വുദൂഅ് അഥവാ അംഗശുദ്ധി

വിവ. അബ്ദുൽ ജബ്ബാർ മദീനി

2024 ജൂൺ 01, 1445 ദുൽഖഅദ് 24

നിർവചനവും മതവിധിയും

‘വദാഅ’ എന്ന പദത്തിൽനിന്ന് വ്യുൽപന്നമായതാണ് ‘വുദൂഅ്.’ വൃത്തിയും ഭംഗിയുമാണ് വദാഅ. അല്ലാഹുവിനുള്ള ഇബാദത്തെന്ന നിലയ്ക്ക് മതം നിഷ്‌കർശിച്ച രീതിയിൽ മുഖം, കൈകൾ, തല, കാലുകൾ എന്നീ നാല് അവയവങ്ങളിൽ വെള്ളം ഉപയോഗിക്കലാണ് വുദൂഇന്റെ സാങ്കേതികഭാഷ്യം.

വുദൂഇന്റെ മതവിധി: നമസ്‌കരിക്കുവാനും ത്വവാഫു ചെയ്യുക, മുസ്വ്ഹഫ് തൊടുക പോലുള്ള നമസ്‌കാരത്തിന്റെ വിധിയിലുള്ള കർമങ്ങൾ നിർവഹിക്കുവാനും ചെറിയ അശുദ്ധിയുള്ളവൻ ഉദ്ദേശിച്ചാൽ വുദൂഅ് നിർബന്ധമാകുന്നു.

നിർബന്ധമെന്നതിന്റെ തെളിവുകൾ

വുദൂഅ് നിർബന്ധമെന്നതിന്റെ തെളിവ് വിശുദ്ധ വചനമാകുന്നു: “സത്യവിശ്വാസികളേ, നിങ്ങൾ നമസ്‌കാരത്തിന് ഒരുങ്ങിയാൽ, നിങ്ങളുടെ മുഖങ്ങളും മുട്ടുവരെ രണ്ടുകൈകളും കഴുകുകയും നിങ്ങളുടെ തല തടവുകയും നെരിയാണിവരെ രണ്ടു കാലുകൾ കഴുകുകയും ചെയ്യുക. നിങ്ങൾ ജനാബത്ത് (വലിയ അശുദ്ധി) ബാധിച്ചവരായാൽ നിങ്ങൾ (കുളിച്ച്) ശുദ്ധിയാകുക. നിങ്ങൾ രോഗികളാകുകയോ യാത്രയിലാകുകയോ ചെയ്താൽ, അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ, നിങ്ങൾ സ്ത്രീകളുമായി സംസർഗംനടത്തുകയോ ചെയ്തിട്ട് നിങ്ങൾക്ക് വെള്ളം കിട്ടിയില്ലെങ്കിൽ ശുദ്ധമായ ഭൂമുഖം തേടിക്കൊള്ളുക. എന്നിട്ട് അതുകൊണ്ട് നിങ്ങളുടെ മുഖവും കൈകളും തടവുക. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും വരുത്തിവെക്കണമെന്ന് അല്ലാഹു ഉദ്ദേശിക്കുന്നില്ല. എന്നാൽ നിങ്ങളെ ശുദ്ധീകരിക്കണമെന്നും തന്റെ അനുഗ്രഹം നിങ്ങൾക്ക് പൂർത്തിയാക്കിത്തരണമെന്നും അവൻ ഉദ്ദേശിക്കുന്നു. നിങ്ങൾ നന്ദിയുള്ളവരായേക്കാം’’ (ക്വുർആൻ 5:6).

തിരുനബിﷺ പറഞ്ഞു: “ശുദ്ധി വരുത്താതെ ഒരു നമസ്‌കാരവും ചതിച്ചെടുത്ത സമ്പത്തുകൊണ്ടുള്ള ഒരു ദാനധർമവും അല്ലാഹു സ്വീകരിക്കുകയില്ല.’’

“വുദൂഅ് ചെയ്യുന്നതുവരെ അശുദ്ധിയായവന്റെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.’’

