ത്വക്ക്: ജീവശാസ്ത്രവും ദൈവിക ദൃഷ്ടാന്തവും
ഡോ. സഫ്ന യൂസഫ്
2026 ആഗസ്റ്റ് 08, 1448 സ്വഫർ 25

നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് ത്വക്ക്. ത്വക്ക് ശരീരത്തെ പൊതിഞ്ഞിരിക്കുന്ന വെറുമൊരു ആവരണമല്ല; അത് അത്ഭുതകരമായ ഒരു ദൈവികദൃഷ്ടാന്തം കൂടിയാണ്.
ത്വക്കിനെക്കുറിച്ച് പഠിക്കുമ്പോൾ ആദ്യം നമ്മെ അത്ഭുതപ്പെടുത്തുന്നത് അതിന്റെ ഉത്ഭവമാണ്. ഗർഭാവസ്ഥയുടെ ആദ്യഘട്ടങ്ങളിൽ ഭ്രൂണം ഏതാനും കോശങ്ങളുടെ ഒരു ചെറിയ കൂട്ടം മാത്രമാണ്. എന്നാൽ അതേ ഭ്രൂണകോശങ്ങളിൽനിന്നാണ് പിന്നീട് ത്വക്കിന്റെ വിവിധ പാളികളും അതിനകത്തുള്ള അനേകം കോശവിഭാഗങ്ങളും രൂപംകൊള്ളുന്നത്. ഒരേ ഉറവിടത്തിൽനിന്ന് ആരംഭിക്കുന്ന കോശങ്ങൾ പിന്നീട് കെരാറ്റിനോസൈറ്റുകൾ, മെലനോസൈറ്റുകൾ, ലാംഗർഹാൻസ് കോശങ്ങൾ, മെർക്കൽ കോശങ്ങൾ എന്നിങ്ങനെ വ്യത്യസ്ത ചുമതലകൾ വഹിക്കുന്ന കോശങ്ങളായി മാറുന്നു.
ഒരു ചെറിയ ഹെയർ ഫോളിക്കിൾ അഥവാ രോമകൂപത്തെ മാത്രം പരിശോധിച്ചാൽ പോലും അതിനകത്ത് എട്ടോളം പാളികളിലായി പ്രത്യേക ധർമങ്ങളുള്ള കോശങ്ങളുടെ അതിസങ്കീർണമായ ക്രമീക രണം കാണാം. ഭ്രൂണവളർച്ചയുടെ ആദ്യഘട്ടങ്ങളിൽ ലഭിക്കുന്ന സൂക്ഷ്മസൂചനകളുടെ അടിസ്ഥാനത്തിലാണ് ഓരോ കോശവും എവിടെ സ്ഥാനം പിടിക്കണം, എങ്ങനെ രൂപം പ്രാപിക്കണം, എന്ത് ദൗത്യം നിർവഹിക്കണം എന്നത് നിർണയിക്കപ്പെടുന്നത്. ഗർഭാവസ്ഥയിൽ ത്വക്കിന്റെ പുറംപാളിയിൽ കാണപ്പെടുന്ന ഏതാനും കോശങ്ങളിൽനിന്നാണ് അതിസങ്കീർണമായ രോമകൂപങ്ങളും വിയർപ്പു ഗ്രന്ധികളും കൊഴുപ്പ് ഗ്രന്ധികളുമൊക്കെ രൂപംകൊള്ളുന്നത്. ഇതിനു പുറമെയാണ് ത്വക്കിന്റെ ശരിയായ പ്രവർത്തനങ്ങൾക്ക് ആവശ്യമായ കുഞ്ഞുപേശികളും കോളേജിൻ, ഇലാസ്റ്റിൻ തുടങ്ങിയ ഘടകങ്ങളും രക്തക്കുഴലുകളുടെയും നാഡി-ഞരമ്പുകളുടെയും വികസനവും വിന്യാസവും. ആരാണ് ഏതാനും ചില കോശങ്ങളെ സൂക്ഷ്മമായ ഓരോ ധർമത്തിങ്ങളിലേക്ക് വഴിതിരിച്ചു വിട്ടവൻ?
