ഇഅതികാഫ്; ഫിത്വർ സകാത്ത്
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 മാർച്ച് 30, 1445 റമദാൻ 20

ഇഅ്തികാഫ്: നിർവചനവും മതവിധിയും
1. നിർവചനം: ഒരു വസ്തുവിനെ വിടാതെ കൂടലും സ്വന്തത്തെ തടഞ്ഞിടലുമാണ് ഇഅ്തികാഫ് ഭാഷാപരമായി അർഥമാക്കുന്നത്. അല്ലാഹുവിനു വഴിപ്പെടുന്നതിനുവേണ്ടി വകതിരിവെത്തിയ ഒരു മുസ്‌ലിം പള്ളിയിൽ താമസിക്കുന്നതിനാണ് മതപരമായി ഇഅ്തികാഫ് എന്നു പറയുന്നത്.
2. മതവിധി: ഇഅ്തികാഫ് സുന്നത്തും അല്ലാഹുവിലേക്കടുക്കുവാനുള്ള പുണ്യകർമവുമാകുന്നു. അല്ലാഹു പറഞ്ഞു: “...ത്വവാഫ് (പ്രദക്ഷിണം) ചെയ്യുന്നവർക്കും ഇഅ്തികാഫ് (ഭജനം) ഇരിക്കുന്നവർക്കും തലകുനിച്ചും സാഷ്ടാംഗം ചെയ്തും നമസ്‌കരിക്കുന്നവർക്കും വേണ്ടി എന്റെ ഭവനത്തെ നിങ്ങൾ ഇരുവരും ശുദ്ധമാക്കിവെക്കുക എന്നായിരുന്നു’’ (ക്വുർആൻ 2:125). ഇഅ്തികാഫ് പൂർവസമുദായങ്ങളിൽവരെ നിയമമായിരുന്നുവെന്നതിന് ഈ ആയത്ത് തെളിവാകുന്നു.
അല്ലാഹു പറഞ്ഞു:“...എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരു (ഭാര്യമാരു)മായി സഹവസിക്കരുത്’’ (ക്വുർആൻ 2:187).
ആഇശ(റ)യിൽനിന്നു വിവേദനം. അവർ പറഞ്ഞു:’’അല്ലാഹു മരണത്തിലൂടെ തിരിച്ചുവിളിക്കുന്നതുവരെ റമദാനിലെ അവസാനത്തെ പത്തുനാളുകളിൽ തിരുനബിﷺ ഇഅ്തികാഫിരിക്കുമായിരുന്നു.’’
ഇഅ്തികാഫ് നിയമമാണെന്നതിലും സുന്നത്താണെന്നതിലും മുസ്‌ലിംകൾ ഏകോപിച്ചിരിക്കുന്നു. നേർച്ചനേരുക പോലെ ഒരാൾ തനിക്ക് ഇഅ്തികാഫിനെ നിർബന്ധമാക്കിയാലല്ലാതെ ഒരാളുടെമേലും അതു നിർബന്ധമാകില്ല. അപ്പോൾ, ഇഅ്തികാഫ് സുന്നത്താണെന്നത് വിശുദ്ധക്വുർആൻ കൊണ്ടും തിരുസുന്നത്തുകൊണ്ടും ഇജ്മാഉകൊണ്ടും സ്ഥിരപ്പെട്ടു.
ഇഅ്തികാഫിന്റെ നിബന്ധനകൾ
ശർത്ത്വുകളുള്ള ഒരു ആരാധനയാകുന്നു ഇഅ്തികാഫ്. അവകൊണ്ടല്ലാതെ പ്രസ്തുത ആരാധന (ഇബാദത്ത്) ശരിയാവുകയില്ല. അവ താഴെ കൊടുക്കുന്നവയാണ്:
1. ഇഅ്തികാഫിരിക്കുന്നവൻ വകതിരിവെത്തിയ, പ്രായപൂർത്തിയായ, മുസ്‌ലിമായിരിക്കണം. അതിനാൽ കാഫിറിൽനിന്നും ഭ്രാന്തനിൽനിന്നും വകതിരിവെത്താത്ത കുട്ടിയിൽനിന്നും ഇഅ്തികാഫ് ശരിയാവുകയില്ല. എന്നാൽ പ്രായപൂർത്തിയാവുക, പുരുഷനായിരിക്കുക എന്നിവ നിബന്ധനയാക്കപ്പെടുകയില്ല. അതിനാൽ പ്രായപൂർത്തിയായിട്ടില്ലാത്തവനിൽനിന്ന് ഇഅ്തികാഫ് സാധു വാകും; അവൻ വകതിരിവുള്ളവനായാൽ. ഇതുപോലെ സ്ത്രീയിൽനിന്നും ഇഅ്തികാഫ് സാധുവാകും.
