തൈറോയിഡ് രോഗങ്ങൾ മാനസികാരോഗ്യത്തെ എങ്ങനെ ബാധിക്കുന്നു?

ഡോ. ശബ്‌ന കാരാടൻ (BHMS)

2026 ഒക്ടോബർ 24, 1448 ജമാദുൽ അവ്വൽ 13

നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതിൽ നിർണായകമായ പങ്കുവഹിക്കുന്ന ഒരു ചെറിയ ഗ്രന്ഥിയാണ് തൈറോയിഡ്. കഴുത്തിന്റെ മുൻഭാഗത്ത് ചിത്രശലഭത്തിന്റെ ആകൃതിയിൽ സ്ഥിതിചെയ്യുന്ന ഈ ഗ്രന്ഥി ഉത്പാദിപ്പിക്കുന്ന ഹോർമോണുകൾ ശരീരത്തിലെ ഉപാപചയ പ്രവർത്തനങ്ങൾ, ഊർജോത്പാദനം, ഹൃദയമിടിപ്പ്, ശരീരതാപനില, വളർച്ച, തലച്ചോറിന്റെ പ്രവർത്തനം എന്നിവയെ സ്വാധീനിക്കുന്നു. എന്നാൽ തൈറോയിഡ് ഗ്രന്ഥിയുടെ പ്രവർത്തനത്തിൽ വ്യതിയാനം സംഭവിക്കുമ്പോൾ അത് ശരീരത്തെ മാത്രമല്ല, നമ്മുടെ മാനസികാവസ്ഥയെയും ചിന്തകളെയും ഉറക്കത്തെയും ദൈനംദിന ജീവിതത്തെയുംവരെ ബാധിച്ചേക്കാം.

ഇന്ന് സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ കണ്ടുവരുന്ന തൈറോയിഡ് രോഗങ്ങളെക്കുറിച്ച് അവബോധം വളർത്തേണ്ടത് അനിവാര്യമാണ്. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനൊപ്പം ശരിയായ ചികിത്സ, സമീകൃതാഹാരം, വ്യായാമം, മാനസികാരോഗ്യസംരക്ഷണം എന്നിവയ്ക്കും പ്രാധാന്യം നൽകണം.

തൈറോയിഡ് രോഗങ്ങൾ എന്തൊക്കെയാണ്?

തൈറോയിഡ് ഗ്രന്ഥി ആവശ്യത്തിന് ഹോർമോണുകൾ ഉത്പാദിപ്പിക്കാതിരിക്കുന്ന അവസ്ഥയാണ് ഹൈപ്പോതൈറോയിഡിസം (Hypothyroidism). ഇതിന്റെ ഫലമായി ശരീരത്തിലെ ഉപാപചയ പ്രവർത്ത നങ്ങൾ മന്ദഗതിയിലാകുന്നു. ക്ഷീണം, ശരീരഭാരം വർധിക്കൽ, തണുപ്പ് സഹിക്കാനുള്ള ബുദ്ധിമുട്ട്, മല ബന്ധം, വരണ്ടചർമം, മുടികൊഴിച്ചിൽ, ശ്രദ്ധക്കുറവ് എന്നിവ ഇതിന്റെ ചില ലക്ഷണങ്ങളാണ്.

തൈറോയിഡ് ഗ്രന്ഥി അമിതമായി ഹോർമോണുകൾ ഉത്പാദിപ്പിക്കുന്ന അവസ്ഥയാണ് ഹൈപ്പർതൈറോയിഡിസം (Hyperthyroidism). ഹൃദയമിടിപ്പ് കൂടുക, അമിതമായി വിയർക്കുക, കൈവിറയൽ, ഉറക്കക്കുറവ്, അസ്വസ്ഥത, വിശപ്പുണ്ടായിട്ടും ശരീരഭാരം കുറയുക തുടങ്ങിയ ലക്ഷണങ്ങൾ ഇതിൽ കാണാം.

ഈ രണ്ട് അവസ്ഥകളും ശരീരത്തിന്റെ ശാരീരിക പ്രവർത്തനങ്ങളെ മാത്രമല്ല, വൈകാരികമായും മാനസികമായും വ്യക്തിയെ സ്വാധീനിച്ചേക്കാം.

തൈറോയിഡും മാനസികാരോഗ്യവും തമ്മിലുള്ള ബന്ധം

ശരീരത്തിലെ ഹോർമോൺ വ്യതിയാനങ്ങളും തലച്ചോറിന്റെ പ്രവർത്തനവും തമ്മിൽ അടുത്ത ബന്ധമുണ്ട്. തൈറോയിഡ് ഹോർമോണുകളുടെ അളവിൽ വ്യതിയാനം സംഭവിക്കുമ്പോൾ ചിലരിൽ മാനസികാവസ്ഥയിലും ചിന്താശേഷിയിലും മാറ്റങ്ങൾ ഉണ്ടാകാം.

