ഗർഭാശയമുഖ ക്യാൻസർ: വാക്‌സിൻ രംഗത്തെ പുതിയ പ്രതീക്ഷകൾ

ഡോ. സലീല കെ, കോട്ടക്കൽ

2026 ഒക്ടോബർ 03, 1448 റബീഉൽ ആഖിർ 22

ഇന്ന് മെഡിക്കൽ സയൻസ് ക്യാൻസറിനെതിരെ നടത്തുന്ന ഏറ്റവും വലിയ പോരാട്ടങ്ങളിലൊന്നാണ് HPV വാക്‌സിൻ. ഇന്ത്യയിൽ ഓരോ വർഷവും എൺപതിനായിരത്തോളം സ്ത്രീകൾ ഗർഭാശയഗള അർബുദം (Cervical Cancer) കൊണ്ടു മരണമടയുന്നു. ലോകത്ത് ഈ ക്യാൻസർ മൂലം മരിക്കുന്ന ഓരോ 4 പേരിൽ ഒരാൾ ഇന്ത്യക്കാരിയാണ് എന്നാണു കണക്കുകൾ സൂചിപ്പിക്കുന്നത്. ബ്രസ്റ്റ് ക്യാൻസർ കഴിഞ്ഞാൽ സ്ത്രീകളെ ഏറ്റവും കൂടുതൽ ബാധിക്കുന്നതാണ് സെർവൈകൽ ക്യാൻസർ. സെർവൈകൽ ക്യാൻസർ മൂലമുണ്ടാകുന്ന മരണങ്ങളിൽ 95% ത്തിലധികവും നമുക്ക് ഒരു കുത്തിവയ്പു കൊണ്ട് തടയാൻ കഴിയുമെന്നത് ഓർക്കണം. ഇന്ത്യയിലിപ്പോൾ ഏറ്റവും പ്രധാനപ്പെട്ട വാക്‌സിനുകളിലൊന്നായി ഇതിനെ കണക്കാക്കുന്നു.

2026 ഫെബ്രുവരി 28ന് ഇന്ത്യാഗവണ്മെന്റ് രാജ്യവ്യാപകമായി HPV വാക്‌സിനേഷനാരംഭിച്ചു. കേരളത്തിലും ഇപ്പോൾ സർക്കാർ ആശുപത്രികളിൽ സൗജന്യമായി ഇത് ലഭ്യമാണ്.

1. എന്താണ് HPV?

Human Papillomavirus എന്നത് ലൈംഗിക ബന്ധത്തിലൂടെ പകരുന്ന ഒരു വൈറസാണ്. 80% പേർക്കും ജീവിതത്തിലൊരിക്കലെങ്കിലും ഈ അണുബാധ ഏൽക്കാനിടയുണ്ടെങ്കിലും അതു കൂടുതൽ സങ്കീർണ തകളിലേക്ക് കടക്കാതെ മാറിപ്പോവുകയാണു പതിവ്. എന്നാൽ ചിലരിൽ ഇത് കാര്യമായ അണുബാധയിലേക്കും സെർവൈകൽ ക്യാൻസർ (ഗർഭാശയഗള അർബുദം), ജനനേന്ദ്രിയത്തിലെ അരിമ്പാറ (Genital Warts) എന്നീ അവസ്ഥകളിലേക്കും വഴിമാറുന്നു.

കണക്കുകൾ പ്രകാരം ഇന്ത്യയിൽ വർഷം 1,20,000 സ്ത്രീകൾക്ക് സെർവൈകൽ ക്യാൻസർ ബാധിക്കുന്നുണ്ട്. ഇതിൽ 80,000 പേർ മരണപ്പെടുന്നു. 80% ഉം ഉണ്ടാകുന്നത് HPV 16, 18 എന്നീ ടൈപ്പു കൊണ്ടാണ്.

2. HPV വാക്‌സിൻ എങ്ങനെ എടുക്കാം?

സർക്കാറിന്റെ സൗജന്യ പദ്ധതി പ്രകാരം 15 വയസ്സും 3 മാസവും ആയ പെൺകുട്ടികൾക്ക് -1 ഡോസ് Gardasil-4. ഇതിന് U-WIN പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ഇവിടെ രക്ഷിതാവിന്റെ സമ്മതം അനിവാര്യമാണ്.

