നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം
ഡോ. ഹിസാന ജഹാൻ
2026 സെപ്തംബർ 12, 1448 റബീഉൽ ആഖിർ 01

പിറന്നുവീഴുന്ന എല്ലാ കുഞ്ഞുങ്ങളിലും സർവസാധാരണമായി കണ്ടുവരുന്നതാണ് മഞ്ഞനിറം അഥവാ മഞ്ഞപ്പിത്തം. ഇത് മറ്റു പ്രായക്കാരിൽ ഉണ്ടാകുന്ന മഞ്ഞപ്പിത്തത്തിൽനിന്ന് തികച്ചും വ്യത്യസ്തമാണ്.
കുഞ്ഞുങ്ങളിലെ മഞ്ഞനിറം എന്നത് ശരീരത്തിലെ ‘ബിലിറൂബിൻ’ എന്നതിന്റെ അളവാണ്. നമ്മുടെ ശരീരത്തിലെ ചുവന്ന രക്താണുക്കൾ വിഘടിക്കുമ്പോഴാണ് ബിലിറൂബിൻ ഉണ്ടാകുന്നത്. ഈ ബിലിറൂബിൻ സാധാരണ കരൾവഴി കുടലിലേക്ക് എത്തി, മലത്തിലൂടെയും മൂത്രത്തിലൂടെയുമാണ് പുറന്തള്ളപ്പെടുന്നത്. ജനനശേഷമുള്ള അവസ്ഥയിൽ ചുവന്ന രക്താണുക്കളുടെ വിഘടനം കൂടുതലായി നടക്കുന്നു. ഇങ്ങനെയുണ്ടാകുന്ന ബിലിറൂബിൻ പുറന്തള്ളാനുള്ള കരളിന്റെ പ്രവർത്തനം പൂർണമായി വികസിച്ചിട്ടില്ലാത്തതിൽ കുഞ്ഞുങ്ങളിൽ മഞ്ഞനിറം കൂടുതലായി കാണപ്പെടുകയും ചെയ്യുന്നു.
മാസം തികഞ്ഞ് ജനിച്ച, 60 ശതമാനത്തോളം കുഞ്ഞുങ്ങളിൽ മഞ്ഞപ്പിത്തം കാണാറുണ്ട്. ഇതിനെ പൊതുവെ സാധാരണ മഞ്ഞപ്പിത്തം അഥവാ physiological jaundice എന്നു പറയുന്നു. ഇത് സാധാരണയായി മൂന്നു മുതൽ അഞ്ചു ദിവസം കഴിയുമ്പോൾ കൂടുതലായി കാണപ്പെടുകയും പിന്നീട് താനേ കുറയുകയും ചെയ്യും. ഭൂരിഭാഗം കുഞ്ഞുങ്ങൾക്കും ചികിത്സയൊന്നും ആവശ്യമില്ലാതെ തന്നെ ഇത് മാറുകയും ചെയ്യും. എന്നാൽ ചില കുഞ്ഞുങ്ങളിൽ ഇത് അളവിൽ കൂടുതലാകുകയും ചികിത്സ അനിവാര്യമാവുകയും ചെയ്യുന്നു.
ആർക്കൊക്കെയാണ് മഞ്ഞപ്പിത്തം കൂടുതലാകാൻ സാധ്യത?
1. മാസം തികയാതെ പ്രസവിച്ച അല്ലെങ്കിൽ തൂക്കം കുറവുള്ള കുഞ്ഞുങ്ങളിൽ.
2. അമ്മയുടെയും കുഞ്ഞിന്റെയും രക്തഗ്രൂപ്പുകളിലെ വ്യത്യാസം: അമ്മയുടെ ഗ്രൂപ്പ് നെഗറ്റീവും കുഞ്ഞിന്റെ ഗ്രൂപ്പ് പോസിറ്റീവും ആകുന്ന അവസ്ഥകളിൽ, അല്ലെങ്കിൽ അമ്മയുടെ ഗ്രൂപ്പ് ‘ഒ’യും കുഞ്ഞിന്റെത് ‘എ’ അല്ലെങ്കിൽ ‘ബി’യും ആകുന്ന സാഹചര്യങ്ങളിലും മഞ്ഞപ്പിത്തം കൂടുതലാകാൻ സാധ്യതയുണ്ട്.
