കുട്ടികളും സ്‌ക്രീൻ ഉപയോഗവും
ഡോ. ഹുസ്‌ന ഹുസൈൻ
2026 ജൂൺ 06, 1447 ദുൽഹിജ്ജ 21

ഡിജിറ്റൽ കാലഘട്ടത്തിൽ കുട്ടികളുടെ ജീവിതത്തിൽ മൊബൈൽ, ടിവി, ടാബ്‌ലെറ്റ്, കമ്പ്യൂട്ടർ തുടങ്ങിയവയുടെ പങ്ക് വളരെ കൂടുതലാണ്. പഠനത്തിനും വിനോദത്തിനുമായി ഇവ ഉപയോഗിക്കുന്നത് ആവശ്യമാണെങ്കിലും, അവയുടെ അമിത ഉപയോഗം കുട്ടികളുടെ ആരോഗ്യത്തെ വിവിധ രീതിയിൽ ബാധിക്കുന്നുവെന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതുകൊണ്ട് തന്നെ സ്‌ക്രീൻ സമയം നിയന്ത്രിതമാക്കുന്നത് അത്യാവശ്യമാണ്.
ദീർഘനേരം സ്‌ക്രീനിൽ നോക്കുന്നത് കുട്ടികളിൽ ഡിജിറ്റൽ ഐ സ്‌ട്രെയ്ൻ (Digital Eye Strain) എന്ന പ്രശ്‌നത്തിന് കാരണമാകുന്നു. ഇതിലൂടെ കണ്ണ് വരണ്ടുപോകൽ, ചൊറിച്ചിൽ, ചുവപ്പ്, താൽക്കാലികമായ മങ്ങലുള്ള കാഴ്ച എന്നിവ ഉണ്ടാകാം. സാധാരണയായി ഒരു മിനിറ്റിൽ ഏകദേശം 15 പ്രാവശ്യം നമ്മൾ കണ്ണടച്ചുതുറക്കാറുണ്ട്. എന്നാൽ സ്‌ക്രീൻ നോക്കുമ്പോൾ അത് ഏകദേശം 5 പ്രാവശ്യം മാത്രമായി കുറയുന്നു; ഇതാണ് കണ്ണ് വരണ്ടുപോകാനും അസ്വസ്ഥതകൾക്കുമുള്ള പ്രധാന കാരണം.
ചെറിയ സ്‌ക്രീനുകളായ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നതിനെക്കാൾ കുറച്ച് ദൂരം പാലിച്ച് കാണാൻ കഴിയുന്ന ടിവി ഉപയോഗിക്കുന്നതാണ് കൂടുതൽ സുരക്ഷിതം, കാരണം അത് കണ്ണിന് വരുന്ന സമ്മർദം കുറയ്ക്കാൻ സഹായിക്കുന്നു. മൊബൈൽ ഫോണുകൾ കുട്ടികൾക്ക് നൽകുമ്പോൾ അവർ അത് തുടർച്ചയായി സ്‌ക്രോൾ ചെയ്യാനാണു സാധ്യത. ഇത് സ്‌ക്രീൻ സമയം നിയന്ത്രിക്കാൻ ബുദ്ധിമുട്ടുണ്ടാക്കും. കൂടാതെ, സ്‌ക്രീനുകളിൽനിന്നുള്ള നീല വെളിച്ചം (Blue Light)കുട്ടികളുടെ ഉറക്കക്രമത്തെ ബാധിക്കുകയും ഉറക്കത്തിന്റെ ഗുണനിലവാരം കുറയ്ക്കുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ക്ഷീണം, ശ്രദ്ധക്കുറവ്, പഠനത്തിൽ താൽപര്യമില്ലായ്മ എന്നിവ കാണപ്പെടാം.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി കുട്ടികളിൽ ചെറുപ്പത്തിൽതന്നെ കണ്ണട ഉപയോഗിക്കേണ്ട സാഹചര്യം കൂടുതലായി കാണപ്പെടുന്നുണ്ട്. മുമ്പ് പ്രധാനമായും വംശപരമായ (hereditary) കാരണങ്ങളാൽ മാത്രമായിരുന്നു കുട്ടികൾക്ക് കാഴ്ച പ്രശ്‌നങ്ങൾ കൂടുതലായി കാണപ്പെട്ടിരുന്നത്. എന്നാൽ ഇന്ന്, നീണ്ട സമയം അടുത്ത ദൂരത്തിൽ സ്‌ക്രീൻ നോക്കുന്നത് കൊണ്ടും പുറത്തുള്ള പ്രവർത്തനങ്ങളുടെ കുറവുമൂലവും മൈയോപിയ (myopia) പോലുള്ള കാഴ്ചപ്രശ്‌നങ്ങൾ ചെറുപ്പത്തിൽ തന്നെ വർധിച്ചുവരുന്നതായി പഠനങ്ങൾ സൂചിപ്പിക്കുന്നു.
