മൊബൈൽ ഫോണും കുട്ടികളുടെ ഭക്ഷണശീലവും: തിരിച്ചറിയേണ്ട യാഥാർഥ്യങ്ങൾ

ഡോ. ഹിസാന ജഹാൻ

2026 ഏപ്രിൽ 18, 1447 ശവ്വാൽ 30

‘മൊബൈലില്ലെങ്കിൽ കുട്ടി പട്ടിണിയിലാണ് ഡോക്ടറേ...’ ഇന്ന് മിക്ക മാതാക്കളുടെയും സ്ഥിരം പല്ലവിയായി ഇത് മാറിയിരിക്കുന്നു. മൊബൈൽ ഉപയോഗത്തിന്റെ ദോഷവശങ്ങളെക്കുറിച്ച് ബോധവാന്മാരായ മാതാപിതാക്കൾ പോലും, കുഞ്ഞിന്റെ വയറു നിറയ്ക്കാൻ വേണ്ടി കാർട്ടൂണുകളെ ആശ്രയിക്കുന്ന ഒരവസ്ഥയാണിന്നുള്ളത്. ഇതൊരു സൗകര്യമായി നമുക്ക് തോന്നാമെങ്കിലും നമ്മുടെ മക്കളുടെ ഭാവിയെയും ഭക്ഷണസംസ്‌കാരത്തെയും ഇത് എങ്ങനെ ബാധിക്കുന്നു എന്ന് നാം ഗൗരവമായി ചിന്തിക്കണം.

ഒരു കുഞ്ഞ് ഭക്ഷണം കഴിക്കുമ്പോൾ വയറു നിറയുക എന്നതിലുപരി പല ലക്ഷ്യങ്ങളും നാം മുന്നിൽ കാണേണ്ടതുണ്ട്. ഭക്ഷണത്തിലൂടെ ഒരു കുഞ്ഞിന് ലഭിക്കേണ്ട പ്രധാന കാര്യങ്ങൾ ഇവയാണ്:

കാഴ്ച: ഭക്ഷണം കണ്ണുകൊണ്ട് കാണുമ്പോൾ അത് തലച്ചോറിൽ ചില പ്രതികരണങ്ങൾ ഉണ്ടാ ക്കുന്നു. ഭക്ഷണത്തിന്റെ നിറവും മണവും തിരിച്ചറിയാൻ ഇത് കുഞ്ഞിനെ സഹായിക്കുന്നു.

സ്പർശനം: കുഞ്ഞ് ഭക്ഷണം തൊടുമ്പോൾ അത് അവരുടെ ‘സെൻസറി’ വികസനത്തിന് സഹായിക്കുന്നു. ഭക്ഷണത്തിന്റെ രൂപവും ഘടകങ്ങളും നേരിട്ട് മനസ്സിലാക്കുന്നത് പുതിയ കാര്യങ്ങൾ പരിചയപ്പെടാനുള്ള താൽപര്യം അവരിൽ ജനിപ്പിക്കുന്നു.

രുചി: ഓരോ ഉരുളയും വായിലെത്തുമ്പോൾ അതിന്റെ രുചി തിരിച്ചറിയാനും അതിനനുയോജ്യമായ രീതിയിൽ അത് സംസ്‌കരിക്കാനുമുള്ള പ്രക്രിയ കുഞ്ഞിന്റെ തലച്ചോറിൽ നടക്കുന്നുണ്ട്.

ഒരു ടിവിയുടെയോ മൊബൈലിന്റെയോ മുന്നിലിരുത്തി നമ്മൾ വായിലേക്ക് ഭക്ഷണം വെച്ച് കൊടുക്കുമ്പോൾ ഇതിൽ ഏതെങ്കിലും ഒന്ന് നടക്കുന്നുണ്ടോ എന്ന് നാം സ്വയം വിലയിരുത്തണം. സ്‌ക്രീനിൽ നോക്കി ഭക്ഷണം കഴിക്കുന്ന കുട്ടിയോട് അരമണിക്കൂറിന് ശേഷം നീ എന്താണ് കഴിച്ചത് എന്ന് ചോദിച്ചാൽ പലപ്പോഴും അവർക്ക് ഓർമയുണ്ടാവാറില്ല. ഈ രീതി ശീലമാകുമ്പോൾ, ഭാവിയിൽ പുതിയൊരു ഭക്ഷണം രുചിച്ചു നോക്കാനോ ഭക്ഷണമെന്ന ആസ്വാദനത്തെ അനുഭവിച്ചറിയാനോ കഴിയാത്ത ഒരു തലമുറയായി അവർ വളരാൻ സാധ്യതയുണ്ട്.

നമുക്ക് എന്ത് ചെയ്യാൻ സാധിക്കും?

തുടക്കത്തിലേ ശ്രദ്ധിക്കുക: ആറാം മാസത്തിൽ ഭക്ഷണം കൊടുത്തു തുടങ്ങുമ്പോൾതന്നെ മൊബൈൽ നൽകുന്ന ശീലം ഒഴിവാക്കാം. പണ്ട് നമ്മൾ കാക്കയെയും പൂച്ചയെയും കാണിച്ച് ഭക്ഷണം കൊടുത്തതുപോലെ പ്രകൃതിയോട് ഇണങ്ങിയ രീതികളിലേക്ക് തിരിച്ചുപോകുന്നതാണ് ഉചിതം.

ക്ഷമ ശീലിക്കുക:

ഈ രീതിയിൽ ഭക്ഷണം നൽകുമ്പോൾ സാധാരണയെക്കാൾ ഇരട്ടി സമയം എടുത്തേക്കാം. ചിലപ്പോൾ വിളമ്പിയ ഭക്ഷണത്തിന്റെ പകുതിയേ കുഞ്ഞ് കഴിച്ചുള്ളൂവെന്നും വരാം. എങ്കിലും ആരോഗ്യകരമായ ശീലത്തിന് അതാണ് ഏറ്റവും നല്ലത്.

സ്‌ക്രീൻ ടൈം നിയന്ത്രിക്കുക:

കുട്ടികൾക്ക് അനുവദനീയമായ സ്‌ക്രീൻ ടൈം നൽകുമ്പോൾ അത് ഭക്ഷണസമയത്ത് ആവാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.

കുടുംബത്തിന്റെ പൊതുനിയമം:

‘ജെന്റൽ പാരന്റിങ്’ രീതികൾ പിന്തുടരുമ്പോഴും, ഭക്ഷണസമയത്ത് മൊബൈൽ വേണ്ട എന്നത് ഒരു കുടുംബ നിയമമായി നടപ്പിലാക്കുക.

അടുത്തൊരു തലമുറയുടെ ആരോഗ്യകരമായ ഭാവിക്കും നല്ല ശീലങ്ങൾക്കും വേണ്ടി മാതാപി താക്കൾ ഈ ഉത്തരവാദിത്തം ഏറ്റെടുക്കൽ അനിവാര്യമാണ്.