നോമ്പുകാരറിയാൻ

ഡോ. ജസ്റത്ത്

2026 ഫെബ്രുവരി 28, 1447 റമദാൻ 10

ഒരു റമദാൻ കൂടി ആഗതമായിരിക്കുന്നു. റമദാൻ നോമ്പനുഷ്ഠാനത്തിലൂടെ വിശ്വാസിയുടെ ആത്മീയ ഉയർച്ചയോടൊപ്പം ആരോഗ്യം കൂടി സംരക്ഷിക്കേണ്ടതുണ്ട്. എന്നാൽ നോമ്പിന്റെ യഥാർഥ ലക്ഷ്യം, ഇഫ്ത്വാറോടെ വയർ നിറയ്ക്കുന്നതിലോ വിഭവങ്ങളുടെ വൈവിധ്യത്തിലോ ഒതുങ്ങിപ്പോകുന്നുവെങ്കിൽ, ആ ആരാധനയുടെ ആത്മാവ് നഷ്ടമാകുന്നതോടൊപ്പം ജീവിത ശൈലി രോഗങ്ങൾ വർധിക്കാനും കാരണമായിത്തീരും. ക്വുർആനും ഹദീസുകളും വ്യക്തമാക്കുന്നത്, നോമ്പ് മനുഷ്യനെ മിതത്വത്തിലേക്കും ആത്മനിയന്ത്രണത്തിലേക്കും നയിക്കണമെന്നതാണ്. ‘തിന്നുക, കുടിക്കുക; എന്നാൽ അതിരുകടക്കരുത്’ (ക്വുർആൻ 7:31) എന്ന കൽപന, റമദാനിൽ ഏറ്റവുമധികം മറക്കപ്പെടുന്ന ദൈവവചനങ്ങളിലൊന്നാണ്. ഇഫ്ത്വാറുകൾ മത്സരങ്ങളായി മാറുകയും അത്താഴം ആരോഗ്യത്തെ തളർത്തുന്ന രീതിയിലാകുകയും ചെയ്യുന്ന ഇന്നത്തെ സാഹചര്യത്തിൽ നോമ്പുകാലത്തെ ആരോഗ്യകരമായ ഭക്ഷണരീതികൾ നമുക്കൊന്ന് പരിശോധിക്കാം.

അത്താഴം

നബിﷺ പറഞ്ഞു: “നിങ്ങൾ അത്താഴം കഴിക്കുക; അത്താഴത്തിൽ ബറകത്ത് ഉണ്ട്.’’

അതായത് അത്താഴം വെറും ശീലമല്ല, ഒരു സുന്നത്തും അനുഗ്രഹവുമാണ്. ശരിയായ അത്താഴം നോമ്പിനെ എളുപ്പമാക്കുകയും ശരീരശക്തി നിലനിർത്തുകയും ചെയ്യും. നോമ്പിന് ശരീരത്തെ സജ്ജമാക്കുന്ന തരത്തിലുള്ള പോഷകസമൃദ്ധമായ ആഹാരമാണ് കഴിക്കേണ്ടത്. അത്താഴം ഉപേക്ഷിക്കുന്നത് തീർത്തും അനാരോഗ്യകരവും ശരീരത്തെ പീഡിപ്പിക്കലുമാണ്.

ഫജ്ർ ബാങ്കിന്റെ ഏകദേശം അര-മുക്കാൽ മണിക്കൂർ മുമ്പ് അത്താഴം കഴിക്കലാണ് അനുയോജ്യം. അതാണ് സുന്നത്ത്. ആ സമയത്താകുമ്പോൾ ഉറക്കം ബുദ്ധിമുട്ടാകുന്നില്ല. ഭക്ഷണത്തിനും നോമ്പിനുമിടയിൽ നീണ്ട ഇടവേളയായാൽ ശരീരത്തിന് പകലിലേക്കുള്ള ഊർജം നഷ്ടപ്പെടും.

അത്താഴത്തിനു നിദേശിക്കാവുന്ന ഭക്ഷണങ്ങൾ:

ധാന്യങ്ങൾ: ചോറ്, ഗോതമ്പ്, ഓട്‌സ്-ഇവ ദീർഘനേരം ഊർജം നൽകും.

പയറുവർഗങ്ങൾ: കടല, പയർ, പരിപ്പ് -പ്രോട്ടീനും നാരുകളും സമൃദ്ധം.

മുട്ട: ശക്തിയുള്ള പ്രോട്ടീൻ ഉറവിടം.

പാൽ/തൈര്/മോര്: ദഹനം എളുപ്പമാക്കും, ദാഹം കുറക്കും.

പഴങ്ങൾ: ഈത്തപ്പഴം, വാഴപ്പഴം, ആപ്പിൾ, പപ്പായ-സ്വാഭാവിക ഊർജം നൽകുന്നു.

പച്ചക്കറികൾ: വെള്ളരി, കാരറ്റ് പോലുള്ള ജലാംശമുള്ളവ.

മതിയായ വെള്ളം: ദിവസത്തെ ജലക്ഷയം കുറയ്ക്കാൻ അനിവാര്യം.

