പ്രസവാനന്തര മാനസികാരോഗ്യം
ഡോ. സജ്ന പെരിന്തൽമണ്ണ
2026 ആഗസ്റ്റ് 01, 1448 സ്വഫർ 18

ഒരു കുഞ്ഞിന്റെ ജനനം ഒരു കുടുംബത്തിന് സന്തോഷത്തിന്റെയും പ്രതീക്ഷയുടെയും പുതിയ തുടക്കമാണ്. എന്നാൽ ഈ സന്തോഷത്തിനിടയിലും പല സ്ത്രീകളും പറയാൻ മടിക്കുന്ന മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ‘എല്ലാവർക്കും ഇങ്ങനെയൊക്കെ ഉണ്ടാകാറുണ്ട്. അത് നിനക്ക് ക്ഷീണം കൊണ്ട് തോന്നുന്നതാകാം...’ എന്നൊക്കെ പറഞ്ഞ് അതിനെ വീട്ടുകാർ അവഗണിക്കുന്നതായി കാണാ റുണ്ട്. എന്നാൽ ചിലപ്പോൾ ഇത് ചികിത്സ ആവശ്യമായ ഒരു മാനസിക പ്രശ്നമാകാം.
പ്രസവാനന്തര മാനസികാരോഗ്യം എന്താണ്, അതിലുണ്ടാകുന്ന പ്രധാന പ്രശ്നങ്ങൾ, കാരണങ്ങൾ, ലക്ഷണങ്ങൾ, പ്രതിരോധമാർഗങ്ങൾ, ചികിത്സാരീതികൾ എന്നിവ മനസ്സിലാക്കാം:
പ്രസവാനന്തര മാനസികാരോഗ്യം
ഗർഭകാലത്തും പ്രസവശേഷവും സ്ത്രീയുടെ ശരീരത്തിലും മനസ്സിലും വലിയ മാറ്റങ്ങളാണ് സംഭവിക്കുന്നത്. ഹോർമോണുകളുടെ വ്യതിയാനം, ഉറക്കക്കുറവ്, കുഞ്ഞിന്റെ പരിചരണത്തിന്റെ ഉത്തരവാദിത്തം, പുതിയ ജീവിതസാഹചര്യങ്ങളുമായി പൊരുത്തപ്പെടാനുള്ള അവളുടെ ബുദ്ധിമുട്ട് എന്നിവയെല്ലാം മാനസികാരോഗ്യത്തെ സ്വാധീനിക്കുന്നു .
എല്ലാ മാനസികമാറ്റങ്ങളും രോഗമല്ല. എന്നാൽ അവ ദൈനംദിന ജീവിതത്തെയും കുഞ്ഞിന്റെ പരിചരണത്തെയും കുടുംബ ജീവിതത്തെയും ബാധിക്കുന്ന രീതിയിൽ തുടരുകയാണെങ്കിൽ ചികിത്സ തേടേ ണ്ടതാണ്.
പ്രസവാനന്തര മാനസികാവസ്ഥയുടെ മൂന്നു ഘട്ടങ്ങൾ
പ്രസവാനന്തര മനോവിഷമം (പോസ്റ്റ് പാർട്ടം ബ്ലൂസ്):
ഏറ്റവും സാധാരണയായി കാണുന്ന അവസ്ഥ. ഏകദേശം 70-80 ശതമാനം സ്ത്രീകൾക്ക് ഇത് അനുഭവപ്പെടാം. പ്രസവശേഷം രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ ആരംഭിച്ച് രണ്ടാഴ്ചയ്ക്കുള്ളിൽ മാറും.
ലക്ഷണങ്ങൾ: ചെറിയ കാര്യങ്ങൾക്ക് കരച്ചിൽ, മാനസിക ചാഞ്ചാട്ടം, (mood swings) ഉത്കണ്ഠ, ക്ഷീണം, ഉറക്കക്കുറവ്, ഒന്നിലും താൽപര്യമില്ലായ്മ.
ഈ അവസ്ഥയിൽ സാധാരണ പ്രത്യേക ചികിത്സ ആവശ്യമില്ല. ഇത് ലഘുവായതും താൽക്കാലികമായി മാത്രം ഉണ്ടാകുന്നതുമാണ്. സ്വയം തരണം ചെയ്തു മാറ്റിയെടുക്കാം. കുടുംബത്തിന്റെ പിന്തുണയും വിശ്രമവും മതിയാകും.
പ്രസവാനന്തര മാനസിക വിഭ്രാന്തി (പോസ്റ്റ് പാർട്ടം സൈക്കോസിസ്):
ഇത് വളരെ അപൂർവമാണെങ്കിലും അടിയന്തര ചികിത്സ ആവശ്യമായ അവസ്ഥയാണ്.
