ഷിഗെല്ലോസിസ്: ജാഗ്രത ആവശ്യമായ ഒരു പകർച്ചവ്യാധി
ഡോ. റഫീദ കെ.
2026 ജൂൺ 20, 1448 മുഹർറം 05

കേരളത്തിൽ, പ്രത്യേകിച്ച് വടക്കൻ കേരളത്തിലെ ചില പ്രദേശങ്ങളിൽ ഷിഗെല്ലോസിസ് രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടത് പൊതുജനാരോഗ്യ രംഗത്ത് ആശങ്ക സൃഷ്ടിച്ചിരിക്കുകയാണ്. സംസ്ഥാനത്ത് 126 ഷിഗെല്ല അണുബാധ കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യവകുപ്പ് അറിയിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയിൽ ഒരു നാലുവയസ്സുകാരി രോഗബാധയെ തുടർന്ന് മരണപ്പെട്ടതും രോഗത്തെക്കുറിച്ചുള്ള ആശങ്ക വർധിപ്പിക്കുന്നു. ഇതിനെ തുടർന്ന് ആരോഗ്യവകുപ്പ് നിരീക്ഷണവും പ്രതിരോധ പ്രവർത്തനങ്ങളും ശക്തമാക്കിയിട്ടുണ്ട്.
എന്താണ് ഷിഗെല്ലോസിസ്?
‘ഷിഗെല്ല’ എന്ന ബാക്ടീരിയ മൂലമുണ്ടാകുന്ന, ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ ബാധിക്കുന്ന ഒരു പകർച്ചവ്യാധിയാണ് ഷിഗെല്ലോസിസ്. പ്രധാനമായും മലിനമായ ഭക്ഷണത്തിലൂടെയും വെള്ളത്തിലൂ ടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയും രോഗം പകരുന്നു. കുട്ടികളെയും പ്രതിരോധ ശേഷി കുറവുള്ളവരെയും കൂടുതലായി ബാധിക്കുന്നു. അതിവേഗം പടരാൻ സാധ്യതയുള്ളതിനാൽ സമയോചിതമായ പ്രതിരോധ നടപടികൾ അനിവാര്യമാണ്.
പ്രധാന ലക്ഷണങ്ങൾ
1. ശക്തമായ വയറുവേദനയും അടിവയറ്റിലെ അസ്വസ്ഥതയും.
2. പനിയും വിറയലും.
3. ഛർദിയും കടുത്ത ക്ഷീണവും.
4. രക്തം കലർന്ന മലവിസർജനം: ഷിഗെല്ല ബാക്ടീരിയകൾ കുടലിന്റെ ആന്തരിക ഭിത്തികളെ നശിപ്പിക്കുന്നത് കൊണ്ടാണ് മലത്തോടൊപ്പം രക്തവും കഫവും പുറത്തേക്ക് വരുന്നത്. ഇതിനെ ‘ബാസിലറി ഡിസന്ററി’ എന്നും വിളിക്കുന്നു.
5. മലമൂത്രവിസർജനത്തിന് ശേഷം വീണ്ടും പോകണമെന്ന തോന്നൽ (Tenesmus).
6. നിർജലീകരണം.
രോഗലക്ഷണങ്ങൾ കണ്ടാലുടൻ വൈദ്യസഹായം തേടേണ്ടതാണ്. ചെറിയ കുട്ടികളിലും പ്രായമാ യവരിലും നിർജലീകരണത്തിന് സാധ്യത കൂടുതലായതിനാൽ രോഗം ഗുരുതരമാകാൻ സാധ്യത ഏറെയാണ്
രോഗം എങ്ങനെ പകരുന്നു?
രോഗബാധിതനായ ഒരാളുടെ മലത്തിലൂടെ പുറന്തള്ളപ്പെടുന്ന ബാക്ടീരിയകൾ മറ്റൊരാളിലേക്ക് എത്തുന്ന ‘ഫീക്കൽ-ഓറൽ’ (Faecal-oral route) വഴിയാണ് രോഗം പകരുന്നത്.
രോഗവ്യാപനത്തിനുള്ള പ്രധാന കാരണങ്ങൾ:
• തിളപ്പിക്കാത്ത വെള്ളം കുടിക്കുക.
• മലിനമായ ജലസ്രോതസ്സുകൾ ഉപയോഗിക്കുക.
• ശുചിത്വമില്ലാത്ത ഭക്ഷണം കഴിക്കുക.
• കൈകൾ നന്നായി കഴുകാതിരിക്കുക.
• രോഗബാധിതരുമായി അടുത്ത സമ്പർക്കം.
ചികിത്സ
ചികിത്സയുടെ പ്രധാന ലക്ഷ്യം നിർജലീകരണം തടയലാണ്.
