ഹൃദയാഘാതത്തെ തിരിച്ചറിയുക

ഡോ.യൂസുഫലി

2026 മാർച്ച് 14, 1447 റമദാൻ 24

ഹൃദയപേശികൾക്ക് രക്തം എത്തിച്ചുകൊടുക്കുന്ന കൊറോണറി രക്തധമനികളിൽ രക്തയോട്ടം തടസ്സപ്പെടുമ്പോഴാണ് ഹൃദയാഘാതമുണ്ടാകുന്നത്. കൊറോണറി രക്തക്കുഴലുകളിൽ കൊഴുപ്പടിയുന്നത് മൂലമോ മറ്റു കാരണങ്ങളാലോ വ്യാസം കുറയുകയും രക്തയോട്ടം തടസ്സപ്പെടുകയും ചെയ്യുമ്പോൾ ഹൃദയപേശികൾക്ക് രക്തംകിട്ടുന്ന അളവ് കുറയുകയും ഹൃദയാഘാതത്തിന്റെ ആദ്യലക്ഷണങ്ങൾ അനുഭവപ്പെട്ടു തുടങ്ങുകയും ചെയ്യും. കൊഴുപ്പടിഞ്ഞ് രക്തക്കുഴലുകളുടെ വ്യാസം വളരെ ചുരുങ്ങിക്കഴിഞ്ഞാൽ ഏതു നിമിഷവും പൂർണമായി അടഞ്ഞ് രക്തയോട്ടം സ്തംഭിക്കാം. രക്തയോട്ടം സ്തംഭിക്കുമ്പോൾ രക്തം കട്ടപിടിക്കുന്നു. അങ്ങനെ ഹൃദയപേശികൾക്ക് രക്തം കിട്ടാതെ വരുമ്പോഴാണ് ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഉണ്ടാകുന്നത്.

ഹൃദയാഘാതവും ഹൃദയസ്തംഭനവും ഒന്നാണോ?

ഹൃദയരക്തധമനികളിൽ ബ്ലോക്ക് ഉണ്ടായി ഹൃദയപേശികൾ പ്രവർത്തനരഹിതമാകുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയാഘാതത്തിന്റെ ഫലമായി ചിലരിൽ ഹൃദയത്തിന്റെ പ്രവർത്തനം പൂർണമായും നിലച്ചുപോകുന്നു. അതിനാണ് ഹൃദയസ്തംഭനം എന്ന് പറയുന്നത്. ഹൃദയാഘാതം വന്നവർക്ക് വേഗം വൈദ്യസഹായം കിട്ടിയാൽ സ്തംഭനം വരാതെ രക്ഷപ്പെടാം. ഹൃദയാഘാതം ഉണ്ടാകുന്നവരിൽ 10 ശതമാനത്തോളം പേർക്കും ഹൃദയസ്തംഭനം വരാം. ഇത്തരക്കാരാണ് ആശുപത്രി യിലേക്കുള്ള വഴിയിലും ആശുപത്രിയിലെത്തിയ ഉടനെയും മരിച്ചുപോകുന്നത്.

അൻജൈന

ഹൃദയപേശികൾക്ക് ആവശ്യത്തിന് രക്തം ലഭിക്കാത്തതിന്റെ ഫലമായുണ്ടാകുന്ന നെഞ്ചുവേദനയാണ് അൻജൈന. ഹൃദയധമനികളിൽ ഉണ്ടാകുന്ന രോഗങ്ങളുടെ പ്രധാന ലക്ഷണമായി ഇതിനെ തിരിച്ചറിയണം. ആവശ്യത്തിന് രക്തം ലഭിക്കാതെ വരുമ്പോൾ ഹൃദയം വേദനയുടെ രൂപത്തിൽ നമുക്ക് സൂചന നൽകുന്നു. നമുക്ക് ശ്വാസം കിട്ടാതെ വരുമ്പോൾ ഉണ്ടാകുന്ന ബുദ്ധിമുട്ട് തന്നെയാണ് ഹൃദയം നേരിടുന്നത്.

പലരിലും പലതരത്തിലാണ് ഇത് അനുഭവപ്പെടുക. നെഞ്ചിൽ ചെറിയൊരു ഭാരം കയറ്റിവെച്ചതു പോലെ തോന്നുക, നെഞ്ചെരിച്ചിൽ ഉണ്ടാവുക, നെഞ്ചു വലിഞ്ഞു മുറുകുന്നത് പോലെ തോന്നുക, നെഞ്ചിൽനിന്ന് വേദനകൾ കഴുത്ത,് കൈകൾ, താടിയെല്ല്, പുറം തുടങ്ങിയ ശരീരഭാഗങ്ങളിലേക്ക് പടരുക എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. നെഞ്ചിലും കയ്യിലുമായി വേദന വരുന്ന 70 ശതമാനം പേരിലും അതിനുകാരണം ഹൃദ്രോഗം ആയിരിക്കും. ചിലർക്ക് നെഞ്ചുവേദനയ്ക്ക് പകരം വയറ്റിലാണ് അസ്വസ്ഥത അനുഭവപ്പെടുക. ചിലപ്പോൾ ഓക്കാനം, ഛർദി, ശ്വാസംമുട്ടൽ, തലകറക്കം, വയറിളക്കം എന്നിവയും ഉണ്ടാകാറുണ്ട്

ഹൃദ്രോഗം വേദനയില്ലാതെ വരുമോ?

നെഞ്ചുവേദന ഇല്ലാതെയും ഹൃദ്രോഗം ഉണ്ടാവാം. നെഞ്ചുവേദന ഇല്ലാത്തതുകൊണ്ട് ഇവരിൽ പലരും ഹൃദ്രോഗ വിവരം അറിയില്ല. പിന്നീടെപ്പോഴെങ്കിലും ഇ.സി.ജി. എടുക്കുമ്പോഴാണ് രോഗവിവരം അറിയുക. ചിലർക്ക് നെഞ്ചെരിച്ചിലും വിങ്ങലും ഉണ്ടായി കുറച്ചു കഴിഞ്ഞ് അത് മാറിയെന്നു വരാം. ഈ ലക്ഷണങ്ങൾ ഹൃദ്രോഗത്തിന്റെതാണെന്ന് പലരും തിരിച്ചറിയാറില്ല. പ്രമേഹരോഗികളിലാണ് വേദനയില്ലാ തെ ഹൃദ്രോഗം കൂടുതലായി കണ്ടുവരുന്നത്.

സ്ത്രീകളുടെ ഹൃദ്രോഗ സാധ്യത

സ്ത്രീകൾക്ക് ഹൃദ്രോഗ സാധ്യത കുറവാണെന്ന ഒരു ധാരണ പൊതുവെയുണ്ട്. എന്നാൽ സ്ത്രീകളിൽ രോഗനിരക്ക് കൂടിവരികയാണെന്ന് പല പഠനങ്ങളും സൂചിപ്പിക്കുന്നു. ആർത്തവ വിരാമമാകുന്നതോടെ സ്ത്രീകളിൽ ഹൃദ്രോഗസാധ്യത വളരെ കൂടുതലാണ.് ഈസ്ട്രജൻ ഹോർമോൺ കുറയുന്നതാണ് ഇതിന് കാരണം. അമിത മാനസികസമ്മർദം, അമിതഭക്ഷണം, കൊളസ്‌ട്രോൾ, രക്തസമ്മർദം തുടങ്ങിയ കാരണങ്ങളാലും സ്ത്രീകളിൽ ഹൃദ്രോഗം ഉണ്ടാകും.