കർണാടക തെരഞ്ഞെടുപ്പ് ഫലം മതേതര കക്ഷികളുടെ ദേശീയ കൂട്ടായ്മക്ക് ശക്തി പകരും

വിസ്ഡം സംസ്ഥാന നേതൃസംഗമം

2023 മെയ് 20 , 1444 ശവ്വാൽ 27

കോഴിക്കോട്: കർണാടകയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം ഫാഷിസ്റ്റ് ശക്തികൾക്കുള്ള ശക്തമായ തിരിച്ചടിയാണെന്ന് കോഴിക്കോട് ചേർന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന നേതൃസംഗമം അഭിപ്രായപ്പെട്ടു.

മുൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ജനാധിപത്യ മാർഗത്തിലൂടെ അധികാരത്തിൽ വന്നവരിൽ ചിലരെ വിലയ്ക്ക് വാങ്ങിയും ഭീഷണിപ്പെടുത്തിയും അധികാര പ്രയോഗത്തിലൂടെയും ഭരണം പിടിച്ചെടുക്കുകയും ന്യൂനപക്ഷവേട്ട ശക്തമാക്കുകയും ഹിജാബ് നിരോധനം ഉൾപ്പെടെയുള്ള ഭരണഘടനാപരമായ പൗരാവകാശ ലംഘനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്ത ഫാഷിസ്റ്റ് ശക്തികൾക്കുള്ള വലിയ തിരിച്ചടിയാണ് ഈ തെരഞ്ഞെടുപ്പ് ഫലം എന്ന് നേതൃസംഗമം വിലയിരുത്തി.

രാജ്യത്തെ മതനിരപേക്ഷ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന പാർട്ടികളുടെ ദേശീയതലത്തിലുള്ള ഐക്യം ശക്തിപ്പെടുത്താൻ കർണാടക തെരഞ്ഞെടുപ്പ് ഫലം വഴി സാധിക്കണമെന്നും സംഗമം അഭിപ്രായപ്പെട്ടു. ദക്ഷിണേന്ത്യയിലേക്കുള്ള ബിജെപിയുടെ കടന്നുകയറ്റത്തിനുള്ള തിരിച്ചടിയാണ് കർണാടകയിലെ മതേതരസമൂഹം ജനാധിപത്യ മാർഗത്തിലൂടെ നൽകിയതെന്നും നേതൃസംഗമം കൂട്ടിച്ചേർത്തു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ അബ്ദുല്ലത്വീഫ് മദനി സംഗമം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ടി.കെ അശ്‌റഫ് ആധ്യക്ഷ്യം വഹിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ്ബ്നുസലീം, വൈസ് പ്രസിഡന്റ് ശരീഫ് ഏലാംകോട്, നാസിർ ബാലുശ്ശേരി, സംസ്ഥാന ട്രഷറർ കെ. സജ്ജാദ്, വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ താജുദ്ദീൻ സ്വലാഹി, വൈസ് പ്രസിഡന്റുമാരായ ഹാരിസ് കായക്കൊടി, ഡോ. പി.പി നസീഫ്, മുസ്തഫ മദനി, സെക്രട്ടറിമാരായ ഡോ. അബ്ദുൽ മാലിക്, യു. മുഹമ്മദ് മദനി, ജംഷീർ സ്വലാഹി വാണിയമ്പലം, അബ്ദുല്ല അൻസാരി പുളിക്കൽ, മുഹമ്മദ് ശബീർ കണ്ണൂർ, സംസ്ഥാന ട്രഷറർ അൻഫസ് മുക്രം, സ്റ്റുഡന്റ്സ് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി മുഹമ്മദ് ശമീൽ മഞ്ചേരി, വൈസ് പ്രസിഡന്റുമാരായ ഡോ. ഷഹബാസ് കെ. അബ്ബാസ്, സ്വഫ്‌വാൻ ബറാമി, സെക്രട്ടറി അസ്ഹർ ചാലിശ്ശേരി എന്നിവർ പങ്കെടുത്തു.