വാർധക്യം: കരുതലോടെ മുന്നേറാം - 2

ഡോ. നഹ്‌ല തമന്ന

2026 സെപ്തംബർ 26, 1448 റബീഉൽ ആഖിർ 15

മറവി; ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ

പ്രായം കൂടുമ്പോൾ ചെറിയ മറവി സാധാരണമാണ്. പേരുകൾ ഓർക്കാൻ കുറച്ചു സമയമെടുക്കുക, സാധനങ്ങൾ വച്ച സ്ഥലങ്ങൾ മറന്നുപോവുക തുടങ്ങിയവ പ്രായാധിക്യത്തിൽ ഉണ്ടാകാം. എന്നാൽ ഇത് ദൈനംദിന ജീവിതത്തെ കാര്യമായി ബാധിക്കുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം.

സാധാരണ മറവിയും ഡിമെൻഷ്യയും ഒന്നല്ല. ഒരിക്കൽ മറന്ന കാര്യം പിന്നീട് ഓർത്തെടുക്കുന്നത് സാധാരണ പ്രായാധിക്യത്തിന്റെ ഭാഗമായിരിക്കാം. എന്നാൽ അടുത്തിടെ നടന്ന കാര്യങ്ങൾ നിരന്തരം മറക്കുക, പരിചിതരായ ആളുകളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുക, പതിവു കാര്യങ്ങൾ ചെയ്യുന്നതിൽ പ്രയാസമുണ്ടാകുക തുടങ്ങിയവ കൂടുതൽ ഗൗരവമുള്ളതായി കാണണം.

മറവിക്ക് പല കാരണങ്ങളുണ്ടാകാം. ഉറക്കക്കുറവ്, വിഷാദം, ചില മരുന്നുകൾ, പോഷകക്കുറവ്, തൈറോയ്ഡ് പ്രശ്‌നങ്ങൾ തുടങ്ങിയ, ചികിത്സിക്കാവുന്ന കാരണങ്ങളും ഓർമക്കുറവിനു പിന്നിലുണ്ട്. അതിനാൽ തുടർച്ചയായ മറവിയുണ്ടെങ്കിൽ വൈദ്യപരിശോധന പ്രധാനമാണ്.

വായന, ക്വുർആൻ പാരായണം, പുതിയ കാര്യങ്ങൾ പഠിക്കൽ, എന്നിവ ശീലമാക്കുന്നത് ഓർമ ശക്തി നഷ്ടപ്പെടാതിരിക്കാൻ ഒരു പരിധിവരെ സഹായിക്കുന്നു.

ദൈനംദിന ജീവിതത്തിൽ ചെറിയ ക്രമീകരണങ്ങൾ വരുത്തുന്നത് മറവിമൂലമുണ്ടാകുന്ന ബുദ്ധി മുട്ടുകൾക്ക് ഏറെക്കുറെ പരിഹാരമായിരിക്കും. ഉദാ: മരുന്നുകളുടെ സമയക്രമം എഴുതിവയ്ക്കുക, പ്രധാനപ്പെട്ട കാര്യങ്ങൾക്ക് കുറിപ്പുകൾ ഉപയോഗിക്കുക, സാധനങ്ങൾ എപ്പോഴും ഒരേ സ്ഥലത്ത് സൂക്ഷിക്കുക.

കുടുംബത്തിന്റെ സമീപനം വളരെ പ്രധാനമാണ്. ഒരേ കാര്യം പലതവണ ചോദിച്ചാൽ പരിഹസി ക്കുകയോ ദേഷ്യപ്പെടുകയോ ചെയ്യാതെ ക്ഷമയോടെ മറുപടി നൽകണം. മറവി രോഗലക്ഷണമാകുമ്പോൾ അത് മനഃപൂർവമല്ലെന്നു കൂടെയുള്ളവർ മനസ്സിലാക്കണം.

മാനസികാരോഗ്യം

വാർധക്യത്തിലെ ആരോഗ്യസംരക്ഷണത്തിൽ മാനസികാരോഗ്യത്തിന് വലിയ സ്ഥാനമുണ്ട്. ഏകാന്തത, ജോലിയിൽനിന്നു വിരമിക്കൽ, ജീവിതപങ്കാളിയുടെയോ സുഹൃത്തുക്കളുടെയോ വേർപാട്, മക്കൾ അകലെ താമസിക്കുന്നത് തുടങ്ങിയ സാഹചര്യങ്ങൾ ചിലരിൽ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമായേക്കാം.

കുടുംബാംഗങ്ങളുമായി സംസാരിക്കുക, പള്ളിയുമായും സമൂഹവുമായും ബന്ധം നിലനിർത്തുക, ക്വുർആൻ പാരായണം, ദിക്‌റ്, ദുആ, വായന, ഇഷ്ടപ്പെട്ട പ്രവർത്തനങ്ങൾ (തോട്ടം പരിപലനം, സാമൂഹ്യ പ്രവർത്തനങ്ങൾ...) എന്നിവയിൽ ഏർപ്പെടുക എന്നിവ മനസ്സിന് ആശ്വാസവും ഉണർവും നൽകുവാൻ സഹായകമാണ്. എന്നാൽ ദീർഘകാല ദുഃഖം,

താൽപര്യമില്ലായ്മ, ഉറക്കത്തിലെ വലിയ മാറ്റങ്ങൾ തുടങ്ങിയ പ്രശ്‌നങ്ങളുണ്ടെങ്കിൽ അതു പ്രായത്തിന്റെ സ്വാഭാവിക ഭാഗമെന്നു കരുതി അവഗണിക്കരുത്. ആവ ശ്യമെങ്കിൽ ഡോക്ടറുടെയോ മാനസികാരോഗ്യ വിദഗ്ധന്റെയോ സഹായം തേടണം.