ഇൗ വിഷയത്തിൽ മുസ്‌ലിംകൾക്കിടയിൽ യാതൊരു എതിരഭിപ്രായവുമില്ല. അപ്പോൾ, വിശുദ്ധ ക്വുർആൻകൊണ്ടും തിരുസുന്നത്തുകൊണ്ടും ഇജ്മാഅ് കൊണ്ടും വുദൂഅ് മതപരമെന്നത് സ്ഥിരപ്പെട്ടു.

നമസ്‌കരിക്കുവാനോ അതിന്റെ വിധിയിലുള്ള (ത്വവാഫു നിർവഹിക്കുക, മുസ്വ‌്ഹഫ് തൊടുക പോലുള്ള) കർമങ്ങൾക്കോ ബുദ്ധിയുള്ള, പ്രായപൂർത്തിയെത്തിയ മുസ്‌ലിം ഉദ്ദേശിച്ചാൽ അവനു വുദൂഅ് നിർബന്ധമാകുന്നു.

വുദൂഇന്റെ നിബന്ധനകൾ

വുദൂഅ് സാധുവാകുവാൻ താഴെ വരുന്ന കാര്യങ്ങൾ നിബന്ധന(ശർത്വ്)യാക്കപ്പെടും:

1. ഇസ്‌ലാം, ബുദ്ധി, വകതിരിവ്: അതിനാൽ കാഫിർ, ഭ്രാന്തൻ എന്നിവരുടെ വുദൂഅ് സാധുവാകുകയില്ല. വകതിരിവെത്തുന്ന പ്രായത്തെക്കാൾ കുറഞ്ഞ പ്രയമുള്ളവരിൽനിന്ന് അത് പരിഗണിക്കപ്പെടുകയുമില്ല.

2. നിയ്യത്ത്: ഈ തിരുമൊഴിയാണ് അതിനു പ്രമാണം: “നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾകൊണ്ടു മാത്രമാകുന്നു.’’ നിയ്യത്ത് ഉച്ചരിക്കൽ മതപരമല്ല. തിരുനബിയിൽനിന്ന് അപ്രകാരം സ്ഥിരപ്പെട്ടുവന്നിട്ടില്ല.

3. ത്വഹൂറായ വെള്ളം (ശുദ്ധിയാക്കുവാൻ പര്യാപ്തമായ വെള്ളം): വെള്ളങ്ങളെ കുറിച്ചുള്ള വിഷയത്തിൽ അതിനെപ്പറ്റി ഉണർത്തിയിരുന്നുവല്ലോ. എന്നാൽ നജസായ വെള്ളംകൊണ്ട് വുദൂഅ് സാധുവാകുകയില്ല.

4. മെഴുക്, മാവ്, സ്ത്രീകൾക്കിടയിൽ ഇന്ന് സുപരിചിതമായ നഖങ്ങളിലിടുന്ന ക്യൂട്ടക്‌സ് പോലുള്ള, തൊലിയിലേക്ക് വെള്ളം ചേരുന്നതിനു തടസ്സമാകുന്നവ നീക്കം ചെയ്യൽ.

5. മലമൂത്ര വിസർജനം നിർവഹിച്ചിട്ടുണ്ടെങ്കിൽ ശൗചം ചെയ്യൽ. തെളിവ് മുമ്പ് ഉദ്ധരിച്ചതാണ്.

6. മുവാലാത്ത് അഥവാ തുടർച്ച.

7. തർത്തീബ് അഥവാ ക്രമപ്രകാരംചെയ്യൽ. ഇതിനെക്കുറിച്ചുള്ള സംസാരം ശേഷം വരുന്നുണ്ട്.

8. കഴുകൽ നിർബന്ധമായ മുഴുവൻ അവയവങ്ങളും കഴുകൽ.