ചികിത്സയിൽ ഉൾപ്പെടുന്നത്:
• ധാരാളം വെള്ളവും ORS ലായനിയും നൽകുക. ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, കരിക്കിൻ വെള്ളം എന്നിവയൊക്കെ നൽകാം
• ഡോക്ടറുടെ നിർദേശപ്രകാരം മരുന്നുകൾ ഉപയോഗിക്കുക. ‘സ്വയം ചികിത്സ’ അരുത്.
• പോഷകസമൃദ്ധമായ ഭക്ഷണം നൽകുക.
• വിശ്രമം ഉറപ്പാക്കുക.
പ്രതിരോധ മാർഗങ്ങൾ
ഷിഗെല്ലോസിസിനെ പ്രതിരോധിക്കുന്നതിൽ വ്യക്തിശുചിത്വത്തിനും പരിസരശുചിത്വത്തിനും വലിയ പങ്കുണ്ട്. നിർദേശങ്ങൾ കർശനമായി പാലിച്ചാൽ വളരെ എളുപ്പത്തിൽ തടയാവുന്ന ഒന്നാണ് ഷിഗെല്ല. അതിനായി താഴെ പറയുന്ന ശീലങ്ങൾ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കണം:
തിളപ്പിച്ചാറ്റിയ വെള്ളം മാത്രം: കുടിക്കാൻ ഉപയോഗിക്കുന്ന വെള്ളം കുറഞ്ഞത് 10 മിനിറ്റെങ്കിലും നന്നായി തിളപ്പിച്ചശേഷം മാത്രം ഉപയോഗിക്കുക. പച്ചവെള്ളവും തിളപ്പിച്ച വെള്ളവും പരസ്പരം കലർ ത്തരുത്.
കൈകൾ കഴുകുക: ആഹാരം കഴിക്കുന്നതിന് മുമ്പും മലവിസർജനത്തിന് ശേഷവും കൈകൾ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും നന്നായി കഴുകുക. കുട്ടികളെയും ഇത് ശീലിപ്പിക്കുക.
ഭക്ഷ്യസുരക്ഷ: പഴകിയതോ തുറന്നുവെച്ചതോ വേവിക്കാത്തതോ ആയ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കുക. പച്ചക്കറികളും പഴങ്ങളും ഉപയോഗിക്കുന്നതിനു മുമ്പ് നന്നായി കഴുകുക. തുറസ്സായ സ്ഥലങ്ങളിൽനിന്ന് ലഭിക്കുന്ന തുറന്നുവച്ചതും പഴകിയതും വേവിക്കാത്തതുമായ ഭക്ഷണം (മയോണൈസ് പോലുള്ളവ) ഒഴിവാക്കുക
കിണറുകൾ ക്ലോറിനേറ്റ് ചെയ്യുക: സെപ്റ്റിക് ടാങ്കുകളും കിണറുകളും തമ്മിൽ കൃത്യമായ അകലമുണ്ടെന്ന് ഉറപ്പാക്കുക.
ഐസൊലേഷൻ രോഗലക്ഷണങ്ങൾ ഉള്ളവർ ഒന്നിച്ച് മാറിത്താമസിക്കുകയും അവർക്കായി പ്രത്യേക ശൗചാലയം ഉപയോഗിക്കുകയും ചെയ്യുക. അവർ മറ്റുള്ളവർക്ക് ആഹാരം പാകം ചെയ്യരുത്. അവരുടെ വസ്ത്രം രോഗമില്ലാത്ത ആളുകളുടെതിനൊപ്പം അലക്കരുത്.
കുട്ടികളുടെ ശുചിത്വ കാര്യത്തിൽ പ്രത്യേകം ശ്രദ്ധിക്കുക. കുഞ്ഞുങ്ങളുടെ ഡയപ്പറുകൾ ശരിയായ വിധത്തിൽ സംസ്‌കരിക്കുക. ഡയപ്പറുകൾ മാറ്റിയശേഷം കൈകൾ നന്നായി കഴുകുക.
വിവാഹ സൽക്കാരം പോലെയുള്ള പരിപാടികൾ, കൂൾബാറുകൾ എന്നിവിടങ്ങളിൽ ഉപയോഗി ക്കുന്ന വെള്ളം, ഐസ് എന്നിവ ശുദ്ധമാണെന്ന് ഉറപ്പ് വരുത്തുക.
ഇസ്‌ലാമിന്റെ നിർദേശങ്ങൾ
പകർച്ച വ്യാധികൾ പടരുമ്പോൾ ഇസ്‌ലാം നൽകുന്ന ഒന്നാമത്തെ പ്രതിരോധപാഠം ശുചിത്വമാണ്. മുഹമ്മദ് നബിﷺ അരുളി: “ശുചിത്വം വിശ്വാസത്തിന്റെ പകുതിയാകുന്നു’’ (മുസ്‌ലിം).
