വേനൽക്കാല ചർമരോഗങ്ങൾ

ഡോ. സഫ്ന യൂസഫ്

2026 ഏപ്രിൽ 25, 1447 ദുൽഖഅദ് 07

വേനൽക്കാലമെത്തുമ്പോൾ ചൂട്, വിയർപ്പ്, ഈർപ്പം, സൂര്യപ്രകാശം എന്നിവയെല്ലാം ചേർന്ന് നമ്മുടെ ചർമത്തെ ദോഷകരമായി ബാധിക്കുന്നു. കേരളം പോലെ ഈർപ്പമുള്ള കാലാവസ്ഥയുള്ള പ്രദേശങ്ങളിൽ, വേനൽക്കാലത്ത് ചർമരോഗങ്ങൾ വർധിക്കുന്നത് സാധാരണമാണ്. ചെറിയ അസൗകര്യങ്ങളിൽനിന്ന് ഗുരുതരമായ ഇൻഫെക്ഷനുകൾവരെ ഉണ്ടാകാനുള്ള സാധ്യത ഇക്കാലയളവിൽ കണ്ടുവരുന്നു. അതിനാൽ, വേനൽക്കാല ചർമപരിചരണം വളരെ പ്രധാനമാണ്.

വേനൽക്കാലത്ത് ചർമത്തിന് എന്ത് സംഭവിക്കുന്നു?

ചൂട് കൂടുമ്പോൾ വിയർപ്പുഗ്രന്ഥികൾ കൂടുതൽ പ്രവർത്തിക്കുന്നു. വിയർപ്പ് ശരീരത്തെ തണുപ്പിക്കാൻ സഹായിക്കുമ്പോഴും, അധികമായ വിയർപ്പ് ചർമത്തിൽ ഈർപ്പം വർധിപ്പിക്കുകയും ബാക്ടീരിയയും ഫംഗസും വളരാൻ അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കുകയും ചെയ്യുന്നു. ഇതാണ് പല ചർമരോഗങ്ങൾക്കും അടിസ്ഥാന കാരണം.

സാധാരണ കണ്ടുവരുന്ന ചർമരോഗങ്ങൾ:

1. ചൂടുകുരു (Miliaria / Prickly Heat)

വേനൽക്കാലത്ത് ഏറ്റവും കൂടുതലായി കാണപ്പെടുന്ന പ്രശ്‌നമാണ് ചൂടുകുരു. വിയർപ്പുഗ്രന്ഥി നാളങ്ങൾ തടസ്സപ്പെടുമ്പോൾ ചെറുതായി ചുവന്ന കുരുക്കളായി ഇവ പ്രത്യക്ഷപ്പെടുന്നു.

ലക്ഷണങ്ങൾ: ചുവന്ന തടിപ്പുകൾ, ചൊറിച്ചിൽ, പുകച്ചിൽ. ഇവ കഴുത്ത്, പുറം, നെഞ്ച് എന്നിവിടങ്ങളിൽ കൂടുതലായി കാണുന്നു. കുട്ടികളിൽ ഇവ പെട്ടെന്ന് അണുബാധക്ക് കാരണമാവുകയും പഴുത്ത കുരുക്കൾ രൂപപ്പെടുകയും ചെയ്‌തേക്കാം.

പ്രതിരോധവും പരിചരണവും: കാറ്റ് കടക്കുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം കുളിക്കുക. ശരീരം വൃത്തിയായി സൂക്ഷിക്കുക.

ചൊറിച്ചിലും തടിപ്പും കുറയ്ക്കാൻ കലാമിൻ ലോഷൻ പോലുള്ളവ ഉപയോഗിക്കാം. ബുദ്ധിമുട്ടുകൾ അധികമാകുന്നപക്ഷം ഡോക്ടറുടെ നിർദേശമനുസരിച്ചുള്ള ചികിത്സ സ്വീകരിക്കുക.