1. ഹൈപ്പോതൈറോയിഡിസവും വിഷാദലക്ഷണങ്ങളും

തൈറോയിഡ് ഹോർമോണിന്റെ കുറവ് ചിലരിൽ നിരാശ, ഉത്സാഹക്കുറവ്, അമിതക്ഷീണം, ഓർമക്കുറവ്, ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ബുദ്ധിമുട്ട്

തുടങ്ങിയ ലക്ഷണങ്ങൾക്ക് കാരണമാകാം. ഉറക്കത്തിലും ദൈനംദിന പ്രവർത്തനങ്ങളിലും മാറ്റങ്ങൾ അനുഭവപ്പെടാം. ചിലരിൽ വിഷാദരോഗത്തിന്റെ ലക്ഷണങ്ങളോടും സാമ്യമുള്ള അവസ്ഥകൾ ഉണ്ടാകാം.

ഇത്തരം ലക്ഷണങ്ങളെ വെറും മടിയായോ അലസതയായോ കാണരുത്. തുടർച്ചയായ ക്ഷീണമോ മാനസികാവസ്ഥയിലെ മാറ്റങ്ങളോ അനുഭവപ്പെടുന്നുണ്ടെങ്കിൽ വൈദ്യപരിശോധന ആവശ്യമാണ്.

2. ഹൈപ്പർതൈറോയിഡിസവും ഉത്കണ്ഠയും

തൈറോയിഡ് ഹോർമോണുകൾ അമിതമായി ഉത്പാദിപ്പിക്കപ്പെടുമ്പോൾ ചിലർക്ക് അമിതമായ ഉത്കണ്ഠ, അസ്വസ്ഥത, ദേഷ്യം, ഉറക്കക്കുറവ്, ഹൃദയമിടിപ്പ് കൂടുന്നതിനെക്കുറിച്ചുള്ള ഭയം എന്നിവ അനുഭവപ്പെടാം. കാരണമില്ലാതെ പരിഭ്രാന്തി തോന്നുന്നതായും ശ്രദ്ധ കേന്ദ്രീകരിക്കാൻ ബുദ്ധിമുട്ടുന്നതായും ചിലർ പരാതിപ്പെടാറുണ്ട്. ഇത്തരം ലക്ഷണങ്ങൾ എല്ലായ്‌പ്പോഴും തൈറോയിഡ് രോഗം മൂലമാണെന്നു കരുതരുത്. ശാരീരികവും മാനസികവുമായ മറ്റു കാരണങ്ങളും പരിശോധിക്കേണ്ടതുണ്ട്.

3. സ്ത്രീകളിലെ മാനസികാരോഗ്യവും തൈറോയിഡും

സ്ത്രീകളിൽ - പ്രത്യേകിച്ച് ഗർഭധാരണകാലത്തും പ്രസവാനന്തര കാലത്തും-തൈറോയിഡ് പ്രവർത്തനത്തിലെ വ്യതിയാനങ്ങൾ ശ്രദ്ധിക്കേണ്ടതാണ്. ഹോർമോൺ വ്യതിയാനങ്ങൾ ക്ഷീണം, ഉറക്ക പ്രശ്‌നങ്ങൾ, മാനസികാവസ്ഥയിലെ മാറ്റങ്ങൾ എന്നിവയ്ക്ക് കാരണമാകാം. എന്നാൽ ഈ ലക്ഷണങ്ങ ളെല്ലാം തൈറോയിഡ് രോഗം കൊണ്ടുമാത്രമല്ല ഉണ്ടാകുന്നത്. ആവശ്യമായ പരിശോധനകളും വിദഗ്‌ധോ പദേശവും പ്രധാനമാണ്.

തൈറോയിഡ് രോഗികൾ ക്കുള്ള ഭക്ഷണക്രമം

തൈറോയിഡ് ആരോഗ്യത്തിൽ പോഷകാഹാരത്തിന് പ്രധാന പങ്കുണ്ട്. എന്നാൽ ഒരു പ്രത്യേക ഭക്ഷണം കഴിച്ചതുകൊണ്ടോ ചില ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കിയതുകൊണ്ടോ എല്ലാ തൈറോയിഡ് രോഗങ്ങളും നിയന്ത്രിക്കാനാവില്ല. വ്യക്തിയുടെ രോഗാവസ്ഥ, പരിശോധനാഫലങ്ങൾ, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവ കണക്കിലെടുത്തായിരിക്കണം ഭക്ഷണക്രമം തീരുമാനിക്കേണ്ടത്.

