ഋതുമതിയാകുമ്പോൾ
ഡോ. റഫീദ കെ.
2026 ആഗസ്റ്റ് 22, 1448 റബീഉൽ അവ്വൽ 09

അവൻ നിങ്ങളെ വിവിധ ഘട്ടങ്ങളിലായി സൃഷ്ടിച്ചിരിക്കുന്നു’’(ക്വുർആൻ 71:14).
മനുഷ്യജീവിതം വിവിധ ഘട്ടങ്ങളിലൂടെയുള്ള മനോഹരമായ ഒരു യാത്രയാണ്. ശൈശവത്തിൽ നിന്നു ബാല്യത്തിലേക്കും ബാല്യത്തിൽനിന്നു കൗമാരത്തിലേക്കും പിന്നീടു പ്രായപൂർത്തിയിലേക്കുമുള്ള ഓരോ മാറ്റവും അല്ലാഹു നിശ്ചയിച്ച സൃഷ്ടിക്രമത്തിന്റെ ഭാഗമാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിൽ കൗമാരത്തിലേക്കുള്ള പ്രവേശനത്തിന്റെ പ്രധാന അടയാളങ്ങളിലൊന്നാണ് ആദ്യത്തെ ആർത്തവം (Menarche). അത് അവളുടെ ജീവിതത്തിലെ ഭയത്തിന്റെ തുടക്കമല്ല; അറിവിന്റെയും ആത്മവിശ്വാസത്തിന്റെയും ഉത്തരവാദിത്തബോധത്തിന്റെയും പുതിയൊരു ഘട്ടത്തിലേക്കുള്ള പ്രവേശനമാണ്. ആർത്തവം ഒരു രോഗമോ ലജ്ജിക്കേണ്ടതോ പേടിക്കേണ്ടതോ ആയ കാര്യവുമല്ല. അല്ലാഹു സ്ത്രീശരീരത്തിൽ ഒരുക്കിയിട്ടുള്ള സ്വാഭാവികമായ ഒരു ജൈവപ്രക്രിയയാണത്.
ആദ്യമായി ആർത്തവമുണ്ടാകുമ്പോൾ ചില പെൺകുട്ടികൾക്ക് ഭയവും ആശയക്കുഴപ്പവുമുണ്ടായേക്കാം. എന്താണു സംഭവിച്ചത്, ഇനി എന്തു ചെയ്യണം, ഡോക്ടറെ കാണേണ്ടതുണ്ടോ, എങ്ങനെ ശുചിത്വം പാലിക്കണം, ഭക്ഷണത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം... എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ അവളുടെ മനസ്സിലുയരും. അതിനാൽ അതിനെക്കുറിച്ചുള്ള ശാസ്ത്രീയമായ അറിവും അപ്പോൾ എന്തുചെയ്യണമെന്നതിനെപ്പറ്റിയുള്ള പ്രായോഗിക ജ്ഞാനവും കുട്ടിക്ക് നേരത്തെതന്നെ നൽകേണ്ടത് അനിവാര്യമാണ്.
ആർത്തവം ആരംഭിക്കുന്നതോടെ അതുമായി ബന്ധപ്പെട്ട മതപരമായ കാര്യങ്ങളും കുട്ടികളെ പഠിപ്പിക്കേണ്ടതുണ്ട്. നമസ്കാരം, നോമ്പ്, കുളി തുടങ്ങിയവ നിർവഹിക്കുന്നതിലുള്ള ഇസ്ലാമിക നിയമങ്ങൾ ശരിയായ രീതിയിൽ അവർ പഠിച്ചറിയേണ്ടതുണ്ട്.
എന്താണ് ആർത്തവം?
ഒരു പെൺകുട്ടി ജനിക്കുമ്പോൾതന്നെ ഗർഭാശയം, അണ്ഡാശയം തുടങ്ങിയ എല്ലാ പ്രത്യുൽപാദന അവയവങ്ങളും അവളുടെ ശരീരത്തിലുണ്ടാകും. ആർത്തവം തുടങ്ങുമ്പോൾ ശരീരത്തിൽ പുതിയ അവയവങ്ങൾ ഉണ്ടാവുകയല്ല; നേരത്തെ ഉണ്ടായിരുന്ന പ്രത്യുത്പാദന അവയവങ്ങൾ ഹോർമോണുകളുടെ നിയന്ത്രണത്തിൽ പ്രവർത്തനക്ഷമമാകുകയാണ് ചെയ്യുന്നത്.
