വാർധക്യം: കരുതലോടെ മുന്നേറാം
ഡോ. നഹ്ല തമന്ന
2026 സെപ്തംബർ 19, 1448 റബീഉൽ ആഖിർ 08

ജീവിതത്തിന്റെ ഓരോ ഘട്ടത്തിനും അതിന്റെതായ പ്രത്യേകതകളുണ്ട്. ശൈശവവും ബാല്യവും കൗമാരവും യൗവനവും പിന്നിട്ട് മനുഷ്യൻ എത്തിച്ചേരുന്ന സ്വാഭാവിക ഘട്ടമാണ് വാർധക്യം. പ്രായം കൂടുന്നതിനനുസരിച്ചു ശരീരത്തിൽ ചില മാറ്റങ്ങൾ സംഭവിക്കുന്നത് സ്വാഭാവികമാണ്. വാർധക്യം ജീവിതത്തിന്റെ ക്ഷയകാലമല്ല; പരിചയസമ്പത്തിന്റെയും പക്വതയുടെയും മനോഹരമായൊരു ഘട്ടമാണ്. ശരിയായ ജീവിതശൈലിയും ആരോഗ്യപരിചരണവും സാമൂഹിക പിന്തുണയും ലഭിച്ചാൽ ഈ കാലഘട്ടവും ആസ്വാദ്യകരമാക്കാൻ കഴിയും.
ശക്തിയും സൗന്ദര്യവും ആരോഗ്യവും ക്രമേണ ക്ഷയിക്കുന്ന ഈ ഘട്ടത്തെക്കുറിച്ച് ക്വുർആൻ മനുഷ്യനെ ഓർമിപ്പിക്കുന്നുണ്ട്. അല്ലാഹു പറയുന്നു: “നിങ്ങളെ ബലഹീനമായ അവസ്ഥയിൽ നിന്നു സൃഷ്ടിച്ചുണ്ടാക്കിയവനാകുന്നു അല്ലാഹു. പിന്നെ ബലഹീനതയ്ക്കു ശേഷം അവൻ ശക്തിയുണ്ടാക്കി. പിന്നെ അവൻ ശക്തിക്കു ശേഷം ബലഹീനതയും നരയും ഉണ്ടാക്കി...’’(ക്വുർആൻ 30:54).
പ്രായം കൂടുമ്പോൾ ശരീരത്തിൽ എന്തെല്ലാം മാറ്റങ്ങൾ സംഭവിക്കുന്നു?
വാർധക്യത്തിലേക്ക് പ്രവേശിക്കുമ്പോൾ ശരീരത്തിന്റെ പ്രവർത്തനശേഷിയിൽ ക്രമേണ മാറ്റങ്ങൾ ഉണ്ടാകും. കാഴ്ചയും കേൾവിയും കുറയുക, പേശികളുടെ ശക്തി കുറയുക, സന്ധികളിൽ വേദനയും ചലനപരിമിതിയും ഉണ്ടാകുക, ഉറക്കരീതിയിൽ മാറ്റം വരിക തുടങ്ങിയവ സാധാരണയായി കണ്ടുവരുന്ന മാറ്റങ്ങളാണ്. അതോടൊപ്പം ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഹൃദ്രോഗങ്ങൾ, തൈറോയ്ഡ് രോഗങ്ങൾ, അസ്ഥിക്ഷയം, സന്ധിരോഗങ്ങൾ തുടങ്ങിയ ദീർഘകാല ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാ കാനുള്ള സാധ്യതയും വർധിക്കുന്നു. എന്നാൽ ഇവയിൽ പലതും നേരത്തെ കണ്ടെത്തുകയും നിയന്ത്രി ക്കുകയും ചെയ്യുന്നതിലൂടെ ആയാസകരമായ വാർധക്യജീവിതം നയിക്കാൻ സാധിക്കും.
ആരോഗ്യം ഒരു അമാനത്ത്
മനുഷ്യശരീരം ഒരു അമാനത്താണ്. അതിനാൽ ശരീരത്തെ സംരക്ഷിക്കുകയും ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുകയും ചെയ്യുന്നത് പ്രധാനമാണ്.