3. കുഞ്ഞുങ്ങളിലെ അണുബാധകൾ, തൈറോയിഡിലുള്ള പ്രശ്നങ്ങൾ, അമ്മയിലെ പ്രമേഹം, പ്രസവസമയത്ത് തലയിലുണ്ടാകുന്ന ചെറിയ രക്തസ്രാവങ്ങൾ, പ്രസവശേഷം കുഞ്ഞിന് ലഭിക്കുന്ന പാലിന്റെ അളവിലുള്ള കുറവ് എന്നിവയെല്ലാം മഞ്ഞപ്പിത്തം കൂടുതലാകാൻ കാരണമാകുന്നവയാണ്.
മഞ്ഞപ്പിത്തം കൂടിയാൽ എന്താണു സംഭവിക്കുക?
മഞ്ഞപ്പിത്തം പരിധിയിൽ കൂടുതൽ ആകുമ്പോൾ ശരീരത്തിന്റെ പല അവയവങ്ങളിലേക്കും- തലച്ചോർ ഉൾപ്പെടെ-ബിലിറൂബിൻ അടിയുന്നതിന് കാരണമാകുന്നു.
കുറച്ചു ദിവസത്തിനുശേഷം മഞ്ഞനിറം കുറയുമെങ്കിലും, തലച്ചോറിൽ ബിലിറൂബിൻ ഉണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ആജീവനാന്തം നിലനിൽക്കാം. ഇവ പഠനവൈകല്യങ്ങൾ, കേൾവിക്കുറവ്, സെറിബ്രൽ പാൾസി പോലുള്ള അവസ്ഥകൾ എന്നിവയ്ക്ക് കാരണമാകും.
സമയോചിതമായ ചികിത്സ നൽകിയാൽ ഇവയെല്ലാം പ്രതിരോധിക്കാമെന്നതിനാൽ, മഞ്ഞപ്പി ത്തത്തെക്കുറിച്ചുള്ള ശരിയായ തിരിച്ചറിവ് മാതാപിതാക്കൾക്ക് അനിവാര്യമാണ്.
മഞ്ഞപ്പിത്തം എങ്ങനെ തിരിച്ചറിയാം?
മാതാപിതാക്കൾക്ക് ഏറ്റവും എളുപ്പത്തിൽ ഇത് തിരിച്ചറിയാനുള്ള വഴി കുഞ്ഞിന്റെ തൊലിയുടെ നിറം നോക്കുക എന്നതാണ്. കുറഞ്ഞ അളവിലുള്ള മഞ്ഞനിറം കണ്ണുകളിലും മുഖത്തുമാണ് കാണുക. എന്നാൽ അളവ് കൂടുന്തോറും ഇത് ശരീരത്തിലേക്ക് വ്യാപിക്കുകയും കാലിലും കയ്യിലും മഞ്ഞനിറം കാണുകയും ചെയ്യാം. ഇങ്ങനെ മഞ്ഞനിറം ശരീരത്തിന്റെ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കുന്ന തായി കാണുമ്പോൾ, ഇത് സാധാരണ അളവിലും കൂടുതലായിരിക്കാം എന്ന് മനസ്സിലാക്കി, എത്രയും പെട്ടെന്ന് ഒരു ശിശുരോഗവിദഗ്ധനെ കാണിക്കുക. കുഞ്ഞിന്റെ നിറം നോക്കി മാത്രം ബിലിറൂബിന്റെ അളവ് കൃത്യമായി മനസ്സിലാക്കാൻ കഴിയില്ല എന്നത് ഓർക്കേണ്ടതാണ്.
ആശുപത്രിയിൽ മഞ്ഞയുടെ അളവ് എങ്ങനെയാണ് പരിശോധിക്കുന്നത്?
ആശുപത്രിയിൽ മഞ്ഞയുടെ അളവ് പരിശോധിക്കുന്നത് പ്രധാനമായും രണ്ടു മാർഗങ്ങളിലൂടെയാണ്:
1. തൊലിയിലൂടെ ബിലിറൂബിൻ അളക്കുന്ന ഉപകരണം Transcutaneous Bilirubinometer. ഇത് ഇൻഫ്രാറെഡ് തരംഗങ്ങൾ ഉപയോഗിച്ച് തൊലിപ്പുറത്തുള്ള മഞ്ഞയെ അളക്കുകയും അതിൽനിന്ന് ഏകദേശ അളവ് ലഭിക്കുകയും ചെയ്യുന്നു.
