നമസ്‌കാര സമയങ്ങൾ
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 ജൂലായ് 13, 1446 മുഹർറം 07

രാവിലും പകലിലുമായി ഒരു ദിവസം നിർബന്ധമാക്കപ്പെട്ട നമസ്‌കാരങ്ങൾ അഞ്ചാകുന്നു. അതിൽ ഓരോ നമസ്‌കാരത്തിനും ഇസ്‌ലാം നിർണയിച്ച നിർണിത സമയമുണ്ട്. അല്ലാഹു പറഞ്ഞു:
“തീർച്ചയായും നമസ്‌കാരം സത്യവിശ്വാസികൾക്ക് സമയം നിർണയിക്കപ്പെട്ട ഒരു നിർബന്ധബാധ്യതയാകുന്നു’’ (ക്വുർആൻ 4:103). ‘കിതാബൻ മൗക്വൂതൻ’ എന്നാൽ നിർണിതമായ സമയങ്ങളിൽ നിർബന്ധമാക്കപ്പെട്ടത് എന്നാണ്. അതിനാൽ സമയമാകുന്നതിനുമുമ്പ് നമസ്‌കാരം അനുവദനീയമാവുകയില്ല.
നമസ്‌കാര സമയങ്ങളുടെ വിഷയത്തിൽ അടിസ്ഥാനം ഇബ്‌നുഉമറി(റ)ൽനിന്നുള്ള ഒരു ഹദീസാണ്. തിരുനബിﷺ പറഞ്ഞു:
“ദ്വുഹ്‌റിന്റെ സമയം സൂര്യൻ മധ്യത്തിൽനിന്ന് തെറ്റിയതുമുതൽ ഒരാളുടെ നിഴൽ അയാളുടെ നീളത്തോളമാകുന്നതുവരെയാണ്; അസ്വ്‌റിന്റെ സമയം ആസന്നമാകാത്തിടത്തോളം മാത്രം. അസ്വ്‌റിന്റെ സമയമാകട്ടെ സൂര്യൻ മഞ്ഞവർണം പ്രാപിക്കാത്ത സമയമത്രയുമാകുന്നു. മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം അസ്തമയശോഭ മറയാത്ത സമയമത്രയും ഇശാഅ് നമസ്‌കാരത്തിന്റെ സമയം അർധരാത്രിവരെയും സ്വുബ്ഹിന്റെ സമയം ഫജ്‌റിന്റെ ഉദയം മുതൽ സൂര്യൻ ഉദിക്കുന്നതുവരെയുമാകുന്നു.’’
അപ്പോൾ ദ്വുഹ്‌റിന്റെ സമയം സവാലുശ്ശംസ് അഥവാ സൂര്യൻ ആകാശത്തിന്റെ മധ്യത്തിൽനിന്ന് പടിഞ്ഞാറുഭാഗത്തേക്ക് തെറ്റിയതുമുതൽ ആരംഭിക്കും. ഓരോ വസ്തുവിന്റെയും നിഴൽ നീളത്തിൽ അതിനു സമമാകുന്നതുവരെ ദ്വുഹ്‌റിന്റെ സമയം നീണ്ടുനിൽക്കുകയും ചെയ്യും. ദ്വുഹ്‌റിനെ അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്. എന്നാൽ ചൂടു കഠിനമാകുന്ന നാളുകളിൽ അതിനെ ഇബ്‌റാദിലേക്ക് അഥവാ അസ്വ‌്‌ർ നമസ്‌കാരത്തോടടുത്ത സമയത്തേക്ക് പിന്തിപ്പിക്കൽ സുന്നത്താണ്. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
“ചൂട് കഠിനമായാൽ നിങ്ങൾ (ദ്വുഹ്‌റിനെ) അസ്വ‌്‌ർ നമസ്‌കാരത്തോടടുത്ത സമയത്തേക്ക് പിന്തിപ്പിക്കുക. കാരണ അത്യുഷ്ണം നരകക്കാറ്റാകുന്നു.’’
