വിസ്ഡം സമ്മേളനത്തിന് ഉജ്വല പരിസമാപ്തി

ന്യൂസ് ഡസ്ക്

2023 ഫെബ്രുവരി 18, 1444 റജബ് 27

കോഴിക്കോട്: മുസ്‌ലിം കൈരളിയെ മത-ഭൗതിക രംഗങ്ങളിൽ കൈപിടിച്ചുയർത്തി നവോത്ഥാനം സാധ്യമാക്കിയ മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദർശത്തിൽ അടിയുറച്ച് മുന്നോട്ടു പോകുന്ന വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ കോഴിക്കോട് കടപ്പുറത്തുവെച്ച് നടത്തിയ ഇസ്‌ലാമിക് കോൺഫറൻസിന് അതിഗംഭീരമായ സമാപനം. സംഘടന സംവിധാനങ്ങളുടെ കാര്യക്ഷമതയും തികഞ്ഞ അച്ചടക്കവും യുവജന, വിദ്യാർഥി സമൂഹത്തിന്റെ സംഘബലവും വിളിച്ചറിയിച്ച് കോഴിക്കോട് അറബിക്കടലിന് അഭിമുഖമായി ജനസാഗരം തീർത്ത കോൺഫറൻസ് ആരംഭിക്കുന്നതിന് മുമ്പുതന്നെ സദസ്സ് നിറഞ്ഞു കവിഞ്ഞു എന്നത് പ്രത്യേകം എടുത്തുപറയേണ്ടതാണ്.

പ്രസ്ഥാനത്തെ തകർക്കുവാൻ നാനാവിധേന ശ്രമിച്ചുകൊണ്ടിരിക്കുന്ന, അതിനായി സാമൂഹ്യമാധ്യമങ്ങളിലൂടെയും മറ്റും ദുഷ്പ്രചാരണം നടത്തിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുക്കളുടെ എല്ലാ കുതന്ത്രങ്ങളും തകർന്നടിഞ്ഞതിന്റെ തെളിവായിരുന്നു കടപ്പുറത്തേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ.

സൗദി എംബസി അറ്റാഷെ ശൈഖ് ബദർ നാസിർ അൽ ബുജൈദി അൽ അനസി സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്വീഫ് മദനി അധ്യക്ഷത വഹിച്ചു. സൗദി എംബസി അസി. അറ്റാഷെ ശൈഖ് അബ്ദുല്ലത്വീഫ് അബ്ദുസ്സമദ് അൽകാതിബ്, തുറമുഖ-മ്യൂസിയം-പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ, എം.കെ. രാഘവൻ എം.പി, അഡ്വ. കെ.എം. സച്ചിൻദേവ് എം.എൽ.എ, ഡോ. എ.കെ. മുനീർ എം.എൽ.എ എന്നിവർ അതിഥികളായി.

വിസ്ഡം പണ്ഡിതസഭയായ ലജ്‌നതുൽ ബുഹൂസിൽ ഇസ്‌ലാമിയ്യയുടെ ചെയർമാൻ കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ, ജനറൽ സെക്രട്ടറി ടി.കെ. അഷ്‌റഫ്, ഹുസൈൻ സലഫി, ഹാരിസ് ബിൻ സലീം, ഫൈസൽ മൗലവി പുതുപ്പറമ്പ്, നാസിർ ബാലുശ്ശേരി, റഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, വിസ്ഡം സ്റ്റുഡൻസ് സംസ്ഥാന ജനറൽ സെക്രട്ടറി ശമീൽ മഞ്ചേരി എന്നിവർ വിഷയാവതരണം നടത്തി.

വിസ്ഡം ബുക്‌സ് പുറത്തിറക്കിയ, അബ്ദുൽ ജബ്ബാർ മദീനി രചിച്ച ‘സ്വഹാബികളുടെ സഹചാരികൾ,’ ശബീബ് സ്വലാഹി രചിച്ച ‘അനന്തരാവകാശം: ദൈവികം അന്യൂനം,’ സിറാജുൽ ഇസ്‌ലാം ബാലുശ്ശേരി രചിച്ച ‘ഇസ്‌ലാമും മാനവികതയും,’ ഇബ്‌നു അലി എടത്തനാട്ടുകര രചിച്ച ‘കനലും നിലാവും’ എന്നീ പുസ്തകങ്ങൾ സമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിസ്ഡം ബുക്‌സ് ഓൺലൈൻ സ്‌റ്റോർ പ്രഖ്യാപനം, ലോഗോ പ്രകാശനം, ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക കർമ പദ്ധതി പ്രഖ്യാപനം, പീസ് റേഡിയോ ക്വിസ് മത്സരം, ഇംഗ്ലീഷ് ഡോക്യുമെന്ററി ടീസർ, ജാമിഅ അൽഹിന്ദ് സ്‌കൂൾ ഓഫ് ക്വുർആൻ നൂർ ആപ്ലിക്കേഷൻ ലോഞ്ചിംഗ്, വിസ്ഡം വിദ്യാഭ്യാസ വകുപ്പ് സംസ്ഥാനതല സർഗ സംഗമത്തിലെ വിജയികൾക്കുള്ള സമ്മാനവിതരണം, വിസ്ഡം സ്റ്റുഡന്റ്‌സ് ക്വുർആൻ വിജ്ഞാന പരീക്ഷ പ്രഖ്യാപനം, ‘നേർപഥം’ വാരിക ഓഡിയോ പദ്ധതി പ്രഖാപനം തുടങ്ങിയവ സമ്മേളനത്തിൽ നടന്നു.

സമ്മേളനത്തിൽ നേരിട്ട് എത്താൻ കഴിയാത്തവർക്കായി, വിദേശ ഇസ്വ്‌ലാഹി സെന്ററുകൾക്ക് കീഴിലും ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും ഓൺലൈനായി വീക്ഷിക്കുന്നതിന് വിപുലമായ സൗകര്യമൊരുക്കിയത് ആയിരങ്ങൾ ഉപയോഗപ്പെടുത്തി. യു.എ.ഇ, കുവൈത്ത്, ബഹ്‌റൈൻ, (ഒമാൻ) സലാല, മസ്‌ക്കറ്റ്, ഖമീസ് മുശൈത്ത്, റിയാദ്, ജിദ്ദ, മദീന, ദമ്മാം, ജുബൈൽ, ഖത്തർ തുടങ്ങിയ ഇന്ത്യൻ ഇസ്‌ലാഹീ സെന്ററുകളിൽ തത്സമയ പ്രദർശനമൊരുക്കി.

ബാംഗ്ലൂർ, മദ്രാസ്, മംഗലാപുരം, ചെന്നൈ, കോയമ്പത്തൂർ, ഡൽഹി, ഹൈദരാബാദ് തുടങ്ങിയ പ്രദേശങ്ങളിൽനിന്ന് നൂറുകണക്കിന് സൗഹാർദ പ്രതിനിധികൾ സമ്മേളനത്തിൽ എത്തിച്ചേർന്നു.