കുട്ടികളിലെ കൂർക്കംവലി
ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
2026 മെയ് 23, 1447 ദുൽഹിജ്ജ 07

മുതിർന്ന ആളുകളിൽ കൂർക്കംവലി ഉണ്ടാകുമ്പോൾ പൊതുവെ വളരെ സാധാരണയായാണ് നമ്മൾ കണക്കാക്കാറുള്ളത്. എന്നാൽ കുട്ടികളിൽ ഇത് കാണുകയാണെങ്കിൽ അതിനെ നിസ്സാരമായി കാണരുത്. വളരെ ഇടുങ്ങിയ വഴിയിലൂടെ ശ്വസനവായു സഞ്ചരിക്കുമ്പോഴാണ് ഇത്തരത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. മുതിർന്നവരിൽ കൂടുതലായും പൊണ്ണത്തടിയാണ് ഇത്തരത്തിൽ ശ്വസനനാളിയെ ഇടുങ്ങിയതാക്കുന്നതെങ്കിൽ കുട്ടികളിൽ അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കമാണ് പലപ്പോഴും ഇതിന് കാരണമാകുന്നത്.
എന്താണ് അഡിനോയ്ഡ്?
ഏകദേശം രണ്ടു വയസ്സു മുതൽ പന്ത്രണ്ടു വയസ്സുവരെയുള്ള കാലഘട്ടത്തിൽ കുട്ടികളുടെ മൂക്കിനു പിറകുവശത്ത് തൊണ്ടയുടെ മുകൾഭാഗത്തായി കാണുന്ന ഒരു ഗ്രന്ഥിയാണ് അഡിനോയ്ഡ്. മൂക്കിലൂടെയും വായിലൂടെയും ശരീരത്തിലേക്ക് പ്രവേശിക്കുന്ന അണുക്കളെ പ്രതിരോധിക്കുകയാണ് ഇതിന്റെ ധർമം. വിവിധ കാരണങ്ങളാൽ ഈ ഗ്രന്ഥിക്കുണ്ടാകുന്ന വീക്കമാണ് adenoid hypertrophy അഥവാ അഡിനോയ്ഡ് വീക്കം.
കാരണങ്ങൾ
അഡിനോയ്ഡ് ഗ്രന്ഥിയിൽ ബാക്ടീരിയയോ വൈറസോ ഉണ്ടാക്കുന്ന അണുബാധകൾ ഗ്രന്ഥിയുടെ വീക്കത്തിന് കാരണമാകാറുണ്ട്. അലർജിയാണ് മറ്റൊരു പ്രധാന കാരണം.
ലക്ഷണങ്ങൾ
Adenoid hypertrophy ഉള്ള കുട്ടികളിൽ സാധാരണയായി കണ്ടുവരാറുള്ള ലക്ഷണങ്ങളാണ് ഇടയ്ക്കിടെ യുള്ള ജലദോഷം, മൂക്കടപ്പ്, കൂർക്കംവലി, വായ തുറന്ന് കിടന്നുറങ്ങുക തുടങ്ങിയവ.
സങ്കീർണതകൾ
തുടക്കത്തിൽ കാണിക്കുന്ന ചെറിയ ലക്ഷണങ്ങൾ അവഗണിക്കുമ്പോൾ ഗ്രന്ഥിയുടെ വീക്കം വർധി ക്കുന്നതിനനുസരിച്ച് കൂടുതൽ സങ്കീർണതകളിലേക്ക് എത്തിച്ചേരുന്ന സാഹചര്യം ഉണ്ടാകുന്നു.
. വായ് തുറന്നു കിടന്നുറങ്ങുന്നത് പല്ലുകൾ ഉന്തിവരാൻ കാരണമാകുന്നു.
. കാലക്രമേണ കുട്ടിയുടെ മുഖത്തിന്റെ ആകൃതിയെ പോലും ഇത് ബാധിക്കുന്നു.
. ശ്വാസമെടുക്കുന്നതിലുള്ള തടസ്സം കുട്ടികളുടെ ഉറക്കത്തെ ശല്യപ്പെടുത്തുന്നു.
. ശരിയായ ഉറക്കമില്ലായ്മ കുട്ടികളുടെ ഓർമശക്തി കുറയുവാനും പഠനത്തിൽ പുറകോട്ടു പോകു വാനും കാരണമാകുന്നു.
അഡിനോയ്ഡ് ഗ്രന്ഥിയുടെ വീക്കം കൂടുന്നതിനനുസരിച്ച് ചെവിയിൽനിന്നും മൂക്കിന്റെ പുറകു വശത്തേക്കുള്ള ട്യൂബ് തടസ്സപ്പെടുകയും ഇത് ചെവിയിൽ അണുബാധ യുണ്ടാകുവാനും കേൾവിക്കുറവിനും കാരണമാകുന്നു.
രോഗ നിർണയം
മൂക്കിലൂടെയുള്ള എൻഡോസ്‌കോപ്പി വഴിയോ മുഖത്തിന്റെ എക്‌സ്‌റേ വഴിയോ രോഗനിർണയം നടത്താം.
ചികിത്സ
മുകളിൽ കൊടുത്തിട്ടുള്ള ലക്ഷണങ്ങൾ കാണുമ്പോൾ ഒരു ഡോക്ടറുടെ നിർദേശപ്രകാരം ചികിത്സ ആരംഭിക്കുന്നത് രോഗത്തിന്റ സങ്കീർണതകളിലേക്ക് എത്തിച്ചേരാതെ സംരക്ഷി ക്കപ്പെടാൻ സഹായകമാവും. രക്തപരിശോധനയിലൂടെ രോഗകാരണം അണുബാധയാണോ അലർജിയാണാ എന്ന് കണ്ടെത്തി അതിനനുസൃതമായ ചികിൽസ നൽകുന്നത് വഴി ഈ രോഗാവസ്ഥയെ പൂർണമായും മാറ്റിയെടുക്കാവുന്നതാണ്.