സാധാരണയായി ആർത്തവചക്രം (Menstrual Cycle) 28 ദിവസമാണ്. എന്നാൽ ഇത് എല്ലാവരിലും കൃത്യം 28 ദിവസം തന്നെയാകണമെന്നില്ല. 21 ദിവസം മുതൽ 35 ദിവസം വരെയുള്ള ആർത്തവചക്രം തികച്ചും സ്വാഭാവികവും ആരോഗ്യകരവുമാണ്.
ഓരോ മാസവും അണ്ഡാശയത്തിൽ ഒരു അണ്ഡം വളരുകയും സാധാരണയായി അടുത്ത ആർത്തവത്തിന് ഏകദേശം 14 ദിവസം മുമ്പ് അതു പുറത്തേക്കു വരികയും ചെയ്യുന്നു. ഇതിനെ അണ്ഡോത്സർജനം (Ovulation) എന്നു പറയുന്നു. അതോടൊപ്പം ഗർഭധാരണത്തിനായി ഗർഭാശയത്തിനുള്ളിൽ മൃദുവായ ഒരു പാളി രൂപപ്പെടുന്നു. ഗർഭധാരണം സംഭവിക്കാത്തപ്പോൾ ഈ പാളി രക്തത്തോടൊപ്പം ശരീരത്തിനു പുറത്തേക്കു പോകുന്നു. ഇതിനെയാണ് ആർത്തവം അഥവാ പിരീഡ്സ് എന്നു പറയുന്നത്.
വ്യക്തിശുചിത്വം; രക്ഷിതാക്കൾ പഠിപ്പിക്കേണ്ടത്
ആദ്യ ആർത്തവത്തിൽ പെൺകുട്ടിക്ക് ശരിയായ വ്യക്തിശുചിത്വ ശീലങ്ങൾ പഠിപ്പിക്കുന്നത് രക്ഷിതാക്കളുടെ പ്രധാന ഉത്തരവാദിത്തമാണ്. ഭയപ്പെടുത്താതെയും ലജ്ജിപ്പിക്കാതെയും പ്രായത്തിന് അനുയോ ജ്യമായ രീതിയിൽ കാര്യങ്ങൾ പറഞ്ഞുകൊടുക്കണം.
സാനിറ്ററി പാഡ് എങ്ങനെ ഉപയോഗിക്കണണമെന്നു പഠിപ്പിക്കുക:
1) സാനിറ്ററി പാഡ് എങ്ങനെ ഉപയോഗിക്കണമെന്നും രക്തസ്രാവത്തിന്റെ തോതനുസരിച്ച് പാഡ് ഇടയ്ക്കിടെ മാറ്റണമെന്നും കുട്ടികളോട് പറയണം. പാഡ് ഉപയോഗിക്കുമ്പോൾ ഉണ്ടായേക്കാവുന്ന അണു ബാധകളും അസ്വസ്ഥതകളും ഒഴിവാക്കാനായി നാലു മണിക്കൂർ മുതൽ ആറു മണിക്കൂർവരെയുള്ള സമയത്തിനുള്ളിൽ (രക്തസ്രാവത്തിന്റെ തോത് കുറവാണെങ്കിൽ പോലും) പാഡ് മാറുന്ന ശീലം വളർത്തുക.
2) പാഡ് മാറ്റുന്നതിനു മുമ്പും ശേഷവും കൈകൾ സോപ്പുപയോഗിച്ചു കഴുകണം.
3) ഉപയോഗിച്ച പാഡ് സുരക്ഷിതമായും പരിസ്ഥിതി സൗഹൃദമായും നിർമാർജനം ചെയ്യുക, ടോയ്ലറ്റിൽ ഫ്ളഷ് ചെയ്യരുത്.
4) സ്വകാര്യഭാഗങ്ങൾ ശുദ്ധമായി സൂക്ഷിക്കുകയും ദിവസവും കുളിക്കുകയും ചെയ്യുക.
5) വൃത്തിയുള്ള, സുഖകരമായ അടിവസ്ത്രം ധരിക്കുകയും ആവശ്യമെങ്കിൽ മാറ്റുകയും ചെയ്യുക.
6) സ്വകാര്യഭാഗങ്ങളിൽ ശക്തമായ സുഗന്ധവസ്തുക്കളോ കഠിനമായ ക്ലീനിംഗ് ഉൽപന്നങ്ങളോ ഉപയോഗിക്കേണ്ടതില്ല.