അയഡിൻ അടങ്ങിയ ഭക്ഷണങ്ങൾ

തൈറോയിഡ് ഹോർമോണുകളുടെ ഉത്പാദനത്തിന് അയഡിൻ ആവശ്യമാണ്. അയഡിൻ ചേർത്ത ഉപ്പ്, മത്സ്യം, മുട്ട, പാൽ തുടങ്ങിയവ ഭക്ഷണത്തിലെ അയഡിന്റെ ഉറവിടങ്ങളാണ്. എന്നാൽ അയഡിൻ അമിതമായി ഉപയോഗിക്കുന്നതും ദോഷകരമായേക്കാം. അതിനാൽ ഡോക്ടറുടെ നിർദേശമില്ലാതെ അയഡിൻ സപ്ലിമെന്റുകൾ ഉപയോഗിക്കരുത്.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ

മുട്ട, മത്സ്യം, പയറുവർഗങ്ങൾ, കടല, ചെറുപയർ, പാൽ, തൈര് തുടങ്ങിയവ ശരീരത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ആവശ്യത്തിന് പ്രോട്ടീൻ ലഭിക്കുന്നത് ശരീരത്തിന്റെ പൊതുവായ ആരോഗ്യത്തിനും പേശികളുടെ സംരക്ഷണത്തിനും സഹായിക്കുന്നു.

ഇരുമ്പും സെലീനിയവും അടങ്ങിയ ഭക്ഷണങ്ങൾ

ഇരുമ്പിന്റെ കുറവ് ക്ഷീണത്തിനും മറ്റ് ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാകാം. ഇലക്കറികൾ, പയറുവർഗങ്ങൾ, മാംസം എന്നിവ ഇരുമ്പിന്റെ ഉറവിടങ്ങളാണ്. മത്സ്യം, മുട്ട, ധാന്യങ്ങൾ, ചില നട്‌സ് എന്നിവയിൽ സെലീനിയവും ലഭിക്കും. ഇവ ആവശ്യമായ അളവിൽ ലഭിക്കുന്നത് പ്രധാനമാണെങ്കിലും അധികമായി സപ്ലിമെന്റുകൾ കഴിക്കുന്നത് സുരക്ഷിതമാണെന്നു കരുതരുത്.

പച്ചക്കറികളും പഴങ്ങളും

പച്ചക്കറികൾ, ഇലക്കറികൾ, പഴങ്ങൾ, മുഴുധാന്യങ്ങൾ, പയർവർഗങ്ങൾ എന്നിവ ഉൾപ്പെടുത്തിയ സമീകൃതാഹാരം പൊതുവായ ആരോഗ്യത്തിന് ഗുണകരമാണ്. കാബേജ്, കോളിഫ്‌ളവർ, ബ്രോക്കോളി തുടങ്ങിയ പച്ചക്കറികൾ സാധാരണ അളവിൽ കഴിക്കുന്നതുകൊണ്ട് കുഴപ്പമില്ല; അവ പൂർണമായി ഒഴിവാക്കേണ്ടതില്ല.

ഒഴിവാക്കേണ്ട ഭക്ഷണശീലങ്ങൾ

അമിതമായ പഞ്ചസാര, ഉയർന്ന അളവിലുള്ള ഉപ്പ്, സംസ്‌കരിച്ച ഭക്ഷണങ്ങൾ, പോഷകക്കുറവുള്ള ഭക്ഷണങ്ങൾ എന്നിവ നിയന്ത്രിക്കണം. ശരീരഭാരം നിയന്ത്രിക്കാനായി കടുത്ത പട്ടിണി ഡയറ്റുകളോ പോഷകങ്ങൾ കുറവുള്ള ഭക്ഷണക്രമങ്ങളോ സ്വീകരിക്കരുത്. ഗ്ലൂട്ടൻ ഒഴിവാക്കേണ്ടത് എല്ലാവർക്കും നിർബന്ധമല്ല; സീലിയാക് രോഗം പോലുള്ള പ്രത്യേക അവസ്ഥകളിൽ ഡോക്ടറുടെ നിർദേശം അനുസരി ക്കണം.

തൈറോയിഡ് മരുന്നും ഭക്ഷണവും: ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഹൈപ്പോതൈറോയിഡിസത്തിന് മരുന്നുകൾ നിർദേശിച്ചിട്ടുണ്ടെങ്കിൽ മരുന്ന് കൃത്യമായി കഴിക്ക ണം. മറ്റു മരുന്നുകൾ കഴിക്കുന്നത് ഡോക്ടറുമായി ആലോചിച്ചിട്ടായിരിക്കണം. ആവശ്യമായ ഇടവേളകളിൽ TSH, ആവശ്യാനുസരണം Free T4 തുടങ്ങിയ പരിശോധനകൾ നടത്തി ചികിത്സ വിലയിരുത്തണം.

