മനസ്സിനെ പ്രതിഫലിപ്പിക്കുന്ന ചർമം
ഡോ. സഫ്ന യൂസഫ്
2026 ആഗസ്റ്റ് 15, 1448 റബീഉൽ അവ്വൽ 02

( ത്വക്ക്: ജീവശാസ്ത്രവും ദൈവിക ദൃഷ്ടാന്തവും 2)
കഴിഞ്ഞ ലക്കം ലേഖനത്തിലൂടെ മനുഷ്യന്റെ ചർമം അല്ലാഹുവിന്റെ അതുല്യമായ സൃഷ്ടിവൈഭവത്തിന്റെ ദൃഷ്ടാന്തമാണെന്നും അത് ശരീരത്തെ സംരക്ഷിക്കുന്ന കവചം മാത്രമല്ല, അനവധി ജൈവപ്രവർത്തനങ്ങളുടെ കേന്ദ്രവുമാണെന്നും നാം മനസ്സിലാക്കി. ചർമത്തിന്റെ മറ്റൊരു അത്ഭുതത്തെക്കുറിച്ചു കൂടി പറയാനുണ്ട്. അത് നമ്മുടെ ശരീരത്തിന്റെ അവസ്ഥയെ മാത്രമല്ല, പലപ്പോഴും നമ്മുടെ മനസ്സിന്റെ അവസ്ഥയെയും നിശ്ശബ്ദമായി വെളിപ്പെടുത്തുന്നുണ്ട്!
അതുകൊണ്ടുതന്നെ ആധുനിക വൈദ്യശാസ്ത്രത്തിൽ “Psychodermatology’ എന്നൊരു പ്രത്യേക പഠനശാഖ രൂപപ്പെട്ടിട്ടുണ്ട്. മനസ്സും ചർമവും പരസ്പരം സ്വാധീനിക്കുന്നവിധത്തെക്കുറിച്ചാണ് അത് പഠനവിധേയമാക്കുന്നത്. മാനസികസമ്മർദം ചർമരോഗങ്ങളെ രൂക്ഷമാക്കുകയും ചർമരോഗങ്ങൾ വീണ്ടും രോഗിയുടെ മാനസികാരോഗ്യത്തെ തകർക്കുകയും ചെയ്യുന്ന ഒരു ചക്രം പല രോഗികളുടെയും ജീവിതത്തിൽ കണ്ടുവരുന്നു.
ഡെർമറ്റോളജി ക്ലിനിക്കുകളിൽ പതിവായി കാണുന്ന ചില കാഴ്ചകളുണ്ട്. പരീക്ഷാകാലത്ത് മുഖക്കുരു പെട്ടെന്ന് കൂടുന്ന വിദ്യാർഥി, ജോലി നഷ്ടപ്പെട്ടതിനു പിന്നാലെ സോറിയാസിസ് വീണ്ടും രൂക്ഷമായ മധ്യവയസ്കൻ, പ്രസവശേഷം കഠിനമായ മുടികൊഴിച്ചിൽ കാരണം വിഷമിക്കുന്ന അമ്മ, വിറ്റിലിഗോ കാരണം വിവാഹാലോചനകൾ മുടങ്ങിയതിന്റെ വേദന പങ്കുവെക്കുന്ന യുവതി... ഇവരിൽ ഓരോരുത്തരെയും ചികിത്സിക്കുമ്പോൾ; ചർമത്തെ മാത്രമല്ല, മനസ്സിനെയും ചികിത്സയുടെ ഭാഗമാകേണ്ടതുണ്ടെന്ന് ബോധ്യപ്പെടുന്നു. സമൂഹത്തിന്റെ, രോഗിയോടുള്ള സമീപനവും രോഗത്തിന്റെ ഭാരത്തെ വർധിപ്പിക്കാറുണ്ട്. ‘ഇത് പകരുമോ’ എന്നു തുടങ്ങിയ ചോദ്യങ്ങളും അറപ്പോടെയുള്ള സമീപനവും പലപ്പോഴും രോഗത്തെക്കാൾ വലിയ മുറിവ് രോഗിയുടെ മനസ്സിലുണ്ടാക്കുന്നു. അതുകൊണ്ടുതന്നെ ചർമരോഗങ്ങളെക്കുറിച്ചും രോഗികളോടു പെരുമാറേണ്ട മര്യാദകളെക്കുറിച്ചുമുള്ള ശരിയായ അറിവ് സമൂഹത്തിന് അത്യാവശ്യമാണ്.