വുദ്വൂഇന്റെ ഫർദുകൾ

വുദൂഇന്റെ ഫർദുകൾ (നിർബന്ധ ഘടകങ്ങൾ) ആറെണ്ണമാകുന്നു. അവ:

1. മുഖം പൂർണമായും കഴുകൽ. അല്ലാഹു പറഞ്ഞു: “നിങ്ങൾ നമസ്‌കാരത്തിന് ഒരുങ്ങിയാൽ നിങ്ങളുടെ മുഖങ്ങൾ കഴുകുക’’ (ക്വുർആൻ 5:6). മദ്മദത്തും

(വായിൽ വെള്ളം ചുഴറ്റിത്തുപ്പുക) മൂക്കിൽ വെള്ളം കയറ്റിച്ചീറ്റലും കഴുകേണ്ടതിൽ പെട്ടതാണ്. കാരണം വായും മൂക്കും മുഖത്തിൽ പെട്ടതാണ്.

2. മുട്ടുകൾ ഉൾപ്പെടുത്തി കൈ

കൾ കഴുകൽ. അല്ലാഹു പറഞ്ഞു: “നിങ്ങൾ മുട്ടുവരെ രണ്ടുകൈകളും കഴുകുകയും ചെയ്യുക’’ (ക്വുർആൻ 5: 6).

3. ചെവികൾ തടവുന്നതോടൊപ്പം തല മുഴുവനും തടവൽ. അല്ലാഹു പറഞ്ഞു: “നിങ്ങൾ നിങ്ങളുടെ തല തടവുകയും ചെയ്യുക’’ (ക്വുർആൻ 5:6). തിരുനബിﷺ പറഞ്ഞു: “ഇരു ചെവികളും തലയിൽപെട്ടതാണ്.’’ അതിനാൽ തലയുടെ ചില ഭാഗങ്ങൾ തടവിയാൽ മതിയാവുകയില്ല.

4. നെരിയാണി ഉൾപ്പെടുത്തി കാലുകൾ കഴുകൽ. അല്ലാഹു പറഞ്ഞു: “നിങ്ങൾ നെരിയാണി വരെ രണ്ട് കാലുകൾ കഴുകുകയും ചെയ്യുക’’ (ക്വുർആൻ 5: 6).

5. തർത്തീബ് (ക്രമാനുസൃതം വുദ്വൂഅ് ചെയ്യൽ). കാരണം, അല്ലാഹു ക്രമപ്രകാരമാണ് ഇത് ഉണർത്തിയത്. അല്ലാഹു ഉണർത്തിയതു പ്രകാരം ക്രമാനുസൃതമായാണ് നബി ﷺ വുദൂഅ് ചെയ്തത്. അഥവാ മുഖം, ഇരുകൈകൾ, തല, ഇരുകാലുകൾ എന്നീ ക്രമത്തിൽ. അബ്ദുല്ലാഹ് ഇബ്‌നുസെയ്ദി(റ)ൽനിന്നും മറ്റുമുള്ള ഹദീസിൽ നബിﷺയുടെ വുദൂഇന്റെ രൂപം വിവരിക്കുന്നതിൽ ഇപ്രകാരം വന്നിട്ടുണ്ട്.

6. മുവാലാത്ത്(തുടർച്ചയായി ചെയ്യൽ): ഒരു അവയവം കഴുകിയ ഉടനെത്തന്നെ പിന്തിപ്പിക്കാതെ അടുത്ത അവയവം കഴുകിക്കൊണ്ടാണ് തുടർച്ച. നബിﷺ തുടർച്ചയായിക്കൊണ്ടാണ് വുദൂഅ് ചെയ്തത്. ഖാലിദ് ഇബ്‌നു മഅ്ദാനി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ഒരു വ്യക്തി നമസ്‌കരിക്കുന്നത് നബിﷺ കണ്ടു. അയാളുടെ കാൽപാദത്തിൽ ഒരു ദിർഹമിന്റെ വലിപ്പത്തിൽ വെള്ളം ഏറ്റിട്ടില്ലാത്ത ഭാഗമുണ്ടായിരുന്നു. നബിﷺ അയാളോട് വുദൂഅ് മടക്കിച്ചെയ്യുവാൻ കൽപിച്ചു.’’ മുവാലാത്ത് ശർത്വ ല്ലായിരുന്നുവെങ്കിൽ അയാളോട് വെള്ളമെത്താത്ത ഭാഗം മാത്രം കഴുകുവാനാണ് നബിﷺ കൽപിക്കുക. വുദൂഅ് മുഴുവനും മടക്കിയെടുക്കുവാൻ കൽപിക്കുമായിരുന്നില്ല.