ഇത് തടയാൻ കുട്ടികളെ ദിവസേന കുറഞ്ഞത് 1.5 മുതൽ 2 മണിക്കൂർവരെ വീടിനു പുറത്ത് കളിക്കാൻ പ്രോത്സാഹിപ്പിക്കുന്നത് ഏറെ ഗുണകരമാണ്. പുറത്തുള്ള പ്രകാശം കണ്ണിന്റെ സ്വാഭാവിക വളർച്ചക്കും സ്വഭാവികമായ കാഴ്ച കുറയുന്നത് മന്ദഗതിയിലാക്കാനും സഹായിക്കുന്നു. അതിനാൽ, സ്‌ക്രീൻ സമയം കുറയ്ക്കുന്നതോടൊപ്പം ഔട്ട്‌ഡോർ കളികൾക്ക് മുൻഗണന നൽകുന്നത് കുട്ടികളുടെ കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏറെ പ്രധാനമാണ്.
സ്‌ക്രീൻ സമയം കൂടുതലാകുമ്പോൾ കുട്ടികൾക്ക് നീണ്ടസമയം ഒരേ സ്ഥാനത്ത് ഇരിക്കേണ്ടിവരുന്നു, ഇത് അവരുടെ ശാരീരിക ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കുന്നു. ഇത്തരത്തിലുള്ള sedentary lifestyle കുട്ടികൾ ശീലമാക്കിയാൽ പിന്നെ സ്‌ക്രീനിന് മുന്നിൽ ഇരുന്നുകൊണ്ട് ജങ്ക് ഫുഡ്‌സ് കൊറിക്കലും കഴിക്കലുമായിരിക്കും അടുത്ത പടി. അതിനോടൊപ്പം വ്യായാമവും കുറയും. അതുവഴി അമിതവണ്ണം, ശരിയായ ശരീരഭംഗി നഷ്ടപ്പെടൽ എന്നിവയിൽ കുട്ടികളെ എത്തിക്കും. അമിത സ്‌ക്രീൻ ഉപയോഗം കുട്ടികളുടെ മാനസിക വളർച്ചയെയും ബാധിക്കാം; യഥാർഥ ലോകത്തിൽ നടക്കുന്ന സാമൂഹിക ഇടപെടലുകളും സൃഷ്ടിപരമായ കളികളും കുറയുന്നത് അവരുടെ ഭാഷാവികസനത്തെയും സാമൂഹിക കഴിവുകളെയും ദോഷകരമായി ബാധിക്കും.
