അമിതവണ്ണം അപകടമാണ്
ഡോ. ജസ്‌റത്ത്
2026 മാർച്ച് 07, 1447 റമദാൻ 17

ഓരോ വർഷവും മാർച്ച് 4ന് ലോകം അമിതവ ണ്ണദിനം (World Obesity Day) ആചരിക്കുന്നു. അമിതവണ്ണം ഇന്ന് വ്യക്തിഗത പ്രശ്‌നം മാത്രമല്ല, അത് ഒരു വലിയ പൊതുജനാരോഗ്യ വെല്ലുവിളിയായി മാറിയിരിക്കുകയാണ്. ജീവിതശൈലി മാറ്റങ്ങൾ, ഫാസ്റ്റ് ഫുഡ് സംസ്‌കാരം, കുറഞ്ഞ ശാരീരിക പ്രവർത്തനം എന്നിവയൊക്കെ ചേർന്നാണ് അമിതവണ്ണം വ്യാപകമാകുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1975 മുതൽ 2022 ആയപ്പോഴേക്കും ലോകത്ത് അമിതവണ്ണമുള്ളവരുടെ എണ്ണം മൂന്നിരട്ടിയിലധികം വർധിച്ചു. അതിൽത്തന്നെ കുട്ടികളിലും കൗമാര ക്കാരിലും ഇത് പത്തിരട്ടിയോളമായി. രാജ്യങ്ങളനുസരിച്ച് ഭക്ഷണരീതി, ജീവിതശൈലി, സാമ്പത്തികനില, നഗരവൽക്കരണം എന്നിവയെ ആശ്രയിച്ച് അമിതവണ്ണ നിരക്കിൽ വ്യത്യാസങ്ങൾ കാണപ്പെടുന്നു.
ലോകത്തിൽ ഏറ്റവും ഉയർന്ന അമിതവണ്ണ നിരക്ക് കാണുന്നത് അമേരിക്ക, മെക്‌സിക്കോ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലാണ്.
അമേരിക്ക പോലുള്ള രാജ്യങ്ങളിൽ ഉയർന്ന നിരക്കുകൾ കാണുമ്പോൾ ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ വേഗത്തിലുള്ള വർധനവാണ് ശ്രദ്ധേയം. കേരളം വിദ്യാഭ്യാസവും ആരോഗ്യ സൂചികകളും കൊണ്ട് ശ്രദ്ധേയമായ സംസ്ഥാനമായിരിക്കുമ്പോഴും, അമിതവണ്ണം ഇന്ന് വേഗത്തിൽ ഉയരുന്ന ജീവിതശൈലി രോഗമായി മാറിയിരിക്കുകയാണ്. ഇതിൽത്തന്നെ സ്‌കൂൾ പ്രായത്തിലുള്ള കുട്ടികളുടെ അമിതവണ്ണവും തുടർപ്രശ്‌നങ്ങളും ഭീതിപ്പെടുത്തുന്ന സൂചികയാണ്. ആധുനിക സൗകര്യങ്ങളും ആരോഗ്യകരമായ ജീവിതവും തമ്മിലുള്ള സമതുലിതാവസ്ഥയാണ് കേരളത്തിൽ അമിതവണ്ണം നിയന്ത്രിക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ടത്.
എന്താണ് അമിതവണ്ണം?
ശരീരത്തിൽ ആവശ്യത്തിലധികം കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് അമിതവണ്ണം. ശരീരത്തിലേക്കെത്തുന്ന കലോറിയെക്കാൾ വളരെ കുറഞ്ഞ കലോറി ഊർജം ഉപയോഗിക്കുന്ന സാഹചര്യമാണിതിനു കാരണം. സാധാരണയായി Body Mass Index (BMI) ഉപയോഗിച്ചാണ് അമിതവണ്ണം നിർണയിക്കുന്നത്.
