മഴക്കാലവും കൊതുകുജന്യ രോഗങ്ങളും
ഡോ. ജസ്‌റത്ത്
2026 ജൂൺ 13, 1447 ദുൽഹിജ്ജ 27

മഴക്കാലം ആരംഭിക്കുന്നതോടെ രോഗാണുക്കളും അവ പരത്തുന്ന കൊതുകുകളും മറ്റു കീടങ്ങളും അതിവേഗം പെരുകാൻ തുടങ്ങുന്നു. ഈ സമയത്ത് പൊതുജനാരോഗ്യത്തിന് ഏറ്റവും വലിയ ഭീഷണിയാകുന്നത് കൊതുകുജന്യ രോഗങ്ങളാണ്.
കെട്ടിക്കിടക്കുന്ന ശുദ്ധജലത്തിലും മലിനജലത്തിലും മുട്ടയിട്ടു വളരുന്ന കൊതുകുകൾ ഡെങ്കിപ്പനി, ചിക്കൻഗുനിയ, മലേറിയ (മലമ്പനി) തുടങ്ങിയ മാരകമായ രോഗങ്ങളാണ് സമൂഹത്തിൽ പടർന്നുപിടിക്കാൻ ഇടയാക്കുന്നത്. പലപ്പോഴും പനിയും ശരീരവേദനയുമായി തുടങ്ങി, കൃത്യമായ ചികിത്സ ലഭിച്ചില്ലെങ്കിൽ ജീവനുതന്നെ അപകടമായ രീതിലേക്ക് ഈ രോഗങ്ങൾ മാറാറുണ്ട്. പ്രധാന കൊതുകുജന്യ രോഗങ്ങളും ലക്ഷണങ്ങളും നോക്കാം:
1) ഡെങ്കിപ്പനി (Dengue Fever)
ഈഡിസ് ഈജിപ്തി (Aedes aegypti) ഇനത്തിൽപ്പെട്ട പെൺകൊതുകുകൾ പരത്തുന്ന ഒരു വൈറസ് രോഗമാണ് ഡെങ്കിപ്പനി. ശുദ്ധജലത്തിൽ വളരുന്ന ഈ കൊതുകുകൾ സാധാരണയായി പകൽ സമയത്താണ് മനുഷ്യരെ കടിക്കുന്നത്. കൃത്യസമയത്ത് ചികിത്സിച്ചില്ലെങ്കിൽ ഇത് മാരകമാകാൻ സാധ്യതയുള്ള ഒരു രോഗമാണ്.
കടുത്ത പനിയോടൊപ്പം കണ്ണുകൾക്ക് പിന്നിലെ വേദന ഡെങ്കിപ്പനിയുടെ ഒരു പ്രധാന ലക്ഷണമാണ്. അസഹനീയമായ തലവേദനയും എല്ലും പേശികളും ഒടിയുന്നതുപോലെയുള്ള കടുത്ത വേദനയും ഉണ്ടാകുന്നു. പനി വന്ന് കുറച്ചു ദിവസങ്ങൾക്ക് ശേഷം ശരീരത്തിൽ ചുവന്ന തടിപ്പുകൾ പ്രത്യക്ഷപ്പെടാം. രോഗം മൂർച്ഛിക്കുമ്പോൾ പ്ലേറ്റ്‌ലെറ്റുകളുടെ എണ്ണം വേഗത്തിൽ കുറയാൻ സാധ്യതയുണ്ട്.
തുടർച്ചയായ ഛർദിയും കടുത്ത വയറുവേദനയും വായിൽനിന്നോ മൂക്കിൽനിന്നോ പല്ലിന്റെ ഇടയി ൽനിന്നോ ഉള്ള രക്തസ്രാവം, മലമൂത്രവിസർജനത്തിലൂടെ രക്തം പോവുക, അമിതമായ തളർച്ച, ശ്വാസം മുട്ടൽ, ബോധക്ഷയം, ശരീരത്തിൽ ചുവന്ന പാടുകൾ കാണപ്പെടുക എന്നീ ലക്ഷണങ്ങൾ കണ്ടാൽ ഒട്ടും വൈകാതെ രോഗിയെ ആശുപത്രിയിൽ എത്തിക്കണം.
