ചുട്ടുപൊള്ളുന്ന കേരളം; അതിജീവനത്തിനായുള്ള ആരോഗ്യപാഠങ്ങൾ

ഡോ.റഫീദ.കെ

2026 ഏപ്രിൽ 04, 1447 ശവ്വാൽ 16

മലയാളിയുടെ കലണ്ടറിൽ വേനൽക്കാലം എന്നും ആഘോഷങ്ങൾ നിറഞ്ഞ അവധിക്കാലമായിരുന്നു; ചൂടുണ്ടായിരുന്നെങ്കിലും. എന്നാൽ ഇന്ന് ചൂട് അസഹ്യമാണ്. വിയർപ്പൊഴുക്കുന്ന വെയിലല്ല, മറിച്ച് ചർമം പൊള്ളിക്കുന്ന, ശ്വാസം മുട്ടിക്കുന്ന ഉഷ്ണതരംഗങ്ങളാണ് (Heat Waves) വേനൽക്കാലത്ത് വന്നെത്തുന്നത്. ആഗോളതാപനത്തിന്റെ ആഘാതം കേരളത്തിന്റെ പച്ചപ്പിനെപ്പോലും കീഴ്‌പ്പെടുത്തിയിരിക്കുന്നു. ഈ സാഹചര്യത്തിൽ, ചൂടിനെ വെറുമൊരു കാലാവസ്ഥാ മാറ്റമായി കാണാതെ, കൃത്യമായ ശാസ്ത്രീയ മുൻകരുതലുകളോടെ നേരിടേണ്ട ഒരു ആരോഗ്യപ്രശ്‌നമായി നാം തിരിച്ചറിയണം. നമുക്കും നമ്മുടെ പ്രിയപ്പെട്ടവർക്കും ഈ വേനൽക്കാലം സുരക്ഷിതമാക്കാൻ എന്തൊക്കെ ശ്രദ്ധിക്കണം എന്ന് നോക്കാം.

1. ചൂട് ശരീരത്തെ ബാധിക്കുന്നത് എങ്ങനെ?

നമ്മുടെ ശരീരം ഒരു യന്ത്രം പോലെയാണ്. അതിന്റെ താപനില എപ്പോഴും 37°-C (98.°-F) ആയി നിലനിർത്താൻ ശരീരം സ്വയം പരിശ്രമിക്കും. പുറത്തെ ചൂട് കൂടുമ്പോൾ ശരീരം വിയർപ്പിലൂടെ ഈ ചൂടിനെ പുറന്തള്ളാൻ ശ്രമിക്കുന്നു. എന്നാൽ അന്തരീക്ഷത്തിലെ ഈർപ്പം (Humidity) കൂടുമ്പോൾ വിയർപ്പ് ഉണങ്ങാതെ വരികയും ശരീരത്തിന്റെ തണുപ്പിക്കൽ പ്രക്രിയ തടസ്സപ്പെടുകയും ചെയ്യുന്നു. ഇതാണ് നമ്മെ അപകടത്തിലേക്ക് നയിക്കുന്നത്.

2. ആരോഗ്യപ്രശ്‌നങ്ങളും ലക്ഷണങ്ങളും

സൂര്യാഘാതം (Heat Stroke): ഏറ്റവും അപകടകരം. ശരീരതാപനില 40°C(104°F)ന് മുകളിൽ പോവുകയും മസ്തിഷ്‌കത്തിന്റെ പ്രവർത്തനം മന്ദീഭവിക്കുകയും ചെയ്യുന്നു. വിയർപ്പ് നിൽക്കുക, കഠിനമായ തലവേദന, ആശയക്കുഴപ്പം, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങൾ.

സൂര്യതാപം (Heat Exhaustion): അമിതമായ വിയർപ്പ്, പേശിവലിവ്, തലകറക്കം, ഛർദി, വേഗത്തിലുള്ള ഹൃദയമിടിപ്പ് എന്നിവ ഇതിന്റെ ലക്ഷണങ്ങളാണ്.

നിർജലീകരണവും ലവണനഷ്ടവും (Dehydration): വിയർപ്പിലൂടെ അമിതമായി ജലവും സോഡിയം, പൊട്ടാസ്യം തുടങ്ങിയ ലവണങ്ങളും നഷ്ടപ്പെടുന്നത് പേശീവലിവിനും (Cramps)കടുത്ത ക്ഷീണത്തിനും കാരണമാകുന്നു. രക്തസമ്മർദം കുറയാനും ഇത് ഇടയാക്കും.

