ആർത്തവവിരാമം: സ്ത്രീകളും കുടുംബവും അറിയേണ്ടത്
ഡോ. യാസ്മിൻ എം അബ്ബാസ്, പട്ടാമ്പി
2026 സെപ്തംബർ 05, 1448 റബീഉൽ അവ്വൽ 23

സ്ത്രീ കളുടെ ജീവിതകാലയളവ് വിവിധങ്ങളായ ശാരീരിക-മാനസിക ഘട്ടങ്ങളിലൂടെ കടന്നു പോകുന്ന ഒന്നാണ്. മാസം തോറുമുള്ള ആർത്തവം, ഗർഭധാരണം, മുലയൂട്ടൽ തുടങ്ങിയവയുടെ ഈ പട്ടികയിൽ അവസാനത്തെതും ഏറ്റവും പ്രയാസകരവുമായ അവസ്ഥയാണ് ആർത്തവവിരാമം അഥവാ Menapause.
മുകളിൽ പരാമർശിച്ച ഓരോ കാലഘട്ടത്തിനും അതിന്റെതായ പ്രത്യേകതകളും കർത്തവ്യങ്ങളുമുണ്ട്. ഈ ഘട്ടങ്ങളുടെയെല്ലാം നിയന്ത്രണങ്ങളുടെ നെടുന്തൂണ് സ്ത്രീകളുടെ ലൈംഗിക ഹോർമോണുകളാണ്. ആർത്തവ വിരാമമെന്നത് പേരു സൂചിപിക്കുന്നതു പോലെത്തന്നെ ഏകദേശം കൗമാരത്തിലാരംഭിച്ച ആർത്തവത്തിനു പര്യവസാനം കുറിക്കുകയാണ്. എന്നാൽ കേവലം ഈയൊരു കാര്യം മാത്രമല്ല അവിടെ സംഭവിക്കപ്പെടുന്നത്. ആർത്തവവിരാമം എന്താണെനും എങ്ങനെ അതിനെ നേരിടണമെന്നും വിശദമായി മനസ്സിലാക്കുവാനായി ആദ്യം ശരീരത്തിലെ പ്രധാന ലൈംഗിക ഹോർമോണുകളുടെ പ്രവർത്തനങ്ങളെ കുറിച്ച് മനസ്സിലാക്കേണ്ടതുണ്ട്.
ലൈംഗിക ഹോർമോണുകളും പ്രവർത്തനങ്ങളും
സ്ത്രീകളുടെ ലൈംഗിക ഹോർമോണുകൾ പ്രധാനമായും ഈസ്ട്രജൻ പ്രൊജസ്റ്ററോൺ എന്നിവയാണ്. കൗമാര കാലഘട്ടത്തിൽ കാര്യക്ഷമമാകുന്ന ഈ ഹോർമോണുകളാണ് ഒരു പെൺകുട്ടിയെ മുതിർന്ന സ്ത്രീയിലേക്ക് വഴിനടത്തുന്നത്.
എന്നാൽ ഈ ഹോർമോണുകളുടെ പ്രവർത്തനമണ്ഡലം കേവലം ലൈംഗികത മാത്രമല്ല, മറിച്ച് ഒരു സ്ത്രീയുടെ ശാരീരിക, മാനസിക വികാര തലങ്ങളിൽ വിശാലമായ പ്രവർത്തനങ്ങൾ ഇവയ്ക്കുണ്ട്.
• ശരീരത്തിന്റെ സ്വാഭാവികമായ പ്രതിരോധകോശങ്ങളെ ഉത്തേജിപ്പിച്ച് രോഗപ്രതിരോധ ശേഷിയെ വർധിപ്പിക്കാൻ സഹായിക്കുന്നു.
• നല്ല ഉറക്കത്തിനായി തലച്ചോറ് ഉൽപാദിപ്പിക്കുന്ന melatonin എന്ന രാസവസ്തുവിന്റെ അളവു വർധിപ്പിച്ച് ഉറക്കത്തിന് സഹായകമാകുന്നു.
• മനസ്സിനു സമ്മർദമുണ്ടാകുന്ന കോർട്ടിസോൾ എന്ന രാസവസ്തുവിനെ നിയന്ത്രിക്കുന്നതു വഴി മനസ്സിന്റെ ശാന്തത നിലനിർത്തുവാനുപകരിക്കുന്നു.
• മനസ്സിനു സന്തോഷം നൽകുന്ന ഡോപമിൻ, സെറോടോണിൻ എന്നീ രാസവസ്തുക്കളുടെ ഉൽപാദനം വർധിപ്പിക്കുന്നതുവഴി ഉൻമേഷവും സന്തോഷവും ലഭിക്കുന്നു
• രക്തസമ്മർദം കുറയ്ക്കാനും രക്തയോട്ടം വർധിപ്പിക്കാനും ഹൃദയാരോഗ്യം നിലനിർത്താനും സഹായിക്കുന്നു.
• യോനിയിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുകയും യോനിയുടെ സംവേദനക്ഷമതയും സ്വാഭാവികമായ ഈർപ്പവും നിലനിർത്തുകയും ചെയ്യുന്നു.
ആർത്തവ വിരാമവും മൂന്നു ഘട്ടങ്ങളും
ഈസ്ട്രജന്റെയും പ്രൊജസ്റ്റ്റോണിന്റെയും അളവു ക്രമേണ കുറയുകയും തുടർച്ചയായി പന്ത്രണ്ടു മാസത്തോളവും തുടർന്നും ആർത്തവം ഇല്ലാതിരിക്കുകയും ചെയ്യുമ്പോഴാണ് അതിനെ ആർത്തവ വിരാമം (menapause) എന്നു പറയുന്നത്. സാധാരണയായി 45നും 55നും ഇടയിലാണ് ഇത് സംഭവി ക്കുന്നത്.
പെരിമെനാപോസ്

ആർത്തവ വിരാമം നടക്കുന്നതിനു മുന്നോടിയായി ശരീരം അതിനു തയ്യാറെടുക്കുന്ന ഘട്ടമാണിത്. ഈ സമയം മുതൽക്കു ശരീരം ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റയും ഉൽപാദനം കുറച്ചു കൊണ്ടുവരുന്നു. അതിനാൽ തന്നെ ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ശാരീരികവും മാനസികവുമായ പല മാറ്റങ്ങളും ഈ സമയം മുതൽ കണ്ടുതുടങ്ങുന്നു. ആർത്തവം ക്രമം തെറ്റിവരുന്നതാണ് ഇതിന്റെ പ്രധാന ലക്ഷണം.
മെനാപോസ്
തുടർച്ചയായി ഒരു വർഷത്തോളം ആർത്തവം ഉണ്ടാകാതിരിക്കുന്നതാണ് ഈ ഘട്ടം. ഈസ്ട്രജന്റെയും പ്രൊജസ്റ്ററോണിന്റെയും അളവ് സാരമായി കുറയുന്നതിനാൽതന്നെ ആർത്തവം നിലയ്ക്കുന്നതോടൊപ്പം ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ പലതും ഈ കാലയളവിൽ അനുഭവപ്പെടുന്നു.
പ്രധാന ലക്ഷണങ്ങൾ:
• ശരീരത്തിൽ പ്രത്യേക ഭാഗങ്ങളിൽ അസഹനീയമായ ചൂടും പുകച്ചിലും വിയർപ്പും അനുഭവ പ്പെടുന്നു (Hot flashes).
• ഉറക്കക്കുറവ്.
• എല്ലുകളുടെ ബലക്ഷയം.
• യോനിയിലെ സ്വാഭാവിക ഈർപ്പം നഷ്ടപ്പെടുന്നു.
• മാനസിക പിരിമുറുക്കം.
പോസ്റ്റ് മെനാപോസ്
ആർത്തവ വിരാമം സംഭവിച്ചതിനു ശേഷമുള്ള ശിഷ്ടകാലയളവാണിത്. ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള പ്രധാന ബുദ്ധിമുട്ടുകൾ ഈ ഘട്ടത്തിൽ സാവധാനം കുറഞ്ഞുവരുന്നു.
ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള ആരോഗ്യ സംരക്ഷണം:
ആർത്തവിരാമം ഒരു രോഗമല്ല; മറിച്ച് സ്ത്രീകളിൽ ജീവശാസ്ത്രപരമായി സംഭവിക്കുന്നൊരു മാറ്റമാണ്. എങ്കിൽപോലും കൗമാരം മുതൽ ദീർഘമായ കാലമത്രയും ശരീരത്തിനെയും വികാരവിചാര ങ്ങളെയും കാര്യമായി സ്വാധീനിച്ചിരുന്ന പ്രധാന ഹോർമോണുകളുടെ പിൻവാങ്ങൽ എന്ന നിലയിൽ കാര്യമായ ആരോഗ്യപരിചരണം ഈ സമയത്ത് അത്യന്താപേക്ഷികമാണ്.
പോഷകാഹാരം
കാത്സ്യവും പ്രോട്ടീനും വിറ്റാമിനുകളും അടങ്ങിയ ഇലക്കറികൾ, പാലുൽപന്നങ്ങൾ, നട്സ് തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക; ധാരാളം വെളളം കുടിക്കണം.
വ്യയാമവും ശരിയായ വിശ്രമവും
ലഘുവായ വ്യായാമങ്ങൾ അമിതവണ്ണം വെക്കുന്നതു തടയാനും എല്ലുകളുടെയും പേശികളുടെ യും ബലം മെച്ചപ്പെടുത്താനും ശരീരത്തിനും മനസ്സിനും ഉന്മേഷം നൽകാനും സഹായകമാണ്.
