ഉയർന്ന താപനിലയും മാനസികാരോഗ്യവും
ഡോ. റസീല
(ജനറൽ സെക്രട്ടറി, വിസ്ഡം വിമൻ)
2026 മെയ് 09, 1447 ദുൽഖഅദ് 21

കേരളത്തിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലും ഉയർന്നുവരുന്ന താപനില (heatwave) ഇന്ന് ഒരു പൊതുജനാരോഗ്യ പ്രശ്‌നമായി മാറിയിരിക്കുന്നു. ശരീരാരോഗ്യത്തെ മാത്രമല്ല, മനുഷ്യരുടെ മാനസികാരോഗ്യത്തെയും (mental health)) ഇത് ഗൗരവമായി ബാധിക്കുന്നു.
1. ഉയർന്ന താപനിലയുടെ മാനസിക സ്വാധീനം
ഉയർന്ന ചൂട് മനുഷ്യരുടെ മാനസികാവസ്ഥയിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാക്കുന്നു:
എ) ആശങ്കയും സമ്മർദവും വർധിക്കുന്നു: ചെറിയ സമയം (1-2 മണിക്കൂർ) പോലും ഉയർന്ന ചൂടിൽ കഴിയുമ്പോൾ ഉത്കണ്ഠ ഉയരുന്നതായി പഠനങ്ങൾ കാണിക്കുന്നു.
ബി) വിഷാദ(Depression)വർധന: ഉയർന്ന താപനിലയിൽ വിഷാദരോഗത്തിനുള്ള സാധ്യത 18% വരെ കൂടുന്നു.
സി) മനോവൈകല്യങ്ങളുടെ അപകടം: ഉയർന്ന ചൂട് മനോരോഗങ്ങളുമായി (mental illness) ബന്ധപ്പെട്ട ആശുപത്രി പ്രവേശനം 13% വരെ വർധിപ്പിക്കുന്നു.
2. മാനസികാരോഗ്യത്തിൽ സംഭവിക്കുന്ന പ്രധാന പ്രശ്‌നങ്ങൾ
(എ) ഉറക്കക്കുറവ് (Sleep disturbance): ചൂട് കാരണം ഉറക്കം കുറയുന്നു. ഇത് മാനസിക വ്യതിയാനങ്ങൾ (mood swings), ക്ഷോഭം (irritability), ഏകാഗ്രത കുറവ് എന്നിവയ്ക്ക് കാരണമാകുന്നു.
ബി) ക്ഷീണം & മാനസിക തളർച്ച: കനത്ത ചൂട് (Heat stress) മൂലം മാനസിക തളർച്ച (mental fatigue) വർധിക്കുന്നു, തൊഴിലാളികളിൽ ഇത് കൂടുതലായി കാണുന്നു. വീട്ടിൽ ജോലിയെടുക്കുന്ന വീട്ടമ്മമാർക്കും പലപ്പോഴും ശക്തമായ ക്ഷീണവും ജോലികൾ സമയത്ത് തീർക്കാൻ സാധിക്കാത്ത അവസ്ഥയും ഉണ്ടാവുന്നു.
സി) വൈജ്ഞാനിക വൈകല്യം cognitive impairment):
ദീർഘകാലം ചൂടേൽക്കുന്നത് ചിന്താശേഷിയും തീരുമാനശേഷിയും കുറയുന്നതിന് കാരണമാകുന്നു. പലപ്പോഴും അവധാനതയില്ലാതെ കാര്യങ്ങൾ ചെയ്യുന്നതിനും അപകടങ്ങളിൽ ചെന്ന് ചാടുന്നതിനും ഈ അവസ്ഥ കാരണമാകാറുണ്ട്.
3. കൂടുതൽ അപകടസാധ്യതയുള്ള വിഭാഗങ്ങൾ
കനത്ത ചൂട്; മുതിർന്നവർ, കുട്ടികൾ. പുറംതൊഴിലാളികൾ (construction, agriculture), നിലവിൽ മാനസിക അസ്വാസ്ഥ്യമുള്ളവർ, ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവർ എന്നീ വിഭാഗങ്ങൾക്ക് കൂടുതൽ മാനസിക പ്രശ്‌നങ്ങളുണ്ടാക്കാൻ സാധ്യതയുണ്ട്.