ചികിത്സ മരുന്നുകളിൽ മാത്രം ഒതുങ്ങുന്നില്ല
ചർമരോഗങ്ങളുടെ ചികിത്സയിൽ ശരിയായ മരുന്നുകൾക്ക് തീർച്ചയായും പ്രധാന സ്ഥാനമുണ്ട്. എന്നാൽ, മനസ്സും ചർമവും പരസ്പരം സ്വാധീനിക്കുന്ന രോഗങ്ങളിൽ മരുന്നുകൾ മാത്രം മതിയാകണമെന്നില്ല. രോഗിയുടെ ജീവിതസാഹചര്യങ്ങളും മാനസികാവസ്ഥയും ഉറക്കവും കുടുംബപിന്തുണയും ചികിത്സയുടെ വിജയത്തെ ഗണ്യമായി സ്വാധീനിക്കുന്നു. അതുകൊണ്ടാണ് ഇന്നു ലോകമെമ്പാടും സമഗ്ര ചികിത്സ (Holistic Care) എന്ന ആശയത്തിന് പ്രാധാന്യം നൽകുന്നത്. രോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മരുന്നുകൾ നൽകുന്നതോടൊപ്പം, രോഗിയെ രോഗത്തെക്കുറിച്ച് ബോധവത്കരിക്കുകയും യാഥാർഥ്യ ബോധമുള്ള പ്രതീക്ഷകൾ നൽകുകയും ചെയ്യേണ്ടത് ചികിത്സയുടെ ഭാഗമാണ്. പല ചർമരോഗങ്ങളും ദീർഘകാലം നിയന്ത്രിച്ചുകൊണ്ടുപോകേണ്ടവയാണെന്നും ചികിത്സ പാതിവഴിയിൽ നിർത്താതെ ഡോക്ടറുടെ നിർദേശങ്ങൾ പാലിക്കേണ്ടതുണ്ടെന്നും രോഗി മനസ്സിലാക്കണം.
രോഗിയുടെ മാനസിക സമ്മർദം തിരിച്ചറിയുന്നതും അതിനു പരിഹാരം കാണുന്നതും അത്രതന്നെ പ്രധാനമാണ്. ആവശ്യമായാൽ മനഃശാസ്ത്രജ്ഞരുടെയോ മനോരോഗവിദഗ്ധരുടെയോ സഹായം തേടു ന്നതിൽ യാതൊരു മടിയും വേണ്ട. അത് ബലഹീനതയുടെ അടയാളമല്ല; മറിച്ച് പൂർണമായ രോഗശാന്തിയിലേക്കുള്ള വിവേകപൂർണമായ ഒരു ചുവടുവയ്പാണ്. കുടുംബാംഗങ്ങൾക്കും ഈ ചികിത്സയിൽ വലിയ പങ്കുണ്ട്. രോഗിയോട് അകലം പാലിക്കുകയോ കുറ്റപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്യാതെ, അദ്ദേഹത്തിന്റെ ആശങ്കകൾ കേൾക്കുകയും ചികിത്സ യിൽ ഒപ്പമുണ്ടാകുകയും ചെയ്യുന്നത് രോഗമുക്തിക്ക് വലിയ പിന്തുണയാണ്.
സമൂഹത്തിനും ഉത്തരവാദിത്തമുണ്ട്. ചർമരോഗങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ തിരുത്തുക, രോഗികളെ പരിഹസിക്കാതിരിക്കുക, അവരെ സമൂഹത്തിന്റെ ഭാഗമായി പരിഗണിക്കുക തുടങ്ങിയവ ചികിത്സയുടെ ഭാഗമാണെന്ന് തിരിച്ചറിയണം.
വിശ്വാസികൾ എന്ന നിലയിൽ, ചികിത്സ തേടുന്നതോടൊപ്പം അല്ലാഹുവിൽ ഭരമേൽപിക്കുകയും ക്ഷമയോടെ പ്രാർഥിക്കുകയും ചെയ്യുന്നത് മനസ്സിന് വലിയ ആശ്വാസം നൽകും. ആത്മീയമായ കരുത്തും ശാസ്ത്രീയ ചികിത്സയും പരസ്പരം വിരുദ്ധമല്ല; മറിച്ച് രോഗമുക്തിയുടെ യാത്രയിൽ പരസ്പരം പൂരകങ്ങളാണ്.
