മഴക്കാലവും ജലജന്യ രോഗങ്ങളും
ഡോ. ഹിസാന ജഹാൻ
2026 മെയ് 30, 1447 ദുൽഹിജ്ജ 14

വേനൽമഴ കഴിഞ്ഞ് വീണ്ടുമൊരു മഴക്കാലത്തെ വരവേൽക്കാൻ ഒരുങ്ങുകയാണ് നമ്മൾ. ചൂട് ശമിക്കും എന്ന ആശ്വാസമുണ്ട്. എന്നാൽ അതോടൊപ്പം മഴക്കാലം പല രോഗങ്ങളുടെയും കൂടി കാലമാണെന്ന് നമ്മൾ തിരിച്ചറിയണം. ഇവയെപ്പറ്റി അവബോധമുണ്ടാവുക എന്നത് മുന്നൊരുക്കങ്ങൾ ശക്തിപ്പെടുത്താൻ നമ്മെ സഹായിക്കും. ഇവയിൽ പ്രധാനമായിട്ടുള്ളത് താഴെ പറയുന്നവയാണ്:
1. വയറിളക്കം
2. മഞ്ഞപ്പിത്തം
3. ടൈഫോയ്ഡ്
ഇത്തരം രോഗങ്ങൾ പകരുന്നത് രോഗിയുടെ മലമൂത്ര വിസർജ്യങ്ങളിലൂടെയാണ്. ഇവ കലർന്ന വെള്ളം ഒരാൾ കുടിക്കുമ്പോൾ അയാൾക്ക് രോഗം പിടിപെടുന്നു.
വയറിളക്കം
പലപ്പോഴും ഛർദിയിൽ തുടങ്ങി അടുത്ത ഒന്നുരണ്ടു ദിവസങ്ങളിൽ വയറിളക്കത്തിലേക്കു നയിക്കു ന്നു. പലപ്പോഴും ഇവയെല്ലാം താനേ ഭേദപ്പെടുമെങ്കിലും നിർജലീകരണം അഥവാ ശരീരത്തിലെ വെള്ള ത്തിന്റെ അളവ് നഷ്ടപ്പെടുന്ന അവസ്ഥയ്ക്ക് കാരണമാകുന്നു. ധാരാളമായി വെള്ളം കുടിക്കുവാൻ - പ്രത്യേകിച്ച് കരിക്കിൻ വെള്ളം, ഉപ്പിട്ട കഞ്ഞിവെള്ളം, സംഭാരം എന്നിവ - ശ്രദ്ധിക്കുക. ഇവ ശരീരത്തിലെ വെള്ളവും അതിന്റെ കൂടെ ലവണങ്ങളും നഷ്ടപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു. കഠിനമായ പനിയോ വയറുവേദനയോ -പ്രത്യേകിച്ച് കുട്ടികളിൽ- ഉണ്ടാവുകയാണെങ്കിൽ സ്വയം ചികിത്സ നടത്താതെ ഒരു ആരോഗ്യ പ്രവർത്തകനെ കാണേണ്ടതാണ്.
മഞ്ഞപിത്തം
Hepatitis-A എന്ന വൈറസാണ് പ്രധാനമായും ഈ രോഗത്തിന് കാരണമാകുന്നത്. പലപ്പോഴും പനിയിൽ ആരംഭിച്ച് വയറുസംബന്ധമായ ബുദ്ധിമുട്ടുകളിലേക്ക് എത്തും. വിശപ്പില്ലായ്മ, വയറുവേദന,
ഛർദി എന്നിവയാണ് ഇതിന്റെ ലക്ഷണങ്ങൾ. നാലഞ്ചു ദിവസങ്ങൾക്കുശേഷമാണ് കണ്ണിലും ദേഹത്തു മായി മഞ്ഞനിറം കണ്ടുതുടങ്ങുന്നത്. ഈ വൈറൽ അണുബാധ കരളിനെ ബാധിക്കുന്നതാണ് മഞ്ഞപ്പിത്തത്തിന് കാരണമാകുന്നത്. ഈ അവസ്ഥയിൽ ഏറ്റവും പെട്ടെന്നുതന്നെ ഡോക്ടറെ കാണുകയും ഉപദേശാനു സരണം രക്തപരിശോധനകൾ നടത്തുകയും ചികിത്സ നേടുകയും ചെയ്യേണ്ടതാണ്. ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ കരളിന്റെ പ്രവർത്തനത്തെ സാരമായി ബാധിച്ച് മരണത്തിനുവരെ കാരണമായേക്കാം.
ടൈഫോയ്ഡ്
ടൈഫോയ്ഡിനെപ്പറ്റി ദീർഘമായി പറയുന്നില്ല. മുകളിൽ പറഞ്ഞ, വയറിളക്ക രോഗങ്ങളോട് സാമ്യമുള്ള ലക്ഷണങ്ങൾതന്നെയാണ് പലപ്പോഴും കാണാറുള്ളത്. ഇവ രണ്ടുമൂന്നു ദിവസത്തിൽ കൂടുതൽ നിലനിൽക്കുകയോ അല്ലെങ്കിൽ കടുത്ത പനി, വയറുവേദന എന്നിവ ഉണ്ടാവുകയോ ആണെങ്കിൽ ഒരു ഡോക്ടറെ കാണുക. കുട്ടികളിലാണ് ഈ ലക്ഷണങ്ങൾ കാണുന്നതെങ്കിൽ ഡോക്ടറെ കാണിക്കാൻ ഒട്ടും വൈകരുത്. സ്വയം ചികിത്സ അപകടമാണ്.
ഈ അസുഖങ്ങൾക്കെല്ലാം ശരിയായ ചികിത്സ ലഭിച്ചില്ലെങ്കിൽ ഗൗരവമുള്ള സ്ഥിതിയിലേക്കെത്താം. ഇവയെ പ്രതിരോധിക്കാനുള്ള ഏറ്റവും നല്ല വഴി തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുകയും പാചകത്തിന് ഉപയോഗിക്കുകയും ചെയ്യുക എന്നതാണ്. അതുപോലെതന്നെ പുറമെനിന്ന് ഭക്ഷണം കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. അത്യാവശ്യമാണെങ്കിൽ വൃത്തിയുള്ള സാഹചര്യത്തിലാണ് ഭക്ഷണം ഉണ്ടാക്കുന്നത് എന്ന് ഉറപ്പിക്കുക. വീട്ടിലെ കിണറുകളും മറ്റു ശുദ്ധജലസ്രോതസ്സുകളും സെപ്റ്റിക് ടാങ്കുമായോ മറ്റു മലിനജല സ്രോതസ്സുകളുമായോ നേരിട്ട് ബന്ധമില്ല എന്ന് മഴക്കാലത്തിനു മുമ്പുതന്നെ ഉറപ്പുവരുത്തുക.
ടൈഫോയ്ഡ്, ഹെപ്പറ്റൈറ്റിസ് എന്നിവയ്ക്ക് നമ്മുടെ നാട്ടിൽ വാക്‌സിനേഷൻ ലഭ്യമാണ്. കുട്ടികൾക്കും മുതിർന്നവർക്കും മറ്റു അസുഖങ്ങളുള്ളവർക്കും വാക്‌സിനേഷനെടുക്കുന്നത് ഏറെ ഉപകാര പ്രദമായിരിക്കും. ഈ രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നത് വഴി അനിവാര്യ ചികിത്സ ലഭിക്കുന്നു എന്നുറപ്പു വരുത്താം.

