സിവാക്കും സുനനുൽഫിത്വ‌്റയും
വിവ. അബ്ദുൽ ജബ്ബാർ മദീനി
2024 മെയ് 25, 1445 ദുൽഖഅദ് 17

ദന്തങ്ങളിലും വായയിലും അള്ളിപ്പിടിച്ചിരിക്കുന്ന ഭക്ഷണ പദാർഥങ്ങളും വാസനകളും നീക്കുന്നതിനു വേണ്ടി കൊള്ളിക്കഷ്ണമോ ബ്രഷോ മറ്റോ ഉപയോഗിക്കുന്നതാണ് ‘സിവാക്.’
സിവാകിന്റെ മതവിധി
എല്ലാസമയങ്ങളിലും മിസ്‌വാക്കുചെയ്യൽ സുന്നത്താകുന്നു. നോമ്പുനോറ്റ അവസ്ഥയിൽ നോമ്പുകാരൻ വരെ മിസ്‌വാക്കു ചെയ്യുന്നതിൽ കുഴപ്പമൊന്നുമില്ല. അതു പകലിന്റെ തുടക്കത്തിലായാലും ഒടുക്കത്തിലായാലും ശരി. കാരണം തിരുനബിﷺ മിസ്‌വാക്കു ചെയ്യുവാൻ മൊത്തത്തിൽ പ്രോത്സാഹിപ്പിക്കുകയാണുണ്ടായത്. ഇന്നസമയത്തേ ആകാവൂ, ഇന്നസമയത്തു പാടില്ല എന്ന ഉപാധി വെച്ചിട്ടില്ല. തിരുനബിﷺ പറഞ്ഞു: “സിവാക് വായക്ക് ശുദ്ധിയും റബ്ബിനു പ്രീതിയുമാണ്.’’
“എന്റെ സമുദായത്തിനു വിഷമം സൃഷ്ടിക്കുകയില്ലായിരുന്നുവെങ്കിൽ ഓരോ തവണയും നമസ്‌കാരവേളയിൽ മിസ്‌വാക്കു ചെയ്യുവാൻ ഞാൻ കൽപിക്കുമായിരുന്നു.’’
സിവാക് പ്രബലമാകുന്ന അവസരങ്ങൾ
വുദ്വൂഅ് ചെയ്യുക, ഉറക്കമുണരുക, വായക്കു മണപ്പകർച്ചയുണ്ടാവുക, ക്വുർആൻ പാരായണം ചെയ്യുക, നമസ്‌കരിക്കുവാനൊരുങ്ങുക, പള്ളിയിൽ പ്രവേശിക്കുക, വീട്ടിൽ പ്രവേശിക്കുക എന്നീ അവസരങ്ങളിൽ മിസ്‌വാക്കു ചെയ്യൽ പ്രബലമാണ്. മിക്വ‌്‌ദാം ഇബ്‌നുശുറയ്ഹ്(റ) തന്റെ പിതാവിൽനിന്നു നിവേദനം ചെയ്യുന്ന ഹദീസിൽ ഇപ്രകാരമുണ്ട്, അദ്ദേഹം പറഞ്ഞു:
“തിരുനബിﷺ തന്റെ വീട്ടിൽ പ്രവേശിച്ചാൽ എന്താണ് ആദ്യമായി ചെയ്തുതുടങ്ങിയിരുന്നത് എന്നു ഞാൻ ആഇശ(റ)യോട് ചോദിച്ചു. അവർ പറഞ്ഞു: ‘മിസ്‌വാക്കു ചെയ്തുകൊണ്ട്.’’ ദീർഘമായ മൗനവേളയിലും പല്ലു മഞ്ഞക്കുമ്പോഴും ദന്തശുദ്ധി വരുത്തൽ പ്രബലമാകുന്നു. മുകളിൽ സൂചിപ്പിച്ച ഹദീസുകൾ അതാണറിയിക്കുന്നത്.
“തിരുദൂതർ രാത്രിയിൽ എഴുന്നേറ്റാൽ മിസ്‌വാക്കുകൊണ്ട് തന്റെ വായ തേച്ചുവൃത്തിയാക്കുമായിരുന്നു.’’