ത്വക്ക് രോഗങ്ങൾ (Skin Problems): അമിതമായ വിയർപ്പും പൊടിയും ചർമത്തിലെ സുഷിരങ്ങൾ അടയുന്നതിനും ചൂടുകുരു (Prickly heat), ഫംഗസ് ബാധ എന്നിവയ്ക്കും കാരണമാകുന്നു. കൂടാതെ അൾട്രാവയലറ്റ് കിരണങ്ങൾ നേരിട്ട് ഏൽക്കുന്നത് ചർരത്തിൽ കരുവാളിപ്പിനും പൊള്ളലിനും കാരണമാകും.

ജലജന്യ രോഗങ്ങൾ: വേനൽക്കാലത്തെ ജലക്ഷാമം ശുദ്ധജലലഭ്യത കുറയ്ക്കുന്നു. മലിനമായ വെള്ളത്തിലൂടെയും ഭക്ഷണത്തിലൂടെയും ടൈഫോയ്ഡ്, കോളറ, മഞ്ഞപ്പിത്തം (Hepatitis A), വയറിളക്കം തുടങ്ങിയ രോഗങ്ങൾ പടരാൻ സാധ്യതയേറെയാണ്.

നേത്രരോഗങ്ങൾ: കഠിനമായ വെയിലും ചൂടുകാറ്റും കണ്ണുകൾക്ക് വരൾച്ചയുണ്ടാക്കാം. കണ്ണ് ചുവക്കുക, പഴുപ്പ്, ചെങ്കണ്ണ് എന്നിവ വേനൽക്കാലത്ത് വ്യാപകമായി കണ്ടുവരുന്നു.

അഞ്ചാംപനിയും ചിക്കൻ പോക്‌സും: വായുവിലൂടെ പകരുന്ന ഇത്തരം വൈറസ് രോഗങ്ങൾ ചൂടുകാലത്ത് വേഗത്തിൽ പടരാൻ സാധ്യതയുണ്ട്. ശരീരത്തിലെ പ്രതിരോധശേഷി കുറയുന്നതാണ് ഇതിന് പ്രധാന കാരണം.

3. പ്രായം തിരിച്ചുള്ള പ്രത്യേക ജാഗ്രത

എ. കുഞ്ഞുങ്ങൾക്കും കുട്ടികൾക്കും:

കുട്ടികളുടെ ശരീരത്തിന് താപനില ക്രമീകരിക്കാനുള്ള കഴിവ് മുതിർന്നവെേരക്കാൾ കുറവാണ്. സ്‌കൂൾ വിട്ട് വരുമ്പോഴോ കളിക്കുമ്പോഴോ കുട്ടി അമിതമായി തളരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. പഴച്ചാറുകളോ തിളപ്പിച്ചാറ്റിയ വെള്ളമോ കൃത്യമായ ഇടവേളകളിൽ നൽകുക. ഇറുകിയ വസ്ത്രങ്ങൾ ഒഴിവാക്കി വായുസഞ്ചാരമുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിപ്പിക്കുക. കാറുകൾക്കുള്ളിൽ കുട്ടികളെ തനിച്ചാക്കി പോകരുത്; നിമിഷങ്ങൾക്കുള്ളിൽ കാറിനുള്ളിലെ താപം മാരകമായ അളവിൽ ഉയർന്നേക്കാം.

ബി. മുതിർന്നവർക്കും തൊഴിലെടുക്കുന്നവർക്കും:

പുറംജോലികളിൽ ഏർപ്പെടുന്നവർക്കാണ് ഏറ്റവും കൂടുതൽ അപകട സാധ്യത. പുറത്ത് പണിയെടുക്കുമ്പോൾ വിയർപ്പിലൂടെ ശരീരത്തിൽനിന്ന് വെള്ളവും ലവണങ്ങളും വേഗത്തിൽ നഷ്ടപ്പെടുന്നു.

എന്ത് ചെയ്യാം?

സാധ്യമായിടത്ത് ജോലിസമയം ക്രമീകരിക്കുന്നത് നല്ലതാണ്. ഉച്ചയ്ക്ക് 11 മണി മുതൽ 3 മണി വരെ നേരിട്ട് വെയിൽകൊള്ളുന്നത് ഒഴിവാക്കുക. ഓരോ 20-30 മിനിറ്റിലും വെള്ളം കുടിക്കുക. ഉപ്പ് ചേർത്ത നാരങ്ങവെള്ളം, മോര്, തേൻവെള്ളം എന്നിവ ഉപയോഗിക്കാം. ദാഹം തോന്നുന്നതിന് മുമ്പുതന്നെ വെള്ളം കുടിക്കുവാൻ ശ്രദ്ധിക്കുക. നിർമാണ തൊഴിലാളികൾ, കർഷകർ, ട്രാഫിക് പോലീസ് എന്നിവർ കൃത്യമായ ഇടവേളകളിൽ തണലത്തേക്ക് മാറി വിശ്രമിക്കണം.