അസ്വ്‌റിന്റെ സമയം ദ്വുഹ്‌റിന്റെ അവസാന സമയം മുതൽ, അഥവാ ഓരോ വസ്തുവിന്റെയും നിഴൽ അതിനോളമായതുമുതൽ ആരംഭിക്കും. സൂര്യൻ മഞ്ഞവർണം പ്രാപിക്കുന്നതുവരെയാണ് അസ്വ‌്‌ർ നമസ്‌കരിക്കുവാനുള്ള ഉത്തമസമയം. എന്നാൽ നമസ്‌കരിക്കേണ്ടതായ നിർബന്ധസമയം സൂര്യൻ അസ്തമിക്കുന്നതോടെ അവസാനിക്കുകയും ചെയ്യും. അസ്വ്‌റിനെ അതിന്റെ ആദ്യസമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്. വിശുദ്ധ ക്വുർആനിൽ അല്ലാഹു പ്രഖ്യാപിച്ച ‘അസ്സ്വലാത്തുൽ വുസ്ത്വാ’ അസ്വ‌്‌ർ നമസ്‌കാരമാകുന്നു. അല്ലാഹു പറഞ്ഞു:

“നമസ്‌കാരങ്ങൾ നിങ്ങൾ സൂക്ഷ്മതയോടെ നിർവഹിച്ചുപോരേണ്ടതാണ്. പ്രത്യേകിച്ചും അസ്സ്വലാത്തുൽവുസ്ത്വാ (ഉൽകൃഷ്ടമായ നമസ്‌കാരം). അല്ലാഹുവിന്റെ മുമ്പിൽ ഭയഭക്തിയോടുകൂടി നിന്നുകൊണ്ടാകണം നിങ്ങൾ പ്രാർഥിക്കുന്നത്’’ (ക്വുർആൻ 2:238).
അസ്വ‌്‌ർ നമസ്‌കാരം യഥാവിധം സൂക്ഷിച്ചു നിർവഹിക്കുവാൻ തിരുനബിﷺ കൽപിച്ചിരിക്കുന്നു. നബിﷺ പറഞ്ഞു:
“വല്ലവനും അസ്വ‌്‌ർ നമസ്‌കാരം നഷ്ടപ്പെട്ടാൽ അവൻ കുടുംബവും സമ്പത്തും നഷ്ടപ്പെട്ടവനെ പോലെയാണ്.’’
“വല്ലവനും അസ്വ‌്‌ർ നമസ്‌കാരം ഉപേക്ഷിച്ചാൽ അവന്റെ കർമങ്ങൾ നിഷ്ഫലമായിരിക്കുന്നു.’’
മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം സൂര്യാസ്തമയം മുതൽ അസ്തമയശോഭ മായുന്നതുവരെയാകുന്നു. തിരുനബിﷺ പറഞ്ഞു:
“മഗ്‌രിബ് നമസ്‌കാരത്തിന്റെ സമയം അസ്തമയശോഭ മറയാത്ത സമയമത്രയുമാകുന്നു.’’
മഗ്‌രിബിനെ അതിന്റെ ആദ്യ സമയത്തുതന്നെ നിർവഹിക്കൽ സുന്നത്താണ്. തിരുനബിﷺ പറഞ്ഞു:
“നക്ഷത്രങ്ങൾ പ്രത്യക്ഷപ്പെടുന്നതുവരെ മഗ്‌രിബ് നമസ്‌കാരത്തെ വൈകിപ്പിക്കാത്ത കാലമത്രയും എന്റെ ഉമ്മത്ത് നന്മയിലായിരിക്കും-അല്ലെങ്കിൽ ശുദ്ധപ്രകൃതിയിലായിരിക്കും.’’
എന്നാൽ ഹജ്ജിന് ഇഹ്‌റാമിൽ പ്രവേശിച്ചവന് മുസ്ദലിഫയുടെ രാത്രി മഗ്‌രിബും ഇശാഉം പിന്തിപ്പിച്ചു ജംആക്കി (ഒന്നിപ്പിച്ചു) നമസ്‌കരിക്കുവാൻ മഗ്‌രിബ് നമസ്‌കാരത്തെ പിന്തിപ്പിക്കലാണ് സുന്നത്ത്.