വുദൂഇന്റെ സുന്നത്തുകൾ

വുദൂഅ് ചെയ്യുമ്പോൾ അനുഷ്ഠിക്കൽ പ്രതിഫലാർഹമായ ചില കർമങ്ങളുണ്ട്. അവ പ്രാവർത്തികമാക്കുന്നവർക്ക് അതിനു കൂലി ലഭിക്കും. ഇത്തരം കർമങ്ങൾക്ക് വുദൂഇന്റെ സുന്നത്തുകൾ എന്ന് അറിയപ്പെടുന്നു. അവ താഴെ പറയുന്നവയാണ്:

1. വുദൂഇന്റെ തുടക്കത്തിൽ ബിസ്മി ചൊല്ലൽ: തിരുനബിﷺ പറഞ്ഞു: “അല്ലാഹുവിന്റെ നാമം ഉച്ചരിക്കാത്തവർക്ക്(ബിസ്മി ചൊല്ലാത്തവർക്ക്) വുദൂഅ് തന്നെയില്ല.’’

2. ദന്തശുദ്ധി വരുത്തൽ: “എന്റെ സമുദായത്തോട്, അവർക്ക് വിഷമം സൃഷ്ടിക്കുമായിരുന്നില്ലെങ്കിൽ ഓരോ തവണയും വുദൂഇനോടൊന്നിച്ച് ദന്തശുദ്ധിവരുത്തുവാൻ ഞാൻ കൽപിക്കുമായിരുന്നു.’’

3. വുദൂഇന്റെ തുടക്കത്തിൽ മുൻകൈകൾ മൂന്നുതവണ കഴുകൽ: തിരുദൂതർ അപ്രകാരം കഴുകുമായിരുന്നു. തിരുനബിയുടെ വുദൂഇന്റെ രൂപം വിശദീകരിക്കുന്ന ഹദീസിൽ മൂന്നുതവണ തിരുമേനി മുൻകൈകൾ കഴുകുമായിരുന്നു എന്ന് വന്നിട്ടുണ്ട്.

4. നോമ്പുകാരല്ലാത്തവർ മൂക്കിൽ പൂർണമായി വെള്ളം കയറ്റിച്ചീറ്റലും വായിൽ വെള്ളം ചുഴറ്റിത്തുപ്പലും. തിരുദൂതരുടെ വദൂഇന്റെ രൂപത്തിൽ ഇപ്രകാരമുണ്ട്: “നബിﷺ വായിൽ വെള്ളം ചുഴറ്റിത്തുപ്പുകയും മൂക്കിൽ വെള്ളം പ്രവേശിപ്പിച്ച് ചീറ്റുകയും ചെയ്തു.’’ അവിടുന്ന് പറഞ്ഞു: “താങ്കൾ വ്രതമനുഷ്ഠിക്കുമ്പോൾ ഒഴികെ മൂക്കിൽ പൂർണമായി വെള്ളം കയറ്റി ചീറ്റുകയും വേണം.’’

5. തേച്ചുരക്കലും തിങ്ങിയ താടിയുടെ ഉള്ളിലേക്ക് വെള്ളമെത്തുവോളം അത് ചിക്കറുത്ത് കഴുകലും. തിരുചര്യയിൽ അപ്രകാരം സ്ഥിരപ്പട്ടിട്ടുണ്ട്.

“നബിﷺ വുദുഅ് ചെയ്താൽ തന്റെ ഭുജങ്ങൾ തേച്ച് കഴുകുമായിരുന്നു.’’ “തിരുമേനി തന്റെ താടിയുടെ താഴ്ഭാഗത്തിലൂടെ വെള്ളം പ്രവേശിപ്പിച്ച് താടി ചിക്കറുത്ത് കഴുകുമായിരുന്നു.’’