“...തീർച്ചയായും അല്ലാഹു പശ്ചാത്തപിക്കുന്നവരെ ഇഷ്ടപ്പെടുന്നു. ശുചിത്വം പാലിക്കുന്നവരെയും ഇഷ്ടപ്പെടുന്നു’’ (ക്വുർആൻ 2:222).
കെട്ടിക്കിടക്കുന്ന വെള്ളത്തിൽ മലമൂത്രവിസർജനം നടത്തുന്നത് പ്രവാചകൻﷺ കർശനമായി വിലക്കിയിട്ടുണ്ട്. പൊതു ജലാശയങ്ങളും കിണറുകളും മലിനമാക്കുന്നത് വലിയെ തെറ്റാണെന്ന് ഇസ്‌ലാം പഠിപ്പിക്കുന്നു.
രോഗപ്രതിരോധം: പ്രവാചകാധ്യാപനങ്ങൾ
1. ‘ഭക്ഷണത്തിന് മുമ്പും ശേഷവും കൈകൾ കഴുകൽ ഭക്ഷണത്തിൽ ബറകത്ത് (അനുഗ്രഹം) ഉണ്ടാകാൻ കാരണമാകും’ (തിർമിദി).
2. ‘നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, തോൽപ്പാത്രങ്ങളുടെ വായ കെട്ടിവെക്കുക. കാരണം, വർഷത്തിൽ ഒരു രാത്രിയുണ്ട്, അന്നൊരു പകർച്ചവ്യാധി ഇറങ്ങിവരും. മൂടിവെക്കാത്ത പാത്രങ്ങളിലൂടെ യല്ലാതെ അത് കടന്നുപോകില്ല’ (മുസ്‌ലിം).
3. പാത്രത്തിലേക്ക് നേരിട്ട് ശ്വാസം വിടുന്നത് പ്രവാചകൻ വിലക്കിയിട്ടുണ്ട്. വെള്ളം കുടിക്കുമ്പോൾ ഉണ്ടാകുന്ന വായുസഞ്ചാരംവഴി പോലും അണുക്കൾ പടരാതിരിക്കാനുള്ള സൂക്ഷ്മതയാണത്.
ഒരു പ്രദേശത്ത് രോഗബാധയുണ്ടായാൽ അവിടെയുള്ളവർ പാലിക്കേണ്ട ‘ക്വാറന്റൈൻ’ (Quarantine) രീതികളെക്കുറിച്ച് ആദ്യമായി ലോകത്തിന് കൃത്യമായ നിർദേശം നൽകിയ മതം ഇസ്‌ലാമാണ്. പ്ലേഗ് പോലുള്ള പകർച്ചവ്യാധികളെക്കുറിച്ച് നബിﷺ അരുളി:
“ഒരു പ്രദേശത്ത് പകർച്ചവ്യാധിയുണ്ടെന്ന് നിങ്ങൾ കേട്ടാൽ അങ്ങോട്ട് പ്രവേശിക്കരുത്. നിങ്ങൾ ഉള്ള സ്ഥലത്താണ് അത് പൊട്ടിപ്പുറപ്പെട്ടതെങ്കിൽ അവിടെനിന്ന് നിങ്ങൾ പുറത്ത് പോവുകയുമരുത്’’ (ബുഖാരി).
രോഗം വരുന്നത് അല്ലാഹുവിന്റെ പരീക്ഷണമാണ്. എന്നാൽ അതിന് ചികിത്സ തേടുക, പ്രാർഥിക്കുക എന്നത് വിശ്വാസികളുടെ നിർബന്ധ ബാധ്യതയാണ്.
“അല്ലാഹു ഒരു രോഗവും ഇറക്കിയിട്ടില്ല, അതിന് ശമനവും (മരുന്നും) ഇറക്കിയിട്ടല്ലാതെ’’ (ബുഖാരി) എന്നാണ് പ്രവാചക വചനം
വ്യക്തിശുചിത്വത്തിലും പരിസരശുചിത്വത്തിലും കാണിക്കുന്ന ഓരോ ചെറിയ ജാഗ്രതയും ഒരു വിശ്വാസിയെ സംബന്ധിച്ചിടത്തോളം ഇബാദത്താണ് (ആരാധനയാണ്). സ്വശരീരത്തെയും നാടിനെയും രോഗങ്ങളിൽനിന്ന് സംരക്ഷിക്കാൻ മതം പഠിപ്പിച്ച ശുചിത്വ നിയമങ്ങൾ നാം കർശനമായി പാലിക്കേണ്ടതാണ്.