ഇശാഇന്റെ സമയം അസ്തമയശോഭ മാഞ്ഞതു മുതൽ തുടങ്ങുന്നു. അർധരാത്രിവരേക്കും അതിന്റെ സമയമുണ്ട്. തിരുനബിﷺ പറഞ്ഞു:
“ഇശാഅ് നമസ്‌കാരത്തിന്റെ സമയം അർധരാത്രിവരേക്കുമാകുന്നു.’’
ഇശാഇനുമുമ്പ് ഉറങ്ങുന്നതും അതിനുശേഷം ഗുണകരമായ വല്ല കാര്യത്തിനുമല്ലാതെ സംസാരി ക്കുന്നതും വെറുക്കപ്പെട്ടതാണ്. അബൂബറസ(റ)യിൽനിന്നു നിവേദനം:
“അല്ലാഹുവിന്റെ റസൂൽﷺ ഇശാഅ് നമസ്‌കാരത്തിനുമുമ്പ് ഉറങ്ങുന്നതും അതിനുശേഷം സംസാരിക്കുന്നതും വെറുത്തിരുന്നു.’’
ഫജ്ർ നമസ്‌കാരത്തിന്റെ സമയം രണ്ടാം ഫജ്ർ ഉദിച്ചതുമുതൽ സൂര്യോദയംവരെയാകുന്നു. ഫജ്‌റിന്റെ ഉദയം ഉറപ്പായാൽ നമസ്‌കാരം പെട്ടെന്നു നിർവഹിക്കൽ സുന്നത്താകുന്നു.
നിർബന്ധമായ അഞ്ചുനമസ്‌കാരങ്ങളും നിർവഹിക്കുവാൻ മതപരമായി നിശ്ചയിക്കപ്പെട്ട സമയങ്ങളാകുന്നു ഇവ. അതിനാൽ സമയനിഷ്ഠ പാലിച്ചുകൊണ്ട് ഓരോ നമസ്‌കാരവും അതാതിന്റെ കൃത്യസമയങ്ങളിൽ യഥാവിധം സൂക്ഷിച്ചു നിർവഹിക്കലും അവ പിന്തിപ്പിക്കുന്നത് ഉപേക്ഷിക്കലും മുസ്‌ലിംകളുടെമേൽ നിർബന്ധമാകുന്നു. കാരണം നമസ്‌കാരങ്ങളെ അവയുടെ സമയങ്ങളെതൊട്ട് പിന്തിപ്പിക്കുന്നവർക്കു മുന്നറിയിപ്പു നൽകിക്കൊണ്ട് അല്ലാഹു പറഞ്ഞു:
“എന്നാൽ നമസ്‌കാരക്കാർക്കാകുന്നു നാശം. അതായത് തങ്ങളുടെ നമസ്‌കാരത്തെപ്പറ്റി അശ്രദ്ധരായവർക്ക്’’ (107: 4,5).
“എന്നിട്ട് അവർക്കുശേഷം അവരുടെ സ്ഥാനത്ത് ഒരു പിൻതലമുറ വന്നു. അവർ നമസ്‌കാരം പാഴാക്കുകയും തന്നിഷ്ടങ്ങളെ പിന്തുടരുകയും ചെയ്തു. തന്മൂലം ‘ഗയ്യി’നെ അവർ കണ്ടെത്തുന്നതാണ്’’ (19:59).
‘അൽഗയ്യ്’ എന്നാൽ നരകത്തിലുള്ള ഇരട്ടിയിരട്ടിയായുള്ള കഠിനമായശിക്ഷയും വിപത്തും നൈരാശ്യവുമാകുന്നു. അല്ലാഹുവേ, നിന്റെ കാവൽ!
നമസ്‌കാരങ്ങൾ അവയുടെ സമയത്ത് നിർവഹിക്കൽ അല്ലാഹുവിന് ഏറ്റവും ഇഷ്ടപ്പെട്ടതും അതിശ്രേഷ്ഠവുമായ കർമമാകുന്നു. നബിﷺ ചോദിക്കപ്പെട്ടു:
“അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടപ്പെട്ട കർമമേതാണ്?’’ അവിടുന്ന് പറഞ്ഞു: “നമസ്‌കാരം അതിന്റെ സമയത്തു നിർവഹിക്കലാണ്.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