6. കൈകാലുകൾ കഴുകുമ്പോൾ വലതുഭാഗം മുന്തിപ്പിക്കുക: തിരുനബിയുടെ പ്രവൃത്തി അപ്രകാരം വന്നിട്ടുണ്ട്. “...ചെരിപ്പ് ധരിക്കുന്നതിലും മുടിചീകുന്നതിലും ശുദ്ധിവരുത്തുന്നതിലും മറ്റെല്ലാ കാര്യങ്ങളിലും വലതുവശത്തിനു മുൻഗണന നൽകുന്നത് തിരുനബിക്ക് തൃപ്തികരമായിരുന്നു.’’

7. മുഖം, കൈകൾ, കാലുകൾ എന്നിവ കഴുകുന്നത് മൂന്നു തവണയാക്കൽ. നിർബന്ധമായത് ഒരു തവണയാകുന്നു. മൂന്നു തവണ സുന്നത്താകുന്നു. തിരുചര്യ അപ്രകാരം വന്നിട്ടുണ്ട്: “തിരുനബി വുദൂഅ് ചെയ്തപ്പോൾ ഓരോ പ്രാവശ്യവും ഈരണ്ട് പ്രാവശ്യവും മുമ്മൂന്ന് പ്രാവശ്യവും വുദൂഇന്റെ ഓരോ അംഗവും കഴുകിയിട്ടുണ്ട്.’’

8. വുദൂഇനു ശേഷമുള്ള ദിക്‌റു ചൊല്ലുക. തിരുനബിﷺ പറഞ്ഞു: “വുദൂഅ് പൂർണരൂപത്തിൽ നിർവഹിച്ച ശേഷം ‘അല്ലാഹുവല്ലാതെ യഥാർഥ ആരാധ്യനായി മറ്റാരുമില്ലെന്ന് ഞാൻ സാക്ഷ്യംവ ഹിക്കുന്നു. അവൻ ഏകനും യാതൊരു പങ്കുകാരനില്ലാത്തവനുമാണ്. മുഹമ്മദ്ﷺ അവന്റെ ദാസനും ദൂതനുമാണെന്നും ഞാൻ സാക്ഷ്യം വഹിക്കുന്നു’ എന്ന് പറഞ്ഞാൽ അയാൾക്ക് സ്വർഗത്തിന്റെ എട്ട് കവാടങ്ങളും തുറക്കപ്പെടും. താൻ ഉദ്ദേശിക്കുന്ന കവാടത്തിലൂടെ അയാൾക്ക് പ്രവേശിക്കാവുന്നതാണ്.’’

നവാക്വിദുൽ വുദൂഅ്

വുദൂഇനെ നഷ്ടപ്പെടുത്തുകയും അസാധുവാക്കുകയും ചെയ്യുന്ന കാര്യങ്ങളാണ് ‘നവാകിദ്വുൽ വുദൂഅ്.’ അവ ആറാകുന്നു:

1. മലമൂത്ര ദ്വാരങ്ങളിൽനിന്ന് വല്ലതും പുറപ്പെടൽ: മൂത്രം, മലം, മനിയ്യ്, മദിയ്യ്, ഇസ്തിഹാദത്തിന്റെ രക്തം, കീഴ്‌വായു എന്നിവയാണ് പുറ

പ്പെടുന്നവ; അതു നേരിയ നിലയിലായാലും കടുത്ത നിലയിലായാലും. അല്ലാഹു പറഞ്ഞു: “അല്ലെങ്കിൽ നിങ്ങളിലൊരാൾ മലമൂത്രവിസർജനം കഴിഞ്ഞ് വരികയോ ചെയ് താൽ (ക്വുർആൻ 4: 43).

തിരുദൂതർﷺ പറഞ്ഞു: “നിങ്ങളിലൊരാൾക്ക് അശുദ്ധിയുണ്ടായാൽ വുദൂഅ് ചെയ്യുന്നതുവരെ അയാ ളുടെ നമസ്‌കാരം അല്ലാഹു സ്വീകരിക്കുകയില്ല.’’ ഈ ഹദീസ് മുമ്പ് സൂചിപ്പിച്ചുവല്ലോ. തിരുനബിﷺ പറഞ്ഞു: “...കാഷ്ടിക്കുക, മൂത്രിക്കുക, ഉറങ്ങുക എന്നിവ നിമിത്തമുണ്ടാകുന്ന ചെറിയ അശുദ്ധിയിൽനിന്ന് (വുദ്വൂഅ് ചെയ്തു) ശുദ്ധി വരുത്തുവാൻ...’’