4. സാമൂഹികവും പെരുമാറ്റപരവുമായ പ്രത്യാഘാതങ്ങൾ
എ) ഒറ്റപ്പെടൽ (Social isolation) വർധിക്കുന്നു: കനത്ത ചൂടുമൂലം ആളുകൾ പരസ്പരസന്ദർശനങ്ങൾ ഒഴിവാക്കുന്നതും യാത്രകൾ കുറച്ച് തന്നിലേക്കുതന്നെ ചുരുങ്ങിക്കൂടുന്നതും ഈ അവസ്ഥക്ക് കാരണമാകുന്നുണ്ട്. കിടപ്പുരോഗികൾ, പ്രായമുള്ളവർ തുടങ്ങി വീടുകളിൽ തന്നെ അടങ്ങിക്കഴിയുന്നവർക്ക് ഇത് മൂലമുള്ള മാനസികാഘാത സാധ്യത കൂടുതലാണ്.
ബി) പ്രവർത്തനക്ഷമത കുറയുന്നു: മുകളിൽ സൂചിപ്പിച്ച; ക്ഷീണം, തളർച്ച തുടങ്ങിയവ കാരണം ആളുകൾക്ക് പ്രവർത്തനക്ഷമത കുറയുന്നു. എളുപ്പത്തിൽ ജോലികൾ അവസാനിപ്പിച്ച് വിശ്രമിക്കാനായിരിക്കും കൂടുതൽ ആളുകളും താൽപര്യപ്പെടുക.
സി) ആരോഗ്യ സേവനങ്ങൾ ഉപയോഗിക്കുന്നത് കൂടുന്നു.
ഡി) പ്രതിസന്ധികൾ നേരിടാനുള്ള മാർഗങ്ങൾ (coping mechanisms) കുറയുന്നു: ഉയർന്ന ചൂട് പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങൾ സ്വാഭാവികമായ പ്രതിരോധ മാർഗങ്ങൾ തടസ്സപ്പെടുത്തുന്നു. വ്യായാമം ചെയ്യുന്നത് നിർത്തുക, സന്ദർശനങ്ങൾ ഒഴിവാക്കുക എന്നിവ വഴി ഇത്തരം സ്വാഭാവിക മാർഗങ്ങൾ തടയപ്പെടും.
5. കാലാവസ്ഥ മാറ്റവും മാനസികാരോഗ്യവും
കാലാവസ്ഥ മാറ്റം മൂലം അന്തരീക്ഷ താപനില വർധിക്കുന്നതിനാൽ ആളുകൾക്ക് കാലാവസ്ഥാ ഉത്കണ്ഠ (climate anxiety) വർധിക്കുന്നു. ഭാവിയെ കുറിച്ചുള്ള ആശങ്കകൾ ഉയരുന്നു. ഉയർന്ന താപനില മാനസിക രോഗാവസ്ഥയും അതുമൂലമുള്ള മരണവും വർധിപ്പിക്കുന്നു.
6. പ്രതിരോധ മാർഗങ്ങൾ
മതിയായ വെള്ളം കുടിക്കുക, തണുത്ത അന്തരീക്ഷത്തിൽ കഴിയുക, ഉച്ചസമയത്ത് പുറത്തുപോ കുന്നത് ഒഴിവാക്കുക, നല്ല ഉറക്കം ഉറപ്പാക്കുക.