2.നിയ്യത്ത്: തിരുനബിﷺ പറഞ്ഞു: “നിശ്ചയം, കർമങ്ങൾ നിയ്യത്തുകൾ(ഉദ്ദേശ്യങ്ങൾ) കൊ ണ്ടു മാത്രമാണ്...’’
ആയതിനാൽ അല്ലാഹുവിനുള്ള ഇബാദത്തായും സാമീപ്യമായും ഇഅ്തികാഫിരിക്കുന്നവൻ പള്ളിയിൽ താമസിക്കുന്നതിനെ നിയ്യത്താക്കണം.
3. ഇഅ്തികാഫ് പള്ളിയിലായിരിക്കണം. അല്ലാഹു പറഞ്ഞു: “...എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ...’’ (ക്വുർആൻ 2:187).
തിരുനബിﷺ പള്ളിയിൽ ഇഅ്തികാഫിരുന്നതിനാൽ തിരുചര്യയും അതിനു തെളിവാണ്. പള്ളിയല്ലാത്ത ഇടങ്ങളിൽ നബിﷺ ഇഅ്തികാഫിരുന്നത് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
4. ഇഅ്തികാഫിരിക്കുന്ന പള്ളി ജമാഅത്തു നമസ്‌കാരം നിർവഹിക്കപ്പെടുന്നതായിരിക്കണം. നിർബന്ധ നമസ്‌കാരം ഇടയിൽ വരുമാറ് ഇഅ്തികാഫിന്റെ സമയമുണ്ടാവുകയും ഇഅ്തികാഫിരിക്കുന്നവൻ ജമാഅത്തു നമസ്‌കാരം നിർബന്ധമുള്ളവനാവുകയും ചെയ്യുമ്പോഴാണത്. കാരണം, ജമാഅത്തു തനിക്കു നിർബന്ധമായിരിക്കെ ജമാഅത്തു നമസ്‌കാരം നിർവഹിക്കപ്പെടാത്ത പള്ളിയിൽ ഇഅ്തികാഫിരിക്കുന്നത് ജമാഅത്തുപേക്ഷിക്കലാണ്. അല്ലെങ്കിൽ, ഇഅ്തികാഫിരിക്കുന്നവന് എല്ലാ നമസ്‌കാര സമയങ്ങളിലും പുറത്തുപോകേണ്ടിവരുന്നു. ഇതാകട്ടെ ഇഅ്തികാഫിന്റെ ലക്ഷ്യത്തെ നിരാകരിക്കുന്നു. എന്നാൽ ഒരു സ്ത്രീയുടെ ഇഅ്തികാഫ്, ജമാഅത്ത് സംഘടിപ്പിക്കപ്പെട്ടാലും ഇല്ലെങ്കിലും എല്ലാ പള്ളികളിലും സാധുവാകും. സ്ത്രീയുടെ ഇഅ്തികാഫിനെ തുടർന്നു ഫിത്‌ന ഉടലെടുക്കുന്നില്ലെങ്കിലാണ് അവൾക്ക് ഇഅ്തികാഫ്. അതിനെ തുടർന്നു ഫിത്‌നയുണ്ടായാൽ അവൾ തടയപ്പെടണം. ഏറ്റവും ശ്രേഷ്ഠമായത് ഇഅ്തികാഫിരിക്കുന്ന പള്ളി ജുമുഅ നിർവഹിക്കപ്പെടുന്ന പള്ളിയായിരിക്കണമെന്നതാണ്. എന്നാൽ അത് ഇഅ്തികാഫിനു നിബന്ധനയല്ല.