2. രക്തത്തിലെ ബിലിറൂബിന്റെ അളവ് പരിശോധിക്കുക. ഇത് ഏറ്റവും കൃത്യമായി അറിയാനുള്ള മാർഗമാണ്. രക്തത്തിലെ ബിലിറൂബിന്റെ അളവും, കുഞ്ഞിന്റെ ജനനസമയവും, ജനിച്ച് എത്ര മണിക്കൂർ അല്ലെങ്കിൽ ദിവസങ്ങൾ കഴിഞ്ഞു എന്നതും നോക്കിയാണ് ചികിത്സ വേണമോ എന്നു തീരുമാനിക്കുന്നത്.
എന്തൊക്കെയാണു ചികിത്സാരീതികൾ?
1. ഫോട്ടോതെറാപ്പി:
കുഞ്ഞിന്റെ ബിലിറൂബിൻ സാധാരണ അളവിനെക്കാൾ കൂടുതലാണെങ്കിൾ സാധാരണയായി നൽകുന്ന ചികിത്സയാണ് ഫോട്ടോതെറാപ്പി.
കുഞ്ഞിനെ ഒരു പ്രത്യേക തരംഗദൈർഘ്യമുള്ള പ്രകാശത്തിന്റെ താഴെ കിടത്തിയാണ് ഇത് ചെയ്യുന്നത്. ഇതിലൂടെ ബിലിറൂബിൻ ശരീരത്തിൽനിന്ന് എളുപ്പത്തിൽ പുറത്തുപോകാൻ കഴിയുന്ന രൂപത്തിലേക്ക് മാറുകയും അതുവഴി ബിലിറൂബിന്റെ അളവ് കുറയുകയും ചെയ്യുന്നു. കുറച്ചു മണിക്കൂറുകൾക്കു ശേഷം രക്തത്തിലെ ബിലിറൂബിന്റെ അളവ് പുനഃപരിശോധിക്കുകയും ചെയ്യുന്നതാണ് .
2. Exchange transfusion.
വളരെയധികം ഉയർന്ന അളവിൽ ശരീരത്തിലെ ബിലിറൂബിൻ എത്തുന്ന ഗുരുതരമായ അവസ്ഥയിൽ രക്തമാറ്റ ചികിത്സ ആവശ്യമായി വന്നേക്കാം. ഇത് കൂടുതൽ സങ്കീർണതകളുള്ളതും പ്രത്യേക സൗകര്യങ്ങളുള്ള ആശുപത്രിയിൽ മാത്രം ചെയ്യേണ്ടതുമായ ചികിത്സാരീതിയാണ്. കുഞ്ഞിന്റെ രക്തം ചെറിയ അളവുകളായി പുറത്തെടുത്ത് അതിനുപകരം അനുയോജ്യമായ മറ്റൊരാളുടെ രക്തം കയറ്റുന്ന രീതിയാണിത്.
ഫോട്ടോതെറാപ്പി നൽകൽ നിർത്തിയ ശേഷം ചിലപ്പോൾ വീണ്ടും മഞ്ഞ കൂടുന്ന സാഹചര്യം കണ്ടുവരാറുണ്ട്. അതുകൊണ്ടുതന്നെ 12 മണിക്കൂറിനോ 24 മണിക്കൂറിനോ ശേഷം വീണ്ടും മഞ്ഞയുടെ അളവ് പരിശോധിക്കാൻ ഡോക്ടർ നിർദേശിക്കാറുണ്ട്.
വെയിൽ കാണിച്ചാൽ മഞ്ഞ മാറുമോ?