2. ഫംഗൽ ഇൻഫെക്ഷനുകൾ (Ringworm / Tinea)

വിയർപ്പും ഈർപ്പവും കൂടുതലുള്ള സാഹചര്യത്തിൽ ഫംഗസ് വേഗത്തിൽ വളരുന്നു. അതിനാൽ, വേനൽക്കാലത്ത് ഫംഗൽ ഇൻഫെക്ഷനുകൾ വർധിക്കുന്നു.

ലക്ഷണങ്ങൾ: ചൊറിച്ചിലോടുകൂടിയ, വട്ടത്തിലുള്ള ചുവന്ന പാടുകൾ. അരയിടം, കൈക്കുഴി, കഴുത്ത്, കാലുകൾ എന്നിവിടങ്ങളിൽ കൂടുതലായി കാണപ്പെടുന്നു. രോഗത്തിന്റെ കാഠിന്യമനുസരിച്ച് ഏതാനും ആഴ്ചകൾ മരുന്ന് ഉപയോഗിക്കേണ്ടിവരും. ഇവ രോഗിയിൽനിന്ന് മറ്റുള്ളവർക്ക് സമ്പർക്കത്തിലൂടെ പകരുന്നതാണ്.

പ്രതിരോധം: പൊതു നീന്തൽക്കുളങ്ങൾ, പൊതു ശൗചാലയങ്ങൾ മുതലായവ ഉപയോഗിക്കുന്നതിലൂടെ രോഗം പകർന്നേക്കാം. ശരീരം ഈർപ്പമില്ലാതെ സൂക്ഷിക്കുക. നനഞ്ഞതും വിയർപ്പുള്ളതുമായ വസ്ത്രങ്ങൾ ഉടൻ മാറ്റുക. മറ്റുള്ളവരുടെ തുണി/വസ്ത്രങ്ങൾ ഉപയോഗിക്കരുത്.

3. സൺബേൺ (Sunburn)

നേരിട്ടുള്ള സൂര്യപ്രകാശത്തിൽ ദീർഘസമയം കഴിയുമ്പോൾ ചർമം പൊള്ളുന്ന അവസ്ഥയാണ് സൺബേൺ.

ലക്ഷണങ്ങൾ: ചർമത്തിൽ ചുവന്നതും വേദനയുള്ളതുമായ തടിപ്പുകൾ. ചിലപ്പോൾ കുമിളകൾ (blisters) കാണപ്പെടുന്നു.

പ്രതിരോധം: SPF 15-30 ഉള്ള സൺസ്‌ക്രീൻ ഉപയോഗിക്കുക. 11 മണി മുതൽ 3 മണിവരെ നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുക. തൊപ്പി, കുട എന്നിവ ഉപയോഗിക്കുക.

4. അലർജി (Photodermatitis)

വേനൽക്കാലത്ത് സൂര്യപ്രകാശ അലർജി (ഫോട്ടോഡർമറ്റൈറ്റിസ്) ഒരു സാധാരണ പ്രശ്‌നമാണ്. ഇത് നേരത്തെ ചർമപ്രശ്‌നങ്ങൾ ഉള്ളവരിൽ കൂടുതലായി കാണപ്പെടുന്നു. പ്രത്യേകിച്ച് ചെവിയിലും വെയിലേൽക്കുന്ന ഭാഗങ്ങളിലും ചുവപ്പും തടിപ്പും ചൊറിച്ചിലും ഉണ്ടാക്കുന്നു. സൺബേണിൽനിന്നും വ്യത്യസ്തമായി വളരെ ചെറിയ അളവിലുള്ള സൂര്യപ്രകാശം പോലും ഫോട്ടോഡർമറ്റൈറ്റിസ് ഉണ്ടാക്കും. ഇത് തടയാൻ, നേരിട്ടുള്ള സൂര്യപ്രകാശം ഒഴിവാക്കുകയും ഉയർന്ന ഗുണമേൻമയുള്ള സൂര്യപ്രതിരോധക ക്രീം ഉപയോഗിക്കുകയും ഡോക്ടർ നിർദേശിച്ച മരുന്നുകൾ സ്ഥിരമായി സ്വീകരിക്കുകയും വേണം.