മാനസികാരോഗ്യം സംരക്ഷിക്കാൻ ജീവിതശൈലിയിൽ വരുത്തേണ്ട മാറ്റങ്ങൾ:

• തൈറോയിഡ് രോഗികൾ ശാരീരിക ആരോഗ്യത്തോടൊപ്പം മാനസികാരോഗ്യവും സംരക്ഷിക്കേണ്ടതുണ്ട്.

• ദിവസവും ആവശ്യത്തിന് ഉറക്കം ഉറപ്പാക്കുക.

• ആരോഗ്യസ്ഥിതിക്കനുസരിച്ച് നടത്തം പോലുള്ള വ്യായാമങ്ങൾ പതിവാക്കുക.

• കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ആശയവിനിമയം നിലനിർത്തുക.

• അമിതക്ഷീണം, നിരാശ, ഉത്കണ്ഠ, ഉറക്കപ്രശ്‌നങ്ങൾ എന്നിവ ദീർഘകാലം തുടരുകയാണെങ്കിൽ വൈദ്യസഹായം തേടുക.

തൈറോയിഡ് ഹോർമോണുകളുടെ അളവ് സാധാരണ നിലയിലായിട്ടും വിഷാദമോ ഉത്കണ്ഠയോ തുടരുന്നുണ്ടെങ്കിൽ മാനസികാരോഗ്യ വിദഗ്ധന്റെ വിലയിരുത്തൽ ആവശ്യമായേക്കാം. മാനസികാരോഗ്യ പ്രശ്‌നങ്ങളെ അവഗണിക്കുകയോ വ്യക്തിയുടെ മനക്കരുത്തിന്റെ കുറവായി മാത്രം കാണുകയോ ചെയ്യരുത്.

ചില പൊതുവായ തെറ്റിദ്ധാരണകൾ

തൈറോയിഡ് രോഗമുള്ള എല്ലാവർക്കും ശരീരഭാരം കൂടണമെന്നില്ല. ശരീരഭാരത്തിലെ മാറ്റങ്ങൾ ഭക്ഷണശീലം, ശാരീരികപ്രവർത്തനം, മറ്റ് ആരോഗ്യപ്രശ്‌നങ്ങൾ എന്നിവയെയും ആശ്രയിച്ചിരിക്കുന്നു. അതുപോലെ, എല്ലാ തൈറോയിഡ് രോഗികൾക്കും ഒരേ ഭക്ഷണക്രമം അനുയോജ്യമല്ല. വ്യക്തിഗത ആരോഗ്യാവസ്ഥ അനുസരിച്ച് ഭക്ഷണക്രമത്തിൽ മാറ്റങ്ങൾ വരുത്തണം. ഭക്ഷണം, വ്യായാമം, മാനസിക സമ്മർദ നിയന്ത്രണം എന്നിവ ചികിത്സയ്ക്ക് സഹായകരമാണെങ്കിലും, അവ ആവശ്യമായ മരുന്നുകൾക്കും വൈദ്യപരിശോധനയ്ക്കും പകരമല്ല.

തൈറോയിഡ് രോഗം ഒരു ഹോർമോൺ വ്യതിയാനം മാത്രമല്ല; ചിലരിൽ അത് ഊർജം, ഉറക്കം, മാനസികാവസ്ഥ, ജീവിതനിലവാരം എന്നിവയെയും ബാധിച്ചേക്കാം. അതിനാൽ രോഗലക്ഷണങ്ങളെ നേരത്തേ തിരിച്ചറിയുക, ശരിയായ പരിശോധനകൾ നടത്തുക, വിദഗ്ധ നിർദേശപ്രകാരം ചികിത്സ സ്വീകരിക്കുക, സമീകൃതാഹാരം ശീലമാക്കുക എന്നിവയ്ക്ക് പ്രാധാന്യം നൽകണം.

ശരിയായ ചികിത്സയും ആരോഗ്യകരമായ ജീവിതശൈലിയും മാനസികാരോഗ്യ സംരക്ഷണവും ഒരുമിച്ചുചേരുമ്പോൾ തൈറോയിഡ് രോഗമുള്ളവർക്കു മെച്ചപ്പെട്ട ജീവിതനിലവാരം കൈവരിക്കാൻ കഴിയും.

ഓർക്കുക; ശരീരത്തിന്റെ ഹോർമോൺ സന്തുലിതാവസ്ഥ പോലെത്തന്നെ മനസ്സിന്റെ ആരോഗ്യവും പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം, കൃത്യമായ ചികിത്സ, മനസ്സിനോടുള്ള കരുതൽ-ഇവയാണ് ആരോഗ്യകരമായ ജീവിതത്തിലേക്കുള്ള വഴികൾ.