അവധിക്കാലം: കളിയിലുമുണ്ട് കാര്യം

ഡോ.യാസ്മിൻ എം അബ്ബാസ്

2026 മാർച്ച് 28, 1447 ശവ്വാൽ 06

തൊടിയിലെ വലിയ മാവും അതിനെ ചുറ്റിപ്പറ്റി ഒരു കുട്ടിപ്പുരയും ഇലകൾ കാശാക്കി എണ്ണിക്കൊടുത്ത് സാധനങ്ങൾ വാങ്ങാൻ ഒരു പീടികയുമൊക്കെ കുട്ടിക്കാലത്തെ മധുരമുള്ള അവധിക്കാല ഓർമകളാണ്.

കാലത്തിനൊത്ത് ചുറ്റുപാടുകൾ മാറിയപ്പോൾ പറമ്പിന്റെയും മാവിന്റെയുമൊക്കെ എണ്ണവും വണ്ണവുമൊക്കെ കുറഞ്ഞു കാണും.

എന്നാലും നമ്മുടെ മക്കൾക്ക് കളിക്കാൻ ചുറ്റുവട്ടത്തെവിടെങ്കിലും തണലുള്ള ഒരിടം കാണാതിരിക്കില്ലല്ലോ!

കയ്യിലിരിക്കുന്ന സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നതിനൊരു പരിധി നിശ്ചയിച്ചാൽ അവരും മുറ്റത്തിറങ്ങി കളിക്കും. കളിയിലൂടെ ഒരുപാട് കാര്യങ്ങൾ പഠിക്കും. വീടിന് പുറത്തിറങ്ങി കൂട്ടുകാരുമായി ഒത്തു ചേർന്ന് കുട്ടികൾ കളിക്കുന്നതിലൂടെ അവരുടെ ശാരീരിക, മാനസിക, സാമൂഹിക വളർച്ചയെ അത് കാര്യമായി സ്വാധീനിക്കുമെന്നതിൽ സംശയമില്ല.

ശാരീരിക നേട്ടങ്ങൾ

കായികമായ കളികളിൽ കുട്ടികൾ ഏർപ്പെടുന്നതിലൂടെ അവരുടെ കായിക ക്ഷമത വർധിക്കുകയും ശാരീരിക വളർച്ച പുഷ്ടിപ്പെടുകയും ചെയ്യുന്നു.

അടങ്ങിയിരിന്നുകൊണ്ടുള്ള കളികളെ അപേക്ഷിച്ച് കുട്ടികൾ പുറത്തിറങ്ങി കളിക്കുമ്പോൾ അമിതവണ്ണം പോലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഒഴിവാകുന്നു.

ഓട്ടവും ചാട്ടവുമെല്ലാം കൂടിച്ചേർന്ന കളികൾ കുട്ടികളുടെ വിശപ്പ്, ദഹനം എന്നിവക്ക് സഹായകരമാവുന്നു.

ഉറക്കം നല്ല രീതിയിൽ ലഭിക്കും. നല്ല ഉറക്കം പകലുകളെ ഊർജസ്വലതയുള്ളതാക്കുവാൻ സഹായിക്കുന്നു.

പുറത്തിറങ്ങിയുള്ള കളികളിലൂടെ വെയിലും മഴയും മണ്ണുമെല്ലാമായി ഇടപഴകുവാൻ സാധിക്കുന്നു. അതിലൂടെ സ്വാഭാവികമായ രോഗപ്രതിരോധശേഷി വർധിക്കുന്നു.

മാനസികനേട്ടങ്ങൾ

ശാരീരിക അധ്വാനങ്ങൾ ഉൾകൊള്ളുന്ന കളികളിലൂടെ കോർട്ടിസോൾ ലെവൽ കുറയുകയും കുട്ടികളിലെ സ്‌ട്രെസ്സ്, ഡിപ്രഷൻ തുടങ്ങിയ അവസ്ഥകൾ കുറക്കാൻ സഹായിക്കുകയും ചെയ്യുന്നു.

ചിന്താശക്തിയെ ഉത്തേജിപ്പിക്കുവാനും ആത്മവിശ്വാസം വളർത്തുവാനും പല കളികളിലൂടെയും സാധിക്കുന്നു.

സാമൂഹിക നേട്ടങ്ങൾ

കൂട്ടുകാരുമൊത്തുള്ള കളികൾ കുട്ടികളിൽ മാനുഷികമായ പല ഗുണങ്ങളും ഉണ്ടാക്കിയെടുക്കാൻ സഹായിക്കുന്നതാണ്.

പരസ്പരം മനസ്സിലാക്കുക, സഹകരിക്കുക, ഉൾകൊള്ളുക തുടങ്ങിയ സൽഗുണങ്ങൾ ശീലിക്കാൻ സഹായിക്കുന്നു.

കൂട്ടായ കളികളിലൂടെ നേതൃത്വ ഗുണം പരിശീലിപ്പിക്കാൻ കഴിയുന്നു.

അനുസരണം, അംഗീകാരം തുടങ്ങിയ സ്വഭാവങ്ങൾ ശീലിക്കാൻ സഹായകരമാവുന്നു.

പ്രശ്‌നങ്ങൾ ഉണ്ടാകുമ്പോൾ അതിനെ നേരിടാനും പരിഹരിക്കാനും കുട്ടികൾ സംഘം ചേർന്നുള്ള കളികളിലൂടെ പഠിക്കുന്നു.

മുകളിൽ സൂചിപ്പിച്ചിട്ടുള്ള പല ഗുണങ്ങളും പുതിയ തലമുറയിലെ കുട്ടികൾക്ക് അറിയാതെ പോകു ന്നത് ഇന്നത്തെ നേർകാഴ്ചയാണ്. രക്ഷിതാക്കൾ പലപ്പോഴും കുട്ടികളുടെ പഠനത്തിനും മറ്റു ഭൗതിക സൗകര്യങ്ങൾക്കും പ്രാധാന്യം കൽപിക്കുകയും അതിനുവേണ്ട സൗകര്യങ്ങൾ ഒരുക്കുകയും ചെയ്യുമ്പോ ഴും അടിസ്ഥനപരമായി അവർ നേടിയെടുക്കേണ്ട പല മാനുഷികമായ ഗുണങ്ങളെ പറ്റി അശ്രദ്ധരാവുന്നു.

അവധിക്കാലം വന്നെത്തുമ്പോഴെങ്കിലും മറ്റു പഠനങ്ങളിൽനിന്നും ഡിജിറ്റൽ ലോകത്തുനിന്നും അവരെ അൽപം മാറ്റിനിറുത്തണം. അയൽപക്കത്തെയും കുടുംബത്തിലെയും കുട്ടികളുമായി ഇടപഴകാനുള്ള അവസരം അവർക്ക് നൽകണം. കൂട്ടുകാരുമൊത്തുള്ള കളികളിലൂടെ അവർക്ക് ലഭിക്കുന്ന നിരവധി അനുഭവങ്ങളും അതിലൂടെ അവർ പഠിക്കുന്ന പാഠങ്ങളും വീട്ടിനകത്തുനിന്ന് അവർക്ക് ലഭിച്ചു കൊള്ളണമെന്നില്ല.