അൽഷൈമേഴ്സ്; നേരിടേണ്ടത് രോഗിയെയല്ല; രോഗത്തെ
ഡോ. ഹുസ്ന ഹുസൈൻ
2026 ഒക്ടോബർ 10, 1448 റബീഉൽ ആഖിർ 29

ഉമ്മ ഇന്നലെ പറഞ്ഞ കാര്യം ഇന്ന് മറക്കുന്നു... എന്നാൽ അമ്പത് വർഷം മുമ്പുള്ള കാര്യങ്ങൾ കൃത്യമായി ഓർക്കുന്നുണ്ട്.’’ പ്രായമായവരെക്കുറിച്ചുള്ള ഇത്തരം അഭിപ്രായങ്ങൾ പല കുടുംബങ്ങളിലും ഇന്ന് സാധാരണമാണ്. പ്രായം കൂടുമ്പോൾ ചെറിയതോതിൽ മറവിയുണ്ടാകുന്നത് സ്വാഭാവികമാണെങ്കിലും ദൈനംദിന ജീവിതത്തെ ബാധിക്കുന്നതരത്തിൽ ഓർമശക്തിയും ചിന്താശേഷിയും ക്രമേണ നഷ്ടപ്പെടുന്നത് സാധാരണ വാർധക്യത്തിന്റെ ഭാഗമല്ല. അത്തരം അവസ്ഥയാണ് അൽഷൈ മേഴ്സ് രോഗം (Alzheimer’s disease).
ലോകമെമ്പാടും ഡിമെൻഷ്യയ്ക്ക് കാരണമാകുന്ന ഏറ്റവും സാധാരണമായ രോഗമാണ് അൽഷൈ മേഴ്സ്. പ്രായമായവരിലാണ് കൂടുതലായി കണ്ടുവരുന്നതെങ്കിലും, അപൂർവമായി ചെറുപ്പക്കാരിലും ഈ രോഗം ഉണ്ടാകാം.
എന്താണ് അൽഷൈമേഴ്സ് രോഗം?
മസ്തിഷ്കത്തിലെ നാഡീകോശങ്ങൾ ക്രമേണ നശിച്ചുകൊണ്ടിരിക്കുന്ന ഒരു രോഗമാണ് അൽ ഷൈമേഴ്സ്. ഇത് ചിന്ത, ഭാഷ, തീരുമാനമെടുക്കാനുള്ള കഴിവ്, വ്യക്തിത്വം, പെരുമാറ്റം എന്നിവയെ ക്രമേണ ബാധിക്കുന്നു. രോഗം വളരെ പതുക്കെയാണ് പുരോഗമിക്കുന്നത്. ആദ്യം ചെറിയ മറവിയായി തോന്നുന്ന ലക്ഷണങ്ങൾ പിന്നീട് രോഗിയുടെ ദൈനംദിന ജീവിതത്തെ സാരമായി ബാധിക്കുന്ന അവസ്ഥയിലേക്ക് എത്തിയേക്കാം.
ആർക്കൊക്കെയാണ് കൂടുതൽ സാധ്യത?
അൽഷൈമേഴ്സ് രോഗത്തിനുള്ള പ്രധാന അപകടസാധ്യതയാണ് പ്രായാധിക്യം. എന്നാൽ, പ്രായം കൂടിയ എല്ലാവർക്കും അൽഷൈമേഴ്സ് രോഗം ഉണ്ടാകണമെന്നില്ല.
രോഗസാധ്യത വർധിപ്പിക്കുന്ന ചില ഘടകങ്ങൾ:
• 65 വയസ്സിനു മുകളിലുള്ള പ്രായം.
• സ്ത്രീകളിൽ പുരുഷന്മാരെക്കാൾ കൂടുതലായി കാണപ്പെടുന്നു. സ്ത്രീകളുടെ ശരാശരി ആയുസ്സ് കൂടുതലായതിനാലും ചില ജൈവ ഹോർമോൺ ഘടകങ്ങളും ഇതിന് കാരണമാകാമെന്ന് പഠനങ്ങൾ സൂചിപ്പിക്കുന്നു.
