പാർക്കിൻസൺസ് രോഗം: തിരിച്ചറിവും പ്രതീക്ഷയും
ഡോ. നഹ്‌ല തമന്ന
2026 ഏപ്രിൽ 11, 1447 ശവ്വാൽ 23

പാർക്കിൻസൺസ് രോഗം ഇന്ന് അപൂർവമല്ല, എന്നാൽ സാധാരണയുമല്ല. എന്നിരുന്നാലും പൊതുജനങ്ങളിൽ ഈ രോഗത്തെക്കുറിച്ചുള്ള അവബോധം കുറവാണെന്നതാണ് യാഥാർഥ്യം. ഈ രോഗത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, ചികിത്സ തേടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നൽകുക എന്നിവയൊക്കെ ലക്ഷ്യം വെച്ച് എല്ലാ വർഷവും ഏപ്രിൽ 11 ലോകമെമ്പാടും പാർക്കിൻസൺ ദിനമായി ആചരിക്കുന്നു. ഇത് ശരീരത്തെ മാത്രമല്ല, മനസ്സിനെയും കുടുംബത്തെയും സമൂഹത്തെയും ബാധിക്കുമെന്നതിനാൽ, രോഗത്തെക്കുറിച്ചുള്ള ശരിയായ അറിവും കരുണാപൂർണമായ സമീപനവും അത്യന്താപേക്ഷിതമാണ്.
എന്താണ് പാർക്കിൻസൺസ് രോഗം?
ഇതൊരു ചലന രോഗമാണ് (neurological disease). തലച്ചോറിലെ ‘സബ്സ്റ്റൻഷ്യ നിഗ്ര’ എന്ന ഭാഗത്തെ നാഡികോശങ്ങളുടെ നശീകരണം മൂലമുണ്ടായേക്കാവുന്ന തകരാറിനാൽ ഡോപാമിൻ എന്ന രാസപദാർഥത്തിന്റെ അളവിൽ ഗണ്യമായ കുറവ് സംഭവിക്കുന്ന ഒരു രോഗാവസ്ഥയാണ് പാർക്കിൻസൺസ് ഡിസീസ് എന്ന് അറിയപ്പെടുന്നത്.
നമ്മുടെ ശരീരത്തിലെ ചലനങ്ങളെ നിയന്ത്രിക്കുന്ന തലച്ചോറിലെ നാഡികോശങ്ങളിലാണ് ഡോപാമിൻ ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്നത്. അതിനാൽ ഈ രോഗം മൂലം ഒരു വ്യക്തിയിൽ ചലനവുമായി ബന്ധപ്പെട്ട് ഒരുകൂട്ടം പ്രയാസങ്ങൾ അനുഭവപ്പെടുന്നു.
ഒരു ലക്ഷം മനുഷ്യരിൽ 20 പേർ ഈ രോഗബാധിതരാണെന്നതാണ് ഔദ്യോഗികമായ കണക്കുകൾ. 50 വയസ്സിന് മുകളിലുള്ള പുരുഷന്മാരിലാണിത് കൂടുതലായി കാണപ്പെടുന്നത്.
രോഗകാരണങ്ങൾ

കൃത്യമായ രോഗകാരണം ഇന്നും വൈദ്യശാസ്ത്രത്തിന് വ്യക്തമല്ലെങ്കിലും ജനിതകപരമായ ഘടനകൾ, പാരിസ്ഥിതിക പ്രശ്‌നങ്ങൾ (ഉദാ: മലിനീകരണം, കീടനാശിനികൾ) പ്രധാന കാരണമായി കണക്കാക്കുന്നു. ഇൻഡസ്ട്രിയൽ ഏരിയകളിൽ ജീവിക്കുന്നവരിൽ കൂടുതലായി ഈ രോഗം റിപ്പോർട്ട് ചെയ്യപ്പെടുന്നു.
ചില മരുന്നുകളുടെ അമിതോപയോഗം (ആന്റി എമിറ്റിക്, ആന്റി സൈക്കോട്ടിക്), ചില വൈറൽ ഇൻഫെക്ഷനുകൾ, തുടർച്ചയായി തലയോട്ടിയിൽ ഏൽക്കുന്ന ക്ഷതം (അധ്വാനത്തിന്റെ ഭാഗമായോ കായികമായോ) എന്നിവ മറ്റു കാരണങ്ങളാണ്.
പ്രധാന ലക്ഷണങ്ങൾ
1. വിറയൽ (resting tremor): വിശ്രമാവസ്ഥയിലും അല്ലാത്തപ്പോഴും കൈകാലുകൾക്ക് ഉണ്ടാകുന്ന വിറയൽ, തടിയെല്ലുകളിൽ കാണപ്പെടുന്ന വിറയൽ.