ആരാധനാസമയങ്ങളിലും അല്ലാഹുവിലേക്കു സാമീപ്യം തേടുമ്പോഴും വൃത്തിയുടെയും ശുദ്ധിയുടെയും ഏറ്റവും നല്ല അവസ്ഥയിലായിരിക്കുവാൻ കൽപിക്കപ്പെട്ടവനാണ് ഒരു മുസ്‌ലിം.
എന്തുകൊണ്ടാണ് സിവാകു ചെയ്യേണ്ടത്?
പൊട്ടിപ്പോകാത്തതും നനവുള്ളതും വായയിൽ മുറിവേൽപിക്കാത്തതുമായ കോലുകൊണ്ട് സിവാക്കു ചെയ്യൽ സുന്നത്താകുന്നു. തിരുനബിﷺ അറാക്കിന്റെ കൊള്ളികൊണ്ട് സിവാക്ക് ചെയ്യുമായിരുന്നു. വലതുകൈകൊണ്ടും ഇടതുകൈകൊണ്ടും സിവാക്കു ചെയ്യാവുന്നതാണ്. ഇതിൽ വിശാലമായ സമീപനമാണുള്ളത്.
വുദ്വൂഇന്റെ അവസരത്തിൽ മിസ്‌വാക്ക് തന്റെ പക്കലില്ലെങ്കിൽ വിരലുകൾകൊണ്ട് സിവാക്ക് അനുവദനീയമാകുന്നു. തിരുനബിയുടെ വുദ്വൂഇന്റെ രീതി അലിയ്യ്(റ) നിവേദനം ചെയ്തപ്പോൾ പ്രസ്തുത റിപ്പോർട്ടിലുള്ളതുപോലെ.
മിസ്‌വാക്കു ചെയ്യുന്നതിന്റെ ഗുണങ്ങൾ
മുമ്പ് ഉണർത്തിയ ഹദീസിൽ വന്നതുപോലെ മിസ്‌വാക്കു ചെയ്യുന്നതിന്റെ ഗുണങ്ങളിൽ ഏറ്റവും പ്രധാനമായത് അത് ഭൗതികലോകത്ത് വായക്ക് ശുദ്ധിയും പരലോകത്ത് റബ്ബിന് തൃപ്തിയുമാകുന്നു എന്നതാണ്. അതിനാൽ ഈ സുന്നത്തിനെ നിത്യമാക്കലും കയ്യൊഴിക്കാതിരിക്കലും മുസ്‌ലിമിനു സംഗതമാണ്. അതിൽ വലിയ ഫലങ്ങളാണുള്ളത്. ചില മുസ്‌ലിംകൾക്ക് ഒന്ന് അല്ലെങ്കിൽ രണ്ട് മാസക്കാലങ്ങൾ കടന്നുപോകും; അലസതയാലോ അജ്ഞതയാലോ അവർ മിസ്‌വാക്കു ചെയ്തിട്ടുണ്ടാവുകയേയില്ല. തിരുനബിﷺ കാത്തുസൂക്ഷിക്കുകയും സമുദായത്തിനു വിഷമമാകുമെ ന്നത് ഭയന്നില്ലായിരുന്നുവെങ്കിൽ നിർബന്ധ കൽപന നൽകുകയും ചെയ്യുമായിരുന്ന ഈ സുന്നത്തിനെ ഉപേക്ഷിക്കുക കാരണത്താൽ ഇത്തരക്കാർക്ക് വലിയപ്രതിഫലവും വളരെയേറെ ഗുണങ്ങളുമാണ് നഷ്ടപ്പെടുന്നത്.
ദന്തങ്ങൾക്ക് ബലവും മോണക്കു ശക്തിയും ശബ്ദത്തിനു തെളിമയും മനുഷ്യനു ഉന്മേഷവും തുടങ്ങി മറ്റു ചില ഗുണങ്ങൾകൂടി ദന്തശുദ്ധിക്കു പറയപ്പെട്ടിട്ടുണ്ട്.