5. വലിയ അശുദ്ധിയിൽനിന്നുള്ള ശുദ്ധി: ജനാബത്തുകാരൻ, ആർത്തവകാരി, പ്രസവരക്തമുള്ള സ്ത്രീ എന്നിവരുടെ ഇഅ്തികാഫ് സാധുവാകുകയില്ല; ഇക്കൂട്ടർ പള്ളിയിൽ തമാസിക്കുന്നത് അനുവദനീയമല്ലാത്തതിനാലാണത്.
എന്നാൽ ഇഅ്തികാഫിനു നോമ്പ് ശർത്ത്വല്ല. ഇബ്‌നുഉമറി(റ)ൽനിന്നു നിവേദനം, ഉമർ(റ) പറഞ്ഞു: “അല്ലാഹുവിന്റെ തിരുദൂതരേ, ഞാൻ ജാഹിലിയ്യാകാലത്ത് മസ്ജിദുൽഹറാമിൽ ഒരു രാത്രികാലം ഇഅ്തികാഫിരിക്കുവാൻ നേർച്ചയാക്കി.’’ തിരുനബിﷺ പറഞ്ഞു: “താങ്കൾ താങ്കളുടെ നേർച്ച പൂർത്തിയാക്കുക.’’ നോമ്പു നിബന്ധനയായിരുന്നുവെങ്കിൽ രാത്രികാലത്തുള്ള അദ്ദേഹത്തിന്റെ ഇഅ്തികാഫ് സാധുവാകുമായിരുന്നില്ല. കാരണം രാത്രിയിൽ നോമ്പില്ല. മാത്രവുമല്ല, അവ വേറിട്ട രണ്ടു ഇബാദത്തുകളാണ്. അതിനാൽ അവയിലൊന്ന് മറ്റൊന്നുണ്ടാകുവാൻ നിബന്ധനയാക്കപ്പെടുകയില്ല.
ഇഅ്തികാഫിന്റെ സമയം, സുന്നത്തുകൾ, ഇഅ്തികാഫിരിക്കുന്നവന് അനുവദനീയമായ കാര്യങ്ങൾ
1. ഇഅ്തികാഫിന്റെ കാലവും സമയവും: കാലം കണക്കാക്കി പള്ളിയിൽ താമസിക്കുകയെന്നത് ഇഅ്തികാഫിന്റെ റുക്‌നാകുന്നു. പള്ളിയിൽ തങ്ങുകയെന്നതുണ്ടായിട്ടില്ലെങ്കിൽ ഇഅ്തികാഫുണ്ടാവുകയില്ല. ഇഅ്തികാഫിന്റെ ഏറ്റവും ചുരുങ്ങിയ കാലപരിധിയിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ശരിയായത് ഇഅ്തികാഫിന്റെ ഏറ്റവും ചുരുങ്ങിയ സമയത്തിനു പരിധിയില്ലായെന്നതാണ്. അതിനാൽ എത്ര കുറച്ചായാലും ഒരു നിർണിത സമയത്തിൽ ഇഅ്തികാഫ് ശരിയാകും. എന്നാൽ, ഏറ്റവും ശ്രേഷ്ഠത ഒരു രാവിനെക്കാൾ അല്ലെങ്കിൽ ഒരു പകലിനെക്കാൾ ഇഅ്തികാഫു കുറയരുതെന്നാ ണ്. കാരണം, തിരുനബിയിൽനിന്നും സ്വഹാബികളിൽ ഒരാളിൽനിന്നും അതിനെക്കാൾ കുറഞ്ഞ സമയം ഇഅ്തികാഫിരുന്നത് ഉദ്ധരിക്കപ്പെട്ടിട്ടില്ല.