മാനസികമായ തയ്യാറെടുപ്പ്
ആർത്തവ വിരാമത്തോടനുബന്ധിച്ചുള്ള അനേകം പ്രയാസങ്ങൾക്കിടയിൽ മാനസികമായ കരുത്ത് നഷ്ടപ്പെടാതിരിക്കുകയെന്നതു പ്രധാനമാണ്. ആർത്തവ വിരാമത്തെ കുറിച്ചുള്ള ശരിയായ അറിവാണ് ആദ്യമായുണ്ടാവേണ്ടത്. താനിപ്പോൾ കടന്നുപോകുന്നത് തീർത്തും സ്വാഭാവികമായ ചില മാറ്റങ്ങളി ലൂടെയാണെന്നും ക്രിയാത്മകമായ ഒരുക്കങ്ങളിലൂടെ തനിക്കിതിനെ മറികടക്കാനാവുമെന്നും തിരിച്ചറിയണം. ഇഷ്ടമുള്ള കാര്യങ്ങളിലേർപ്പെടാനായി സമയം കണ്ടെത്തുന്നതു മാനസിക സമ്മർദം കുറക്കാൻ സഹായകമാണ്. പ്രയാസങ്ങൾ കുടുംബത്തോടു തുറന്നുപറയാനും ആവശ്യമെങ്കിൽ ചികിത്സ തേടാനും മടിക്കരുത്.
എപ്പോഴാണ് ചികിത്സ തേടേണ്ടത്?
• അമിതമായ രക്തസ്രാവം: പെരിമെനാപോസ് കാലഘട്ടത്തിലുണ്ടാവുന്ന അമിത രക്തസ്രാവവും മെനാപോസിന് ശേഷം വീണ്ടും ഉണ്ടാവുന്ന രക്തസ്രാവവും വൈദ്യ പരിശോധനക്ക് വിധേയമാകേ ണ്ടവയാണ്.
• അസഹനീയമായ ചൂടും വിയർപ്പും ഉറക്കത്തെയും നിത്യജീവിതത്തെയും ബാധിക്കുന്നുവെങ്കിൽ വൈദ്യസഹായം തേടുക
• ഹൃദ്രോഗവുമായി ബന്ധപ്പെട്ട അമിതമായ നെഞ്ചിടിപ്പ്, ഉയർന്ന രക്തസമ്മർദം തുടങ്ങിയ ലക്ഷണങ്ങൾ ചികിത്സ അത്യാവശ്യമായി വരുന്നതാണ്.
• നിത്യജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള ഉറക്കമില്ലായ്മ.
• യോനീഭാഗത്തെ അമിതമായ വരൾച്ച: വേദനയോ ചൊറിച്ചിലോ മറ്റ് അസ്വസ്ഥതകളോ ഉണ്ടെങ്കിൽ തീർച്ചയായും ചികിത്സ ആവശ്യമാണ്.
• മൂത്രാശയ സംബന്ധമായ അണുബാധയോ അറിയാതെ മൂത്രംപോകുന്ന അവസ്ഥയോ ഉണ്ടായാൽ വിശദമായ പരിശോധനകൾ വേണ്ടിവന്നേക്കാം
• അമിതമായ വിഷാദം, ഉത്കണ്ഠ, അനിയന്ത്രിതമായ ദേഷ്യം, സങ്കടം തുടങ്ങിയവയെല്ലാം ചികിത്സിക്കേണ്ടവയാണ്.
കുടുംബത്തിന്റെ കരുതൽ
ആർത്തവവിരാമത്തിലൂടെ കടന്നുപോകുന്ന സ്ത്രീയുടെ കുടുംബത്തിനും ഈ വിഷയത്തിൽ വ്യക്തമായ ധാരണയുണ്ടായിരിക്കണം. അത്രയും കാലം ചുറുചുറുക്കോടെ വീടിനെ നിയന്ത്രിച്ചിരുന്ന ഉമ്മയുടെ, അല്ലെങ്കിൽ ഭാര്യയുടെ ആരോഗ്യസ്ഥിതിയിലും മാനസികാവസ്ഥയിലും കാര്യമായ വ്യത്യാസങ്ങൾ പ്രകടമാകുന്ന ഈ കാലഘട്ടത്തിൽ അവരുടെ ഈ മാറ്റങ്ങൾക്കു പിന്നിലുള്ള കാരണം ഇന്നതാണെന്നു കുടുംബാംഗങ്ങൾ തിരിച്ചറിയണം. അവർക്ക് താങ്ങും തണലുമായി നിലകൊള്ളണം. ആവശ്യത്തിനു വിശ്രമം, പോഷകാഹാരം, മാനസികമായ പിന്തുണ എന്നിവ ഉറപ്പുവരുത്തണം.