സുനനുൽഫിത്വ്‌റഃ
ഖിസ്വാലുൽഫിത്വ്‌റഃ എന്നും ഇത് അറിയപ്പെടുന്നു. അവ പ്രാവർത്തികമാക്കുന്നവൻ അല്ലാഹു മനുഷ്യരിലൂട്ടിയതും അവർക്കിഷ്ടപ്പെട്ടതുമായ പ്രകൃതിയാണ് തനിക്കു വേണ്ടി സ്വീകരിക്കുന്നത്. അവർ ഏറ്റവും നല്ല രൂപത്തിലാമാകുന്നതിനു വേണ്ടിയാണത്.
അബൂഹുറയ്‌റ(റ)യിൽ നിന്നു നിവേദനം. അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു: “അഞ്ചു കാര്യങ്ങൾ ഫിത്വ്‌റഃയിൽ പെട്ടതാണ്; ഇസ്തിഹ്ദാദ്, ഖിതാൻ, മീശവെട്ടൽ, നതഫുൽഇബ്ത്വ്, നഖങ്ങൾ വെട്ടൽ എന്നിവയാണവ.’’
1. ഇസ്തിഹ്ദാദ്: ഗുഹ്യാവയവത്തിനു ചുറ്റും മുളക്കുന്ന രോമങ്ങൾ വടിക്കലാണത്. രോമം നീക്കുവാൻ ഇരുമ്പ് (ബ്ലൈഡ്) ഉപയോഗിക്കുന്നതിനാലാണ് ഇസ്തിഹ്ദാദ് എന്നു പേരുവെക്കപ്പെട്ടത്. തിരുനബി പ്രോത്സാഹിപ്പിച്ച സുനനുൽഫിത്വ്‌റയിൽപെട്ടതത്രെ അത്. അത് പ്രതിഫലാർഹവുമാകുന്നു. ആ രോമങ്ങൾ നീക്കുന്നതിൽ വൃത്തിയും സൗന്ദര്യവുമാണുള്ളതെന്നിരിക്കെ അത് തുടർച്ചയായി ചെയ്യൽ മനുഷ്യന് സംഗതമാണ്. വടിക്കാതെ, മുടി നീക്കുവാനുള്ള ദ്രവ്യങ്ങൾകൊണ്ടും ഗുഹ്യരോമം നീക്കാവുന്നതാണ്.
2. ഖിതാൻ: പുരുഷലിംഗത്തിന്റെ അഗ്രഭാഗത്തെ മൂടിനിൽക്കുന്നതൊലി ലിംഗത്തിന്റെ അഗ്രഭാഗം വെളിപ്പെടുംവിധം നീക്കലാണ് ഖിതാൻ.
പുരുഷ ലിംഗാഗ്ര ഭാഗത്തെ മൂടിനിൽക്കുന്ന തൊലിക്കുള്ളിൽ അടിഞ്ഞുകൂടുന്ന മാലിന്യങ്ങളിൽനിന്ന് ലിംഗത്തെ ശുദ്ധീകരിക്കുകയെന്നതാണ് ഖിതാൻ നടത്തുന്നതിലെ പൊരുൾ.
നവജാത ശിശുവിന്റെ ഏഴാം നാളിൽ ഖിതാൻ നടത്തൽ സുന്നത്താകുന്നു. കാരണം തിരുനബി ഹസൻ, ഹുസയ്ൻ എന്നിവരെ അവരുടെ ജനനത്തിന്റെ ഏഴാം നാളിൽ ഖിതാൻ നടത്തി. മുറിവ് പെട്ടെന്നു സുഖപ്പെടുവാനും അതാണ് നല്ലത്.
3. മീശ വെട്ടലും ഇഹ്ഫാഉം: മീശ കുറ്റിയാക്കി വെട്ടലാണ് ഇഹ്ഫാഅ്. മീശവെട്ടുന്നതിലാണ് ഭംഗിയും വൃത്തിയും അവിശ്വാസികളോട് എതിരാകലുമുള്ളത്.