ഇഅ്തികാഫിന്റെ സമയങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ സമയം റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളാണ്. ആഇശ(റ)യിൽനിന്നുള്ള, മുകളിൽ ഉദ്ധരിച്ച ഹദീസിൽ ഇപ്രകാരമുണ്ട്; അവർ പറഞ്ഞു: “അല്ലാഹു മരണത്തിലൂടെ തിരിച്ചുവിളിക്കുന്നതുവരെ റമദാനിലെ അവസാനത്തെ പത്തു നാളുകളിൽ തിരുനബിﷺ ഇഅ്തികാഫിരിക്കുമായിരുന്നു.’’
ഇതല്ലാത്ത സമയത്ത് ഇഅ‌്തികാഫിരുന്നാലും അത് അനുവദനീയമാകുന്നു. എന്നാൽ ഏറ്റവും ഉചിതമായതിനും ഉത്തമമായതിനും അത് എതിരാകുന്നു.
വല്ലവനും റമദാനിലെ അവസാനത്തെ പത്തു ദിവസങ്ങളിൽ ഇഅ്തികാഫിനു നിയ്യത്തു ചെയ്താൽ അവൻ റമദാൻ ഇരുപത്തിയൊന്നിന്റെ പുലർച്ചയിൽ ഇഅ്തികാഫുദ്ദേശിക്കുന്ന പള്ളിയിൽ സ്വുബ്ഹി നമസ്‌കരിച്ച് ശേഷം തന്റെ ഇഅ്തികാഫിൽ പ്രവേശിക്കുക. റമദാനിലെ ഒടുവിലത്തെദിനം സൂര്യൻ അസ്തമിക്കുന്നതോടെ ഇഅ്തികാഫ് അവസാനിക്കുകയും ചെയ്യും.
2. ഇഅ്തികാഫിന്റെ സുന്നത്തുകൾ: തന്റെ സ്രഷ്ടാവിലേക്കു ദാസൻ ഒഴിഞ്ഞിരിക്കുകയും മറ്റു ബന്ധങ്ങൾ വിച്ഛേദിക്കുകയും ചെയ്യുന്ന ഒരു ഇബാദത്താകുന്നു ഇഅ്തികാഫ്. അതിനാൽ ഇഅ്തികാഫിരിക്കുന്നവൻ ഇബാദത്തിന് ഒഴിഞ്ഞിരിക്കൽ സുന്നത്താകുന്നു. അങ്ങനെ നമസ്‌കാരം, ദിക്ർ, ദുആഅ്, ക്വുർആൻ പാരായണം, തൗബ, ഇസ്തിഗ്ഫാർ പോലുള്ള, അല്ലാഹുവിലേക്കു സാമീപ്യമേകുന്ന പുണ്യങ്ങൾ അവൻ വർധിപ്പിക്കണം.
3. ഇഅ്തികാഫിരിക്കുന്നവന് അനുവദനീയമായ കാര്യങ്ങൾ: ഭക്ഷണ പാനീയങ്ങൾ കൊണ്ടെത്തിക്കുവാൻ ആളില്ലെങ്കിൽ അതിന്, മലമൂത്ര വിസർജനാവശ്യത്തിന്, അശുദ്ധിയുണ്ടായാൽ വുദൂഅ് ചെയ്യുവാൻ, വലിയ അശുദ്ധിയിൽനിന്നു ശുദ്ധിയാകുവാൻ പോലുള്ള അനിവാര്യമായ കാര്യങ്ങൾക്കുവേണ്ടി പള്ളിയിൽനിന്നു പുറത്തുപോകൽ അനുവദനീയമാകുന്നു.
ഉപകാരപ്രദമായ വിഷയങ്ങളിൽ ജനങ്ങളോടു സംസാരിക്കലും അവരുടെ അവസ്ഥകൾ ചോദിച്ചറിയലും അനുവദനീയമാകുന്നു. എന്നാൽ ഉപകാരപ്രദമല്ലാത്തതും അനിവാര്യമല്ലാത്തതുമായ വിഷയങ്ങളിലുള്ള സംസാരം ഇഅ്തികാഫിന്റെ ഉദ്ദേശ്യത്തെയും അതു നിയമമാക്കിയതിലെ യുക്തിയെയും നിരാകരിക്കുന്നതാണ്.