പ്രവാചകൻﷺ പറഞ്ഞു: “നിന്റെ ശരീരത്തിനും നിന്റെ മേൽ അവകാശമുണ്ട്.’’(സ്വഹീഹുൽ ബുഖാരി). ഈ ഹദീസ് ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യത്തെ ഓർമപെടുത്തുന്നു. പ്രായമായവർക്കും തങ്ങളുടെ ആരോഗ്യത്തിനനുസരിച്ച് ഭക്ഷണം, വിശ്രമം, ശാരീരിക പ്രവർത്തനം, ചികിത്സ എന്നിവയിൽ ശ്രദ്ധ നൽകേണ്ടതുണ്ട്.
വാർധക്യകാലത്തെ ആരോഗ്യ പരിപാലനം
1) ഭക്ഷണം
ഭക്ഷണം ആരോഗ്യത്തിന്റെ അടിസ്ഥാനമാണ്. പ്രായം കൂടുമ്പോൾ ശരീരത്തിന് ആവശ്യമായ കലോറിയുടെ അളവ് കുറയാമെങ്കിലും പോഷകങ്ങളുടെ ആവശ്യകത കുറയണമെന്നില്ല. അതിനാൽ പോഷകസമൃദ്ധമായ ഭക്ഷണം പ്രധാനമാണ് പച്ചക്കറികൾ, പഴങ്ങൾ, പയർവർഗങ്ങൾ, ധാന്യങ്ങൾ (whole grains), ആവശ്യമായ അളവിലുള്ള പ്രോട്ടീൻ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. മതിയായ അളവിൽ വെള്ളം കുടിക്കേണ്ടതും പ്രധാനമാണ്. ഉപ്പ്, പഞ്ചസാര, എണ്ണ എന്നിവ പരമാവധി നിയന്ത്രിക്കുന്നത് നന്നായിരിക്കും. ഭക്ഷണം കഴിക്കാനുള്ള ബുദ്ധിമുട്ട്, വിശപ്പില്ലായ്മ, വിഴുങ്ങാനുള്ള പ്രയാസം തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ അവ അവഗണിക്കാതെ ഡോക്ടറുടെ സഹായം തേടണം.
2) വ്യായാമം; ശരീരത്തിനും മനസ്സിനും
വാർധക്യത്തിൽ ചലനശേഷി കുറയുന്നത് സ്വാഭാവികമായ ഒന്നാണ്. എന്നാൽ കഴിയുന്നത്ര സജീവമായി തുടരുന്നത് ആരോഗ്യത്തിന് ഗുണകരമാണ്.
‘പ്രായമായി, ഇനി വ്യായാമം വേണ്ട’ എന്ന ചിന്ത ഒഴിവാക്കണം. വ്യക്തിയുടെ ആരോഗ്യനിലയ്ക്ക് അനുയോജ്യമായ ശാരീരിക പ്രവർത്തനങ്ങൾ വാർധക്യത്തിലും പ്രാധാന്യമർഹിക്കുന്നു. നടത്തം, പേശിശക്തി വർധിപ്പിക്കുന്ന ലളിതമായ വ്യായാമങ്ങൾ, ബാലൻസ് മെച്ചപ്പെടുത്തുന്ന പ്രവർത്തനങ്ങൾ തുടങ്ങിയവ ഡോക്ടറുടെ നിർദേശപ്രകാരം ചെയ്യാം. സ്ഥിരമായ ശാരീരിക പ്രവർത്തനം പേശികളുടെ ശക്തി നിലനിർത്താനും ചലനശേഷി മെച്ചപ്പെടുത്താനും വീഴ്ചയുടെ സാധ്യത കുറയ്ക്കാനും സഹായിക്കും.
3) വീഴ്ചകൾ
പ്രായമായവരിൽ വീഴ്ചകൾ ഗൗരവതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം കാഴ്ചക്കുറവ്, ബാലൻസ് പ്രശ്നങ്ങൾ, പേശികളുടെ ബലക്കുറവ്, ചില മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്നിവ വീഴ്ചയ്ക്ക് കാരണമാകാറുണ്ട്.
വീട്ടിൽ വഴുതി വീഴാൻ സാധ്യതയുള്ള പരവതാനികൾ ഒഴിവാക്കുക, മതിയായ വെളിച്ചം ഉറപ്പാക്കുക, കുളിമുറിയിൽ സുരക്ഷാ സംവിധാനങ്ങൾ(supporting bars)ഒരുക്കുക, ആവശ്യമെങ്കിൽ കൈപ്പിടികൾ ഉപയോഗിക്കുക തുടങ്ങിയ ചെറിയ മുൻകരുതലുകൾ വലിയ അപകടങ്ങൾ ഒഴിവാക്കാൻ സഹായിക്കും.
(അവസാനിച്ചില്ല)