2. പേശീകാഠിന്യം (rigidity/stiffness): ശരീരത്തിലെ പേശികളിൽ ഉണ്ടാകുന്ന പിടുത്തം.
3. പ്രവർത്തന മന്ദത (akinasia/bradykinasia): ചിന്തകളും ദൈനംദിന പ്രവർത്തനങ്ങളും മന്ദഗതിയിലാവുക.
4. അസന്തുലിതാവസ്ഥ-ബാലൻസ് ഇല്ലായ്മ-(postural instability): മുകളിൽ പറഞ്ഞ നാല് ലക്ഷണങ്ങളിൽ ഏതെങ്കിലും രണ്ടെണ്ണമെങ്കിലുമുണ്ടെങ്കിൽ പാർക്കിൻസൺസ് രോഗം ആവാനുള്ള സാധ്യത വളരെ കൂടുതലാണ്.
മുന്നോട്ട് ആഞ്ഞുള്ള നടത്തം, കൈകൾ വീശാതെയുള്ള നടത്തം, ഭാവഭേദങ്ങളില്ലാത്ത മുഖം, ഇമ വെട്ടാതിരിക്കുക, പതിഞ്ഞ ശബ്ദം, കൈയക്ഷരം മോശമാവുക, വിഷാദം, ദൈനംദിന പ്രവർത്തനങ്ങളിൽ താൽപര്യക്കുറവ്, മറവി, അമിതമായ ഉത്കണ്ഠ, ഉറക്ക സംബന്ധമായ പ്രശ്‌നങ്ങൾ (ഉമിനീർ ഒലിച്ചിറങ്ങുക), മൂത്രം പിടിച്ചുവെക്കാനുള്ള പ്രയാസം, മലബന്ധം തുടങ്ങിയ ലക്ഷണങ്ങൾ രോഗികളിൽ സാധാരണയായി കാണപ്പെടുന്നവയാണ്.
രോഗനിർണയം ഏങ്ങനെ?
ടെസ്റ്റുകളുടെയും സ്‌കാനിംഗിന്റെയും സഹായമില്ലാതെതന്നെ രോഗിക്കോ കൂടെയുള്ളവർക്കോ, അല്ലെങ്കിൽ ഒരു ഡോക്ടർക്കോ ലക്ഷണങ്ങൾ കാണുമ്പോൾ രോഗം കണ്ടെത്താവുന്നതാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. രോഗലക്ഷണങ്ങൾ ഒരാളിൽ കണ്ടു കഴിഞ്ഞാൽ എത്രയും വേഗം ഒരു ന്യൂറോളജിസ്റ്റിനെയൊ മറ്റോ കണ്ട് ആവശ്യമായ വൈദ്യസഹായം തേടുക.

കരുതാം ചില കാര്യങ്ങൾ
ഈ രോഗമുള്ളവർ ദൈനംദിന ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തേണ്ടത് വളരെ പ്രധാനമാണ്. ഇത് രോഗലക്ഷണങ്ങൾ നിയന്ത്രിക്കാനും സ്വതന്ത്രമായി ജീവിക്കാനും സഹായിക്കുന്നു.
1. രാവിലെ: പതിയെ എഴുന്നേൽക്കുക. പെട്ടെന്ന് എഴുന്നേൽക്കുന്നത് തലചുറ്റൽ ഉണ്ടാക്കാം. ചൂടുവെള്ളത്തിൽ കുളിക്കുന്നത് ശരീരത്തിലെ കടുപ്പം കുറയ്ക്കാൻ സഹായിക്കും. ഡോക്ടർ നിർദേശിച്ച മരുന്നുകൾ സമയത്തുതന്നെ കഴിക്കുക.
2. വ്യായാമവും ചലനവും: ദിവസവും കുറഞ്ഞത് 30 മിനിറ്റെങ്കിലും നടക്കുക. ലളിതമായ വ്യായാമങ്ങൾ, stretching, balance exercises െഎന്നിവ ചെയ്യുന്നത് ശരീരത്തിന്റെ flexibility വർധിപ്പിക്കുന്നു. ഇത് ചലനങ്ങൾ മെച്ചപ്പെടുത്താൻ സഹായിക്കും.
3. ഭക്ഷണക്രമം: സമതുലിതമായ ഭക്ഷണം തിരഞ്ഞെടുക്കുക. പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്താം. മതിയായ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ്. വിഴുങ്ങാൻ ബുദ്ധിമുട്ടുള്ളവർക്ക് soft food ഉപയോഗിക്കാം.