BMI ചാർട്ട്
BMI ശരീരഭാരം ഉയരത്തിനോട് താരതമ്യം ചെയ്ത് അമിതവണ്ണം കണ്ടെത്താൻ ഉപയോഗിക്കുന്ന ഒരു സൂചികയാണ്. ലോകാരോഗ്യ സംഘടന നിർദേശിക്കുന്ന BMI വിഭാഗങ്ങൾ താഴെ കൊടുക്കുന്നു.
| BMI നിലവാരം | വിഭാഗം |
| 18.5ന് താഴെ | Underweight (കുറഞ്ഞ ഭാരം) |
| 18.5 - 24.9 | Normal Weight (സാധാരണ ഭാരം) |
| 25 - 29.9 | Over Weight(അധിക ഭാരം) |
| 30 - 34.9 | Obesity Class I |
| 35 - 39.9 | Obesity Class II |
| 40 മുകളിൽ | Severe / Class III Obesity |
BMI കണ്ടെത്തുന്ന സൂത്രവാക്യം:
BMI = ഭാരം (kg) ÷ ഉയരം (m2)
ഉദാഹരണം: ഭാരം = 60 kg., ഉയരം = 1.6 m
BMI = 60 ÷ (1.6 x 1.6) = 23.4
അമിതവണ്ണത്തിന്റെ കാരണങ്ങൾ
അമിതവണ്ണം ഒരൊറ്റ കാരണത്താൽ ഉണ്ടാകുന്ന പ്രശ്‌നമല്ല. ജീവിതശൈലി, ഭക്ഷണരീതി, ജെനറ്റിക് ഘടകങ്ങൾ, മാനസിക ഘടകങ്ങൾ എന്നിവ ചേർന്നാണ് ഇത് രൂപപ്പെടുന്നത്.
1) ഭക്ഷണരീതിയുമായി ബന്ധപ്പെട്ട കാരണങ്ങൾ:
ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ് കൂടുതലായി കഴിക്കുന്നത്, എണ്ണയും പഞ്ചസാരയും കൂടുതലുള്ള ഭക്ഷണം, sugary drinks ഉപയോഗം, പ്രധാന ഭക്ഷണങ്ങൾക്കിടയിൽ ഇടയ്ക്കിടെ ലഘുഭക്ഷണം കഴിക്കൽ, processed food ഉപയോഗം.
2) ജീവിതശൈലി കാരണങ്ങൾ: ശാരീരിക പ്രവർത്തനം കുറഞ്ഞ, അല്ലെങ്കിൽ തീരെയില്ലാത്ത ജീവിതരീതി, ചെറിയ ദൂരങ്ങൾക്കും വാഹനങ്ങളെ ആശ്രയിക്കുന്നത്, outdoor activities കുറവ്.
3) ഡിജിറ്റൽ / സ്‌ക്രീൻ ടൈം കൂടുന്നത്, ഉറക്കം തകരാറിലാകുന്നത്.
4) ജനറ്റിക് ഘടകങ്ങൾ: കുടുംബത്തിൽ അമിതവണ്ണ പാരമ്പര്യം,
5) മാനസിക ഘടകങ്ങൾ.
6) മെഡിക്കൽ കാരണങ്ങൾ: തൈറോയ്ഡ് പോലുള്ള ഹോർമോൺ പ്രശ്‌നങ്ങൾ.
അമിതവണ്ണം മൂലമുണ്ടാകുന്ന അസുഖങ്ങൾ
അമിതവണ്ണം ഒരു രൂപഭംഗി പ്രശ്‌നമല്ല; അത് നിരവധി ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമാകുന്ന ഒരു ജീവിതശൈലി രോഗമാണ്. അമിതവണ്ണം പല അസാംക്രമിക രോഗങ്ങളുടെ Non Communicable Diseases (NCDs) പ്രധാന കാരണമാണ്.
1) ഹൃദയത്തെയും രക്തസമ്മർദത്തെയും ബാധിച്ച് ഹൈപ്പർടെൻഷൻ, ഹൃദ്രോഗങ്ങൾ, ഹൃദയാഘാത സാധ്യത, സ്‌ട്രോക്ക്, എന്നിവയ്ക്ക് കാരണമാകുന്നു.
