ഋതുമതിയാകുമ്പോൾ - 2

ഡോ. റഫീദ കെ.

2026 ആഗസ്റ്റ് 29, 1448 റബീഉൽ അവ്വൽ 16

നേരത്തെയും വൈകിയുമുള്ള ആർത്തവം

ആദ്യത്തെ ആർത്തവം എല്ലാ പെൺകുട്ടികൾക്കും ഒരേ പ്രായത്തിൽ ആരംഭിക്കണമെന്നില്ല. ശരീ രവളർച്ച, ജനിതക ഘടകങ്ങൾ, പോഷണം, ശരീരഭാരം, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിയവ ആരംഭിക്കുന്ന സമയത്തെ സ്വാധീനിക്കാം.

സാധാരണയായി പ്രായപൂർത്തിയാകലിന്റെ മറ്റു ലക്ഷണങ്ങൾ വന്നതിനുശേഷമാണ് ആദ്യത്തെ ആർത്തവം ആരംഭിക്കുന്നത്.

15 വയസ്സായിട്ടും ആർത്തവം ആരംഭിച്ചിട്ടില്ലെങ്കിൽ, അല്ലെങ്കിൽ സ്തനവളർച്ച പോലുള്ള പ്രായപൂർത്തിയാകലിന്റെ ലക്ഷണങ്ങൾ ആരംഭിച്ച് ഏകദേശം 3 വർഷമായിട്ടും ആർത്തവം വന്നിട്ടില്ലെങ്കിൽ, ഡോക്ടറുടെ പരിശോധന ആവശ്യമാണ്.

വളരെ കുറച്ചു മാത്രം ഭക്ഷണം കഴിക്കൽ, അമിതമായ വ്യായാമം, പോഷകക്കുറവ്, ചില ഹോർമോൺ പ്രശ്‌നങ്ങൾ തുടങ്ങിയവയും ആർത്തവം വൈകാൻ കാരണമാകാം.

8 വയസ്സിനു മുമ്പ് ആർത്തവം ആരംഭിക്കുന്നത് സാധാരണയായി നേരത്തെയുള്ള പ്രായപൂർത്തിയാകലിന്റെ (precocious puberty) ഒരു സൂചനയായി കണക്കാക്കാം. അതിനാൽ ഇത് അവഗണിക്കാതെ കുട്ടിയെ ശിശുരോഗവിദഗ്ധനെയോ ഹോർമോൺ വിദഗ്ധനെയോ

(എൻഡോക്രൈനോളജിസ്റ്റ്) കാണിക്കുന്നത് നല്ലതാണ്. സ്തനവളർച്ച, ഗുഹ്യരോമം, ശരീരദുർഗന്ധം തുടങ്ങിയ മാറ്റങ്ങൾ 8 വയസ്സിനു മുമ്പു തുടങ്ങുകയാണെങ്കിൽ ഡോക്ടറുടെ വിലയിരുത്തൽ ആവശ്യമാണ്. വളർച്ചയുടെ വേഗത, അസ്ഥി വളർച്ച, ഹോർമോൺനില എന്നിവ ഡോക്ടർ ആവശ്യാനുസരണം പരിശോധിച്ചേക്കാം.

ഇങ്ങനെയുള്ള സന്ദർഭങ്ങളിൽ രക്ഷിതാക്കൾ കുട്ടിയെ മറ്റുള്ളവരുമായി താരതമ്യം ചെയ്യുകയോ പരിഹസിക്കുകയോ ചെയ്യാതെ സ്‌നേഹത്തോടെയും ആത്മവിശ്വാസത്തോടെയും പിന്തുണക്കണം. എല്ലാ കുട്ടികളിലും കാരണം ഒരുപോലെയായിരിക്കണമെന്നില്ല; അതിനാൽ സ്വയം ചികിത്സിക്കുകയോ ഭയപ്പെടുകയോ ചെയ്യേണ്ടതില്ല.

എപ്പോൾ വൈദ്യസഹായം തേടണം?

ആദ്യ 12 വർഷങ്ങളിൽ ഹോർമോൺ വ്യതിയാനങ്ങൾ കാരണം ആർത്തവം ചിലപ്പോൾ നേരത്തെയോ വൈകിയോ വരാം. ഇതു പലപ്പോഴും സ്വാഭാവികമാണ്. എന്നാൽ താഴെപ്പറയുന്ന സാഹചര്യങ്ങളിൽ ഡോക്ടറുടെ ഉപദേശം തേടുന്നത് നല്ലതാണ്:

• തുടർച്ചയായി 90 ദിവസത്തിലധികം ആർത്തവം വരാതിരിക്കുക.

• ആർത്തവം 7 ദിവസത്തിലധികം നീണ്ടുനിൽക്കുക.

• വളരെ അമിതമായ രക്തസ്രാവം ഉണ്ടാകുക.

• കഠിനമായ വയറുവേദന കാരണം സാധാരണ പ്രവർത്തനങ്ങൾ ചെയ്യാൻ കഴിയാതിരിക്കുക.

