ഡൗൺ സിൻഡ്രോം: തിരിച്ചറിയേണ്ട വസ്തുതകൾ

ഡോ. മറിയാമു

2026 മാർച്ച് 21, 1447 ശവ്വാൽ 02

ഡൗൺ സിൻഡ്രോം എന്നത് ഒരു രോഗമല്ല; ജീവിതകാലം മുഴുവൻ നിലനിൽക്കുന്ന ഒരു ജനിതക വൈകല്യമാണ്. നമുക്ക് തടയാൻ കഴിയാത്ത ഈ അവസ്ഥ, ഗർഭധാരണ സമയത്ത് ആകസ്മികമായി ഉണ്ടാകുന്ന ഒരു പിഴവാണ്. മനുഷ്യ കോശത്തിൽ 46 ക്രോമസോമുകളാണ് ഉള്ളത്. എന്നാൽ ഡൗൺ സിൻഡ്രോം എന്ന അവസ്ഥയിൽ അത് 47 ആകും. അതായത് 21ാമത്തെ ജോഡി ക്രോമസോമിന് ഒരു അധികപ്പകർപ്പ് കാണുന്നു. അതിനാൽ ഇതിനെ ട്രൈസോമി-21 എന്നും പറയുന്നു. ഗർഭധാരണ സമയത്തെ മാതാവിന്റെ പ്രായക്കൂടുതൽ ഇതിന് ഒരു സാധ്യത പറയുന്നുണ്ടെങ്കിലും പ്രായക്കുറവുള്ള അമ്മമാർക്കും ഈ രൂപത്തിലുള്ള കുട്ടികൾ ഉണ്ടാകുന്നെണ്ടെന്നാണ് യാഥാർഥ്യം.

ലോക ഡൗൺ സിൻഡ്രോം ദിനം (World Down Syndrome Day) ഓരോ വർഷവും മാർച്ച് 21ന് ആചരിക്കുന്നു. ഈ തീയതി (21/3) ട്രൈസോമി 21-നെ (chromosome 21ന്റെ മൂന്ന് പകർപ്പുകൾ) സൂചിപ്പിക്കുന്നതാണ്.

2026ലെ ലോക ഡൗൺ സിൻഡ്രോം ദിനത്തിന്റെ ഔദ്യോഗിക തീം ‘Together Against Loneliness’ (ഏകാന്തതയ്‌ക്കെതിരെ ഒരുമിച്ച്) എന്നതാണ്.

ഡൗൺ സിൻഡ്രോമും മറ്റു ബുദ്ധിമാന്ദ്യതകളുമുള്ള പലർക്കും, ആളുകൾക്കിടയിൽ ജീവിക്കുമ്പോഴും പലപ്പോഴും ഏകാന്തത അനുഭവപ്പെടുന്നു എന്ന യാഥാർഥ്യം ഈ തീം ഓർമിപ്പിക്കുന്നു. അതിനാൽ സമൂഹത്തിൽ യഥാർഥ ഉൾക്കൊള്ളൽ, അർഥവത്തായ സൗഹൃദങ്ങൾ, എല്ലാവർക്കും സ്വന്തമാണെന്നൊരു അനുഭവം (sense of belonging) ഉണ്ടാകാൻ സമൂഹം ഒന്നിച്ചു പ്രവർത്തിക്കണം എന്ന സന്ദേശമാണ് ഈ വർഷത്തെ തീം മുന്നോട്ടുവെക്കുന്നത്.

ഇങ്ങനെയുള്ള കുട്ടികൾ ജനിച്ച് അധികം വൈകാതെതന്നെ തിരിച്ചറിയപ്പെടുന്നു. രക്ത പരിശോധനയിലൂടെ അവസ്ഥ സ്ഥിരീകരിക്കപ്പെടുകയും ചെയ്യുന്നു. സ്ഥിരീകരിച്ചാൽ പിന്നെ ചികിത്സ എന്നത് ഓരോ കുട്ടിക്കും വ്യത്യസ്തമായിരിക്കും. കാരണം ഓരോ കുട്ടിയിലും ശാരീരികമായും മാനസികമായും കാണുന്ന ബുദ്ധിമുട്ടുകൾ വ്യത്യസ്തമായിരിക്കും.