ലക്ഷണങ്ങൾ: യഥാർഥ ബോധം നഷ്ടപ്പെടുക, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുകയോ കാര്യങ്ങൾ കാണുകയോ ചെയ്യുക (hallucinations), തെറ്റായ പല വിശ്വാസങ്ങൾ (delusions), കടുത്ത ആശയക്കുഴപ്പം, അസാധാരണമായ പെരുമാറ്റം, സ്വന്തത്തിനും കുഞ്ഞിനും അപകടം വരുത്താനുള്ള സാധ്യത... ഇത്തരത്തി ലുള്ള അതീവ ഗുരുതരമായ ലക്ഷണങ്ങൾ കണ്ടാൽ അടിയന്തര ചികിത്സ അത്യാവശ്യമാണ്
പ്രസവാനന്തര വിഷാദം (postpartum depression):
പ്രസവശേഷം ഏതാനും ആഴ്ചകൾക്കോ മാസങ്ങൾക്കോ ശേഷം തുടങ്ങാം. ഇത് ചികിത്സ ആവശ്യമായ ഒരു അവസ്ഥയാണ്.
ലക്ഷണങ്ങൾ: രണ്ടാഴ്ചയിൽ അധികം നീണ്ടുനിൽക്കുന്ന വിഷാദം, ഒന്നിലും സന്തോഷം തോന്നാതിരിക്കുക, ആത്മവിശ്വാസക്കുറവ്, വിശപ്പിലും ഉറക്കത്തിലും മാറ്റം, മുമ്പ് ഇഷ്ടപ്പെട്ട കാര്യങ്ങളിൽ താൽപ ര്യം നഷ്ടപ്പെടുക, ഞാൻ നല്ല ഉമ്മയല്ല എന്ന കുറ്റബോധം, കുഞ്ഞിനോട് അടുപ്പം തോന്നാതിരിക്കുക, ശ്രദ്ധക്കുറവ്, അമിതമായ ഉൽക്കണ്ഠ.
ഇത് ചികിത്സ ആവശ്യമായ അവസ്ഥയായതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ ചികിത്സ തേടണം.
പ്രസവാനന്തര വിഷാദ കാരണങ്ങൾ
പ്രസവശേഷം ശരീരത്തിലെ oestrogen, progesterone തുടങ്ങിയ ഹോർമോണുകളുടെ പെട്ടെന്നുള്ള വ്യതിയാനം, ഉറക്കക്കുറവും അമിതമായ ക്ഷീണവും, ആദ്യമായി ഉമ്മയാകുന്നതിന്റെ മാനസിക സമ്മർദം, സാമ്പത്തികമോ ദാമ്പത്യബന്ധത്തിലുള്ളതോ ആയ പ്രശ്നങ്ങൾ, കുടുംബ പിന്തുണയുടെ അഭാവം, മുമ്പ് വിഷാദരോഗമോ ഉത്കണ്ഠയോ ഉണ്ടായിരുന്നവർ, ഗർഭകാലത്തെ സങ്കീർണതകൾ, കഠിനമായ പ്രസവം അല്ലെങ്കിൽ ആഘാതകരമായ പ്രസവാനുഭവം തുടങ്ങിയവ വൈകാരികവും ശാരീരികവുമായ സമ്മർദം വർധിപ്പിക്കുന്നു. മാസം തികയാതെയുള്ള പ്രസവം അല്ലെങ്കിൽ മെഡിക്കൽ അവസ്ഥകൾ പോലുള്ള കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളും പ്രസവാനന്തര കാലഘട്ടത്തിൽ ഉത്കണ്ഠയും വൈകാരിക സമ്മർദവും വർധിപ്പിക്കുന്നു.
പ്രതിരോധ മാർഗങ്ങളും ചികിത്സാരീതികളും
ലോകാരോഗ്യ സംഘടനയുടെ കണക്കുകൾ പ്രകാരം ലോകത്ത് ഓരോ 7 മുതൽ 10വരെ സ്ത്രീകളിൽ ഒരാൾക്ക് പ്രസവാനന്തര വിഷാദം അനുഭവപ്പെടുന്നു. ഇന്ത്യയിലെ വിവിധ പഠനങ്ങൾ പ്രകാരം ഏകദേശം 15 മുതൽ 22% വരെ സ്ത്രീകൾ ഈ പ്രശ്നം നേരിടുന്നുണ്ട്. എന്നാൽ സമയബന്ധിതമായ തിരിച്ചറിവും ചികിത്സയും ലഭിച്ചാൽ ഭൂരിഭാഗം സ്ത്രീകൾക്കും പൂർണമായും സുഖം പ്രാപിക്കാനാകും.
പ്രതിരോധ മാർഗങ്ങൾ:
• വിഷാദം എല്ലാ സാഹചര്യങ്ങളിലും പൂർണമായും തടയാൻ കഴിയണമെന്നില്ല. എന്നാൽ അതിന്റെ സാധ്യത കുറയ്ക്കാൻ ലളിതമായ കാര്യങ്ങൾ ശ്രദ്ധിക്കാം.