സി. പ്രായമായവർക്കും രോഗികൾക്കും:

ഹൃദ്രോഗം, വൃക്കരോഗം, ഉയർന്ന രക്തസമ്മർദം എന്നിവയ്ക്കുള്ള മരുന്നുകൾ കഴിക്കുന്നവർക്ക് ചൂട് വേഗത്തിൽ ഏൽക്കും. ദാഹം തോന്നിയില്ലെങ്കിലും വെള്ളം കുടിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. വീടിനുള്ളിൽ നല്ല വായുസഞ്ചാരം ഉറപ്പാക്കുക. കർട്ടനുകൾ ഉപയോഗിച്ച് നേരിട്ടുള്ള വെയിൽ മുറിക്കുള്ളിലേക്ക് കടക്കുന്നത് തടയുക.

ഡി. സ്ത്രീകൾക്കും, ഗർഭിണികൾക്കും:

ഗർഭകാലത്ത് ശരീരതാപം സാധാരണയെക്കാൾ കൂടുതലായിരിക്കും. ദിവസം രണ്ടുനേരം കുളിക്കുന്നത് ശരീരതാപം കുറയ്ക്കാൻ സഹായിക്കും. അത്യാവശ്യമില്ലാത്ത യാത്രകൾ ഉച്ച സമയത്ത് ഒഴിവാക്കുക. സ്ത്രീകൾ അടുക്കളയിൽ ജോലി ചെയ്യുമ്പോൾ വായുസഞ്ചാരം ഉറപ്പാക്കുക.

4. ഭക്ഷണക്രമവും ജീവിതശൈലിയും

നമ്മുടെ ആഹാരരീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ ശരീരത്തെ ഉള്ളിൽനിന്ന് തണുപ്പിക്കാം.

എന്ത് കുടിക്കണം?

പ്ലെയിൻ വെള്ളം തന്നെയാണ് ഏറ്റവും ഉത്തമം. മണിക്കൂറിൽ ഒരു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കുന്നതാണ് ഉചിതം. മൂത്രത്തിന്റെ നിറം കടും മഞ്ഞയാണെങ്കിൽ അത് ശരീരം കൂടുതൽ വെള്ളം ആവശ്യപ്പെടുന്നു എന്നതിന്റെ സൂചനയാണ്. തെളിഞ്ഞ നിറത്തിലുള്ള മൂത്രം കൃത്യമായി വെള്ളം ലഭിക്കുന്നു എന്നതിന്റെ ലക്ഷണമാണ്.

കഞ്ഞിവെള്ളം (ഉപ്പിട്ടത്), സംഭാരം (തൈര്), ഇളനീർ, നാരങ്ങാവെള്ളം എന്നിവ കുടിക്കാവുന്നതാണ്. രാമച്ചം, പതിമുഖം, മലർ, നന്നാറി എന്നിവയിലേതെങ്കിലും ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കാം. കഫീൻ അടങ്ങിയ ചായ, കാപ്പി എന്നിവ കുറയ്ക്കുക; ഇവ ശരീരത്തിലെ ജലാംശം വേഗത്തിൽ നഷ്ടപ്പെടുത്തും. സോഫ്റ്റ് ഡ്രിങ്കുകൾ(carbonated drinks), കൃത്രിമ മധുര പാനീയങ്ങൾ എന്നിവ ഒഴിവാക്കി പ്രകൃതിദത്ത പാനീയങ്ങൾ ശീലമാക്കുക

എന്ത് കഴിക്കണം?

ജലാംശം കൂടുതലുള്ള തണ്ണിമത്തൻ, വെള്ളരിക്ക, പപ്പായ, ഓറഞ്ച് എന്നിവ ശീലമാക്കുക. എണ്ണമയമുള്ളതും എരിവുള്ളതുമായ ഭക്ഷണങ്ങൾ ഒഴിവാക്കി ലഘുവായ ഭക്ഷണങ്ങൾ (ഉദാഹരണത്തിന് തൈര്) കഴിക്കുക. ഭക്ഷണസാധനങ്ങൾ വേഗത്തിൽ കേടാകാൻ സാധ്യതയുള്ളതിനാൽ പഴകിയ ഭക്ഷണം ഒഴിവാക്കുക. മാംസാഹാരത്തിന്റെ അളവ് കുറയ്ക്കുക.