ലക്ഷണങ്ങളും ശാരീരിക സവിശേഷതകളും

മുഖസവിശേഷതകൾ: താഴ്ന്നതുപോലെ തോന്നുന്ന മുഖം (പ്രത്യേകിച്ച് മൂക്കിന്റെ പാലം ഭാഗം), ചെറിയ തല, ചെറിയ വായ, ചെറുതായ കഴുത്ത്, മുകളിലേക്ക് ചെരിഞ്ഞ കണ്ണിമകൾ.

ശാരീരിക ലക്ഷണങ്ങൾ: മസിലുകളുടെ ബലക്കുറവ് (Hypotonia), ചെറുതും വൃത്താകൃതിയിലുള്ള തുമായ ചെവികൾ, ചെറുതായ കാലുകൾ, ചിലപ്പോൾ പുറത്തേക്ക് കാണുന്ന നാവ്.

കൈകളും കാലുകളും: കൈവെള്ളയിൽ ആഴത്തിലുള്ള ഒറ്റ വര (Simian crease), കാലിലെ ആദ്യത്തെയും രണ്ടാമത്തെയും വിരലുകൾക്കിടയിൽ കൂടുതൽ വിടവ്.

വളർച്ച: വളർച്ച സാധാരണയുള്ളതിനെക്കാൾ മന്ദഗതിയിലായിരിക്കും. അതിനാൽ ബാല്യത്തിലും പ്രായ പൂർത്തിയായ ശേഷവും ഉയരം സാധാരണയായി കുറവായിരിക്കും.

ചില കുട്ടികളിൽ ഹൃദയത്തിന് തകരാറുകൾ കാണുന്നു. മറ്റു ചിലരിൽ തൈറോയിഡ് പ്രശ്‌നങ്ങൾ, വേറെ ചിലരിൽ പേശികളിൽ ബലക്കുറവ് എന്നിങ്ങനെ പല പ്രശ്‌നങ്ങളാണ് കാണുക. അപ്പോൾ ചികിത്സ എന്നത് ഓരോ പ്രശ്‌നത്തിനുമുള്ളതാണ്. മാനസികാരോഗ്യ അവസ്ഥയിലും ഇവർ വ്യത്യസ്തരായിരിക്കും. ചില കുട്ടികൾ എല്ലാത്തിനും പരസഹായം വേണ്ട അവസ്ഥയിലാണെങ്കിൽ മറ്റു ചിലർ അത്യാവശ്യം വിദ്യാഭ്യാസം നേടി ജോലി ചെയ്ത് ജീവിതം നയിക്കാൻ പ്രാപ്തരായിരിക്കും. അപൂർവം ചിലർ വിവാഹിതരായി കുടുംബ ജീവിതം നയിക്കാൻ വരെ കഴിവുള്ളവരാകുന്നു. ഇവർക്ക് ഇന്നത്തെ കാലത്ത് ലഭ്യമാകുന്ന സ്പീച്ച് തെറാപ്പി, ഒക്യുപേഷണൽ തെറാപ്പി, ഫിസിയോ തെറാപ്പി തുടങ്ങിയവ ഉപയോഗപ്പെടുത്തണം. ഈ ചികിത്സകളെക്കാളെല്ലാം അവർക്ക് അത്യാവശ്യം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പിന്തുണയും പ്രോത്സാഹനവുമാണ്.

ഇത്തരം കുട്ടികളെ വളർത്തുമ്പോൾ വളരെയധികം ക്ഷമയും സ്‌നേഹവും ആവശ്യമാണ്. ലളിതമായ ഭാഷയിൽ സംസാരിക്കുക, കാര്യങ്ങൾ കാണിച്ചുകൊടുക്കുക, ദിനചര്യയിൽ സ്ഥിരത പാലിക്കുക എന്നിവ അവരുടെ വളർച്ചയ്ക്ക് സഹായകമാണ്. ഓരോ ചെറിയ പുരോഗതിയെയും പ്രോത്സാഹിപ്പിക്കുന്നത് അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.