പ്രൈവറ്റായി 9 മുതൽ 45 വയസ്സുവരെയുള്ളവർക്ക് എടുക്കാൻ സൗകര്യമുണ്ട്.

പെൺകുട്ടികൾക്ക് ഫസ്റ്റ് ഡോസ് 9-14 വയസ്സ്: രണ്ടു ഡോസ് 6 മാസത്തെ ഇടവേളയിലാണ് എടുക്കേണ്ടത്.

15-45 വയസ്സുള്ള സ്ത്രീകൾ: 3 ഡോസ്- 0, 2, 6 മാസത്തെ ഇടവേളകളിലാണ് എടുക്കേണ്ടത്.

ആൺകുട്ടികൾക്കും പുരുഷന്മാർക്കും

HPV ആൺകുട്ടികളിൽ ജനനേന്ദ്രിയ അരിമ്പാറ, തൊണ്ടയിലെ ക്യാൻസർ, മലദ്വാര ക്യാൻസർ എന്നിവ ഉണ്ടാക്കാനിടയാവുന്നു. അതുകൊണ്ട് ആൺകുട്ടി കൾക്കും ഈ വാക്‌സിനേഷൻ ശുപാർശ ചെയ്യുന്നുണ്ട്. 9 മുതൽ 26 വയസ്സുവരെയാണ് ഫലപ്രദമായ സമയം.

3. ഇന്ത്യയിൽ കിട്ടുന്ന വാക്‌സിനുകൾ

Gardasil-4: 4 ടൈപ്പുകൾക്കെതിരെ (16,18 ക്യാൻസർ ഉണ്ടാക്കുന്നത്, 6,11-അരിമ്പാറയുണ്ടാ ക്കുന്നത്).

Gardasil-9: 9 ടൈപ്പുക ൾക്കെതിരെ - ഏറ്റവും കൂടുതൽ സംരക്ഷണം, പക്ഷേ, വില കൂടുതൽ.

Cervavac (Serum Institute, ഇന്ത്യൻ നിർമിതം): 4 ടൈപ്പുകൾക്കെതിരെ. വില കുറവ്. ഇതിന് 2 ഡോസ് വേണം

4. HPV വാക്‌സിനേഷൻ സുരക്ഷിതമാണോ?

ലോകത്ത് ഇതുവരെ 2006 മുതൽ 50 കോടി ഡോസ് നൽകി കഴിഞ്ഞു. വളരെ സുരക്ഷിതമാണ്.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• സാധാരണയായി, കുത്തിയ ഭാഗത്ത് ചെറിയ വേദന, ചുവപ്പ്, നീര്, നേരിയ പനി, തലവേദന എന്നിവയാണ് പാർശ്വഫലങ്ങൾ

• കുത്തിവയ്പിനു ശേഷം 30 മനുട്ട് ആശുപത്രിയിൽ നിരീക്ഷണത്തിൽ ഇരിക്കണം. വന്ധ്യത, നേരത്തെയുള്ള ആർത്തവവിരാമത്തിനു കാരണമാകുന്നു തുടങ്ങിയ പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണ്.

• വാക്‌സിൻ 90% ക്യാൻസറിനെ തടയുമെങ്കിലും 10% ക്യാൻസർ സാധ്യത ബാക്കി നിൽക്കുന്നതി നാൽ 30 വയസ്സിനു ശേഷം 3 വർഷം കൂടുമ്പോൾ Pap Test ചെയ്യേണ്ടതാണ്.

• വിവാഹം കഴിഞ്ഞവർക്കും കുട്ടികളുള്ളവർക്കും വാക്‌സിൻ എടുക്കാമെങ്കിലും ഏറ്റവും ഫലപ്രദം വിവാഹത്തിനു മുന്നേ എടുക്കുന്നതാണ്. ഗർഭാവസ്ഥയിൽ ഇത് അഭികാമ്യമല്ല.

ലോകാരോഗ്യ സംഘടന ഈ വാക്‌സിനെ ‘Cancer Preventing Vaccine’ (ക്യാൻസറിനെ തടയുന്ന വാക്‌സിൻ) എന്നാണു വിളിക്കുന്നത്. മറ്റു വാക്‌സിനുകൾ പോലെ, ഇതും നമ്മുടെ പെൺമക്കൾക്ക് നൽകേണ്ട ജീവൻ രക്ഷാകവചമാണ്. തെറ്റിദ്ധാരണമൂലം ഇതു നൽകാതിരിക്കരുത്.