കുടുംബക്കാർക്കും ബന്ധുക്കൾക്കും ഇഅ്തികാഫിരിക്കുന്നവനെ സന്ദർശിക്കലും അൽപസമയം അവനോടു സംസാരിച്ചിരിക്കലും സന്ദർശകരെ യാത്രയാക്കുവാൻ പള്ളിയിൽനിന്നു പുറത്തിറങ്ങലും അനുവദനീയമാണ്. സ്വഫിയ്യ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്. അവർ പറഞ്ഞു: “തിരുനബിﷺ ഇഅ്തികാഫിരിക്കുന്നവനായിരുന്നു. രാത്രിസമയം ഞാൻ തിരുമേനിയുടെ അടുക്കൽ ചെല്ലുകയും സംസാരിക്കുകയും ശേഷം ഞാൻ എഴുന്നേറ്റു തിരിച്ചുപോരുകയും ചെയ്തു. അപ്പോൾ തിരുമേനി എന്നെ വീട്ടിലേക്കു മടക്കിയയക്കുവാൻ എന്റെ കൂടെ എഴുന്നേറ്റു.’’
പള്ളിയുടെ വൃത്തിയും സുരക്ഷയും കാത്തുസൂക്ഷിച്ചുകൊണ്ട് ഇഅ്തികാഫിരിക്കുന്നവനു പള്ളിയിൽ ഭക്ഷണപാനീയങ്ങൾ ഉപയോഗിക്കാവുന്നതും ഉറങ്ങാവുന്നതുമാണ്.
ഇഅ്തികാഫിനെ അസാധുവാക്കുന്ന കാര്യങ്ങൾ.
താഴെ വരുന്ന കാര്യങ്ങൾ ഇഅ്തികാഫിനെ അസാധുവാക്കും:
1. അനാവശ്യമായി പള്ളിയിൽനിന്നു ബോധപൂർവം പുറത്തുപോകൽ; പുറത്തു പോകുന്ന സമയം കുറച്ചാണെങ്കിലും ശരി. ആഇശ(റ)യിൽ നിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “തിരുനബിﷺ ഇഅ്തികാഫിരിക്കുന്നവനായാൽ ആവശ്യത്തിനല്ലാതെ വീട്ടിൽ പ്രവേശിക്കുമായിരുന്നില്ല.’’ ഇഅ്തികാഫിന്റെ റുക്‌നായ പള്ളിയിൽ താമസിക്കുക എന്നതിനെ പുറത്തുപോകൽ നഷ്ടപ്പെടുത്തും.
2. സംഭോഗം; അതു രാത്രിയിലാണെങ്കിലും അല്ലെങ്കിൽ പള്ളിക്കു പുറത്താണെങ്കിലും ശരി. അല്ലാഹു പറഞ്ഞു: “...എന്നാൽ നിങ്ങൾ പള്ളികളിൽ ഇഅ്തികാഫ് (ഭജനം) ഇരിക്കുമ്പോൾ അവരു(ഭാര്യമാരു)മായി സഹവസിക്കരുത്’’ (ക്വുർആൻ 2:187).
മുഷ്ടിമൈഥുനവും ഭാര്യാസംസർഗമില്ലെങ്കിലും ആശ്ലേഷണം പോലുള്ളതുകൊണ്ട് വികാരത്തോടെ ഇന്ദ്രിയസ്ഖലനമുണ്ടാക്കലും ഇതേ വിധിയിൽ പെടുന്നു.
3. ബുദ്ധി നഷ്ടപ്പെടൽ: ഭ്രാന്ത്, ലഹരിബാധ എന്നിവകൊണ്ട് ഇഅ്തികാഫ് നിഷ്ഫലമാകും. ഭ്രാന്തനും ലഹരിബാധിച്ചവനും ഇബാദത്തെടുക്കുവാൻ യോഗ്യരായവരുടെ ഗണത്തിൽനിന്ന് പുറത്തായതിനാലാണത്.
4. ആർത്തവരക്തവും പ്രസവരക്തവും: ആർത്തവകാരിക്കും പ്രസവരക്തമുള്ളവൾക്കും പള്ളിയിൽ താമസിക്കൽ അനുവദനീയമല്ലാത്തതിനാലാണത്.