2) ചിക്കൻഗുനിയ (Chikungunya)
ഡെങ്കിപ്പനി പകർത്തുന്ന കൊതുകുകളാണ് ഈ രോഗവും പടർത്തുന്നത്. കിമകോണ്ടെ എന്ന ആഫ്രിക്കൻ ഭാഷയിൽ Chikungunya എന്ന പദത്തിന്റെ അർഥം ‘വളഞ്ഞു പോകുന്നത്,’ ‘കൂനിപ്പോകുന്നത്’ എന്നാണ്. കടുത്ത സന്ധിവേദനമൂലം രോഗി കുനിഞ്ഞുപോകുന്നതിനാലാണ് ഈ രോഗത്തിന് ഈ പേര് ലഭിച്ചത്.
പെട്ടെന്നുണ്ടാകുന്ന ശക്തമായ പനി രോഗത്തിന്റെ ആദ്യ ലക്ഷണമാണ്. കൈത്തണ്ട, കണങ്കാൽ, വിരലുകൾ തുടങ്ങിയ സന്ധികളിലാണ് പ്രധാനമായും അസഹനീയ വേദന അനുഭവപ്പെടുന്നത്. പനിയും മറ്റു ലക്ഷണങ്ങളും ഒരാഴ്ചയ്ക്കുള്ളിൽ മാറാറുണ്ടെങ്കിലു ഇതിന്റെ സന്ധിവേദന മാസങ്ങളോളമോ ചിലപ്പോൾ വർഷങ്ങളോളമോ വിട്ടുമാറാതെ നിൽക്കാനിടയുണ്ട്.
3) മലേറിയ (മലമ്പനി)

അനോഫിലിസ് (Anopheles)വിഭാഗത്തിൽപ്പെട്ട പെൺകൊതുകുകൾ പരത്തുന്ന ഒരു മാരകമായ പകർച്ചവ്യാധിയാണ് മലേറിയ അഥവാ മലമ്പനി. ഇതരസംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന സ്ഥലങ്ങൾ, നിർമാണ മേഖലകൾ, വലിയ ഹാർബറുകൾ/തീരദേശ പ്രദേശങ്ങൾ എന്നിവിടങ്ങളിലാണ് മലേറിയ കേസുകൾ കൂടുതലായി കണ്ടുവരുന്നത്.
മലേറിയയുടെ ലക്ഷണങ്ങൾ കൃത്യമായ ഇടവേളകളിൽ ആവർത്തിച്ചു വരാറുണ്ട്. വിറയലോടുകൂടിയ കടുത്ത പനി വരും. പെട്ടെന്ന് കടുത്ത തണുപ്പും വിറയലും അനുഭവപ്പെടും. തുടർന്ന് പനി 103°F - 105°F വരെ ഉയരുകയും ചെയ്യും. പനി കുറയുന്ന സമയത്ത് ശരീരം നന്നായി വിയർക്കുകയും രോഗിക്ക് കടുത്ത തളർച്ച അനുഭവപ്പെടുകയും ചെയ്യും. രോഗാണുക്കൾ ചുവന്ന രക്താണുക്കളെ നശിപ്പിക്കുന്നതിനാൽ ശരീരത്തിൽ രക്തക്കുറവ് ഉണ്ടാകാം.
പൊതുവായ പ്രതിരോധ മാർഗങ്ങൾ
കൊതുകുജന്യ രോഗങ്ങളെ തടയാനുള്ള വഴി ‘കൊതുകുകളുടെ വംശവർധനവ് തടയുക,’ ‘കൊതുകുകടി ഏൽക്കാതെ നോക്കുക’ എന്നിവയാണ്.
1. കൊതുകിന്റെ ഉറവിട നശീകരണം (Source Reduction)
ഡ്രൈ ഡേ (Dry Day): ആഴ്ചയിലൊരിക്കൽ വീടും പരിസരവും പരിശോധിച്ച് വെള്ളം കെട്ടിക്കിടക്കുന്ന സാഹചര്യങ്ങൾ പൂർണമായും ഒഴിവാക്കുക.
വെള്ളക്കെട്ടുകൾ ഇല്ലാതാക്കുക: വീടിന്റെ പരിസരത്തുള്ള ചിരട്ടകൾ, പ്ലാസ്റ്റിക് കപ്പുകൾ, പഴയ ടയറുകൾ, പൊട്ടിയ പാത്രങ്ങൾ എന്നിവ കമഴ്ത്തി വെക്കുകയോ നശിപ്പിച്ചുകളയുകയോ ചെയ്യുക.
സംഭരണികൾ മൂടിവെക്കുക: കുടിവെള്ള ടാങ്കുകൾ, ബക്കറ്റുകൾ, മറ്റു ജലസംഭരണികൾ എന്നിവ എയർ-ടൈറ്റ് മൂടികൾ ഉപയോഗിച്ച് എപ്പോഴും അടച്ചുസൂക്ഷിക്കുക.