വെയിൽ കാണിച്ചാൽ മഞ്ഞനിറം മാറും എന്നൊരു ധാരണ പലർക്കുമുണ്ട്. എന്നാൽ മഞ്ഞപ്പിത്തമുള്ള കുഞ്ഞിനെ വെയിലത്തു കിടത്തുന്നത് ചികിത്സയ്ക്കു പകരമാകില്ല. വെയിലിൽ ഫോട്ടോ തെറാപ്പിയിൽ ഉപയോഗിക്കുന്ന ചില തരംഗദൈർഘ്യങ്ങൾ ഉണ്ടെങ്കിലും, ബിലിറൂബിന്റെ അളവ് കുറയ്ക്ക ത്തക്ക രീതിയിൽ ആവശ്യമായ അളവിലും നിയന്ത്രിതമായ രീതിയിലും ആ പ്രകാശം കുഞ്ഞിന് ലഭിക്കണമെന്നില്ല. അതോടൊപ്പം ശരീരത്തിന് ഹാനികരമായ മറ്റു തരംഗദൈർഘ്യങ്ങളും സൂര്യപ്രകാശ ത്തിൽ ഉണ്ടാകാം. അതിനാൽ മഞ്ഞപ്പിത്തം കുറയ്ക്കുന്നതിനായി കുഞ്ഞിനെ വെയിലത്തു കിടത്തരുത്. കുഞ്ഞിനു വിറ്റാമിൻ ഡി ലഭിക്കുന്നതുപോലുള്ള ചില ഗുണങ്ങൾ വെയിലിലൂടെ ലഭിച്ചേക്കാം.
വീടുകളിൽ എന്ത് ചെയ്യാം?
മഞ്ഞപ്പിത്തം കൂടുതലാകുന്ന സാഹചര്യമുണ്ടാവുകയാണെങ്കിൽ, എത്രയും പെട്ടെന്ന് ഒരു ഡോക്ടറെ കാണിക്കുകയും ബിലിറൂബിന്റെ അളവ് പരിശോധിക്കുകയും ഡോക്ടറുടെ നിർദേശമനുസരിച്ച് ചികിത്സ ലഭ്യമാക്കുകയും ചെയ്യേണ്ടതാണ്. ചികിത്സിക്കേണ്ട അളവിൽ ബിലിറൂബിൻ എത്തിയിട്ടി ല്ലെങ്കിൽ, കുഞ്ഞിന് നന്നായി പാൽ കൊടുക്കുകയും കുഞ്ഞിനെ നിരീക്ഷിക്കുകയും ചെയ്യുക എന്നതാ ണ് പ്രധാനപ്പെട്ട കാര്യം. നന്നായി പാൽ ലഭിക്കുന്നത് കുഞ്ഞിന്റെ ശരീരത്തിൽനിന്ന് ബിലിറൂബിൻ പുറത്തുപോകാൻ സഹായിക്കും. കുഞ്ഞ് ആവശ്യത്തിനു പാൽ കുടിക്കുന്നുണ്ടോ, മൂത്രം നന്നായി പോകുന്നുണ്ടോ, മഞ്ഞനിറം കൂടുന്നുണ്ടോ പോലുള്ള കാര്യങ്ങൾ ശ്രദ്ധിക്കണം.
• താഴെ പറയുന്ന ഏതെങ്കിലും ലക്ഷണങ്ങൾ ഉണ്ടെങ്കിൽ അടിയന്തരമായി ഡോക്ടറെ സമീപിക്കണം :
• ജനിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽതന്നെ മഞ്ഞനിറം കാണുന്നത്.
• മഞ്ഞനിറം വളരെ വേഗത്തിൽ കൂടുന്നത്.
• മഞ്ഞനിറം കൈകാലുകളിലേക്കും വ്യാപിക്കുന്നത്.
• കുഞ്ഞ് കൂടുതൽ ഉറങ്ങുകയും ഉണർത്തിയാൽ പോലും പാൽ കുടിക്കാൻ തയ്യാറാകാതിരിക്കു കയും ചെയ്യുന്നത്.
• കുഞ്ഞ് നന്നായി പാൽ കുടിക്കാത്തത്.
• അസാധാരണമായ കരച്ചിൽ.
• അപസ്മാര സാദൃശ്യമുള്ള ലക്ഷണങ്ങൾ.
നവജാത ശിശുക്കളിലെ മഞ്ഞപ്പിത്തം സാധാരണയായി കാണപ്പെടുന്ന ഒന്നാണെങ്കിലും, അതിനെ അവഗണിക്കരുത്. സമയത്ത് തിരിച്ചറിയുകയും ആവശ്യമായ പരിശോധനകളും ചികിത്സയും ലഭ്യമാ ക്കുകയും ചെയ്യുന്നതിലൂടെ ഗുരുതരമായ സങ്കീർണതകൾ ഒഴിവാക്കാൻ കഴിയും.