വളർച്ചയുടെ ഈ അത്ഭുതം അവിടെ അവസാനിക്കുന്നില്ല. ത്വക്കിലെ കെരാറ്റിനോസൈറ്റുകൾ തുടർച്ചയായി പുതുക്കപ്പെടുകയും ക്രമബദ്ധമായ ഒരു യാത്രയിലൂടെ സ്ട്രാറ്റം കോർണിയം എന്ന പുറംപാളിയു ടെ ഭാഗമാവുകയും ചെയ്യുന്നു. ഈ പാളിക്ക് പല സവിശേഷതകളുമുണ്ട്. കെരാറ്റിനൈസേഷൻ എന്ന ഈ പ്രക്രിയ ജീവശാസ്ത്രത്തിലെ ഏറ്റവും വിസ്മയകരമായ പ്രതിഭാസങ്ങളിൽ ഒന്നാണ്. ഒരു കോശം എപ്പോൾ വിഭജിക്കണം, എപ്പോൾ മുകളിലേക്ക് സഞ്ചരിക്കണം, എപ്പോൾ പ്രത്യേക പ്രോട്ടീനുകൾ നിർമിക്കണം, എപ്പോൾ തന്റെ ന്യൂക്ലിയസ് നഷ്ടപ്പെടുത്തി സംരക്ഷണഭിത്തിയുടെ ഭാഗമാകണം എന്നതെല്ലാം അതീവ കൃത്യതയോടെ നിയന്ത്രിക്കപ്പെടുന്നു.
പുറമെ നോക്കുമ്പോൾ സ്ട്രാറ്റം കോർണിയം നിർജീവമായ കോശങ്ങളുടെ ഒരു പാളി മാത്രമാണെന്ന് തോന്നാം. എന്നാൽ ശരീരത്തിലെ ജലാംശം നിലനിർത്തുന്നതിനും രോഗാണുക്കളിൽനിന്നും രാസവസ്തുക്കളിൽനിന്നും സംരക്ഷിക്കുന്നതിനും ജീവിതത്തിന് അനിവാര്യമായ പ്രതിരോധഭിത്തിയായി പ്രവർത്തിക്കുന്നതിനും ഈ പാളി അത്യന്താപേക്ഷിതമാണ്. ഓരോ നിമിഷവും കോടിക്കണക്കിന് കോശങ്ങൾ കൃത്യമായ ക്രമത്തിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സംവിധാനം ഒരു വിശ്വാസിയെ സ്രഷ്ടാവിന്റെ സൃഷ്ടിവൈഭവജ്ഞാനത്തെക്കുറിച്ച് ചിന്തിപ്പിക്കാതെ വയ്യ.
ഇത്തരം അത്ഭുതകരമായ ക്രമീകരണങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ ക്വുർആനിലെ ഒരു വചനം ഓർമവരുന്നു: “ഇത് (ക്വുർആൻ) സത്യമാണെന്ന് അവർക്ക് വ്യക്തമാകത്തക്കവണ്ണം വിവിധ ദിക്കുകളിലും അവരിൽതന്നെയും നമ്മുടെ ദൃഷ്ടാന്തങ്ങൾ വഴിയെ നാം അവർക്ക് കാണിച്ചുകൊടുക്കുന്നതാണ്...’’ (41:53).
ത്വക്കിന്റെ മറ്റൊരു അത്ഭുതമാണ് മനുഷ്യരിലെ വർണവൈവിധ്യം. ലോകത്തിന്റെ വിവിധ ഭാഗങ്ങ ളിലുള്ള മനുഷ്യരുടെ ത്വക്കിന് വ്യത്യസ്ത നിറങ്ങളാണുള്ളത്. ഇരുണ്ട നിറമുള്ളവർക്കും ഇളം നിറമു ള്ളവർക്കും മെലനോസൈറ്റുകളുടെ (നിറം നിർണയിക്കുന്ന പ്രോട്ടീനുകളെ ഉൽപാദിപ്പിക്കുന്ന കോശങ്ങൾ) എണ്ണത്തിൽ വലിയ വ്യത്യാസമില്ല. മിക്കവാറും എല്ലാവരിലും ഇവയുടെ എണ്ണം ഏകദേശം സമാനമാണ്. വ്യത്യാസം വരുന്നത് അവ ഉൽപാദിപ്പിക്കുന്ന മെലാനിന്റെ (നിറം നിർണയിക്കുന്ന പ്രോടീൻ) അളവിലും അതിന്റെ വിതരണരീതിയിലുമാണ്. കറുത്തവന്റെയും വെളുത്തവന്റെയും തൊലിയുടെ ഘടന സമാനമാണ്. മനുഷ്യരുടെ ത്വക്കിന്റെ നിറം അവരുടെ മൂല്യത്തെയോ കഴിവിനെയോ മഹത്ത്വത്തെയോ നിർണയിക്കുന്നില്ല. അത് അല്ലാഹുവിന്റെ സൃഷ്ടിയിലെ വൈവിധ്യത്തിന്റെ ഒരു ഭാഗം മാത്രമാണ്. ഒരേ മനുഷ്യവർഗത്തിൽ, ഒരേ അടിസ്ഥാന ഘടനയിൽ, ചെറിയ ജൈവവ്യത്യാസങ്ങളിലൂടെ ഇത്ര മനോഹരമായ നിറവൈവിധ്യം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു!