2) പ്രമേഹം: അമിതവണ്ണം കാരണം ഇൻസുലിൻ പ്രതിരോധം വർധിക്കുന്നു. അതിലൂടെ Type 2 Diabetes സാധ്യത വളരെ കൂടുതലാകും. ഇത് കണ്ണ്, വൃക്ക, നാഡി എന്നിവയെ ബാധിക്കാം.
3) ശ്വാസകോശ സംബന്ധമായ പ്രശ്‌നങ്ങൾ: Sleep apnea (ഉറക്കത്തിൽ ശ്വാസം മുട്ടൽ), ശ്വാസതടസ്സം, ആസ്തമയുടെ ഗുരുതരാവസ്ഥ വർധിക്കൽ.
4) സന്ധി / അസ്ഥി പ്രശ്‌നങ്ങൾ: മുട്ടുവേദന, Osteoarthritis (എല്ലുകളുടെ സന്ധികളെ ബാധിക്കുന്ന ഒരു ആരോഗ്യ പ്രശ്‌നം), പുറംവേദന. അമിതഭാരം സന്ധികൾക്ക് അധിക സമ്മർദം നൽകുന്നു.
5) മാനസികാരോഗ്യ പ്രശ്‌നങ്ങൾ: ആത്മവിശ്വാസക്കുറവ്, Anxiety, Depression, സാമൂഹിക സമ്മർദം.
6) ഹോർമോൺ പ്രശ്‌നങ്ങൾ: PCOS (സ്ത്രീകളിലെ ഹോർമോൺ വ്യതിയാനം), വന്ധ്യത പ്രശ്‌നങ്ങൾ, ആർത്തവ ക്രമക്കേടുകൾ.
7) മറ്റു ഗുരുതര രോഗങ്ങൾ: Fatty liver, ചില ക്യാൻസറുകളുടെ സാധ്യത വർധിക്കൽ, വൃക്ക രോഗങ്ങൾ മുതലായവ.
അമിതവണ്ണം എങ്ങനെ തടയാം?
അമിതവണ്ണം ചികിത്സിക്കേണ്ട രോഗമാകുന്നതിന് മുമ്പുതന്നെ തടയുന്നത് ഏറ്റവും നല്ലതാണ്. ആരോഗ്യകരമായ, മിതമായ ഭക്ഷണം, മതിയായ വ്യായാമം, നല്ല ജീവിതശൈലി എന്നിവയാണ് പ്രധാന പ്രതിരോധ മാർഗങ്ങൾ. ഭക്ഷണത്തിൽ പച്ചക്കറികളും പഴങ്ങളും കൂടുതലായി ഉൾപ്പെടുത്തുക.
Whole grains (മുഴുവൻ ധാന്യങ്ങൾ): റാഗി, ഓട്‌സ്, ചോളം, തവിടുള്ള അരി, ഗോതമ്പ് മുതലായവ ഉപയോഗിക്കുക. എണ്ണയും പഞ്ചസാരയും കുറയ്ക്കുക, ജങ്ക് ഫുഡ്, processed food കുറയ്ക്കുക,. sugary drinks ഒഴിവാക്കുക, ശരിയായ അളവിൽ ഭക്ഷണം കഴിക്കുക എന്നിവ പ്രയോഗികമാക്കാം. രാത്രി അസമയത്തുള്ള ഭക്ഷരീതി പാടെ ഒഴിവാക്കണം.
ദിവസവും കുറഞ്ഞത് 30-60 മിനിട്ട് വ്യായാമം: നടക്കൽ, സൈക്കിളിംഗ്, കളികൾ ശീലമാക്കാം. ലിഫ്റ്റിനു പകരം പടികൾ ഉപയോഗിക്കുക, കുട്ടികൾക്ക്, പുറത്തുള്ള കളികൾ നിർബന്ധമാക്കുക.