കുട്ടികളുടെ സ്‌ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതിൽ മാതാപിതാക്കളുടെ പങ്ക് വളരെ വലുതാണ് . ചെറുപ്രായക്കാർക്കായി സ്‌ക്രീൻ ഉപയോഗത്തിൽ പ്രത്യേക ജാഗ്രത ആവശ്യമുണ്ട്. രണ്ടു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് സ്‌ക്രീൻ ഉപയോഗം പരമാവധി ഒഴിവാക്കുന്നതാണ് മികച്ചത് എന്ന് വിദഗ്ധർ നിർദേശിക്കുന്നു. പ്രവാസി കുടുംബങ്ങൾക്കിടയിൽ പലപ്പോഴും കുഞ്ഞുങ്ങളെ ബന്ധുക്കൾക്ക് കാണിക്കാൻ വീഡിയോ കോൾ ഉപയോഗിക്കുന്ന പ്രവണത കാണാറുണ്ട്. എന്നാൽ, മൂന്ന് മുതൽ ആറു മാസം വരെ പ്രായമുള്ള കുഞ്ഞുങ്ങൾ സ്‌ക്രീനിൽ കാണുന്ന വ്യക്തിയെ തിരിച്ചറിയുന്നില്ല; അവർ പ്രധാനമായും സ്‌ക്രീനിലെ വെളിച്ചം, നിറം, ചലനം എന്നിവയ്ക്കാണ് പ്രതികരിക്കുന്നത്. അതിനാൽ, അവർ യഥാർഥ വ്യക്തിയെ തിരിച്ചറിഞ്ഞ് പ്രതികരിക്കുന്നു എന്ന് കരുതി ബന്ധുക്കൾ സന്തോഷിക്കുന്നത് ശരിയല്ല. ഈ പ്രായത്തിൽതന്നെ സ്‌ക്രീൻ കാഴ്ച പരിചയപ്പെടുത്തുന്നത് പിന്നീട് ഉപകരണങ്ങളോടുള്ള അത്യധിക ആകർഷണത്തിന് കാരണമാകാം. അതിനാൽ കുഞ്ഞുങ്ങളെ നേരിട്ട് സ്‌ക്രീനിലേക്ക് കൊണ്ടുവരുന്നതിന് പകരം, അവരുടെ വീഡിയോ റെക്കോർഡ് ചെയ്ത് അയക്കുന്നത് കൂടുതൽ ഉചിതമാണ്.
2 മുതൽ 5 വയസ്സുവരെയുള്ള കുട്ടികൾക്ക് സ്‌ക്രീൻ സമയം ദിവസം പരമാവധി 1 മണിക്കൂറിൽ പരിമിതപ്പെടുത്തണമെന്നും അത് മാതാപിതാക്കളുടെ മേൽനോട്ടത്തിലായിരിക്കണമെന്നും വിദഗ്ധർ നിർദേശിക്കുന്നു. ഈ പ്രായത്തിൽ സ്‌ക്രീൻ ഉപയോഗിക്കുമ്പോൾ ഉള്ളടക്കത്തിന്റെ ഗുണമേന്മ വളരെ പ്രധാനമാണ്. വേഗത്തിൽ മാറുന്ന, അതിശയോക്തിയുള്ള കാർട്ടൂണുകൾക്കുപകരം യഥാർഥ പ്രകൃതിദൃശ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യരുടെ ജീവിതം എന്നിവ കാണിക്കുന്ന വിദ്യാഭ്യാസപരമായ വീഡിയോകൾ കുട്ടികൾക്ക് കൂടുതൽ ഗുണകരമാണ്. ഇത്തരം യഥാർഥ ദൃശ്യങ്ങൾ കുട്ടികളുടെ ശ്രദ്ധയും പഠനശേഷിയും മെച്ചപ്പെടുത്തുകയും സാങ്കൽപിക അതിവേഗ ദൃശ്യങ്ങളുടെ ദോഷപ്രഭാവം കുറയ്‌ക്കുകയും ചെയ്യുന്നു.
5 മുതൽ 12 വയസ്സുവരെയുള്ള കുട്ടികൾക്ക് പഠനവുമായി ബന്ധപ്പെട്ട സമയം ഒഴികെ വിനോദത്തിനായി 1 മുതൽ 2 മണിക്കൂർ വരെ മാത്രം അനുവദിക്കുന്നതാണ് ഉചിതം.