ക്വുർആൻ പറയുന്നു: “ആകാശഭൂമികളുടെ സൃഷ്ടിയും നിങ്ങളുടെ ഭാഷകളിലും വർണങ്ങളിലുമുള്ള വ്യത്യാസവും അവന്റെ ദൃഷ്ടാന്തങ്ങളിൽ പെട്ടതത്രെ. തീർച്ചയായും അതിൽ അറിവുള്ളവർക്ക് ദൃഷ്ടാന്തങ്ങളുണ്ട്’’ (30:22).
ഈ വചനം മനുഷ്യരുടെ നിറവ്യത്യാസത്തെ വിഭജനത്തിനുള്ള കാരണമായല്ല, മറിച്ച് അല്ലാഹുവിന്റെ ദൃഷ്ടാന്തമായാണ് അവതരിപ്പിക്കുന്നത്. അതിനാൽ ത്വക്കിന്റെ നിറം ഒരാളെ ഉയർത്തിക്കാണിക്കാനോ താഴ്ത്തിക്കാണിക്കാനോ ഉള്ള മാനദണ്ഡമല്ല.
ഏറെ ചിന്തിപ്പിക്കുന്ന മറ്റൊരു ക്വുർആൻ വചനം കാണുക: “തീർച്ചയായും നമ്മുടെ തെളിവുകൾ നിഷേധിച്ചവരെ നാം നരകത്തിലിട്ട് കരിക്കുന്നതാണ്. അവരുടെ തൊലികൾ വെന്തുപോകുമ്പോഴെല്ലാം അവർക്ക് നാം വേറെ തൊലികൾ മാറ്റിക്കൊടുക്കുന്നതാണ്. അവർ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കാൻ വേണ്ടിയാണത്...’’(4:56).
ഈ വചനത്തിന്റെ പ്രധാന സന്ദേശം പരലോകശിക്ഷയെക്കുറിച്ചുള്ള മുന്നറിയിപ്പാണ്. എന്നാൽ ത്വക്കിന്റെ ശാസ്ത്രം പഠിക്കുന്ന ഒരാൾക്ക് ഇതിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം കാണാം. വേദന, ചൂട്, തണുപ്പ്, സ്പർശം തുടങ്ങിയ അനുഭവങ്ങൾ അറിയാൻ സഹായിക്കുന്ന അനേകം സംവേദനഗ്രാഹികൾ ത്വക്കിലുണ്ട്. മനുഷ്യൻ പുറംലോകവുമായി ബന്ധപ്പെടുന്നത് വലിയൊരളവിൽ ത്വക്കിലൂടെയാണ്. ഗുരുതരമായ പൊള്ളലുകളിൽ ത്വക്കിന്റെ ഘടന നശിക്കുമ്പോൾ സംവേദനശേഷിയിലും മാറ്റങ്ങളുണ്ടാകുന്നു. ‘അവർ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കാനായി തൊലികൾ മാറ്റിക്കൊടുക്കും’ എന്ന, ക്വുർആനിന്റെ പ്രയോഗം അതുകൊണ്ടുതന്നെ ശ്രദ്ധേയമാണ്. ശാസ്ത്രം വികസിക്കുന്നതിനു നൂറ്റാണ്ടുകൾക്കുമുമ്പ് അവതരിച്ച ക്വുർആൻ, വേദന അനുഭവിക്കുന്നതിൽ ത്വക്കിന്റെ പ്രാധാന്യം പരാമർശിക്കുന്നുവെന്നത് ചിന്തിക്കാവുന്ന കാര്യമാണ്. ക്വുർആൻ ഒരു ശാസ്ത്രഗ്രന്ഥമല്ല; മനുഷ്യനെ സത്യത്തിലേക്ക് നയിക്കുന്ന മാർഗദർശനമാണ്. എന്നിരുന്നാലും മനുഷ്യശരീരത്തിലെ ദൃഷ്ടാന്തങ്ങളെക്കുറിച്ച് ചിന്തിക്കാൻ അത് നമ്മെ ക്ഷണിക്കുന്നു.