സത്യവിശ്വാസി എന്ന നിലയ്ക്ക് നമ്മുടെ ജീവിതത്തിൽ സംഭവിക്കുന്നതെല്ലാം അല്ലാഹുവിന്റെ വിധി പ്രകാരമാണെന്ന് നാം ഉറച്ചു വിശ്വസിക്കണം. ഇത്തരം കുട്ടികളുടെ മാതാപിതാക്കൾ ഇത് അല്ലാഹുവിന്റെ പരീക്ഷണമായി കാണണം. അവരെ പരിപാലിക്കുക എന്നത് പലപ്പോഴും ഏറെ പ്രയാസമുള്ളതായിരിക്കും. റബ്ബിന്റെ വിധിയിൽ സമാധാനിച്ചും തൃപ്തിയടഞ്ഞും ലഭ്യമായ അനുഗ്രഹങ്ങൾക്കെല്ലാം നന്ദി കാണിച്ചും ഇങ്ങനെയുള്ള മക്കളെ ചേർത്തുപിടിച്ചാൽ അത് തങ്ങളുടെ സ്വർഗ പ്രവേശനത്തെ എളുപ്പാക്കിയേക്കാമെന്ന പ്രതീക്ഷയോടെ ജീവിതം നയിക്കണം. ജീവിതത്തിൽ കഴിവിന്റെ പരമാവധി സൂക്ഷ്മത കൈകൊള്ളാൻ ശ്രമിക്കുക.

എല്ലാറ്റിലുമുപരി അനിവാര്യമായത് അല്ലാഹുവിനോടുള്ള ആത്മാർഥമായ പ്രാർഥനയാണ്. അവന് സാധിക്കാത്ത കാര്യമില്ലല്ലോ. വിശ്വാസിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു കാര്യമാണത്. അല്ലാഹുവിന്റെ പ്രീതി സമ്പാദിക്കുവാനുള്ള ഏറ്റവും ഉത്തമമായ മാർഗം അവനോട് തന്റെ ആവശ്യങ്ങ ളൊക്കെ നിരത്തിക്കൊണ്ട് നിരന്തരം പ്രാർഥിക്കുകയെന്നതാണ്. അല്ലാഹുവിനോട് പ്രാഥിക്കാത്തവനെ അല്ലാഹു ഇഷ്ടപ്പെടുകയോ പരിഗണിക്കുകയോ ചെയ്യില്ല. അല്ലാഹു പറയുന്നു: “(നബിയേ) പറയുക: നിങ്ങളുടെ പ്രാർഥനയില്ലെങ്കിൽ എെന്റ രക്ഷിതാവ് നിങ്ങൾക്ക് എന്ത് പരിഗണന നൽകാനാണ്?...’’ (ക്വുർആൻ 25: 77).

നമുക്ക് ജീവിതത്തിലെ ഏത് അവസരത്തിലും ആവശ്യമായ എല്ലാ പ്രാർഥനകളും വിശുദ്ധ ക്വുർആനിലൂടെയും തിരുസുന്നത്തിലൂടെയും പഠിപ്പിക്കപ്പെട്ടിരിക്കുന്നു. ഒരു കുട്ടിയെ ആഗ്രഹിക്കുന്ന ദമ്പതികൾ പ്രാർഥിക്കേണ്ട പ്രാർഥന സൂറഃ ആലു ഇംറാനിലെ 38ാം സൂക്തത്തിലൂടെ അല്ലാഹു പഠിപ്പിക്കുന്നുണ്ട്. സക്കരിയ്യാ നബി(അ)യുടെ പ്രാർഥന അല്ലാഹു എടുത്ത് പറയുന്നത് കാണുക: “...എന്റെ രക്ഷിതാവേ, എനിക്ക് നീ നിന്റെ പക്കൽനിന്ന് ഒരു ഉത്തമ സന്താനത്തെ നൽകേണമേ. തീർച്ചയായും നീ പ്രാർഥന കേൾക്കുന്നവനാണല്ലോ...’’

സംയോഗ വേളയിലും മറ്റുമുള്ള പ്രാർഥനകൾ ജീവിതത്തിൽ പ്രായോഗികമാക്കുക. അല്ലാഹുവിന്റെ കാരുണ്യവും അവന്റെ സ്വർഗവും പ്രതീക്ഷിക്കുക. അങ്ങനെ ജീവിച്ച് സ്വർഗം കരസ്ഥമാക്കുന്നവരിൽ നമ്മെയെല്ലാവരെയും അല്ലാഹു ഉൾപ്പെടുത്തുമാറാകട്ടെ - ആമീൻ.