അത്താഴത്തിനു നിരുത്സാഹപ്പെടുത്തേണ്ടവ:

എണ്ണയിൽ വറുത്ത ഭക്ഷണം: ദാഹവും അലസതയും വർധിപ്പിക്കും.

ഫാസ്റ്റ് ഫുഡ് / ജങ്ക് ഫുഡ്: പോഷകമൂല്യമില്ല, വയറിന് ബുദ്ധിമുട്ടുണ്ടാക്കും.

അമിതമായി കാരം അടങ്ങിയവ, ഉപ്പ്: ദാഹം അധികമാക്കും.

കൃത്രിമ മധുരപാനീയങ്ങൾ: പഞ്ചസാര കൂടിയതുകൊണ്ട് ഊർജം പെട്ടെന്ന് കുറഞ്ഞുപോകും.

അമിത കഫീൻ (കാപ്പി, ചായ): ജലക്ഷയം ഉണ്ടാക്കും.

ഇഫ്ത്വാർ

നോമ്പുതുറക്കുന്ന സമയം വിശ്വാസിക്ക് അനുഗൃഹീതമായ, സന്തോഷദായകമായതാണ്. നബി ﷺയുടെ ജീവിതം പഠിപ്പിക്കുന്നത്, ഇഫ്ത്വാർ ആഘോഷത്തിന്റെ അതിരുകളില്ലാത്ത മേശയല്ല, മറിച്ച് നന്ദിയും ലാളിത്യവും നിറഞ്ഞ ഒരു ആരാധനാമുഹൂർത്തമായിരിക്കണമെന്നതാണ്.

പകൽസമയത്തെ വിശപ്പിനും ദാഹത്തിനും ശേഷം, വയറിനെ അപ്രതീക്ഷിതമായി അമിതഭക്ഷണത്തിലേക്ക് തള്ളിവിടാതെ ക്രമീകരിക്കണം. ‘മനുഷ്യൻ നിറയ്ക്കുന്ന പാത്രങ്ങളിൽ ഏറ്റവും മോശമായ പാത്രം വയറാണ്’ (തിർമിദി) എന്ന നബിവചനം ഓർക്കുക. എന്ന പോലെയാണ് ഇന്നത്തെ ഇഫ്താർ ട്രെൻഡ്.

ഇഫ്ത്വാറിന് നിർദേശിക്കാവുന്നവ:

നോമ്പ് തുറക്കുമ്പോൾ;

ഈന്തപ്പഴം (1-3 എണ്ണം): സുന്നത്താണ്. ഉടൻ ഊർജം നൽകും.

ശുദ്ധജലം: ശരീരത്തിലെ ജലക്ഷയം നികത്താൻ ഏറ്റവും നല്ലത്.

ലഘു സൂപ്പ്/കഞ്ഞി: വയറിന് സുഖം, ദഹനം എളുപ്പം.

പഴങ്ങൾ: ഓറഞ്ച്, ആപ്പിൾ, തണ്ണിമത്തൻ-സ്വാഭാവിക പഞ്ചസാര.

വീട്ടിൽ തയ്യാറാക്കിയ ലഘു പലഹാരങ്ങൾ: എണ്ണയും മസാലയും കുറച്ച്.

മഗ്‌രിബ് നമസ്‌കാരത്തിന് ശേഷം ലഘു ഭക്ഷണം: ചോറ്/റോട്ടി + പച്ചക്കറി + പയർ/മുട്ട/മീൻ.

നിരുത്സാഹപ്പെടുത്തേണ്ടവ:

അമിതഭക്ഷണം: അലസതയും ദഹനപ്രശ്‌നങ്ങളുമുണ്ടാക്കും.

അമിതമായി എണ്ണയിൽ വറുത്ത പലഹാരങ്ങൾ: നെഞ്ചെരിച്ചിലും വയറുവേദനയും.

ഫാസ്റ്റ് ഫുഡ്: പോഷകമൂല്യം കുറവ്, ആരോഗ്യം തകർക്കും.

കൃത്രിമ മധുരപാനീയങ്ങൾ: ദാഹം വീണ്ടും വർധിപ്പിക്കും.

ട്രെൻഡി ഭക്ഷണങ്ങൾ (വിശിഷ്യാ ട്രെൻഡി midnight മീൽസ്) അനാരോഗ്യകരം തന്നെയെന്നതിൽ തർക്കമില്ല.

റമദാൻ ശരീരത്തെ ക്ഷീണിപ്പിക്കാനുള്ളതല്ല; അമിതമായി പോഷിപ്പിക്കാനുമുള്ളതല്ല. മറിച്ച്, അതിനെ സംരക്ഷിച്ചുകൊണ്ട് ആത്മീയ ഉയർച്ച കൈവരിക്കാനുള്ളതാണ്. അതിനാൽ അത്താഴവും ഇഫ്താർ ഭക്ഷണവും എന്തായിരിക്കണം, എന്ത് ഒഴിവാക്കണം എന്ന കാര്യത്തിൽ ശ്രദ്ധിക്കൽ വിശ്വാസിയുടെ ഉത്തരവാദിത്തമാണ്.