നോമ്പു കാലത്തെ ആരോഗ്യ ചിന്തകൾ

ഡോ. ഫായിസ പിപി

2026 ഫെബ്രുവരി 21, 1447 റമദാൻ 03

“സത്യവിശ്വാസികളേ, നിങ്ങളുടെ മുമ്പുള്ളവരോട് കൽപിച്ചിരുന്നത് പോലെത്തന്നെ നിങ്ങൾക്കും നോമ്പ് നിർബന്ധമായി കൽപിക്കപ്പെട്ടിരിക്കുന്നു’’(ക്വുർആൻ 2:183).

നോമ്പ് ആത്മീയവിശുദ്ധി കൈവരിക്കാനുള്ള ശ്രേഷ്ഠമായ ഒരു ആരാധനയാണ്. ശരിയായ രീതിയിൽ പാലിക്കുമ്പോൾ അത് മനസ്സിന് മാത്രമല്ല, ശരീരത്തിനും ഗുണകരമാണെന്ന് കാണാനാവും. നോമ്പിന്റെ ഗുണഫലം പൂർണമായി ലഭിക്കണമെങ്കിൽ, ഭക്ഷണരീതികളിൽ ബോധപൂർവമായ മാറ്റങ്ങൾ അനിവാര്യമാണ്. നോമ്പ് ഒഴിവാക്കാൻ ഇളവ് നൽകപ്പെട്ട രോഗികളൊഴികെ ജീവിത ശൈലീ രോഗങ്ങളുള്ളവരും സ്വതവേ ആരോഗ്യപരമായി പിന്നാക്കമുള്ളവരും ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.

നോമ്പ് എല്ലാവർക്കും ഒരേ രീതിയിൽ അനുയോജ്യമായിരിക്കണമെന്നില്ല. ശരീരാവസ്ഥയും രോഗ ചരിത്രവും അതത് നാട്ടിലെ കാലാവസ്ഥയും അനുസരിച്ച് ഭക്ഷണ രീതിയിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തണം. ശരിയായ മാർഗനിർദേശങ്ങൾ ഉൾക്കൊണ്ട് നോമ്പനുഷ്ഠിച്ചാൽ ആരോഗ്യപ്രശ്‌നങ്ങൾ പരമാവധി ഒഴിവാക്കാൻ സാധിക്കും. ഇത്തരത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്നവർ റമദാനിനു മുമ്പുതന്നെ സ്ഥിരമായി കാണിക്കുന്ന ഡോക്ടറെ കണ്ട് നിർദേശങ്ങൾ സ്വീകരിക്കുന്നതാണുത്തമം. അല്ലാത്തപക്ഷം ഇബാദത്തുകളിൽ മുഴുകേണ്ട സമയം ആശുപത്രി സന്ദർശനങ്ങൾക്കു വേണ്ടി മാത്രമുള്ളതായി മാറും. അത് രോഗിയോടൊപ്പം കുടുംബത്തിനും പ്രയാസം സൃഷ്ടിക്കുമെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. മാത്രവുമല്ല, സമൂഹത്തിൽ തെറ്റായ സന്ദേശം പരക്കുന്നതിനും കാരണമായേക്കാം.

രോഗാവസ്ഥകളിലുള്ളവർക്കുള്ള പൊതുവായ ചില നോമ്പുകാല ഭക്ഷണക്രമങ്ങൾ നോക്കാം :

1. പ്രമേഹരോഗികൾ (Diabetes)

പ്രമേഹമുള്ളവർ നോമ്പനുഷ്ഠിക്കുമ്പോൾ രക്തത്തിലെ പഞ്ചസാരനില ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്.

ഭക്ഷണ നിർദേശങ്ങൾ:

. നോമ്പുതുറയിൽ പഞ്ചസാര കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.

. ഈന്തപ്പഴം കഴിക്കുന്നത് 1 എണ്ണത്തിൽ ചുരുക്കുക.

. മുഴു ധാന്യങ്ങൾ, പയർവർഗങ്ങൾ, പച്ചക്കറികൾ എന്നിവ ഉൾപ്പെടുത്തുക (നാരുകൾ അടങ്ങിയവ).

. നോമ്പു തുറന്നതിനു ശേഷം ഇടയ്ക്കിടെ ചെറിയ അളവിൽ ഭക്ഷണം കഴിക്കുക.

. നോമ്പു തുറന്നതിനു ശേഷം ദാഹം തോന്നുമ്പോൾ വെള്ളം കുടിക്കാതിരിക്കരുത്.

. ഇൻസുലിൻ / മരുന്നുകൾ ഉപയോഗിക്കുന്നവർ ഡോക്ടറുടെ നിർദേശം നിർബന്ധമായും തേടണം.

2. ഉയർന്ന രക്തസമ്മർദം (High Blood Pressure)

ഉപ്പ് കൂടിയ ഭക്ഷണവും എണ്ണയിൽ വറുത്ത വിഭവങ്ങളും രക്തസമ്മർദം വർധിപ്പിക്കാം.