5. രിദ്ദത്ത് അഥവാ മതപരിത്യാഗം. കാരണം അത് ഇബാദത്തെടുക്കുന്നതിനെ നിരാകരിക്കും. അല്ലാഹു പറഞ്ഞു: “(അല്ലാഹുവിന്) നീ പങ്കാളിയെ ചേർക്കുന്ന പക്ഷം തീർച്ചയായും നിന്റെ കർമം നിഷ്ഫലമായിപ്പോകുകതന്നെ ചെയ്യും’’ (ക്വുർആൻ 39: 65).
സകാത്തുൽഫിത്വ‌്ർ

റമദ്വാനിലെ അവസാനത്തെ നോമ്പുതുറ(ഫിത്വ‌്ർ)യോടെ നിർബന്ധമാകുന്നതിനാലാണ് ഇതിനു ഫിത്വ‌്ർ സകാത്ത് എന്നു പേരുവെക്കപ്പെട്ടത്. അതിനു സമ്പത്തുമായി യാതൊരു ബന്ധവുമില്ല. അത് ഉത്തരവാദിത്തവുമായി ബന്ധപ്പെട്ടതാണ്. അത് ആത്മാവിനും ശരീരത്തിനുമുള്ള സകാത്തുമാണ്.
ഫിത്വ‌്ർ സകാത്തിന്റെ വിധിയും തെളിവും
ഓരോ മുസ്‌ലിമിന്റെ മേലും ഫിത്വ‌്ർ സകാത്ത് നിർബന്ധമാകുന്നു. ഇബ്‌നു ഉമറി(റ)ൽനിന്നു നിവേദനം, അദ്ദേഹം പറഞ്ഞു: “റമദാനിൽനിന്നു വിരമിക്കുമ്പോഴുള്ള സ്വദക്വയെ(ഫിത്വ‌്ർ സകാത്തിനെ) ഒരു സ്വാ അ് കാരക്കയായി അല്ലെങ്കിൽ ഒരു സ്വാഅ് ബാർലിയായി മുസ്‌ലിംകളിൽനിന്നുള്ള അടിമക്കും സ്വതന്ത്രനും പുരുഷനും സ്ത്രീക്കും ചെറിയവർക്കും വലിയവർക്കും അല്ലാഹുവിന്റെ തിരുദൂതർ നിർബന്ധമാക്കി.’’
നിബന്ധനകളെന്ത്? ആർക്കാണു നിർബന്ധമാവുക?
മുസ്‌ലിമായ ഓരോ വലിയവനും ചെറിയവനും ആണിനും പെണ്ണിനും അടിമക്കും സ്വതന്ത്രനും ഫിത്വ‌്ർ സകാത്ത് നിർബന്ധമാകും. ഇബ്‌നു ഉമറി(റ)ൽനിന്നുള്ള ഉപരിസൂചിത ഹദീസാണ് അതിനുള്ള തെളിവ്.
ആത്മാവ് ഊതപ്പെട്ട, അഥവാ നാലുമാസം തികഞ്ഞ ഗർഭസ്ഥ ശിശുവിനു വേണ്ടി ഫിത്വ‌്ർ സകാത്ത് നൽകൽ പ്രതിഫലാർഹമാണ്. മുൻഗാമികൾ അത് ഗർഭസ്ഥശിശുവിനുവേണ്ടി നൽകാറുണ്ടായിരുന്നു. ഉസ്മാൻ ഇബ്‌നുഅഫ്ഫാനി(റ)ൽനിന്നും മറ്റും അപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്.