കണ്ണുകളുടെ സംരക്ഷണത്തിന് 20-20-20 നിയമം പിന്തുടരുന്നത് ഏറെ ഗുണകരമാണ്. പഠനവുമായി ബന്ധപ്പെട്ട് ഒഴിവാക്കാനാവാത്ത സ്‌ക്രീൻ ഉപയോഗ സമയങ്ങളിൽ പോലും ഈ രീതികൾ പാലിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തെ സംരക്ഷിക്കാൻ സഹായിക്കുന്നു. അതായത്, ഓരോ 20 മിനിറ്റിലും സ്‌ക്രീനിൽ നിന്ന് കണ്ണു മാറ്റി, 20 അടി ദൂരെയുള്ള വസ്തുവിനെ കുറഞ്ഞത് 20 സെക്കൻഡ് നോക്കണം. ഇത് കണ്ണിന്റെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, സ്‌ക്രീൻ ഉപയോഗിക്കുമ്പോൾ കണ്ണിനും സ്‌ക്രീനിനും ഇടയിൽ ഏകദേശം ഒരു കൈ നീളമുള്ള ദൂരം (arm’s length distance) പാലിക്കാനും ശ്രദ്ധിക്കണം.
ഏറ്റവും പ്രധാനമായി പറയാനുള്ളത്, മാതാപിതാക്കൾ മൊബൈൽ ഫോണിന്റെയും മറ്റും ഉപയോഗത്തിൽ നിയന്ത്രണം പാലിച്ച് മാതൃക കാട്ടണം എന്നാണ്. കാരണം, കുട്ടികൾ മാതാപിതാക്കളെ അനുകരിച്ചാണ് ശീലങ്ങൾ രൂപപ്പെടുത്തുന്നത്.
ഇസ്‌ലാം നമ്മെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും മിതത്വവും ഉത്തരവാദിത്തവും പാലിക്കാൻ പഠിപ്പിക്കുന്നു. ഓരോ നിമിഷവും അല്ലാഹു നമുക്ക് നൽകിയ ഒരു അമാനത്താണ്, അതിനെ നല്ല കാര്യങ്ങൾക്ക് വിനിയോഗിക്കേണ്ടത് നമ്മുടെ കടമയാണ്. കുട്ടികളുടെ വളർച്ചയിൽ മാതാപിതാക്കൾക്ക് വലിയ ഉത്തരവാദിത്തമുണ്ടെന്നാണ് ഇസ്‌ലാമിക പാഠം. സ്‌ക്രീൻ സമയം നിയന്ത്രിച്ച് ക്വുർആൻ പാരായണം, നല്ല പുസ്തക വായന, കുടുംബസമേതം സമയം ചെലവഴിക്കൽ തുടങ്ങിയ ഗുണകരമായ പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകുന്നത് അവരുടെ ലൗകികവും ആത്മീയവുമായ വളർച്ചയ്ക്ക് സഹായകമാണ്.
സ്‌ക്രീൻ സമയം പൂർണമായി ഒഴിവാക്കുക എന്നത് അസാധ്യമായ കാലമാണിത്. അത് നിയന്ത്രിതവും ലക്ഷ്യബോധമുള്ളതുമായ രീതിയിൽ ഉപയോഗിക്കുവാനാണ് വിശ്വാസികൾ ശ്രദ്ധിക്കേണ്ടത്. ശരിയായ മാർഗനിർദേശവും മാതാപിതാക്കളുടെ ജാഗ്രതയും ഉണ്ടെങ്കിൽ ഡിജിറ്റൽ ലോകത്തിൽ ജീവിക്കുമ്പോഴും കുട്ടികളുടെ ശാരീരിക, മാനസിക, ആത്മീയ ആരോഗ്യത്തെ സംരക്ഷിക്കാൻ സാധിക്കും.