ഭക്ഷണ നിർദേശങ്ങൾ:

. ഉപ്പ് കുറഞ്ഞ ഭക്ഷണം.

. പഴങ്ങൾ (വാഴപ്പഴം, ആപ്പിൾ), ഇലക്കറികൾ ഉൾപ്പെടുത്തുക.

. എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ ഒഴിവാക്കുക.

. മതിയായി വെള്ളം കുടിക്കുക.

. കഫീൻ അടങ്ങിയ പാനീയങ്ങൾ പരിമിതപ്പെടുത്തുക.

3. ഹൃദ്രോഗമുള്ളവർ

ഹൃദയാരോഗ്യം സംരക്ഷിക്കാൻ കൊഴുപ്പ് നിയന്ത്രണം നിർബന്ധമാണ്.

ഭക്ഷണ നിർദേശങ്ങൾ:

. കുറഞ്ഞ കൊഴുപ്പുള്ള ഭക്ഷണം: Skinless Chicken breast, മുട്ടയുടെ വെള്ള, തവിടുള്ള അരിഭക്ഷണം) .

. മത്സ്യം: (മത്തി, അയല), പയർവർഗങ്ങൾ പോലുള്ള നല്ല പ്രോട്ടീൻ ഉറവിടങ്ങൾ.

. നെയ്യ്, വെണ്ണ, ബേക്കറി വിഭവങ്ങൾ, എണ്ണപ്പലഹാരങ്ങൾ എന്നിവ ഒഴിവാക്കുക

. പാചകരീതിയിൽ മാറ്റം വരുത്തുക: പരമാവധി ആവിയിൽ വേവിച്ചും ഗ്രിൽ ചെയ്തും അടുപ്പിൽ പാചകം ചെയ്തും കഴിക്കുക.

*ചെറിയ അളവിൽ ഭക്ഷണം: അമിതഭക്ഷണം ഒഴിവാക്കുക.

4. ദഹനപ്രശ്‌നങ്ങൾ, അസിഡിറ്റി

നീണ്ട സമയത്തെ ഉപവാസം ചിലരിൽ അസിഡിറ്റി വർധിപ്പിക്കാം.

ഭക്ഷണ നിർദേശങ്ങൾ:

. നോമ്പുതുറ ലഘുഭക്ഷണത്തോടെ ആരംഭിക്കുക (സൂപ്പ്, പഴങ്ങൾ എന്നിവ ഉൾപ്പെടുത്താം).

. മുളകും മസാലകളും കൂടുതലുള്ള ഭക്ഷണം ഒഴിവാക്കുക.

. ചായ, കാപ്പി എന്നിവ ഒഴിവാക്കുകയോ അളവ് കുറയ്ക്കുകയോ ചെയ്യുക.

. ഭക്ഷണം കഴിച്ച ഉടൻ കിടക്കരുത്.

5. വൃക്കരോഗമുള്ളവർ

നിർജലീകരണം വൃക്കകളെ ബാധിക്കാം.

ഭക്ഷണ നിർദേശങ്ങൾ:

. ഡോക്ടർ നിർദേശിക്കുന്നത്ര മാത്രം വെള്ളം കുടിക്കുക.

. ഉപ്പ്, പ്രോട്ടീൻ നിയന്ത്രണം (രോഗാവസ്ഥ അനുസരിച്ച്).

. പാക്കറ്റ് ഭക്ഷണങ്ങളും പ്രിസർവേറ്റീവുകൾ ഉള്ള വിഭവങ്ങളും ഒഴിവാക്കുക.

. വൃക്കരോഗമുള്ളവർക്ക് നോമ്പ് തുടങ്ങുന്നതിന് മുമ്പ് ഡോക്ടറുടെ അനുമതി നിർബന്ധമാണ്.

6. ഗർഭിണികളും മുലയൂട്ടുന്നവരും

ഇവർക്ക് അധികപോഷകങ്ങളും ജലാംശവും ആവശ്യമാണ്.

ഭക്ഷണ നിർദേശങ്ങൾ:

. പ്രോട്ടീൻ, ഇരുമ്പ്, കാൽഷ്യം അടങ്ങിയ ഭക്ഷണം (റാഗി, ഓട്ട്‌സ് കുറുക്കിയത് പോലുള്ളവ).

. കൂടുതൽ വെള്ളം, പഴച്ചാറുകൾ കഴിക്കുക.

. കായികാധ്വാനം പരിമിതപ്പെടുത്തുക.

. ഗർഭിണികളിൽ നോമ്പുകാലത്ത് കണ്ട് വരുന്ന മൂത്രപ്പഴുപ്പ് ഒഴിവാക്കാൻ കൂവപ്പൊടി അല്ലെങ്കിൽ നന്നാറി ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം.

. ശരീരദൗർബല്യം തോന്നിയാൽ നോമ്പ് ഒഴിവാക്കുന്നതാണ് ഉചിതം.