വയറ്റിൽനിന്ന് കീഴ്‌വായുവോ മറ്റോ പുറത്തുപോയോ എന്നു സംശയിക്കുന്ന വ്യക്തിയുടെ വി ഷയത്തിൽ നബിﷺ പറഞ്ഞു: “ശബ്ദം കേൾക്കുകയോ മണം അനുഭവപ്പെടുകയോ ചെയ്യുന്നതുവരെ അവൻ നമസ്‌കാരത്തിൽനിന്നു പിരിഞ്ഞു പോകേണ്ടതില്ല.’’

2. മറ്റു ശരീരഭാഗങ്ങളിൽനിന്ന് നജസു പുറപ്പെടൽ: കാഷ്ടവും മൂത്രവുമാണ് പുറപ്പെടുന്നതെങ്കിൽ നിരുപാധികം വുദൂഅ് നഷ്ടമാകും; മുമ്പ് സൂചിപ്പിച്ച പ്രമാണങ്ങളിൽ അവ ഉൾപ്പെടുന്നതിനാലാണത്. രക്തം, ഛർദിച്ചത് പോലുള്ള ഇതര നജസുകളാണെങ്കിൽ അത് മോശമാം വിധവും ധാരാളവുമാണെങ്കിൽ സൂക്ഷ്മതയുടെ വശം മുഖവിലക്കെടുത്ത് വുദൂഅ് പുതുക്കലാണ് ഏറ്റവും ഉത്തമമായത്. കുറഞ്ഞ രീതിയിലാണെങ്കിൽ വുദൂഅ് ചെയ്യേണ്ടതില്ലെന്നതിൽ പണ്ഡിതന്മാർക്ക് ഏകാഭിപ്രായമുണ്ട്.

3. ബോധക്ഷയം, ഉറക്കം എന്നിവയാൽ ബുദ്ധിനീങ്ങലും മൂടലും. നബിﷺ പറഞ്ഞു: “...കാഷ്ടിക്കുക, മൂത്രിക്കുക, ഉറങ്ങുക എന്നിവ നിമിത്തമുണ്ടാകുന്ന ചെറിയ അശുദ്ധിയിൽനിന്ന് (വുദൂഅ് ചെയ്തു) ശുദ്ധി വരുത്തുവാൻ...’’

“കണ്ണുകളാണ് ഗുദദ്ദ്വാരത്തെ ബന്ധിച്ചു നിർത്തുന്ന കെട്ട്. വല്ലവനും ഉറങ്ങിയാൽ അവൻ വുദൂഅ് ചെയ്യട്ടെ.’’ എന്നാൽ ഭ്രാന്ത്, ബോധക്ഷയം, ലഹരിബാധ പോലുള്ളതിനാൽ വുദൂഅ് മുറിയുമെന്നതിൽ ഏകാഭിപ്രായമുണ്ട്. സംവേദനക്ഷമത ശേഷിക്കാത്തവിധമുള്ള ഗാഢമായ ഉറക്കമാണ് വുദൂഇനെ മുറിക്കുന്ന ഉറക്കം; അത് ഏതു രൂപത്തിലായാലും ശരി. എന്നാൽ നേരിയ രീതിയിലുള്ള ഉറക്കം വുദൂഇനെ മുറിക്കുകയില്ല. കാരണം സ്വഹാബികൾ നമസ്‌കാരം പ്രതീക്ഷിച്ചിരിക്കവെ അവർക്ക് മയക്കം ബാധിക്കുകയും അവർ എഴുന്നേറ്റ് നമസ്‌കരിക്കുകയും ചെയ്യുമായിരുന്നു; അവർ വുദൂഅ് പുതുക്കുമായിരുന്നില്ല.