5. ടാൻ (Skin Tanning)

സൂര്യപ്രകാശംമൂലം ചർമം ഇരുണ്ട നിറത്തിലാകുന്ന അവസ്ഥയാണ് ടാൻ. ഇത് ആരോഗ്യപ്രശ്നമല്ലെങ്കിലും, സൗന്ദര്യപരമായ ആശങ്കകൾ ഉണ്ടാക്കാം.

പ്രതിരോധം: സ്ഥിരമായി സൺസ്‌ക്രീൻ ഉപയോഗിക്കുക. പുറത്ത് പോകുമ്പോൾ സൂര്യപ്രകാശത്തിൽ നിന്ന് സംരക്ഷണം കിട്ടുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക.

6. ബാക്ടീരിയൽ ഇൻഫെക്ഷനുകൾ

വിയർപ്പ് കൂടിയ സാഹചര്യത്തിൽ ബാക്ടീരിയ വളരാൻ സാധ്യത കൂടുതലാണ്. ഫോളിക്കുലൈറ്റിസ് പോലുള്ള പ്രശ്‌നങ്ങളാണ് ഇവയിൽ പ്രധാനം.

ലക്ഷണങ്ങൾ: ചെറിയ പഴുപ്പ് നിറഞ്ഞ തടിപ്പുകൾ രോമകൂപങ്ങൾ കേന്ദ്രീകരിച്ചു കാണപ്പെടുന്നു. വേദന, ചൊറിച്ചിൽ.

പ്രതിരോധം: വ്യക്തിഗത ശുചിത്വം പാലിക്കുക. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.

7. മുഖക്കുരു

വേനൽക്കാലത്ത് ചൂടും വിയർപ്പും കാരണം മുഖക്കുരു കൂടുതൽ കാണപ്പെടുന്നു. അതിനൊപ്പം എണ്ണമയവും അന്തരീക്ഷത്തിലെ പൊടിപടലങ്ങളും ഈ പ്രശ്‌നം ഗുരുതരമാക്കുന്നു. ഇത് നിയന്ത്രിക്കാൻ, മുഖം വൃത്തിയായി സൂക്ഷിക്കുകയും രോമകൂപങ്ങൾ മൂടാത്ത മോയിസ്ചറൈസർ, സൺസ്‌ക്രീൻ എന്നിവ ഉപയോഗിക്കുകയും ചെയ്യാം. നിങ്ങളുടെ ഡെർമറ്റോളജിസ്റ്റ് നിർദേശിച്ചിരിക്കുന്ന മരുന്നുകൾ സ്ഥിരമായി തുടരുകയും വേണം.

8. ചിക്കൻ പോക്‌സ്

വേനൽക്കാലത്ത് സാധാരണയായി കാണപ്പെടുന്ന ഒരു വൈറൽ രോഗമാണ് ചിക്കൻപോക്‌സ്. ഇത് വായുവിലൂടെ പകരുന്നു. ചൊറിച്ചിലോട് കൂടിയ വെള്ളം നിറഞ്ഞ കുമിളകളാണ് പ്രധാന ലക്ഷണം. പനി, ശരീരവേദന, തലവേദന തുടങ്ങിയവ, തടിപ്പുകൾ പ്രത്യക്ഷപ്പെടുന്നതിനു മുമ്പായി രോഗിയിൽ കാണാറുണ്ട്. പൊട്ടിയ കുമിളകളിൽനിന്ന് രൂപം കൊള്ളുന്ന മുറിവുകൾ കരിഞ്ഞ് പൊറ്റ പൊഴിയുന്നതുവരെയാണ് പകരാനുള്ള സാധ്യത. അപൂർവമായി തലച്ചോറിലും ശ്വാസകോശത്തിലും സങ്കീർണതകൾ ഉണ്ടാക്കുന്നു; പ്രത്യേകിച്ച് മുതിർന്നവരിൽ. വിശ്രമവും പോഷകമുള്ള ഭക്ഷണവും രോഗമുക്തിക്കു നിർണായകമാണ്. ശരീരം വൃത്തിയായി സൂക്ഷിക്കുക, മുറിവുകൾ വൃത്തിയാക്കി മരുന്ന് പുരട്ടുക, ആന്റിവൈറൽ ഗുളികകൾ കഴിക്കുക തുടങ്ങിയ മാർഗങ്ങൾ പെട്ടെന്നുതന്നെ രോഗത്തെ വരുതിയിലാക്കാൻ സഹായി ക്കുകയും സങ്കീർണതകൾ തടയുകയും ചെയ്യുന്നു. കൂടാതെ, വേനൽക്കാലത്തിനു മുമ്പ് ചിക്കൻപോക്സ് വാക്‌സിനേഷൻ സ്വീകരിക്കുന്നത് വളരെ പ്രായോഗികവും സുരക്ഷിതവുമാണ്.