വിശ്വാസികളോട്
ഉയർന്ന ചൂടും അതിനോടനുബന്ധിച്ചുള്ള മാനസിക സമ്മർദങ്ങളും നേരിടുമ്പോൾ വിശ്വാസികളുടെ പ്രതികരണം ഇസ്‌ലാമികമായിരിക്കണം. ശാരീരികവും മാനസികവുമായ പ്രതിസന്ധികളെ കൈകാര്യം ചെയ്യാൻ സഹായകരമായ ചില കാര്യങ്ങൾ പറയാം:
1. ക്ഷമയും വിശ്വാസവും: എല്ലാ കാര്യങ്ങളും അല്ലാഹുവിന്റെ പരീക്ഷണമായി കാണുന്നവരാണ് വിശ്വാസികൾ. ചൂട് പോലുള്ള പ്രകൃതിദത്ത അവസ്ഥകളെ കുറിച്ച് നിരന്തരം പരാതിപ്പെടുന്നതിന് പകരം, ക്ഷമയോടെ അതിനെ നേരിടുക.
2. പ്രാർഥന: ദിവസേനയുള്ള നിർബന്ധ നമസ്‌കാരങ്ങളും പ്രാർഥനകളും മനസ്സിന് സമാധാനം നൽകുന്നതാണ്. അതോടൊപ്പം പ്രത്യേകമായ പ്രാർഥനകയും അധികരിപ്പിക്കുക. ഏതൊന്നിന്റെയും പ്രയാസം ദൂരീകരിച്ചു തരാൻ കഴിയുന്നവനാണല്ലോ സ്രഷ്ടാവ്.
3. ദിക്ർ (ദൈവസ്മരണ): സുബ്ഹാനല്ലാഹ്, അൽഹംദു ലില്ലാഹ്, അല്ലാഹു അക്ബർ പോലുള്ള ദിക്‌റുകൾ ആവർത്തിക്കുന്നത് മനസ്സിനെ ശാന്തമാക്കുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും. ‘ദൈവസ്മരണകൊണ്ടാണ് മനസ്സുകൾക്ക് സമാധാനം ലഭിക്കുക’ എന്ന ക്വുർആൻ വചനം ഓര്ക്കുക.
4. ആത്മപരിശോധന: കാലാവസ്ഥയെ കുറ്റപ്പെടുത്തുന്നതിനു പകരം അതിനെ ഒരു പരീക്ഷണമായി കാണുകയും ആത്മപരിശോധനയ്ക്ക് അവസരമാക്കുകയും ചെയ്യുക. പാപങ്ങൾ വെടിയുകയും പശ്ചാത്തപിച്ച് മടങ്ങുകയും ചെയ്യുക.
5. ശരീരസംരക്ഷണത്തിൽ ശ്രദ്ധിക്കുക: ഇസ്‌ലാം ആരോഗ്യ സംരക്ഷണത്തിന് വലിയ പ്രാധാന്യം നൽകുന്നുണ്ട്. പ്രാർഥനകൾക്കൊപ്പം ആവശ്യമായ ശാരീരിക മുൻകരുതലുകളും (ജലം കൂടുതലായി കുടിക്കൽ, സൂര്യപ്രകാശം നേരിട്ട് ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കൽ, ആവശ്യമെങ്കിൽ ചികിത്സ തേടൽ പോലുള്ളവ) നിർബന്ധമാണ്.
ഉയർന്ന താപനില ശാരീരിക പ്രശ്‌നം മാത്രമല്ല; മാനസികാരോഗ്യ പ്രതിസന്ധി കൂടി വരുത്തുന്ന താണ്. ഇത് ഭാവിയിൽ കൂടുതൽ ഗുരുതരമാകാനുള്ള സാധ്യതയുണ്ട്. അതിനാൽ, ഉയർന്ന താപനില മൂലം ഉണ്ടാകുന്ന ശാരീരിക-മാനസിക അസ്വസ്ഥതകളെയും പ്രശ്‌നങ്ങളെയും ഒരുമിച്ച് നേരിടാൻ നാം പ്രാപ്തരാകേണ്ടതുണ്ട്. നമ്മുടെ നിലവിലെ സംവിധാനങ്ങളിൽ അതിനനുസരിച്ച് ആവശ്യമായ മാറ്റങ്ങൾ വരുത്തേണ്ടതുമുണ്ട്.
(കോഴിക്കാട് ‘അർമോണിയ വെൽനസ് ഹബി’ൽ കൺസൾട്ടന്റ് സൈക്കോളജിസ്റ്റാണ് ലേഖിക)

