വെറുപ്പ്: ലോകമാധ്യമങ്ങൾക്കിടയിൽ രാജ്യം നാണംകെടുന്നു.

വിസ്ഡം യൂത്ത്

2023 ജൂലൈ 08 , 1444 ദുൽഹിജ്ജ 20

പട്ടാമ്പി: ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ സ്വൈര്യ ജീവിതത്തെുക്കുറിച്ച് ആശങ്കപ്പെടുന്ന ലോകമാധ്യമങ്ങൾക്കിടയിൽ രാജ്യം നാണം കെടുകയാണെന്ന് ‘വെറുപ്പിന്റെ കഥ കഴിയുന്നു’ എന്ന തലക്കെട്ടിൽ വിസ്ഡം യൂത്ത് സംസ്ഥാന സമിതി പട്ടാമ്പിയിലെ ഒപിഎച്ച് കൺവെൻഷൻ സെന്ററിൽ സംഘടിപ്പിച്ച ‘ഡയലോഗ്’ സമ്മേളനം അഭിപ്രായപ്പെട്ടു.

മുസ്‌ലിംകളടക്കമുള്ള ന്യൂനപക്ഷങ്ങളുടെ മുന്നേറ്റത്തിന്ന് സർക്കാർ മുന്നോട്ടുവച്ച പദ്ധതികളെന്താണെന്ന അമേരിക്കയിലെ പത്രപ്രവർത്തകയുടെ ചോദ്യവും പ്രധാനമന്ത്രിയുടെ ഉത്തരവും അതാണ് തെളിയിക്കുന്നത്. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്‌നങ്ങൾക്ക് നേരെയുള്ള അമേരിക്കയുടെ നിസ്സംഗത ചോദ്യം ചെയ്യപ്പെട്ടതും ലജ്ജാവഹമാണ്.

വെറുപ്പിെന്റ പ്രചാരണത്തിനെതിരെയുള്ള കഴിഞ്ഞ കാലങ്ങളിലെ മലയാളി പ്രബുദ്ധത പ്രശംസനീയമാണെങ്കിലും അധികാരികളുടെ നിസ്സംഗത സംശയാസ്പദമാണെന്നും രാജ്യത്തിന്റ എല്ലാ മുന്നേറ്റങ്ങളും സാധ്യമായത് നിഷ്‌കളങ്കമായ സൗഹാർദത്തോടെയുള്ള ശ്രമങ്ങളുടെ ഭാഗമായാണെന്നും സമ്മേളനം അഭിപ്രായപ്പെട്ടു. വെറുപ്പിലൂടെ ഭിന്നിച്ച ജനതയും രാജ്യവും ഒരു കാലത്തും വിജയിച്ചിട്ടില്ലെന്നും വെറുപ്പിനെതിരെ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു.

മുഹമ്മദ് മുഹ്‌സിൻ എംഎൽഎ ഉദ്ഘാടന കർമം നിർവഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ്‌ കെ. താജുദ്ദീൻ സ്വലാഹി ആധ്യക്ഷം വഹിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് ജംഷീർ സ്വലാഹി മോഡറേറ്ററായി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജനറൽ സെക്രട്ടറി ടി.കെ.അശ്‌റഫ്, സി.പി.സലീം, അബ്ദുൽ മാലിക് സലഫി, അബ്ദുറഷീദ് കുട്ടമ്പൂർ, വിസ്ഡം യൂത്ത് ജനറൽ സെക്രട്ടറി നിഷാദ് സലഫി, ഡോ.അബ്ദുല്ല ബാസിൽ, ഷംജാസ് കെ അബ്ബാസ്, ശിയാദ് ഹസൻ, അസ്ഹർ അബ്ദുറസാഖ്, ശദീദ് ഹസൻ എന്നിവർ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു. വിസ്ഡം യൂത്ത് സംസ്ഥാന ട്രഷറർ അൻഫസ് മുക്രം സ്വാഗതം പറഞ്ഞു.


ദക്ഷിണ മേഖല മദ്‌റസാധ്യാപക ശിൽപശാല സംഘടിപ്പിച്ചു.

ന്യൂസ് ഡസ്ക്

ആലപ്പുഴ: വിസ്ഡം വിദ്യാഭ്യാസ ബോർഡ് ദക്ഷിണ മേഖല മദ്‌റസ പ്രധാനാധ്യാപക ശിൽപശാല ആലപ്പുഴ അന്നൂർ ക്വുർആൻ സ്റ്റഡീസ് സെന്ററിൽവച്ച് സംഘടിപ്പിച്ചു. വിസ്ഡം പണ്ഡിതസഭയായ ലജ്‌നത്തുൽ ബുഹൂസുൽ ഇസ്‌ലാമിയ്യ സംസ്ഥാന കൺവീനർ ശമീർ മദീനി ഉദ്ഘാടനം ചെയ്തു. തൃശൂർ മുതൽ തിരുവനന്തപുരംവരെയുള്ള വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷന് കീഴിലുള്ള മദ്‌റസ പ്രധാനാധ്യാപകർക്ക് വേണ്ടിയാണ് ശിൽപശാല നടത്തിയത്. വിസ്ഡം വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി റഷീദ് കാരപ്പുറം അധ്യക്ഷത വഹിച്ചു.

മലപ്പുറം ജില്ല ഐഎംഇ ഷൗക്കത്തലി അൻസാരി, ഡോ. ശിയാസ് സ്വലാഹി. ഇർഫാൻ സ്വലാഹി, യാസിർ സ്വലാഹി തുടങ്ങിയവർ വിവിധ വിഷയങ്ങളെ അധികരിച്ച് ക്ലാസെടുത്തു. ഷൗക്കത്തലി അൻസാരി സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ബഷീർ തിരുമല, അബ്ദുറഹീം എറണാകുളം, നിസാമുദ്ദീൻ എന്നിവർ സംസാരിച്ചു. വിസ്ഡം ആലപ്പുഴ ജില്ല സെക്രട്ടറി ഷാബിദ് നേതൃത്വം നൽകി. വിസ്ഡം യൂത്ത് മണ്ഡലം സെക്രട്ടറി അനസ് സമാപന സംസാരം നിർവഹിച്ചു.