• കുടുംബ പാരമ്പര്യം.
• ഉയർന്ന രക്തസമ്മർദം.
• പ്രമേഹം.
• ഉയർന്ന കൊളസ്ട്രോൾ.
• അമിതവണ്ണം.
• പുകവലി.
• ശാരീരിക പ്രവർത്തനക്കുറവ്.
• കേൾവിശക്തിക്കുറവ്.
• ഉറക്കക്കുറവ്.
• സാമൂഹിക ഇടപെടലുകളുടെ കുറവ്.
ലക്ഷണങ്ങൾ; ആദ്യഘട്ടത്തിൽ
• അടുത്തിടെ നടന്ന കാര്യങ്ങൾ മറക്കുക.
• ഒരേ ചോദ്യം വീണ്ടും വീണ്ടും ചോദിക്കുക.
• സാധനങ്ങൾ എവിടെ വെച്ചുവെന്നത് മറക്കുക.
• ശരിയായ വാക്കുകൾ കണ്ടെത്താൻ ബുദ്ധിമുട്ടുക.
• തീയതികളുടെയും സമയത്തിന്റെയും കാര്യത്തിൽ ആശയക്കുഴപ്പമുണ്ടാവുക.
• പണം കൈകാര്യം ചെയ്യുന്നതിലും മരുന്നുകൾ കൃത്യമായി കഴിക്കുന്നതിലും ബുദ്ധിമുട്ട് അനു ഭവപ്പെടുക.
രോഗം പുരോഗമിക്കുമ്പോൾ
• പരിചിതമായ സ്ഥലങ്ങളിൽ പോലും വഴിതെറ്റുക.
• കുടുംബാംഗങ്ങളെ തിരിച്ചറിയാൻ ബുദ്ധിമുട്ടുക.
• വ്യക്തിത്വത്തിലും പെരുമാറ്റത്തിലും മാറ്റങ്ങൾ.
• സംശയസ്വഭാവം വർധിക്കുക.
• രാത്രികാല അസ്വസ്ഥത.
• ദൈനംദിന കാര്യങ്ങൾ സ്വയം ചെയ്യാൻ കഴിയാതാകുക.
രോഗനിർണയം
അൽഷൈമേഴ്സ് രോഗം രക്തപരിശോധനയിലൂടെ മാത്രം കണ്ടെത്താൻ കഴിയില്ല. രോഗിയുടെ ആരോഗ്യചരിത്രം, ഓർമശക്തി, ചിന്താശേഷി, പെരുമാറ്റം എന്നിവ ഡോക്ടർ വിശദമായി വിലയിരുത്തും. ആവശ്യമായ സാഹചര്യങ്ങളിൽ രക്തപരിശോധനകളും മസ്തിഷ്കത്തിന്റെ സി.ടി. സ്കാൻ അല്ലെങ്കിൽ എം.ആർ.ഐ. പരിശോധനകളും നിർദേശിക്കാം. വിറ്റാമിൻ ബി-12ന്റെ കുറവ്, തൈറോയ്ഡ് രോഗങ്ങൾ തുടങ്ങിയ ചികിത്സിക്കാവുന്ന മറ്റു കാരണങ്ങളെ ഒഴിവാക്കാനും ഈ പരിശോധനകൾ സഹായിക്കും.
ചികിത്സയുണ്ടോ?
ഇതുവരെ അൽഷൈമേഴ്സ് രോഗം പൂർണമായി ഭേദമാക്കുന്ന ചികിത്സ ലഭ്യമായിട്ടില്ല. എന്നി രുന്നാലും, രോഗത്തിന്റെ പുരോഗതി മന്ദഗതിയിലാക്കാനും ചില ലക്ഷണങ്ങൾക്ക് ആശ്വാസം നൽ കാനും സഹായിക്കുന്ന മരുന്നുകൾ നിലവിലുണ്ട്. കൂടാതെ, ബുദ്ധിശേഷി ഉത്തേജിപ്പിക്കുന്ന പ്രവർത്ത നങ്ങൾ, കൃത്യമായ വ്യായാമം, മറ്റ് ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കൽ എന്നിവയും ചികിത്സയുടെ പ്രധാന ഭാഗമാണ്.