. ഗർഭകാലത്തിലെ ആദ്യ 3 മാസവും പ്രസവമടുക്കുന്ന സമയത്തും തുടർച്ചയായ നോമ്പ് ഒഴിവാക്കുന്നതാണ് നല്ലത്.

7. പ്രായമായവർ

വയോധികർക്കു നിർജലീകരണവും ഊർജക്കുറവും പെട്ടെന്ന് ഉണ്ടാകാം.

ഭക്ഷണ നിർദേശങ്ങൾ:

. ലഘുവായ, എളുപ്പം ദഹിക്കുന്ന ഭക്ഷണം.

. ചെറിയ അളവിൽ പലവട്ടമായി ഭക്ഷണം കഴിക്കുക.

. സൂപ്പ്, കഞ്ഞി, ഇളനീർ പച്ചക്കറികൾ ഉൾപ്പെടുത്തുക.

. നന്നായി വെള്ളം കുടിക്കുക

8. കൗമാരക്കാർ

സ്‌കൂളിൽ പോകുന്ന കുട്ടികളിൽ പോഷകക്കുറവും വിളർച്ചയും സാധാരണയാണ്. വളർച്ചയുടെ ഒരു പ്രധാന ഘട്ടത്തിലൂടെ കടന്നുപോകുന്നതിനാൽ നോമ്പുകാലത്ത് കൂടുതൽ ശ്രദ്ധവേണം.

ജങ്ക് ഫുഡിന്റെ ലോകത്തുനിന്നും ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലേക്ക് അവരെ കൈപിടിച്ചുയർത്താനും നോമ്പുകാലം വിനിയോഗിക്കാം.

. ഇരുമ്പ്, കാൽഷ്യം, പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക. (ലിവർ, മുട്ട, പാൽ, ഇലക്കറികൾ തുടങ്ങിയവ).

. ഈത്തപ്പഴം, ഉറുമാമ്പഴം, നട്ട്‌സ് മുതലായവ ഉൾപ്പെടുത്താം.

. ധാരാളം വെള്ളം കുടിക്കുക

. രാത്രി ഉറക്കമിളക്കുന്നത് ഒഴിവാക്കുക.

ചില ഗർഭിണികളും കുഞ്ഞുങ്ങൾക്ക് മുലയൂട്ടുന്നവരും ഗർഭവും മുലയൂട്ടലും രോഗാവസ്ഥയല്ലല്ലോ എന്നു ചിന്തിച്ചും നോമ്പുകൾ പിന്നീട് നോറ്റു വീട്ടുന്നതിലെ പ്രയാസം ഓർത്തും (ശരീരം ക്ഷീണിച്ച അവസ്ഥയിൽ ആയിരിക്കുമ്പോഴും) ഗർഭസ്ഥ ശിശുവിന്റെ വളർച്ചയെയും മാതാവിന്റെ recovery period ഉം പരിഗണിക്കാതെ പൂർണമായും നോമ്പെടുക്കാറുണ്ട്. പിന്നീട് അതുമൂലമുള്ള ബുദ്ധിമുട്ടുകൾ അവർക്ക് അനുഭവിക്കേണ്ടിയും വരും. രോഗം മൂർഛിച്ചാലും നോമ്പെടുക്കുന്നതിലാണ് അല്ലാഹുവിന്റെ തൃപ്തി എന്നു തെറ്റിദ്ധരിച്ച് സ്വശരീരത്തെ പീഡിപ്പിക്കുന്നത് ശരിയല്ല.

‘ഒരാളോടും അയാളുടെ കഴിവിൽ പെട്ടതല്ലാതെ ചെയ്യാൻ അല്ലാഹു നിർബന്ധിക്കുകയില്ല’ എന്ന് (ക്വുർആൻ 2:286) അല്ലാഹു നമ്മെ അറിയിച്ചിട്ടുള്ളത് ഓർക്കുക. അതിനാൽ അവനവന്റെ രോഗത്തിന്റെയും ക്ഷീണത്തിന്റെയും തീവ്രത മനസ്സിലാക്കി ഇളവുകൾ സ്വീകരിക്കലാണ് അല്ലാഹുവിന്റെ പ്രീതി കാംക്ഷിക്കുന്നവർ ചെയ്യേണ്ടത്.

ഓരോ വ്യക്തിയുടെയും ശരീരാവസ്ഥ വ്യത്യസ്തമായതിനാൽ, നോമ്പുകാല ഭക്ഷണക്രമവും വ്യക്തിഗതമായി ക്രമീകരിക്കപ്പെടണം. ഡോക്ടറുടെയും പോഷകാഹാരവിദഗ്ധന്റെയും നിർദേശങ്ങൾ പാലിച്ച് അനുഷ്ഠിക്കുന്ന നോമ്പ് ആത്മീയാനുഭവത്തിനൊപ്പം ആരോഗ്യസംരക്ഷണത്തിനും വലിയ സഹായമാകും.