4. മനുഷ്യന്റെ ഗുഹ്യസ്ഥാനത്തെ മറകൂടാതെ സ്പർശിക്കുക. ബസ്‌റ ബിൻത് സ്വഫ്‌വാനി(റ)ൽനിന്ന് നിവേദനം. തിരുദൂതർ പറഞ്ഞു: “ആർ തന്റെ ഗുഹ്യാവയവത്തെ സ്പർശിച്ചുവോ അവൻ വുദൂഅ് ചെയ്യട്ടെ.’’ അബൂഅയ്യൂബി(റ)ൽനിന്നും ഉമ്മുഹബീബ(റ)യിൽനിന്നും നിവേദനം ചെയ്യപ്പെടുന്ന ഹദീസിൽ ഇപ്രകാരം കാണാം: “ആരെങ്കിലും തന്റെ ‘ഫർജിനെ’ സ്പർശിച്ചാൽ അവർ വുദൂഅ് ചെയ്യട്ടെ.’’

5. ഒട്ടകമാംസം ഭക്ഷിക്കൽ. ജാബിർ ഇബ്‌നു സമുറ(റ)യിൽനിന്നും ഉദ്ധരിക്കപ്പെടുന്ന ഹദീസിൽ ഇപ്രകാരം കാണാം: “ഒരാൾ അല്ലാഹുവിന്റെ റസൂലി(റ)നോട് ചോദിച്ചു: ആടിന്റെ മാസം കഴിച്ചാൽ ഞാൻ വുദൂഅ് ചെയ്യേണമോ?’’ നബിﷺ പറഞ്ഞു: ‘താങ്കൾ ഉദ്ദേശിക്കുന്നുവെങ്കിൽ വുദൂഅ് ചെയ്യുക അല്ലെങ്കിൽ വുദൂഅ് ചെയ്യേണ്ടതില്ല.’ ‘ഒട്ടകമാസം കഴിച്ചാൽ ഞാൻ വുദൂഅ് ചെയ്യേണമോ?’ നബിﷺ പറഞ്ഞു: ‘അതെ, താങ്കൾ ഒട്ടകമാംസം കഴിച്ചാൽ വുദൂഅ് ചെയ്യണം.’’

വുദൂഅ് നിർബന്ധമായ കാര്യങ്ങൾ

1. നമസ്‌കാരം: തിരുനബിﷺ പറഞ്ഞതായി ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം: “ശുദ്ധി വരുത്താതെ യാതൊരു നമസ്‌കാരവും ചതിച്ചെടുത്ത സ്വത്തുകൊണ്ടുള്ള യാതൊരു ദാനധർമവും (സ്വദക്വ) അല്ലാഹു സ്വീകരിക്കുകയില്ല.’’

2. കഅ്ബ ത്വവാഫു ചെയ്യൽ: നിർബന്ധമായ ത്വവാഫായാലും ഐച്ഛികമായ ത്വവാഫായാലും വുദൂഅ് നിർബന്ധമാണ്. നബിﷺ അപ്രകാരം പ്രവർത്തിച്ചിട്ടുണ്ട്. “തിരുനബിﷺ വുദൂഅ് ചെയ്യുകയും ശേഷം ത്വവാഫു ചെയ്യുകയും ചെയ്തു.’’

“കഅ്ബക്കു ചുറ്റുമുള്ള ത്വവാഫ് സ്വലാത്താകുന്നു. എന്നാൽ അല്ലാഹു അതിൽ സംസാരം അനുവദിച്ചു.’’ ശുദ്ധി പ്രാപിക്കുന്നതുവരെ നബിﷺ ആർത്തവകാരിയെ ത്വവാഫിൽനിന്നു തടഞ്ഞതും ഇതിന് തെളിവാണ്.

3. മറയില്ലാതെ മുസ്വ‌്ഹഫ് സ്പർശിക്കൽ: അല്ലാഹു പറഞ്ഞു: “പരിശുദ്ധി നൽകപ്പെട്ടവരല്ലാതെ അത് സ്പർശിക്കുകയില്ല’’ (ക്വുർആൻ 56:79) തിരുനബി പറഞ്ഞു: “ശുദ്ധിയുള്ളവനല്ലാതെ ക്വുർആൻ സ്പർശിക്കരുത്.’’