ഒരാൾ സ്വന്തത്തിനുവേണ്ടിയും താൻ നിർബന്ധമായും ചെലവുനൽകേണ്ട ഭാര്യ, അടുത്തബന്ധുക്കൾ പോലുള്ളവർക്കു വേണ്ടിയും ഇതു നൽകൽ നിർബന്ധമാണ്. പെരുന്നാളിന്റെ രാപകലുകളിൽ തന്റെ ഭക്ഷണവും താൻ നിർബന്ധമായും ചെലവുനൽകേണ്ടവരുടെ ഭക്ഷണവും തന്റെ നിർബന്ധ ആവശ്യങ്ങളും കഴിച്ച് ഫിത്വ‌്ർ സകാത്ത് നൽകുവാൻ മിച്ചമുള്ളവരുടെ മേലാണ് അത് നിർബന്ധമാവുക. അപ്പോൾ രണ്ടു നിബന്ധനകളാൽ മാത്രമാണ് ഫിത്വ‌്ർ സകാത്ത് നിർബന്ധമാവുക.
1. ഇസ്‌ലാം: അതിനാൽ അതു കാഫിറിന്റെമേൽ നിർബന്ധമില്ല.
2. പെരുന്നാളിന്റെ രാപകലുകളിൽ തന്റെയും തന്റെ കുടുംബത്തിന്റെയും ഭക്ഷണവും തന്റെ അടിസ്ഥാന ആവശ്യങ്ങളും കഴിച്ച് ഫിത്വ‌്ർ നൽകുവാൻ മിച്ചം കാണൽ.
ഫിത്വ‌്ർ സകാത്തിലെ യുക്തികൾ
ഫിത്വ‌്ർ സകാത്ത് നിർബന്ധമാക്കിയതിലെ ഏതാനും ഹിക്മത്തുകൾ താഴെവരും വിധമാണ്.
1. നോമ്പുകാരനു ശുദ്ധി: തന്റെ നോമ്പിൽ സംഭവിച്ചിരിക്കാവുന്ന അനാവശ്യങ്ങളിൽനിന്നും അനാശാസ്യങ്ങളിൽനിന്നുമുള്ള ശുദ്ധീകരണം.
2. പെരുന്നാൾ സുദിനം യാചനയിൽനിന്ന് സാധുക്കളെയും ദരിദ്രന്മാരെയും ധന്യരാക്കലും അവരിൽ സന്തോഷം ജനിപ്പിക്കലും. പെരുന്നാൾ സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും സന്തോഷത്തിന്റെയും ആഹ്ലാദത്തിന്റെയും ദിനമാകുന്നതിനുവേണ്ടിയാണത്. ഇബ്‌നു അബ്ബാസി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “അനാവശ്യ സംസാരങ്ങളിൽനിന്നും പ്രവൃത്തികളിൽനിന്നും നോമ്പുകാരനു ശുദ്ധീകരണമായിക്കൊണ്ടും സാധുക്കൾക്കു ഭക്ഷണമായിക്കൊണ്ടും അല്ലാഹുവിന്റെ റസൂൽ ഫിത്വ‌്ർ സകാത്ത് നിർബന്ധമാക്കി.’’
3. റമദാനിലെ നോമ്പും രാത്രി നമസ്‌കാരവും സൗകര്യപ്രദമായ സൽപ്രവൃത്തികളും പൂർണമാക്കുന്നതിലൂടെ ഒരു ദാസന് അല്ലാഹു അരുളിയ അനുഗ്രഹത്തിനു നന്ദി പ്രകാശിപ്പിക്കലാണ് സ്വകാത്തുൽ ഫിത്വ‌്ർ നൽകുന്നതിലുള്ളത്.
നിർബന്ധ വിഹിതമെത്ര? ഏതാണു നൽകേണ്ടത്?
ഗോതമ്പ്, ബാർലി, കാരക്ക, ഉണക്കമുന്തിരി, പാൽക്കട്ടി, അരി, ചോളം പോലുള്ള; നാട്ടുകാർ സർവസാധാരണമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുക്കളിൽനിന്ന് ഒരു സ്വാഅ് അളവാണ് ഫിത്വ‌്ർ സകാത്തിൽ നിർബന്ധമായത്. സ്വഹീഹായ ഹദീസുകളിൽ തിരുനബിﷺയിൽനിന്ന് ഇപ്രകാരം സ്ഥിരപ്പെട്ടിട്ടുണ്ട്. ഇബ്‌നു ഉമറിൽനിന്നുള്ള ഹദീസ് മുമ്പ് ഉണർത്തിയല്ലോ.