പാഡിന് പുറമെ മെൻസ്ട്രൽ കപ്പും (menustal cup) ഇപ്പോൾ സ്വീകാര്യത കൂടിയ ഒരു ബദൽ മാർഗമായി മാറിയിട്ടുണ്ട്. കപ്പ് ഉപയോഗിക്കുന്നവർ അതിന്റെ ശരിയായ അളവ്, ഉപയോഗം, വൃത്തിയാക്കൽ, അണുവിമുക്തമാക്കൽ എന്നിവ സംബന്ധിച്ച നിർദേശങ്ങൾ കൃത്യമായി പാലിക്കണം. ആദ്യമായി ഋതുമതികളാകുന്ന കുട്ടികൾ തങ്ങൾക്ക് അനുയോജ്യവും സുരക്ഷിതവും സൗകര്യപ്രദവുമായ മാർഗം തിരഞ്ഞെടുക്കുന്നതാണ് ഉചിതം.
ഭക്ഷണവും പോഷണവും
ആർത്തവസമയത്ത് ശരീരത്തിൽ രക്തനഷ്ടം സംഭവിക്കുന്നതിനാൽ പോഷകസമൃദ്ധമായ ഭക്ഷണം വളരെ പ്രധാനമാണ്. ഇരുമ്പ് (Iron), ഫോളിക് ആസിഡ്, കാൽസ്യം, മഗ്നീഷ്യം, പ്രോട്ടീൻ എന്നിവയട ങ്ങിയ ഭക്ഷണങ്ങൾ ക്ഷീണം കുറയ്ക്കാനും ശരീരത്തിന് ഊർജം നൽകാനും സഹായിക്കുന്നു.
ചീര, മുരിങ്ങയില, പയറുവർഗങ്ങൾ, മാതളം, ഉണക്കമുന്തിരി, ഈന്തപ്പഴം, മുട്ട, മത്സ്യം, പാൽ, തൈര്, വിവിധ പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്.
വിറ്റാമിൻ സി ധാരാളമുള്ള ഓറഞ്ച്, നാരങ്ങ, നെല്ലിക്ക തുടങ്ങിയവ ഇരുമ്പിന്റെ ആഗിരണം വർധിപ്പിക്കാൻ സഹായിക്കും. ശരീരത്തിൽ ജലാംശം നിലനിർത്താൻ ധാരാളം വെള്ളം കുടിക്കണം. ഇളംചൂടുവെള്ളം, തേങ്ങാവെള്ളം, നാരങ്ങാവെള്ളം തുടങ്ങിയവയും ഗുണം ചെയ്യും. വയറുവേദനയും ക്ഷീണവും കുറയ്ക്കാൻ ഇഞ്ചി ചേർത്ത ചൂടുവെള്ളമോ ആരോഗ്യകരമായ മറ്റു പാനീയങ്ങളോ സഹായകമാകാറുണ്ട്.
എണ്ണയിൽ വറുത്ത ഭക്ഷണങ്ങൾ, ജങ്ക്ഫുഡ്, മധുരപലഹാരങ്ങൾ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പരമാവധി കുറയ്ക്കുന്നത് നല്ലതാണ്. കഫീൻ കൂടുതലുള്ള ചായയും കാപ്പിയും ചിലരിൽ അസ്വസ്ഥതയും വയറുവേദനയും വർധിപ്പിച്ചേക്കാം; ഇത് എല്ലാവർക്കും ഒരുപോലെ ബാധിക്കണമെന്നില്ല.
സമീകൃതമായ ഭക്ഷണക്രമം, മതിയായ വിശ്രമം, ലഘുവായ വ്യായാമം എന്നിവ ആർത്തവസമയത്തെ അസ്വസ്ഥതകൾ കുറയ്ക്കാനും ആരോഗ്യത്തോടെ ഈ ദിവസങ്ങൾ പിന്നിടാനും സഹായിക്കും.
ആർത്തവചക്രം രേഖപ്പെടുത്താൻ സഹായിക്കുക: ആദ്യത്തെ ആർത്തവത്തിനു ശേഷം തീയതികൾ രേഖപ്പെടുത്തുന്ന ശീലം വളർത്തണം. ആർത്തവം തുടങ്ങിയ ദിവസം ഓരോ മാസവും കൃത്യമായി രേഖപ്പെടുത്തുന്നത് നല്ലതാണ്.
(അവസാനിച്ചില്ല)