സ്‌ക്രീൻ സമയം നിയന്ത്രിക്കുക: മൊബൈൽ, ഗെയിമിംഗ് സമയം കുറയ്ക്കുക, ഫാമിലി ആക്ടിവിറ്റീസ് വർധിപ്പിക്കുക. ദിവസവും മതിയായ ഉറക്കം ഉറപ്പുവരുത്തുക. മാനസികാരോഗ്യം ഉറപ്പാക്കുക. കുടുംബതലത്തിലും സാമൂഹ്യതലത്തിലും വീട്ടുഭക്ഷണം പ്രോത്സാഹിപ്പിക്കുക, family exercise culture രൂപപ്പെടുത്തുക എന്നിവയും പ്രോത്സാഹിക്കപ്പെടേണ്ടതാണ്.
ഇസ്‌ലാമിക കാഴ്ചപ്പാട്
ഇസ്‌ലാം ആരോഗ്യത്തെ വലിയൊരു അമാനത്തായി, അനുഗ്രഹമായി കാണുന്നു. അതിനാൽ ആരോഗ്യം സംരക്ഷിക്കുക ഓരോ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്. ഇസ്‌ലാം ഭക്ഷണത്തിലും ജീവിതശൈലിയിലും മിതത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ‘കഴിക്കൂ, കുടിക്കൂ; പക്ഷേ, അതിരു കടക്കരുത്’ എന്ന ക്വുർആനിക സന്ദേശം അമിതഭക്ഷണം ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു.
മുഹമ്മദ് നബിﷺ ഭക്ഷണത്തിൽ നിയന്ത്രണം പാലിക്കണമെന്ന് പഠിപ്പിച്ചു. വയറിനെ മൂന്നു ഭാഗമാക്കുക; ഒരു ഭാഗം ഭക്ഷണം, ഒരു ഭാഗം വെള്ളം, മറ്റൊരു ഭാഗം ഒഴിച്ചിടുക എന്ന ഹദീസ് ആരോഗ്യകരമായ ഭക്ഷണരീതിയുടെ മികച്ച മാതൃകയാണ്.
അമിതവണ്ണത്തെക്കുറിച്ച് ചർച്ച ചെയ്യുമ്പോൾ എടുത്ത് പറയേണ്ട ഒരു കാര്യം രോഗികളുടെ സ്ഥിരം ചോദ്യമാണ്: ‘ഡോക്ടറേ, മരുന്ന് വല്ലതും ഉണ്ടോ?’ ഈ ചോദ്യംതന്നെ അവരുടെ മനോഭാവം വ്യക്തമാക്കുന്നു. ജീവിതശൈലിയിൽ മാറ്റം വരുത്താതെ, ഭക്ഷണക്രമം നിയന്ത്രിക്കാതെ, വ്യായാമം ചെയ്യാതെ, ഒരു ഗുളികയിലൂടെ പ്രശ്‌നം പരിഹരിക്കാമെന്ന പ്രതീക്ഷയാണ് പലർക്കും. പക്ഷേ, അമിതവണ്ണം ഒരുദിവസംകൊണ്ട് വന്നതല്ല; അതുപോലെ ഒരുദിവസംകൊണ്ട് മാറുന്നതുമല്ല. യഥാർഥത്തിൽ, അമിതവണ്ണ ചികിത്സ ഒരു സമഗ്രമായ സമീപനമാണ്. ശരിയായ ഭക്ഷണക്രമം, സ്ഥിരമായ വ്യായാമം, മതിയായ ഉറക്കം, മാനസിക നിയന്ത്രണം എന്നിവ ചേർന്നാണ് ഫലപ്രദമായ മാറ്റം സാധ്യമാകുന്നത്. ചില സാഹചര്യങ്ങളിൽ ഡോക്ടർ മരുന്നുകൾ നിർദേശിക്കാം; പക്ഷേ അവ സഹായകങ്ങൾ മാത്രമാണ്, മുഖ്യപരിഹാരം അല്ല. ‘മരുന്ന് കഴിക്കാം’ എന്ന ചിന്തയിൽനിന്ന് ‘ജീവിതശൈലി മാറ്റാൻ ഞാൻ തയ്യാറാണ്’ എന്ന ഉത്തരവാദിത്തബോധത്തിലേക്കാണ് മാറേണ്ടത്.

