ഹൈപ്പർടെൻഷൻ: ഒരു നിശ്ശബ്ദ ഘാതകൻ

ഡോ.മറിയാമു

2026 മെയ് 16, 1447 ദുൽഖഅദ് 27

മെയ് 17 ലോകമെമ്പാടും ‘ലോക ഹൈപ്പർടെൻഷൻ ദിന’മായി ആചരിക്കുന്നു. ലക്ഷണങ്ങളൊന്നുമില്ലാതെ മനുഷ്യന്റെ ശരീരത്തെ പതുക്കെ ബാധിക്കുന്നതിനാൽ ഹൈപ്പർടെൻഷൻ ‘Silent Killer’ എന്ന പേരിൽ അറിയപ്പെടുന്നു. ഇന്നത്തെ ജീവിതശൈലി കാരണം വലിയൊരു ശതമാനം ആളുകൾക്ക് ഈ അവസ്ഥയുണ്ടെങ്കിലും പലരിലും അത് അറിയപ്പെടാതെ പോകുന്നു. അതിനാൽത്തന്നെ, സമയബന്ധിതമായി തിരിച്ചറിയലും നിയന്ത്രണവും വളരെ പ്രധാനമാണ്.

എന്താണ് ബ്ലഡ് പ്രഷർ?

നമ്മുടെ ശരീരത്തിലെ രക്തക്കുഴലുകളിലൂടെ രക്തം ഒഴുകുമ്പോൾ, അത് ആ കുഴലുകളുടെ ഭിത്തിയിൽ ചെലുത്തുന്ന മർദ്ദത്തെയാണ് ബ്ലഡ് പ്രഷർ അഥവാ രക്തസമ്മർദം എന്ന് വിളിക്കുന്നത്. എളുപ്പത്തിൽ മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം:

നമ്മൾ മോട്ടോർ ഉപയോഗിച്ച് കിണറ്റിൽനിന്നും മറ്റും വെള്ളം അടിക്കാറുണ്ടല്ലോ. മോട്ടോർ പ്രവർത്തിക്കുമ്പോൾ പൈപ്പിനുള്ളിലൂടെ വരുന്ന വെള്ളത്തിന് ഒരു നിശ്ചിത വേഗവും മർദവുമുണ്ടാകും.

ഈ മർദം കൂടിയാൽ പൈപ്പ് പൊട്ടിപ്പോകാനോ മോട്ടോറിന് കേടുപാടുകൾ സംഭവിക്കാനോ സാധ്യതയുണ്ട്. ഇതുപോലെ തന്നെയാണ് നമ്മുടെ ശരീരവും. ഹൃദയം രക്തം പമ്പ് ചെയ്യുമ്പോൾ രക്തക്കുഴലുകളിൽ അനുഭവപ്പെടുന്ന സമ്മർദം കൃത്യമായ അളവിലായിരിക്കണം. ഉയർന്ന രക്തസമ്മർദം എന്നത് രക്തം രക്തക്കുഴലുകളുടെ ഭിത്തികളിൽ ചെലുത്തുന്ന സമ്മർദം സ്ഥിരമായി ഉയർന്ന നിലയിൽ നിലനിൽക്കുന്ന അവസ്ഥയാണ്. സാധാരണയായി 120/80 mmHg വരെയുള്ളതിനെ നോർമലായി കണക്കാക്കുമ്പോൾ, 140/90 mmHg അല്ലെങ്കിൽ അതിൽ കൂടുതലുള്ളതിനെ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു. ഇപ്പോഴത്തെ മാർഗനിർദേശങ്ങൾ പ്രകാരം 130/80 mmHg കഴിഞ്ഞാൽ തന്നെ ജാഗ്രത പാലിക്കുന്നതാണ് നല്ലത്. അപ്പോൾ രോഗം തുടക്കത്തിൽതന്നെ കണ്ടെത്താനും നിയന്ത്രിക്കാനും സഹായിക്കുന്നു.

2026ലെ ലോക ഹൈപ്പർടെൻഷൻ ദിനത്തിന്റെ പ്രമേയം ‘രക്തസമ്മർദം കൃത്യമായി പരിശോധിക്കുക, നിയന്ത്രണത്തിൽ വയ്ക്കുക, ദീർഘായുസ്സ് നേടുക’ എന്നതാണ്. ഇത് ശരിയായ രീതിയിൽ രക്തസമ്മർദം അളക്കുന്നതിന്റെയും അതിനെ നിയന്ത്രണത്തിൽ നിർത്തുന്നതിന്റെയും പ്രാധാന്യം നമ്മെ ഓർമപ്പെടുത്തുന്നു. ശരിയായ അളക്കൽ വളരെ പ്രധാനമാണ്. വിശ്രമാവസ്ഥയിൽ ഇരുന്ന്, ശരിയായരീതിയിൽ, ഒന്നിലധികം തവണ അളക്കുന്നതിലൂട മാത്രമെ ശരിയായ വിലയിരുത്തൽ സാധ്യമാകൂ.