മീശ വെട്ടുവാനും താടി സമൃദ്ധമായി വളർത്തുവാനും നീട്ടുവാനും പ്രോത്സാഹിപ്പിച്ചുകൊണ്ട് സ്വഹീഹായ ഹദീസുകൾ വന്നിരിക്കുന്നു. താടി ശേഷിപ്പിക്കുന്നതിലാണ് ഭംഗിയും പൗരുഷത്തിന്റെ ഉപരിപ്ലവ ഭാവവുമുള്ളത്. ധാരളമാളുകൾ ഈ വിഷയത്തെ എതിരാക്കിയിരിക്കുന്നു. അതോടെ അവർ മീശ സമൃദ്ധമാക്കി വളർത്തി താടി വടിക്കുകയോ വെട്ടുകയോ ചെയ്യുന്നു. സുന്നത്തിനോടും താടി സമൃദ്ധമായി വളർത്തുവാനുള്ള കൽപനകളോടും എതിരാകലാണ് ഇതിലെല്ലാമുള്ളത്. അബൂഹുറയ്‌റ(റ)യിൽനിന്നുള്ള ഹദീസിൽ ഇപ്രകാരമുണ്ട്, അല്ലാഹുവിന്റെ റസൂൽﷺ പറഞ്ഞു:
“മീശവെട്ടുകയും താടിവളർത്തുകയും മജൂസികളോട് എതിരാവുകയും ചെയ്യുക.’’
ഇബ്‌നു ഉമറി(റ)ൽനിന്ന് നിവേദനം, തിരുനബിﷺ പറഞ്ഞു: “മുശ്‌രിക്കുകളോട് നിങ്ങൾ എതിരാവുക. താടി വളർത്തുകയും മീശ വെട്ടുകയും ചെയ്യുക.’’
ആയതിനാൽ ഈ തിരുചര്യയെ മുറുകെപ്പിടിക്കലും സ്ത്രീകളോട് സാദൃശ്യപ്പെടുന്നതിൽനിന്ന് ഒഴിവാകലും മുസ്‌ലിമിന്റെ ബാധ്യതയാണ്.

4. നഖം മുറിക്കൽ: നഖങ്ങൾ നീണ്ടുപേകാത്തവിധം വെട്ടലാണുദ്ദേശ്യം. നഖം മുറിക്കൽ വിരലുകൾക്കു ഭംഗി കൂട്ടുകയും നഖത്തിനുള്ളിൽ അടിഞ്ഞ മാലിന്യങ്ങൾ നീക്കുകയും ചെയ്യും. ഈ തിരുചര്യയോട് ചില മുസ്‌ലിംകൾ എതിരായിരിക്കുന്നു! അവർ നഖങ്ങൾ നീട്ടുകയോ അല്ലെങ്കിൽ കൈവിരലുകളിൽ ചില നിർണിത നഖങ്ങൾ നീട്ടുകയോ ചെയ്യുന്നവരായിത്തീർന്നു. ഇതെല്ലാം പിശാച് അലങ്കരിപ്പിക്കുന്നതും അല്ലാഹുവിന്റെ ശത്രുക്കളോടുള്ള അനുകരണവുമാകുന്നു.
5. നത്ഫുൽഇബ്ത്വ്: കക്ഷത്തിൽ വളരുന്ന രോമങ്ങൾ നീക്കലാണത്. പറിച്ചോ വടിച്ചോ മറ്റോ ഈ രോമങ്ങൾ നീക്കൽ സുന്നത്താകുന്നു. അതു നീക്കുന്നതിലാണ് ശുചിത്വവും അതിനാൽ അടിഞ്ഞുകൂടുന്ന ദുർഗന്ധം പോക്കലും. ഇതാകുന്നു നമ്മുടെ ഋജുവായ ആദർശം. സൗന്ദര്യവും ശുചിത്വവും അവയിലുള്ളതിനാലാണ് ഇവകൊണ്ടു നാം കൽപിക്കപ്പെട്ടിരിക്കുന്നത്. അവശ്വാസികളെയും അജ്ഞതയുടെ ആളുകളെയും അനുകരിക്കുന്നതിൽനിന്ന് വിട്ടകലുന്നവനായി, ആദർശത്തിൽ അഭിമാനിയായി, അല്ലാഹുവിനു വഴിപ്പെടുന്നവനായി, തിരുനബിﷺയുടെ സുന്നത്തിനെ അനുധാവനം ചെയ്യുന്നവനായി ഒരു മുസ്‌ലിം ഏറ്റവും നല്ല അവസ്ഥയിലായിത്തീരുവാനാണ് ഇത്തരം ചര്യകൾകൊണ്ട് കൽപിക്കപ്പെട്ടിരിക്കുന്നത്.