• അമിതമായ ക്ഷീണം, തലചുറ്റൽ, വിളർച്ച തുടങ്ങിയ അനീമിയയുടെ ലക്ഷണങ്ങൾ ഉണ്ടാകുക.

• ക്രമരഹിതമായ ആർത്തവത്തോടൊപ്പം അമിതമായ രോമവളർച്ച, കടുത്ത മുഖക്കുരു, ഭാരം പെട്ടെന്ന് കൂടുകയോ കുറയുകയോ ചെയ്യുക.

രക്ഷിതാക്കളുടെ സമീപനം

ആദ്യത്തെ ആർത്തവത്തോടുള്ള രക്ഷിതാക്കളുടെ സമീപനം കുട്ടിയുടെ മനോഭാവത്തെ ഏറെ സ്വാധീനിക്കും. ചില രക്ഷിതാക്കൾ ‘ഇതൊക്കെ സാധാരണ കാര്യമല്ലേ’ എന്നു പറഞ്ഞ് കുട്ടിയുടെ ഭയവും സംശയങ്ങളും വേണ്ടത്ര ഗൗരവത്തോടെ കാണാതെപോകുന്നു. മറുവശത്ത്, ചിലർ അമിതമായ നിയന്ത്രണങ്ങളും ഭയപ്പെടുത്തലുകളും ഏർപ്പെടുത്തി കുട്ടിക്ക് ആർത്തവംതന്നെ ഒരു വലിയ പ്രശ്‌നമാണെന്ന തോന്നലുണ്ടാക്കുന്നു.

ഇതു രണ്ടും ശരിയായ സമീപനമല്ല. ശരിയായ അറിവോടെയുള്ള സ്വാഭാവിക സമീപനമാണു വേണ്ടത്. ആർത്തവം സ്വാഭാവികമാണെന്നു കുട്ടിയെ ബോധ്യപ്പെടുത്തുന്നതിനൊപ്പം, അവൾക്കുണ്ടാകുന്ന വേദന, ക്ഷീണം, മാനസിക അസ്വസ്ഥതകൾ എന്നിവ ശ്രദ്ധിക്കുകയും ആവശ്യമായ പരിചരണം നൽകുകയും വേണം.

മാതാപിതാക്കൾ, പ്രത്യേകിച്ച് ഉമ്മമാർ മകളുമായി തുറന്ന സംഭാഷണത്തിനു സമയം കണ്ടെത്തണം. ‘ഇത് എല്ലാ സ്ത്രീകൾക്കും സ്വാഭാവികമായി സംഭവിക്കുന്ന ഒരു മാറ്റമാണ്’ എന്നു പറഞ്ഞ് കുട്ടിക്ക് ആത്മവിശ്വാസം നൽകണം. ശരീരത്തിലെ മാറ്റങ്ങൾ, ശുചിത്വം, ഇസ്‌ലാമിക നിർദേശങ്ങൾ, ആവശ്യമായ ആരോഗ്യപരിചരണം എന്നിവയെക്കുറിച്ച് പ്രായത്തിനനുയോജ്യമായ ഭാഷയിൽ മുൻകൂട്ടി പറഞ്ഞുകൊടുക്കുന്നത് ആദ്യത്തെ ആർത്തവത്തെക്കുറിച്ചുള്ള ഭയം ഇല്ലാതാക്കും. ‘സാധാരണമാണ്’ എന്നു പറഞ്ഞ് അവഗണിക്കാതെയും ‘വലിയ പ്രശ്‌നമാണ്’ എന്നു പറഞ്ഞ് ഭയപ്പെടുത്താതെയും അറിഞ്ഞു, കേട്ടു കരുതലോടെ സമീപിക്കുക എന്നതാണ് ഏറ്റവും ഉചിതമായ രക്ഷാകർതൃസമീപനം. കുട്ടിയുടെ ശരീര ഘടനയും ആരോഗ്യ/രോഗസ്ഥിതികളും കണക്കിലെടുക്കാതെ ഒരു ചടങ്ങായി എന്തൊക്കെയോ ഭക്ഷണ ങ്ങളും മരുന്നുകളും തീറ്റിക്കുന്നതും ശരിയല്ല. ഇതുമായി ബന്ധപ്പെട്ട അനാചാരങ്ങളും നിരുത്സാഹപ്പെടുത്തേണ്ടതുതന്നെയാണ്.

ഒരു പെൺകുട്ടിയുടെ ആദ്യത്തെ ആർത്തവം അവളുടെ സ്ത്രീത്വത്തിലേക്കുള്ള മനോഹരമായ ഒരു ചുവടുവയ്പാണ്. ശരിയായ അറിവും കരുതലും ഇസ്‌ലാമിക ബോധവും നൽകാൻ കഴിഞ്ഞാൽ ഈ മാറ്റം ഭയത്തിനു പകരം ആത്മവിശ്വാസത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും തുടക്കമായി മാറും. അല്ലാഹു നൽകിയ ഈ അനുഗ്രഹത്തെ നന്ദിയോടെയും വിശുദ്ധിയോടെയും സ്വീകരിക്കാൻ നമ്മുടെ പുതുതലമുറയെ നാം പ്രാപ്തരാക്കണം.