ഒരു വിഭാഗമാളുകളുടെ ഫിത്വ‌്ർ ഒരാൾക്കു നൽകലും ഒരാൾ തന്റെ ഫിത്വ‌്ർ ഒരു വിഭാഗമാളുകൾക്കു നൽകലും അനുവദനീയമാകുന്നു. ഭക്ഷണത്തിന്റെ കാശു നൽകൽ അനുവദനീയമല്ല. കാരണം, അത് നബിﷺ കൽപിച്ചതിനും സ്വഹാബത്തിന്റെ നടപടിക്കും എതിരാകുന്നു. സ്വഹാബികൾ ഭക്ഷണ ത്തിൽനിന്ന് ഒരു സ്വാആയിരുന്നു നൽകിയിരുന്നത്. ഒരു നിർണിത വർഗത്തിൽ നിർബന്ധമാക്കപ്പെട്ട ഇബാദത്താകുന്നു സകാതുൽഫിത്വ‌്ർ. ഭക്ഷണമാകുന്നു ആ നിർണിത വർഗം. അതിൽനിന്നല്ലാതെ ഫിത്വ‌്ർ നൽകൽ അനുവദനീയമാവുകയില്ല.
നിർബന്ധമാകുന്ന സമയം; നൽകുന്നതിന്റെയും
പെരുന്നാൾ ദിനം രാവിലെ സൂര്യാസ്തമയത്തോടെ ഫിത്വ‌്ർ സകാത്ത് നിർബന്ധമാകും. കാരണം ആ സമയമാകുന്നു റമദാനിലെ അവസാനത്തെ നോമ്പുതുറയുടെ സമയം. ഫിത്വ‌്ർ സകാത്തു നൽകുവാൻ രണ്ടു സമയങ്ങളുണ്ട്; നൽകേണ്ടതും ഉത്തമവുമായ സമയവും അനുവദനീയമായ സമയവും.
പെരുന്നാൾ ദിവസം ഫജ്ർ ഉദിച്ചതുമുതൽ പെരുന്നാൾ നമസ്‌കാരത്തിന്റെ തൊട്ടുമുമ്പുവരെയുള്ള സമയമാകുന്നു ഉത്തമമായ സമയം. ഇബ്‌നുഉമറി(റ)ൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്: “ജനങ്ങൾ പെരുന്നാൾ നമസ്‌കാരത്തിനു പുറപ്പെടുന്നതിനു മുമ്പ് ഫിത്വ‌്ർ സകാത്ത് നൽകുവാൻ തിരുനബിﷺ കൽപിച്ചു.’’
പെരുന്നാളിന്റെ ഒന്നോ രണ്ടോ ദിവസങ്ങൾക്കു മുമ്പ് നൽകലാകുന്നു അനുവദനീയമായ സമയം. ഇബ്‌നു ഉമറും മറ്റു സ്വഹാബികളും അപ്രകാരം ചെയ്തിട്ടുണ്ട്. പെരുന്നാൾ നമസ്‌കാരം കഴിയുംവരെ ഫിത്വ‌്ർ സകാത്ത് പിന്തിപ്പിക്കൽ അനുവദനീയമല്ല. അങ്ങനെ പിന്തിപ്പിച്ചാൽ അത് ഒരു സ്വദക്വ (ദാനം) മാത്രമായിരിക്കും. പിന്തിപ്പിച്ചതിൽ അയാൾ കുറ്റക്കാരനായിരി ക്കുകയും ചെയ്യും. തിരുനബിﷺ പറഞ്ഞു: “വല്ലവനും നമസ്‌കാരത്തിനു മുമ്പ് ഫിത്വ‌്ർ സകാത്ത് നൽകിയാൽ അതു സ്വീകരിക്കപ്പെടുന്ന സകാത്താണ്. വല്ലവനും നമസ്‌കാര ശേഷമാണ് അത് നൽകന്നതെങ്കിൽ അതു സ്വദക്വകളിലൊന്നു മാത്രം.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