ശ്രദ്ധിക്കപ്പെടാത്ത ഇടങ്ങൾ: ഫ്രിഡ്ജിന്റെ പുറകിലെ ട്രേ, മണിപ്ലാന്റ് വളർത്തുന്ന പാത്രങ്ങൾ, ചെടിച്ചട്ടികളുടെ അടിയിലെ പ്ലേറ്റുകൾ എന്നിവയിലെ വെള്ളം ആഴ്ചയിലൊരിക്കൽ മാറ്റി വൃത്തിയാക്കുക.
2. വ്യക്തിഗത മുൻകരുതലുകൾ
കൊതുകുവലകൾ ഉപയോഗിക്കുക: രാത്രിയിലും പകലും ഉറങ്ങുമ്പോൾ കൊതുകുവലകൾ ഉപയോ ഗിക്കുക (ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ പകലാണ് കടിക്കുന്നത്).
ശരീരം മൂടുന്ന വസ്ത്രങ്ങൾ: കൈകളും കാലുകളും പൂർണമായി മൂടുന്ന വസ്ത്രങ്ങൾ ധരിക്കുക. വീടിന്റെ ജനലുകളിലും വാതിലുകളിലും കൊതുക് കടക്കാത്തവിധം നെറ്റുകൾ സ്ഥാപിക്കുക.
3. ജൈവിക-രാസമാർഗങ്ങൾ
കിണറുകളിലും വലിയ അലങ്കാര കുളങ്ങളിലും കൊതുകുലാർവകളെ തിന്നുതീർക്കുന്ന ഗപ്പി, ഗംബൂസിയ തുടങ്ങിയ മത്സ്യങ്ങളെ വളർത്തുക.
പൊതുവായ ചികിത്സാരീതികൾ
ഡെങ്കിപ്പനി, ചിക്കൻഗുനിയ തുടങ്ങിയ ഒട്ടുമിക്ക വൈറസ് കൊതുകുജന്യ രോഗങ്ങൾക്കും പ്രത്യേക ആന്റിവൈറൽ മരുന്നുകൾ ലഭ്യമല്ല. ലക്ഷണങ്ങളെ ലഘൂകരിക്കാനുള്ള ചികിത്സയാണ് പൊതുവെ നൽകുന്നത്. മലേറിയയ്ക്ക് കൃത്യമായ ആന്റി-മലേറിയൽ മരുന്നുകൾ (Anti-malarial drugs) ലഭ്യമാണ്
പൂർണ വിശ്രമം, ധാരാളം ദ്രവരൂപത്തിലുള്ള ആഹാരം എന്നിവ ഉറപ്പുവരുത്തുക. നിർജലീകരണം തടയാൻ തിളപ്പിച്ചാറ്റിയ വെള്ളം, ORS ലായനി, കഞ്ഞിവെള്ളം, ഇളനീർ, പഴച്ചാറുകൾ എന്നിവ ധാരാളം കുടിക്കണം.
പനിയും ശരീരവേദനയും കുറയ്ക്കാൻ ഡോക്ടറുടെ കൃത്യമായ നിർദേശമില്ലാതെ ചില വേദന സംഹാരികൾ ഒരിക്കലും കഴിക്കരുത്. ഡെങ്കിപ്പനി പോലുള്ള സാഹചര്യങ്ങളിൽ ഇവ ആന്തരിക രക്തസ്രാവത്തിന് കാരണമായേക്കാം.
കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കുന്നതിൽ സർക്കാരിനും ആരോഗ്യവകുപ്പിനും ഒപ്പം ഓരോ പൗരനും തുല്യ പങ്കാണുള്ളത്. ‘എന്റെ വീടും പരിസരവും ഞാൻ വൃത്തിയായി സൂക്ഷിക്കും’ എന്ന വ്യക്തിപരമായ പ്രതിജ്ഞയിലൂടെ മാത്രമെ കൊതുകുകളുടെ വംശവർധനവിന് തടയാൻ സാധിക്കൂ. ജാഗ്രതയും കൃത്യമായ മുൻകരുതലുകളും ശീലമാക്കിയാൽ രോഗഭയമില്ലാതെ, സുരക്ഷിതമായി മഴക്കാലത്തെ നമുക്ക് വരവേൽക്കാം. ശുചിത്വമുള്ള പരിസരവും ആരോഗ്യവുമുള്ള സമൂഹവുമായിരിക്കണം നമ്മുടെ ലക്ഷ്യം