ഈ അഞ്ചു ചര്യകളിലേക്ക് മിസ്‌വാക്ക് (ദന്തശുദ്ധി വരുത്തൽ), ഇസ്തിൻശാക്വ് (മൂക്കിൽവെള്ളം കയറ്റി ചീറ്റുക), മള്വ‌്മള്വത്ത് (വായിൽവെള്ളം ചുഴറ്റിത്തുപ്പുക), ബറാജിം കഴുകുക (മാലിന്യമടിയുന്ന വിരൽസന്ധികളിലെ ചുളിവുകളാണ് ബറാജിം), ഇസ്തിൻജാഅ് (ശൗചം ചെയ്യുക) എന്നിവയും ചേർക്കപ്പെടും. ആഇശ(റ)യിൽനിന്നു നിവേദനം, അല്ലാഹുവിന്റെ തിരുദൂതർ(റ) പറഞ്ഞു:
“പത്തു കാര്യങ്ങൾ ഫിത്വ്‌റഃയിൽ പെട്ടതാകുന്നു. മീശ വെട്ടുക, താടി സമൃദ്ധമായി വളർത്തുക, ദന്തശുദ്ധി വരുത്തുക, മൂക്കിൽവെള്ളം കയറ്റി ചീറ്റുക, നഖം വെട്ടുക, വിരൽസന്ധികളിലെ ചുളിവുകൾ കഴുകുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം വടിക്കുക, ശൗചം ചെയ്യുക എന്നിവയാണവ.’’
ഹദീസിന്റെ നിവേദകന്മാരിലൊരാളായ മിസ്അബ്(റ) പറയുന്നു: “പത്താമത്തെത് ഞാൻ മറന്നു. അത് വായിൽ വെള്ളം ചുഴറ്റിത്തുപ്പുക എന്നതാണ്.’’
സമയപരിധി
ഗുഹ്യരോമം വടിക്കുക, മീശ വെട്ടുക, നഖം വെട്ടുക, കക്ഷരോമം കളയുക എന്നിവയ്ക്കുള്ള സമയ പരിധി ഇവയുടെ നീളവും ഇവ നീക്കുവാനുള്ള മനുഷ്യന്റെ ആവശ്യവുമനുസരിച്ചാണ്. എന്നാൽ ഇവ നീക്കുന്നത് ഒരാൾ വൈകിപ്പിച്ചാൽ നാൽപതു ദിവസത്തെക്കാൾ വൈകിപ്പിക്കരുത്. അനസി(റ)ൽനിന്നു നിവേദനം: “മീശ വെട്ടുക, നഖം വെട്ടുക, കക്ഷരോമം നീക്കുക, ഗുഹ്യരോമം വടിക്കുക എന്നതിനു ഞങ്ങൾക്ക് സമയപരിധി നിശ്ചയിക്കപ്പെട്ടിരിക്കുന്നു; നാൽപത് രാവുകളെക്കാൾ അവ വിട്ടേക്കരുതെന്നതാണത്.’’
(ഒരു സംഘം പണ്ഡിതന്മാർ രചിച്ച ‘അൽഫിക്വ‌്ഹുൽ മുയസ്സർ ഫീ ദൗഇൽ കിതാബി വസ്സുന്ന’ എന്ന ഗ്രന്ഥത്തിൽനിന്നുമെടുത്തത്)

