ഭക്ഷണവും ആരോഗ്യവും

ഡോ. സലീല കെ, കോട്ടക്കൽ

2026 ജൂലൈ 18, 1448 സ്വഫർ 04

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

• ആരോഗ്യകരമായ എണ്ണകൾ: പാചകത്തിന് വെളിച്ചെണ്ണ, ഒലീവ് ഓയിൽ, തവിടെണ്ണ എന്നിവ മിതമായ അളവിൽ മാത്രം ഉപയോഗിക്കുക.

• പാനീയങ്ങൾ: ഭക്ഷണത്തോടൊപ്പം മധുരമുള്ള സോഡകളോ കൃത്രിമ ജ്യൂസുകളോ ഒഴിവാക്കി സാധാരണ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളം, ഉപ്പില്ലാത്ത സംഭാരം (മോര്) കുടിക്കുക.

• ഇടനേരത്ത് (ഉദാ: 10 മണി, വൈകുന്നേരം) വിശക്കുന്നുണ്ടെങ്കിൽ ബേക്കറി പലഹാരങ്ങൾക്ക് പകരം അധികം മധുരമില്ലാത്ത പഴവർഗങ്ങൾ, നട്ട്‌സ് എന്നിവ മിതമായ അളവിൽ കഴിക്കാം.

ജലപാനത്തിന്റെ പ്രാധാന്യം

ഭക്ഷണത്തോളം തന്നെ പ്രാധാന്യമുള്ളതാണ് ശരീരത്തിൽ ജലാംശം നിലനിർത്തുക എന്നത്. ദിവസം കുറഞ്ഞത് 8 മുതൽ 10 ഗ്ലാസ്സ് (2-3 ലിറ്റർ) വെള്ളമെങ്കിലും കുടിക്കണം. വെള്ളം കുടിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കാനും ശരീരത്തിലെ വിഷാംശങ്ങളെ (Toxins) പുറന്തള്ളാനും ചർമത്തിന്റെ ഭംഗി നിലനിർത്താനും സഹായിക്കുന്നു. എന്നാൽ ഭക്ഷണത്തിനിടയിൽ അമിതമായി വെള്ളം കുടിക്കുന്നത് ദഹനരസങ്ങളുടെ വീര്യം കുറയ്ക്കും. ഭക്ഷണത്തിന് 15 മിനുട്ടു മുമ്പ് വെള്ളം കുടിക്കുന്നത് ഭക്ഷണം അമിതമായി കഴിക്കുന്നത് തടയാൻ സഹായിക്കും

ഒഴിവാക്കേണ്ട ഹാനികരമായ ശീലങ്ങൾ

നല്ല ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നതിനൊപ്പം ദോഷകരമായവ ഉപേക്ഷിക്കുകയും വേണം.

• ഫാസ്റ്റ് ഫുഡും ജങ്ക് ഫുഡും: കൃത്രിമ നിറങ്ങളും രുചി കൂട്ടാൻ കെമിക്കലുകളും ചേർത്ത ഫാസ്റ്റ് ഫുഡുകൾ പൊണ്ണത്തടിയിലേക്കും ഹൃദ്രോഗത്തിലേക്കും നയിക്കും.

• അമിത മധുരവും ഉപ്പും: പഞ്ചസാരയുടെ അമിത ഉപയോഗം പ്രമേഹത്തിന് കാരണമാകും. ഉപ്പ് കൂടുന്നത് രക്തസമ്മർദം (Hyper tension) വർധിപ്പിക്കും.

• ബേക്കറി പലഹാരങ്ങളും കാർബണേറ്റഡ് പാനീയങ്ങളും: എണ്ണയിൽ വറുത്ത പലഹാരങ്ങളും സോഡ അടങ്ങിയ പാനീയങ്ങളും ഫാറ്റി ലിവർ വരുന്നതിനും മറ്റു ആന്തരിക അവയവങ്ങളുടെ ആരോഗ്യത്തെ നശിപ്പിക്കുന്നതിനും കാരണമാകും

ഭക്ഷണ ശുചിത്വവും സംഭരണവും

• നല്ല ഭക്ഷണം പോലും വൃത്തിഹീനമായ സാഹചര്യത്തിൽ വിഷമായി മാറിയേക്കാം.

• പാകം ചെയ്യുന്നതിന് മുമ്പും കഴിക്കുന്നതിന് മുമ്പും കൈകൾ നന്നായി കഴുകുക.

പച്ചക്കറികളിലും പഴങ്ങളിലും അടങ്ങിയിരിക്കുന്ന കീടനാശിനികൾ കളയാൻ അവ വിനാഗിരിയോ ഉപ്പോ ചേർത്ത വെള്ളത്തിൽ കുറച്ചുനേരം മുക്കിവെച്ച ശേഷം കഴുകുക.

• ഫ്രിഡ്ജിൽ വെച്ച് പഴകിയ ഭക്ഷണം വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് ഭക്ഷ്യവിഷബാധക്ക് കാരണമാകാം. അതിനാൽ പുതിയതായി പാകം ചെയ്ത ഭക്ഷണം കഴിക്കാൻ ശ്രമിക്കുക.