ഇസ്ലാം ശുചിത്വത്തിന് വലിയ പ്രാധാന്യം നൽകുന്നു. വുദൂഉം കുളിയും വ്യക്തിശുചിത്വവും ആത്മീയ ജീവിതത്തിന്റെ ഭാഗമാക്കിയ മതമാണ് ഇസ്ലാം. ശരീരത്തെ സംരക്ഷിക്കുകയും ആരോഗ്യം നിലനിർത്തുകയും ചെയ്യുന്നത് ഒരു വിശ്വാസിയുടെ ഉത്തരവാദിത്തമാണ്. ത്വക്കിന്റെ സംരക്ഷണവും അതിന്റെ ഭാഗമാണ്.
ആരോഗ്യകരമായ ത്വക്ക് മഹത്തായ അനുഗ്രഹങ്ങളിൽ ഒന്നാണ്. ഓരോ മുറിവും ഭേദമാകുമ്പോഴും, ഓരോ സ്പർശവും അനുഭവപ്പെടുമ്പോഴും, ഓരോ പുതിയ കോശവും രൂപപ്പെടുമ്പോഴും, നമ്മുടെ ശരീരത്തിനകത്ത് നിശ്ശബ്ദമായി പ്രവർത്തിക്കുന്ന അത്ഭുതകരമായ സംവിധാനങ്ങൾ നമ്മെ സ്രഷ്ടാവിന്റെ അപാരമായ ജ്ഞാനത്തെയും കരുണയെയും കഴിവിനെയും ഓർമിപ്പിക്കുന്നു. അതിനെക്കുറിച്ച് പഠിക്കുന്നത് സ്രഷ്ടാവിനെ കൂടുതൽ അറിയാനുള്ള മാർഗം കൂടിയാണ്. അത് നമ്മെ നന്ദിയും വിനയവുമുള്ളവരാക്കി മാറ്റും.
ത്വക്കിലെ രോഗങ്ങൾ ശരീരത്തെ മാത്രമല്ല, മനസ്സിനെയും ബാധിക്കാറുണ്ട്. പലപ്പോഴും രോഗത്തെക്കാൾ കൂടുതൽ വേദനയുണ്ടാക്കുന്നത് സാമൂഹികമായ ഒറ്റപ്പെടുത്തലും തെറ്റിദ്ധാരണകളുമാണ്. ഉദാഹരണത്തിന് Psoriasis, (സോറിയാസിസ്), Vitiligo (വെള്ളപ്പാണ്ട്) തുടങ്ങിയ ചർമരോഗങ്ങൾ ശരീരത്തെ മാത്രമല്ല, ഒരു വ്യക്തിയുടെ മാനസികാരോഗ്യത്തെയും സാരമായി ബാധിക്കാറുണ്ട്. പുറമെ കാണുന്ന മാറ്റങ്ങളായതുകൊണ്ടുതന്നെ പലരിലും ഇത് വലിയ തോതിൽ ആത്മവിശ്വാസക്കുറവും മാനസിക വിഷമങ്ങളും ഉണ്ടാക്കുന്നു.
ഇത്തരം രോഗങ്ങൾമൂലം ആളുകൾ നേരിടുന്ന പ്രധാന മാനസിക-ശാരീരിക ബുദ്ധിമുട്ടുകളും അവയെ എങ്ങനെ അതിജീവിക്കാമെന്നതും നമുക്ക് മനസ്സിലാക്കാം.
(തുടരും)