മാതാപിതാക്കൾക്കു വാർധക്യത്തിൽ പ്രത്യേക പരിഗണന

വാർധക്യത്തിൽ മാതാപിതാക്കളെ പരിചരിക്കുന്നതിന് ഇസ്‌ലാം വലിയ പ്രാധാന്യം നൽകുന്നു. അല്ലാഹു പറയുന്നു: “അവരിൽ (മാതാപിതാക്കളിൽ) ഒരാളോ അവർ രണ്ടുപേരും തന്നെയോ നിന്റെ അടുക്കൽവച്ച് വാർധക്യം പ്രാപിക്കുകയാണെങ്കിൽ അവരോടു നീ ‘ഛെ’ എന്നു പറയുകയോ, അവരോട് കയർക്കുകയോ ചെയ്യരുത്. അവരോടു നീ മാന്യമായ വാക്കു പറയുക’’ (ക്വുർആൻ 17:23).

ബഹുമാനം, ക്ഷമ, സ്‌നേഹം, നല്ല സംസാരം, പരിചരണം, സാമ്പത്തിക സഹായം... ഇവയെല്ലാം മാതാപിതാക്കളോടുള്ള നമ്മുടെ കടമയുടെ ഭാഗമാണ്.

“എന്റെ രക്ഷിതാവേ, ചെറുപ്പത്തിൽ ഇവർ ഇരുവരും എന്നെ പോറ്റിവളർത്തിയതുപോലെ ഇവരോടു നീ കരുണ കാണിക്കണേ’’ (17:24) എന്നു മാതാപിതാക്കൾക്കു വേണ്ടി പ്രാർഥിക്കുവാൻ അല്ലാഹു കൽപിക്കുന്നു.

അവരെ മരുന്നു കഴിക്കാൻ ഓർമിപ്പിക്കുകയും ആവശ്യമെങ്കിൽ എടുത്തുകൊടുക്കുകയും വേണം. ആശുപത്രിയിൽ കൊണ്ടുപോകുന്നതും ഭക്ഷണ കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതും സുരക്ഷ ഉറപ്പു വരുത്തുന്നതും പ്രധാനമാണ്. അതിനെക്കാൾ പ്രധാനമായി, അവരുടെ വാക്കുകൾ കേൾക്കുകയും അവരുടെ അഭിപ്രായങ്ങൾ വിലവയ്ക്കുകയും അവരുടെ തീരുമാനങ്ങളെയും വ്യക്തിത്വത്തെയും ബഹുമാനിക്കുകയും വേണം.

വാർധക്യം; ആദരിക്കപ്പെടേണ്ട ഘട്ടം

ഇസ്‌ലാം പ്രായമായവരെ ആദരിക്കാനും പരിചരിക്കാനും നമ്മെ പഠിപ്പിക്കുന്നു എന്നു നാം മനസ്സിലാക്കി. അവരുടെ അനുഭവങ്ങളും ജീവിതപാഠങ്ങളും കുടുംബത്തിനും സമൂഹത്തിനും വലിയ സമ്പത്താണ്. അതിനാൽ പ്രായമായവരെ ഒരു ‘ബാധ്യത’യായി കാണാതിരിക്കുക.

ആരോഗ്യകരമായ വാർധക്യം മരുന്നുകളുടെയും പരിശോധനകളുടെയും മാത്രം ഫലമല്ല, മറിച്ച് നല്ല ഭക്ഷണം, മതിയായ ശാരീരിക പ്രവർത്തനം, മാനസിക സന്തോഷം, ആത്മീയബന്ധം, ഉറ്റവരിൽ നിന്നുള്ള സ്‌നേഹവും പരിചരണവും, ആവശ്യമായ ചികിത്സ എന്നിവയുടെയെല്ലാം ആകെത്തുകയാണത്.

വാർധക്യം അല്ലാഹു തീരുമാനിക്കുന്ന ഓരോ മനുഷ്യനും ഒരുനാൾ എത്തിച്ചേരേണ്ട ജീവിതഘട്ടമാണ്. ആ ഓർമയുണ്ടങ്കിൽ പ്രായമായവരെ ആദരിക്കാതിരിക്കാൻ നമുക്കു കഴിയില്ല. വാർധക്യത്തെ ഭയപ്പെടേണ്ടതില്ല. ആത്മധൈര്യം പ്രധാനമാണ്. സാധ്യമാകുന്നത്ര ആരാധനകൾ ചെയ്ത്, ആത്മസംതൃപ്തിയോടെ, കുടുംബാംഗങ്ങളുടെ സ്‌നേഹത്തിന്റെ തണലിൽ കഴിഞ്ഞുകൂടുക.