ഭക്ഷണ മര്യാദകൾ ഇസ്‌ലാമിൽ

ഭക്ഷണ ശുചിത്വത്തെയും മര്യാദകളെയും കുറിച്ച് പ്രതിപാദിക്കുന്ന പ്രമുഖമായ ചില ഹദീസുകൾ (പ്രവാചക വചനങ്ങൾ) താഴെ നൽകുന്നു:

1. ഭക്ഷണം കഴിക്കുന്നതിന് മുമ്പും ശേഷവും കൈ കഴുകൽ:

“ഭക്ഷണത്തിന്റെ ബറക്കത്ത് (അനുഗ്രഹം) എന്നത് അതിന് മുമ്പും ശേഷവും വുദൂഅ് ചെയ്യലാണ്’’ (സുനൻ അബൂദാവൂദ്: 3761). കൈയും വായയും വൃത്തിയാക്കൽ ഇതിലൂടെ നടക്കുന്നു.

2. ഭക്ഷണത്തിലേക്ക് ഊതുന്നത് വിലക്കി:

ഇബ്‌നു അബ്ബാസ്(റ) നിവേദനം ചെയ്യുന്നു: “ഭക്ഷണത്തിലോ പാനീയത്തിലോ ശ്വാസം വിടുന്നതോ ഊതുന്നതോ പ്രവാചകൻﷺ വിലക്കിയിരിക്കുന്നു’’ (സുനനു അബൂദാവൂദ്: 3728).

3. പാത്രങ്ങൾ മൂടിവെക്കണം:

പ്രവാചകൻﷺ പറഞ്ഞു: “നിങ്ങൾ പാത്രങ്ങൾ മൂടിവെക്കുക, തോൽപ്പാത്രങ്ങളുടെ വായ കെട്ടിവെക്കുക. കാരണം വർഷത്തിൽ ഒരു രാത്രിയുണ്ട്, അതിൽ പകർച്ചവ്യാധികൾ ഇറങ്ങിവരും. മൂടിവെക്കാത്ത പാത്രങ്ങളിലോ കെട്ടാത്ത പാനീയങ്ങളിലോ അത് ചെന്നു വീഴാതിരിക്കില്ല’’ (സ്വഹീഹു മുസ്‌ലിം: 2014).

4. വലതുകൈ കൊണ്ട് മുന്നിൽ നിന്ന് കഴിക്കൽ:

ഉമർ ബിൻ അബീസലമ (റ) പറയുന്നു: “ഞാൻ കുട്ടിയായിരുന്നപ്പോൾ എന്റെ കൈ പാത്രത്തിൽ നാലുപാടും നടക്കുമായിരുന്നു. അപ്പോൾ പ്രവാചകൻﷺ എന്നോട് പറഞ്ഞു: ‘കുട്ടീ, നീ അല്ലാഹുവിന്റെ നാമം ഉച്ചരിക്കുക (ബിസ്മി ചൊല്ലുക), നിന്റെ വലതുകൈ കൊണ്ട് കഴിക്കുക, നിന്റെ അടുത്തുള്ള ഭാഗത്തുനിന്ന് കഴിക്കുക’’ (സ്വഹീഹുൽ ബുഖാരി: 5376).

5. മിതത്വം പാലിക്കൽ:

പ്രവാചകൻﷺ പറഞ്ഞു: “മനുഷ്യൻ തന്റെ വയറിനെക്കാൾ മോശമായ ഒരു പാത്രവും നിറച്ചിട്ടില്ല. മനുഷ്യന് അവന്റെ നട്ടെല്ല് നിവർത്തി നിർത്താൻ ഏതാനും ലോലമായ ഭക്ഷണങ്ങൾ മതിയാകും. ഇനി അത്രയും നിർബന്ധമാണെങ്കിൽ, മൂന്നിലൊന്ന് ഭക്ഷണത്തിനും മൂന്നിലൊന്ന് വെള്ളത്തിനും മൂന്നിലൊന്ന് ശ്വാസോച്ഛ്വാസത്തിനുമായി മാറ്റിവെക്കട്ടെ’’ (സുനനു തിർമിദി: 2380).

ഉപസംഹാരം: ആരോഗ്യമുള്ള ഒരു തലമുറയെ വാർത്തെടുക്കാൻ ശരിയായ ഭക്ഷണ ബോധവൽക്കരണം അത്യന്താപേക്ഷിതമാണ്. നാവ് ആവശ്യപ്പെടുന്ന രുചിക്കപ്പുറം ശരീരം ആവശ്യപ്പെടുന്ന പോഷകങ്ങൾക്ക് മുൻഗണന നൽകാൻ നമ്മൾ പഠിക്കണം. ‘ഭക്ഷണം തന്നെയാകട്ടെ നമ്മുടെ മരുന്ന്’ എന്ന ഹിപ്പോക്രാറ്റസിന്റെ വചനം ഓർമിച്ചുകൊണ്ട്, നല്ല ഭക്ഷണശീലങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കാൻ നമുക്ക് പ്രതിജ്ഞ ചെയ്യാം. ഇസ്‌ലാം അനുശാസിക്കുന്ന ഭക്ഷണമര്യാദകൾ പിന്തുടരാം.