• ഗർഭകാലം മുതൽതന്നെ അവളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകണം.
• ഗർഭിണിയാകുമ്പോൾ അനാവശ്യമായ തർക്കങ്ങളിലും സംസാരങ്ങളിലും ഇടപെടാതിരിക്കുക.
• കുടുംബാംഗങ്ങളുടെയും ഭർത്താവിന്റെയും പിന്തുണ അവൾക്ക് ആത്മവിശ്വാസവും മാനസിക സുരക്ഷിതത്വവും നൽകുന്നു.
• ആവശ്യത്തിന് ഉറക്കവും വിശ്രമവും ഉറപ്പാക്കണം.
• പോഷകസമൃദ്ധമായ സമീകൃതാഹാരം, ആവശ്യത്തിന് വെള്ളം കുടിക്കൽ, ഡോക്ടറുടെ നിർദേശപ്രകാരം ലഘുവായ വ്യായാമം, നടത്തം എന്നിവ ശീലമാക്കുന്നത് ശാരീരിക-മാനസിക ആരോഗ്യം നിലനിർത്താൻ സഹായിക്കും.
• മനസ്സിലെ വിഷമങ്ങൾ തുറന്നു പറയാൻ മടിക്കാതിരിക്കുക, സ്വന്തം വികാരങ്ങളും ആശങ്കകളും വിശ്വസിക്കുന്നവരുമായി തുറന്നു പങ്കുവയ്ക്കാം.
പ്രസവാനന്തര വിഷാദം ഒരു സ്ത്രീയുടെ ബലഹീനതയല്ല. ചികിത്സിച്ച് ഭേദമാക്കാൻ കഴിയുന്ന ഒരു ആരോഗ്യപ്രശ്നമാണ്. നേരത്തെ ചികിത്സ ആരംഭിക്കുന്നത് ഏറ്റവും പ്രധാനമാണ്. ലഘുവായ വിഷാദത്തിൽ കൗൺസിലിംഗും കുടുംബത്തിന്റെ പിന്തുണയും മതിയാകും. ചികിത്സയിൽ ഓരോ വ്യക്തി യുടെയും വിഷാദരോഗത്തിന്റെ തീവ്രതയ്ക്കനുസരിച്ച് മാറ്റം വരാം.
CBT (Cognitive Behavioral Therapy), IPT (Interpersonal Therapy), Healing Therapy പോലെയുള്ള തെറാപ്പികളും മരുന്നുകളും ഡോക്ടറുടെ നിർദേശപ്രകാരം തീരുമാനിക്കാം.
പ്രസവാനന്തര കാലഘട്ടത്തിൽ മാനസികാരോഗ്യത്തിന് വലിയ പങ്കുണ്ട്. ശരിയായ ജീവിതശൈലി, സമയബന്ധിതമായ ചികിത്സ, ആവശ്യമായ വൈദ്യപരിചരണം, കുടുംബത്തിന്റെ പിന്തുണ, എന്നിവയി ലൂടെ പൂർണ ആരോഗ്യം വീണ്ടെടുക്കാൻ സാധിക്കും.
ആവശ്യഘട്ടങ്ങളിൽ ചികിത്സ സ്വീകരിക്കുന്നതോടൊപ്പം അല്ലാഹുവിൽ ഭരമേൽപിച്ച് ദിക്റുകളും പ്രാർഥനകളും ക്വുർആൻ പാരായണവുമായി മനസ്സിനെ ശാന്തമാക്കാനും ശ്രമിക്കണം. എല്ലാ പ്രയാസ ങ്ങളും താൽക്കാലികമാണെന്നും ക്ഷമയോടെ അവയെ നേരിടണമെന്നും എല്ലാ പ്രയാസങ്ങൾക്കും ശേഷം ആശ്വാസമുണ്ടാകും എന്നും ക്വുർആൻ നമ്മെ പഠിപ്പിക്കുന്നുണ്ടല്ലോ.
“ശ്രദ്ധിക്കുക; അല്ലാഹുവെപ്പറ്റിയുള്ള ഓർമകൊണ്ടത്രെ മനസ്സുകൾ ശാന്തമായിത്തീരുന്നത്’’ (ക്വുർആൻ 13:28). “എന്നാൽ തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും. തീർച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും’’ (ക്വുർആൻ 94:5,6).
ഓരോ പുതിയ മാതാവിനും കരുതലും കരുണയും പിന്തുണയും നൽകാം. ആരോഗ്യമുള്ള മാതാവാണ് ആരോഗ്യമുള്ള കുഞ്ഞിന്റെയും സന്തുഷ്ട കുടുംബത്തിന്റെയും അടിത്തറ.