വുദൂഅ് സുന്നത്തായ അവസ്ഥകൾ

താഴെ വരുന്ന അവസ്ഥകളിൽ വുദൂഅ് സുന്നത്താകുന്നു:

1. ദിക്ർ ചൊല്ലുമ്പോൾ, ക്വുർആൻ പാരായണം ചെയ്യുമ്പോൾ.

2. എല്ലാ നമസ്‌കാരവേളകളിലും. തിരുനബിﷺ ഓരോ നമസ്‌കാരത്തിനും വുദൂഅ് പുതുക്കൽ നിത്യമാക്കിയിരുന്നു. “എല്ലാ നമസ്‌കാരവേളയിലും തിരുനബിﷺ വുദൂഅ് ചെയ്യുമായിരുന്നു.’’

3. വലിയ അശുദ്ധിയുള്ളവൻ വീണ്ടും സംഭോഗം ചെയ്യുവാനോ അല്ലെങ്കിൽ ഉറങ്ങുവാനോ ഭക്ഷണ പാനീയത്തിനോ ഉദ്ദേശിച്ചാൽ വുദൂഅ് ചെയ്യൽ സുന്നത്താണ്. അബൂസഈദിൽഖുദ്‌രി(റ)യിൽനിന്നു നിവേദനം. തിരുദൂതർ പറഞ്ഞു: “നിങ്ങളിലാരെങ്കിലും തന്റെ ഭാര്യയുടെ അടുക്കൽ ചെന്ന് (സംഭോഗത്തിലേർപ്പെട്ട്) വീണ്ടും മടങ്ങിച്ചെല്ലുവാൻ ആഗ്രഹിക്കുന്നുവെങ്കിൽ (അതിന്നിടയിൽ) അവൻ വുദൂഅ് ചെയ്യേണ്ടതാണ്.’’ ആഇശ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്:

“അല്ലാഹുവിന്റെ തിരുദൂതർ ﷺ ജനാബത്തുകാരനായിരിക്കെ ഉറങ്ങുവാനുദ്ദേശിച്ചാൽ ഉറങ്ങുന്നതിനു മുമ്പ് നമസ്‌കാരത്തിനു വുദൂഅ് ചെയ്യുന്നതുപോലെ വുദൂഅ് ചെയ്യുമായിരുന്നു.’’ ആഇശ(റ)യുടെ തന്നെ മറ്റൊരു റിപ്പോർട്ടിൽ ‘തിരുദൂതർ ഭക്ഷിക്കുവാനോ ഉറങ്ങുവാനോ ഉദ്ദേശിച്ചാൽ’ എന്നാണുള്ളത്.

4. കുളിക്കുന്നതിനു മുമ്പ് വുദൂഅ് ചെയ്യൽ: ആഇശ(റ)യിൽ നിന്നു നിവേദനം: “അല്ലാഹുവിന്റെ തിരുദൂതർ ജനാബത്തു കുളിക്കുവാനുദ്ദേശിച്ചാൽ കൈകൾ കഴുകിക്കൊണ്ട് ആരംഭിക്കുമായിരുന്നു. തുടർന്ന് വലതു കൈകൊണ്ട് ഇടതു കൈയിൽ വെള്ളമൊഴിച്ച് ഗുഹ്യാവയവം കഴുകും. ശേഷം നമസ്‌കാരത്തിനു വുദൂഅ് ചെയ്യുന്നതുപോലെ വുദൂഅ് ചെയ്യും...’’

5. ഉറങ്ങുന്ന വേളയിൽ: അൽബർറാഅ് ഇബ്‌നുആസിബി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. നബിﷺ പറഞ്ഞു: “താങ്കൾ ഉറക്കശയ്യ പ്രാപിക്കുവാനുദ്ദേശിച്ചാൽ നമസ്‌കാരത്തിനു വുദൂഅ് ചെ യ്യുന്നതുപോലെ വുദൂഅ് ചെയ്യുക. ശേഷം താങ്കളുടെ വലതുഭാഗത്തിന്മേലായി ചെരിഞ്ഞു കിടക്കുക...’’

(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽ നിന്നുമെടുത്തത്)