വസ്ത്രധാരണം

കറുത്ത വസ്ത്രങ്ങൾ ചൂടിനെ ആഗിരണം ചെയ്യും. അതിനാൽ വെളുത്തതോ ഇളം നിറത്തിലുള്ളതോ ആയ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക. കുട അല്ലെങ്കിൽ തൊപ്പി ഉപയോഗിക്കുക. കണ്ണുകൾ സംരക്ഷിക്കാൻ സൺഗ്ലാസ് ഉപയോഗിക്കാം

വ്യായാമം

കഠിനമായ വ്യായാമങ്ങൾ വെയിൽ കുറഞ്ഞ സമയത്തോ(രാവിലെ/വൈകുന്നേരം) ഇൻഡോർ ജിമ്മുകളിലോ ചെയ്യുക.

5. അടിയന്തര സാഹചര്യങ്ങളിലെ പ്രഥമശുശ്രൂഷ

ഒരാൾക്ക് ചൂട് കൊണ്ട് അസ്വസ്ഥത അനുഭവപ്പെട്ടാൽ:

. ആദ്യം ചെയ്യേണ്ടത് അയാളെ തണലത്തേക്കോ എയർകണ്ടീഷൻ ചെയ്ത മുറിയിലേക്കോ മാറ്റുക എന്നതാണ്.

. ഇറുകിയതോ കട്ടികൂടിയതോ ആയ വസ്ത്രങ്ങൾ അഴിച്ച് വായുസഞ്ചാരം എളുപ്പമാക്കുക.

. ശരീരം തണുപ്പിക്കുക: നനഞ്ഞ തുണികൊണ്ട്

. ശരീരം തുടയ്ക്കുക. കക്ഷം, കഴുത്ത്, നെറ്റി എന്നിവിടങ്ങളിൽ തണുത്ത വെള്ളം ഉപയോഗിക്കുക.

. ജലാംശം നൽകുക: ബോധമുണ്ടെങ്കിൽ മാത്രം വെള്ളം കുടിക്കാൻ നൽകുക. ബോധമില്ലെങ്കിൽ ദ്രാവകങ്ങൾ നൽകരുത്.

. ഡോക്ടറെ കാണുക: ലക്ഷണങ്ങൾ മാറുന്നില്ലെങ്കിൽ ഒട്ടും വൈകാതെ തന്നെ വൈദ്യസഹായം തേടുക.

വേനൽക്കാലം കഠിനമാണെങ്കിലും ശരിയായ അറിവും ജാഗ്രതയും ഉണ്ടെങ്കിൽ നമുക്ക് സുരക്ഷിതരായിരിക്കാം. ആരോഗ്യരക്ഷ രോഗം വന്നശേഷം ചികിത്സിക്കുന്നതിലല്ല, രോഗം വരാതിരിക്കാൻ മുൻകരുതൽ എടുക്കുന്നതിലാണ്. ചെറിയ അശ്രദ്ധപോലും വലിയ പ്രശ്‌നങ്ങൾക്ക് വഴിവെക്കാം; അതുപോലെ ചെറിയ നല്ല ശീലങ്ങൾ വലിയ സംരക്ഷണമായി മാറും.

ഓരോ വ്യക്തിയും സ്വന്തം ആരോഗ്യം ശ്രദ്ധിക്കുമ്പോൾ കുടുംബവും സമൂഹവും ശക്തമാകും. ബോധവത്കരണവും ഉത്തരവാദിത്തബോധവും കൈകോർക്കുമ്പോൾ വേനൽക്കാലം ഭീഷണിയല്ല, മറിച്ച് ആരോഗ്യകരമായ ജീവിതത്തിലേക്ക് നമ്മെ നയിക്കുന്ന ഒരു അവസരമാകും. അയൽപക്കത്തെ ഒറ്റയ്ക്ക് താമസിക്കുന്ന പ്രായമായവരെ അന്വേഷിക്കാനും മുറ്റത്ത് പക്ഷികൾക്കും മൃഗങ്ങൾക്കും വെള്ളം കരുതാനും മറക്കരുത്. പ്രകൃതിക്കൊപ്പം നിന്നുകൊണ്ട്, കരുതലോടെ നമുക്ക് ഈ തീച്ചൂടിനെ അതിജീവിക്കാം.