പ്രത്യേക ശ്രദ്ധ ആവശ്യമായവർ

കുട്ടികൾ, പ്രമേഹരോഗികൾ, അധികമായി വിയർക്കുന്നവർ, ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നവർ; ഇവർക്ക് ചർമരോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

വേനൽക്കാല ചർമപരിചരണ നിർദേശങ്ങൾ

. ദിവസത്തിൽ കുറഞ്ഞത് രണ്ടു പ്രാവശ്യം കുളിക്കുക.

. അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ മാത്രം ധരിക്കുക.

. ധാരാളം വെള്ളം കുടിക്കുക

. സൺസ്‌ക്രീൻ ഉപയോഗം പതിവാക്കുക.

. വിയർപ്പോ നനവോ തങ്ങിയ വസ്ത്രങ്ങൾ താമസിയാതെ മാറ്റുക.

. ചർമം ഈർപ്പമില്ലാതെ സൂക്ഷിക്കുക.

വേനൽക്കാലം എത്തുന്നതിനു മുമ്പ്, നിലവിൽ ചർമരോഗങ്ങളുള്ളവർ അവരുടെ ഡോക്ടറെ കണ്ട് വ്യക്തിഗത പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം. മോയിസ്ചറൈസർ ഉപയോഗിക്കുകയും അമിതമായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുകയും ആവശ്യമായാൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കൺസൾട്ടു ചെയ്യുകയും വേണം. ഇതു ചർമാരോഗ്യത്തെ മെച്ചപ്പെടുത്താനും ഗുരുതരമായ അവസ്ഥകൾ ഒഴിവാ ക്കാനും സഹായിക്കും.

എപ്പോൾ ഡോക്ടറെ കാണണം?

. ചൊറിച്ചിൽ നിയന്ത്രിക്കാനാകാത്തപ്പോൾ

. പാടുകൾ വേഗത്തിൽ വ്യാപിക്കുമ്പോൾ

. പഴുപ്പ്, വേദന, പനി എന്നിവ ഉണ്ടാകുമ്പോൾ

. മരുന്നുകൾ ഉപയോഗിച്ചിട്ടും മാറ്റമില്ലാത്തപ്പോൾ.

വേനൽക്കാലത്ത് ചർമപ്രശ്‌നങ്ങൾ സാധാരണമാണെങ്കിലും, ശരിയായ മുൻകരുതലുകൾ സ്വീക രിച്ചാൽ അവയെ എളുപ്പത്തിൽ നിയന്ത്രിക്കാം. വ്യക്തിശുചിത്വം, ശരിയായ വസ്ത്രധാരണം, സൂര്യ പ്രകാശത്തിൽനിന്ന് സംരക്ഷണം എന്നിവയാണ് ആരോഗ്യകരമായ ചർമത്തിനായി ഈ വേനലിൽ ശ്രദ്ധിക്കേണ്ടത്. ചെറിയ പ്രശ്‌നങ്ങൾ അവഗണിക്കാതെ, ആവശ്യമായ സമയത്ത് ഡോക്ടറെ സമീപിക്കു ന്നത് ആരോഗ്യസംരക്ഷണത്തിന് നിർണായകമാണ്.