയുമില്ലാതെ ഈയിടെയായി സമൂഹത്തോട് വിളിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നത് ഈ ലോകത്തെ നിയന്ത്രിക്കുന്നത് മരണപ്പെട്ടുപോയ സി.എം മടവൂർ ആണ് എന്നാണ്. ‘മുദബ്ബിറുൽ ആലം’ (ലോകത്തെ നിയന്ത്രിക്കുന്നവൻ) എന്ന പദവിയിലാണ് അദ്ദേഹത്തെ ഇവർ അവരോധിച്ചിരിക്കുന്നത്.

ഈ പിഴച്ച വാദത്തിന്റെ അപകടകവും നിരർഥകതയും ജനങ്ങളെ ബോധ്യപ്പെടുത്തുവാനും തൗഹീദിന്റെ പ്രാധാന്യവും ശിർക്കിന്റെ ഗൗരവവും മനസ്സിലാക്കിക്കൊടുക്കുവാനുമായി സംഘടിപ്പിച്ച വമ്മേളനത്തിൽ ആയിരങ്ങളാണ് പങ്കെടുത്തത്. ഈ പിഴച്ച വാദം തലപൊക്കിയ നാൾ മുതൽ വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷനും അതിന്റെ പോഷക സംഘടനകളും ഇതിനെതിരെ ശക്തമായ പോരാട്ടത്തിലാണ്. കേരളത്തിലെ മിക്കവാറും ജില്ലകളിൽ ആദർശ സമ്മേളനങ്ങൾ സംഘടിപ്പിച്ചു. മുഖാമുഖങ്ങൾ നടത്തി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി അബ്ദുൽ മാലിക് സലഫി ഉദ്ഘാടനം ചെയ്തു. ജാമിഅ അൽഹിന്ദ് അൽഇസ്‌ലാമിയ്യ ഡയറക്ടർ ഫൈസൽ മൗലവി, സി.പി സലീം, വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, മൂസ സ്വലാഹി, സഫീർ അൽഹികമി, മുശ്താക്വ് അൽഹികമി എന്നിവർ സംസാരിച്ചു.