4. വീട്ടിലെ സുരക്ഷ: വീട്ടിൽ വീഴ്ച ഒഴിവാക്കാൻ ഫർണിചർ ശരിയായ രീതിയിൽ ക്രമീകരിക്കാം. തറയിൽ വഴുതുന്ന സാഹചര്യങ്ങൾ ഒഴിവാക്കുക.bathroom-supporting bars ഉപയോഗിക്കുന്നത് സുരക്ഷ വർധിപ്പിക്കും.
5. സുഖകരമായ ചെരുപ്പുകൾ ധരിക്കുക. കട്ടിയുള്ള പേന ഉപയോഗിക്കുന്നത് എഴുതാൻ എളുപ്പമാക്കും. ബട്ടൺ ഉള്ള വസ്ത്രങ്ങൾക്ക് പകരം എളുപ്പത്തിൽ ധരിക്കാവുന്നവ ഉപയോഗിക്കുക.
6. മാനസിക ആരോഗ്യം: stress കുറയ്ക്കാൻ ശ്രമിക്കുക. ക്വുർആൻ പാരായണം ശ്രവിക്കൽ, ഇഷ്ടപ്പെട്ട ഹോബികളിൽ ഏർപ്പെടൽ എന്നിവ മനസ്സിനെ ശാന്തമാക്കാൻ സഹായിക്കുന്നു. കാൽക്കുലേറ്ററിന്റെ സഹായമില്ലാതെ കണക്കുകൾ ചെയ്തു നോക്കുന്നതും ബ്രെയിൻ ജിം പോലുള്ള ആക്ടിവിറ്റികൾ ചെയ്യിക്കുന്നതും തറച്ചോറിനെ ആക്ടീവായി നിർത്താൻ സഹായിക്കുന്നു.
7. രാത്രി ശീലങ്ങൾ: എന്നും ഒരേ സമയത്ത് ഉറങ്ങാനുള്ള ശീലം വളർത്തണം. നല്ല ഉറക്കം ആരോഗ്യത്തിന് ആവശ്യമാണ്. ഉറങ്ങുന്നതിന് മുമ്പ് ഭാരമുള്ള ജോലികൾ ഒഴിവാക്കുക.
സമൂഹത്തിന്റെയും കുടുംബത്തി ന്റെയും പിന്തുണയും അത്രതന്നെ പ്രധാനമാണ്. അവരെ ഒറ്റപ്പെടുത്താതെ, ആത്മവിശ്വാസം നൽകുക
യും സഹകരിക്കുകയും ചെയ്യുക. ഇത് പകരുന്ന ഒരു രോഗമല്ല എന്ന കാര്യം സമൂഹം തിരിച്ചറിയുക.
ക്ഷമിക്കുക, പ്രതിഫലം കാംക്ഷിക്കുക
പാർക്കിൻസൺ രോഗം പോലുള്ള ദീർഘകാല രോഗങ്ങൾ അനുഭവിക്കുന്നവർക്ക് ഈമാനിന്റെ വെളിച്ചത്തിൽ ആശ്വാസം പകരാൻ ക്വുർആൻ സൂക്തങ്ങളിലൂടെയും ഹദീസുകളിലൂടെയും ലഭിക്കുന്ന സന്ദേശം അതിവിശാലമാണ്. ശരീരത്തിന്റെ ചില ഭാഗങ്ങൾ നിയന്ത്രണാതീതമാകുമ്പോഴും, മാനസികമായും ആത്മീയമായും ഉന്നതനാക്കുന്ന അത്ഭുതശക്തി ഈമാൻ മുറുകെപ്പിടിക്കുന്നവർക്ക് അല്ലാഹു പ്രദാനം ചെയ്യുന്നു.
‘ഒരു മുസ്‌ലിം ദാസന് ജ്വരമോ രോഗമോ ബാധിക്കുമ്പോൾ, അവന്റെ പാപങ്ങൾ മരത്തിൽനിന്ന് ഇലകൾ വീഴുന്നതുപോലെ വീണുപോകുന്നു’ (മുസ്‌ലിം).
ഇത്തരം രോഗങ്ങൾ അല്ലാഹുവിങ്കലേക്ക് അടുക്കാനുള്ള ഒരു കാരണം കൂടിയാണ് എന്ന തിരിച്ചറിവോടെ ഈ പരീക്ഷണത്തെ സഹനത്തോടെയും വിശ്വാസത്തോടെയും നേരിടുമ്പോൾ ഓരോ നിമിഷവും പ്രതിഫലത്തിന്റെ വഴിയാകുന്നു!