വീട്ടിൽ എങ്ങനെ പരിചരിക്കാം?
അൽഷൈമേഴ്സ് രോഗിയെ പരിചരിക്കുമ്പോൾ ക്ഷമയും കരുതലും ഏറ്റവും പ്രധാനമാണ്.
• ഒരേകാര്യം പലതവണ ചോദിച്ചാലും ദേഷ്യപ്പെടരുത്.
• മറവി പരീക്ഷിക്കാൻ ശ്രമിക്കരുത്.
• ലളിതവും വ്യക്തവുമായ ഭാഷയിൽ സംസാരിക്കുക.
• ദിവസേനയുള്ള കാര്യങ്ങൾക്ക് സ്ഥിരമായ ഒരു ക്രമം പാലിക്കുക.
• കലണ്ടർ, ക്ലോക്ക്, പേരെഴുതിയ ലേബലുകൾ തുടങ്ങിയവ ഉപയോഗിക്കുക.
• വീടിനുള്ളിൽ വീഴ്ചയും അപകടങ്ങളും ഒഴിവാക്കുന്ന വിധത്തിൽ സുരക്ഷ ഉറപ്പാക്കുക.
• പോഷകസമൃദ്ധമായ ആഹാരവും ആവശ്യമായ വെള്ളവും ഉറക്കവും ഉറപ്പാക്കുക.
• കഴിയുന്നത്ര സ്വയം കാര്യങ്ങൾ ചെയ്യാൻ രോഗിയെ പ്രോത്സാഹിപ്പിക്കുക.
• രോഗിയുടെ മറവി മനഃപൂർവമുള്ളതല്ല; അത് രോഗത്തിന്റെ ഭാഗമാണെന്ന് കുടുംബാംഗങ്ങൾ മനസ്സിലാക്കേണ്ടത് അത്യാവശ്യമാണ്.
• രോഗം തടയാനാകുമോ?
• അൽഷൈമേഴ്സ് രോഗത്തെ തടയാൻ കഴിയില്ല. എന്നിരുന്നാലും, ആരോഗ്യകരമായ ജീവിത ശൈലിയിലൂടെ രോഗസാധ്യത ഒരു പരിധിവരെ കുറയ്ക്കാൻ കഴിയും:
• ദിവസവും വ്യായാമം ചെയ്യുക.
• പഴങ്ങളും പച്ചക്കറികളുമടങ്ങിയ സമീകൃതാഹാരം ശീലമാക്കുക.
• രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ എന്നിവ നിയന്ത്രണത്തിൽ വയ്ക്കുക.
• പുകവലി ഒഴിവാക്കുക.
• ആവശ്യത്തിന് ഉറങ്ങുക.
• വായന, പുതിയ കാര്യങ്ങൾ പഠിക്കൽ, മാനസികാഭ്യാസങ്ങൾ എന്നിവയിലൂടെ മസ്തിഷ്കത്തെ സജീവമാക്കുക.
• കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായുള്ള സാമൂഹിക ബന്ധങ്ങൾ നിലനിർത്തുക.
• കേൾവിശക്തിക്കുറവുണ്ടെങ്കിൽ ചികിത്സ തേടുക.
പ്രായം കൂടുമ്പോഴുണ്ടാകുന്ന എല്ലാ മറവിയെയും നിസ്സാരമായി കാണരുത്. ഓർമക്കുറവ് ദൈനം ദിന ജീവിതത്തെ ബാധിക്കുന്നുവെന്ന് തോന്നിയാൽ, എത്രയും പെട്ടെന്ന് വിദഗ്ധ ഡോക്ടറെ സമീപിക്കുകയാണ് ഉചിതം. രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും കുടുംബത്തിന്റെ പിന്തുണയും രോഗിയുടെയും പരിചരിക്കുന്നവരുടെയും ജീവിതത്തെ കൂടുതൽ സുഗമമാക്കാൻ സഹായിക്കും.