ഹൈപ്പർടെൻഷൻ നിയന്ത്രിക്കാതെ പോകുമ്പോൾ അത് ശരീരത്തിലെ പ്രധാന അവയവങ്ങളെ ഗുരുതരമായി ബാധിക്കും. ഹൃദയാഘാതം, സ്ട്രോക്ക്, വൃക്കകളുടെ പ്രവർത്തനക്കുറവ്, കണ്ണിലെ റെറ്റി നോപതി എന്നിവയ്ക്ക് പ്രധാന കാരണം ഇതാണ്. പ്രത്യേകിച്ച് ദീർഘകാലമായി നിയന്ത്രിക്കാത്ത ഹൈപ്പർടെൻഷൻ കാരണം രക്തക്കുഴലുകളുടെ ഭിത്തികൾ കട്ടിയാകുകയും അവയുടെ ഇളക്കം കുറയുകയും ചെയ്യുന്നു. ഇതുതന്നെ പിന്നീട് ഹൃദ്രോഗങ്ങളുടെ സാധ്യത വർധിപ്പിക്കുന്നു.

ഈ രോഗത്തിന്റെ ഏറ്റവും വലിയ പ്രശ്‌നം, പലപ്പോഴും വ്യക്തമായ ലക്ഷണങ്ങൾ ഇല്ലാത്തതാണ്. ചിലപ്പോൾ തലവേദന, തലചുറ്റൽ, ഹൃദയമിടിപ്പ് വർധിക്കുക തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടാകാമെങ്കിലും, അവ സ്ഥിരമായി കാണപ്പെടണമെന്നില്ല. അതുകൊണ്ട് തന്നെ “check your BP regularly’ എന്ന സന്ദേശം അത്യന്തം പ്രാധാന്യമുള്ളതാണ്.

അപകടസാധ്യത വർധിപ്പിക്കുന്ന പ്രധാന ഘടകങ്ങളിൽ അമിത ഉപ്പ് ഉപയോഗം, അമിതവണ്ണം, വ്യായാമക്കുറവ്, മാനസിക സമ്മർദം, പുകവലി, പ്രമേഹം, പാരമ്പര്യം എന്നിവ ഉൾപ്പെടുന്നു. ഇന്ന് നഗര ജീവിതവും പ്രോസസ്ഡ് ഫുഡുകളുടെ ഉപയോഗവും വർധിച്ചതോടെ ഹൈപ്പർടെൻഷൻ ചെറുപ്പക്കാരിലും കൂടുതലായി കാണപ്പെടുന്നു എന്നത് ശ്രദ്ധേയമാണ്.

ബിപി നിയന്ത്രണത്തിനായി ജീവിതശൈലി മാറ്റങ്ങൾ ഏറെ ഫലപ്രദമാണ്. ദിവസേന കുറഞ്ഞത് 30 മിനിറ്റ് ശാരീരിക വ്യായാമം, പഴം-പച്ചക്കറി സമൃദ്ധമായ ഭക്ഷണം, ഉപ്പിന്റെ ഉപയോഗം കുറയ്ക്കൽ (ദിവസം 5 ഗ്രാം താഴെ), ഭാരം നിയന്ത്രിക്കൽ, മാനസിക സമ്മർദം കുറയ്ക്കൽ എന്നിവ നിർബന്ധമാണ്. രക്തസമ്മർദം പരിശോധിച്ചതിന് ശേഷം ഡോക്ടർ നിർദേശിക്കുന്ന മരുന്നുകൾ സ്ഥിരമായി കഴിക്കുന്നതും അത്യാവശ്യമാണ്. മരുന്ന് തുടങ്ങിയതുകൊണ്ട് രോഗം ‘ശാശ്വതമായി മാറി’ എന്ന ധാരണ തെറ്റാണ് ഇത് നിയന്ത്രണത്തിലാക്കേണ്ട ഒരു ദീർഘകാല അവസ്ഥയാണ്.

ഇസ്‌ലാം നമ്മെ ആരോഗ്യകരമായ, മിതമായ ജീവിതശൈലിയിലേക്ക് നയിക്കുന്നു. ക്വുർആനിൽ അല്ലാഹു പറയുന്നു: “നിങ്ങൾ തിന്നുകയും കുടിക്കുകയും ചെയ്തുകൊള്ളുക. എന്നാൽ നിങ്ങൾ അതിരു വിടരുത്...’’ (7:31).

ഈ മാർഗനിർദേശം ഇന്ന് മെഡിക്കൽ ശാസ്ത്രം പറയുന്ന balanced diet, portion control എന്നിവയുമായി ചേർന്ന് നിൽക്കുന്നതാണ്.

നമസ്‌കാരമെന്ന ശ്രേഷ്ഠമായ ആരാധന മാനസിക സമ്മർദം കുറയ്ക്കുന്നതിനും ശരീരത്തിന് ലഘുവായ വ്യായാമം നൽകുന്നതിനും സഹായിക്കുന്നു. ആത്മാർഥമായ പ്രാർഥനയും അല്ലാഹുവിലുള്ള ആശ്രയവും മനസ്സിന് സമാധാനം നൽകുകയും അത് ഹൃദയാരോഗ്യത്തിനും ഗുണകരമാകുകയും ചെയ്യുന്നു.

ഹൈപ്പർടെൻഷൻ ഒരു നിശ്ശബ്ദ രോഗമാണെങ്കിലും അത് നമുക്ക് നിയന്ത്രിക്കാവുന്നതാണ്. ആരോഗ്യകരമായ ജീവിതശൈലി, സമയബന്ധിത പരിശോധന, ആത്മീയശാന്തി എന്നിവയുടെ സംയോജനം നമ്മെ ദീർഘായുസ്സിലേക്കും ആരോഗ്യകരമായ ജീവിതത്തിലേക്കും നയിക്കും; അല്ലാഹു ഉദ്ദേശിച്ചാൽ.